Opinion

വഖഫ് സ്വത്തായ മമ്പുറം ജാറവും മറിച്ചുവിറ്റു! നിസാര്‍ കമ്മീഷന്‍ കണ്ടെത്തിയ ലീഗിന്റെ വഖഫ് കൊള്ളകള്‍ - Part 3

മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമാണ് തിരൂങ്ങാടിയിലെ ചെമ്മാട് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഹുദാ ഇസ്ലാമിക് അക്കാഡമി. 1983ല്‍ സ്ഥാപിതമായ ദാറുല്‍ ഹുദ ഇന്ന് വിദേശരാജ്യമായ മലേഷ്യയിലെ ഒരു യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് യൂണിവേഴ്‌സിറ്റി എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ അക്കാദമിയുടെ വൈസ് പ്രസിഡന്റായ ബഹാവുദ്ദീന്‍ നദുവിയാണ്. പാണക്കാട് സാദിക്കലി തങ്ങളാണ് അക്കാദമിയുടെ പ്രസിഡന്റ്. കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ മുസ്ലിം തീര്‍ഥാടന കേന്ദ്രമാണ് തിരൂരങ്ങാടിയിലെ മമ്പുറം പള്ളി. ജാതിമത വ്യത്യാസമില്ലാതെ വിശ്വാസികള്‍ സന്ദര്‍ശിക്കുന്ന ജാറം കൂടി സ്ഥിതിചെയ്യുന്നതാണ് മമ്പുറം പള്ളി.

മമ്പുറം മഖാമിലെ ദിവ്യനെന്ന് വിശ്വസിക്കുന്ന സെയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ സാമ്രാജ്യത്വ ജന്മിത്വ വിരുദ്ധ പോരാട്ടങ്ങളുടെ നായകനായതിനാല്‍ മുസ്ലിം സമൂഹത്തിന് പുറത്ത് കീഴാള വിഭാഗങ്ങളിലും വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഇന്നും മമ്പുറം നേര്‍ച്ചയുടെ ചടങ്ങുകളുമായി ബന്ധപ്പെട്ട് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളുകള്‍ നടത്തുന്ന ആചാരങ്ങള്‍ അതിന് തെളിവാണ്.

മലപ്പുറം ജില്ലയിലെ ജനങ്ങളില്‍ കൂടുതലും സന്തോഷം വന്നാലും സങ്കടം വന്നാലും വിളിക്കുന്നത് 'ന്റെ മമ്പര്‍ത്തെ തങ്ങളേ' എന്നാണ്. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയില്‍ അത് ചിത്രീകരിക്കപെട്ടത് ഓര്‍ക്കുന്നുണ്ടാകും. കേരളത്തിന് പുറത്ത് നിന്നുള്‍പ്പെടെ ദിവസേന ആയിരക്കണക്കിന് ആളുകള്‍ എത്തിച്ചേരുകയും നേര്‍ച്ച നേരുകയും (സംഭാവന നല്‍കുക) ചെയ്യുന്ന ഇടമാണ് മമ്പുറം പള്ളി.

ദാറുല്‍ ഹുദാ അക്കാദമിയും മമ്പുറം പള്ളിയും വഖഫായി കണക്കാക്കാന്‍ കഴിയുമോ എന്നത് സംബന്ധിച്ചാണ് നിസാര്‍ കമ്മീഷന്‍ അവരുടെ അഞ്ച്, ഇരുപത്തിയൊന്ന് നമ്പരുകളിലായി റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചത്. വഖഫ് വസ്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള അപേക്ഷകളില്‍ തീരുമാനം കൈക്കൊള്ളുന്നത് വൈകിപ്പിക്കുന്നു എന്ന പരാതിയിലുള്ള പരിശോധനയുടെ ഭാഗമായാണ് കമ്മീഷന്‍ അഞ്ചാമത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. വഖഫ് ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തുന്നതിലെ ക്ലാസിക്കല്‍ ഉദാഹരണം എന്ന നിലയിലാണ് ദാറുല്‍ ഹുദാ അക്കാഡമിയുടെ വിഷയം കമ്മീഷന്‍ പരാമര്‍ശിക്കുന്നത്.

മലപ്പുറം സുന്നി മഹല്‍ ഫെഡറേഷനാണ് ദാറുല്‍ ഹുദാ ഇസ്ലാമിക് അക്കാദമി എന്ന സ്ഥാപനത്തിന് 1983ല്‍ തിരൂരങ്ങാടിയില്‍ തുടക്കമിട്ടത്. കമ്മീഷന്റെ അഞ്ചാമത് റിപോര്‍ട്ടില്‍ പറയുന്ന വിവരങ്ങള്‍ പ്രകാരം ദാറുല്‍ ഹുദാ അക്കാദമിയും അതിന്റെ മാനേജ്‌മെന്റ് കമ്മറ്റിയും അവരുടെ സ്ഥാപനവും വസ്തുക്കളും വഖഫ് ആക്കി മാറ്റണമെന്ന അപേക്ഷ സംസ്ഥാന വഖഫ് ബോര്‍ഡിന് മുന്നില്‍ 19/06/1990ന് നല്‍കിയിരുന്നു. തുടര്‍ന്ന് അക്കാഡമി അവരുടെ സ്വത്തിന്റെയും സ്ഥാപനത്തിന്റെയും ഭൂമിയുടേതുമായ എല്ലാവിധ വിവരങ്ങളും അടങ്ങിയ അപേക്ഷ 12/08/1990ന് നല്‍കുകയും 17/08/1990ന് വഖഫ് ബോര്‍ഡ് ഇത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 12/08/1992ന് ദാറുല്‍ ഹുദാ മാനേജ്‌മെന്റ് കമ്മറ്റിയുടെ സെക്രട്ടറി വഖഫ് രജിസ്‌ട്രേഷനുള്ള ഫീസായ 5 രൂപ അടച്ചതിനുള്ള രസീത് ബോര്‍ഡ് നല്‍കിയിട്ടുമുണ്ട്.വഖഫ് രജിസ്‌ട്രേഷനായുള്ള നടപടിക്രമങ്ങളൊക്കെ ഇങ്ങനെ പൂര്‍ത്തീകരിച്ചെങ്കിലും അക്കാഡമിയും അതിന്റെ വസ്തുക്കളും വഖഫില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വഖഫ് ബോര്‍ഡ് തയ്യാറായില്ല.

ഇതിനിടെ, വഖഫായി രജിസ്റ്റര്‍ ചെയ്യാനുള്ള വസ്തുക്കള്‍ 25/12/1983 ന് ദാറുല്‍ ഹുദാക്ക് നല്‍കിയതാണെന്നും ആയത് വഖഫായി രജിസ്റ്റര്‍ ചെയ്യുന്നതിന് തങ്ങള്‍ക്ക് സമ്മതമാണെന്നും കാണിച്ച് ദാറുല്‍ ഹുദായുടെ വസ്തുക്കളുടെ അവകാശികളായിരുന്ന സുന്നി മഹല്‍ ഫെഡറേഷന്‍ 12/07/1995ല്‍വഖഫ് ബോര്‍ഡിന് ഒരു കത്ത് നല്‍കുന്നുണ്ട്. 13/07/1995ന് ഈ കത്ത് വഖഫ് ബോര്‍ഡ് സ്വീകരിച്ചതായും ബോര്‍ഡിന്റെ രേഖയില്‍ ഉണ്ട്. എന്നിട്ടും വഖഫ് ബോര്‍ഡ് ഇത് വഖഫായി രജിസ്റ്റര്‍ ചെയ്തില്ല. ആ വസ്തുക്കള്‍ വഖഫാക്കണം എന്ന ആവശ്യവുമായി 23/03/1998ന് വീണ്ടും സുന്നി മഹല്ല് ഫെഡറേഷന്‍ കത്തെഴുതി. ചെറിയ ചെറിയ കാരണങ്ങള്‍ പറഞ്ഞ് വഖഫ് ബോര്‍ഡ് ഈ അപേക്ഷ അനിശ്ചിതമായി നീട്ടിക്കൊണ്ടിരുന്നു.

ദാറുല്‍ ഹുദാ അക്കാഡമിയുടെ വരുമാനം സംബന്ധിച്ച് നിസാര്‍ കമ്മീഷന്‍ പരാമര്‍ശിക്കുന്നുണ്ട്. 1991-92ലെ ഓഡിറ്റ് ചെയ്യപ്പെട്ട കണക്കുകള്‍ പ്രകാരം പത്ത് ലക്ഷത്തിലേറെ രൂപ സംഭാവനയായി സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്. ആ വര്‍ഷത്തെ ബാലന്‍സ് ഷീറ്റ് പ്രകാരം അറുപത് ലക്ഷത്തിലേറെ രൂപയുടെ ആസ്തികള്‍ അക്കാഡമിക്കുണ്ട്. ഈ വരുമാനം വെച്ച് കണക്കാക്കിയാല്‍ വഖഫ് ബോര്‍ഡിന് പ്രതിദിനം അര ലക്ഷം രൂപ വരെ വരുമാനം ലഭിക്കേണ്ട ഒരു വസ്തുവകയുടെ രജിസ്‌ട്രേഷനാണ് കമ്മീഷന്റെ സിറ്റിംഗ് നടന്ന 2009ലും വഖഫ് ബോര്‍ഡ് വൈകിക്കുന്നത് എന്നതില്‍ വലിയ ദുരൂഹത നിലനില്‍ക്കുന്നതായി കമ്മീഷന്‍ നിരീക്ഷിക്കുന്നുണ്ട്.

ഇതിനിടയില്‍ പ്രസിദ്ധമായ മമ്പുറം പള്ളിയും മഖാമും അടക്കം ദാറുല്‍ ഹുദാ വിലക്ക് വാങ്ങിയ വിവരങ്ങള്‍ കമ്മീഷന്‍ പരാമര്‍ശിക്കുന്നുണ്ട്. മമ്പുറം പള്ളി ആദ്യം തന്നെ വഖഫ് സ്വത്താണ്. മമ്പുറം പള്ളിയുടെ പരിപാലകരായി അറിയപ്പെടുന്ന കുടുംബത്തിലെ സ്വത്തുക്കള്‍ പങ്കുവെക്കുന്നതില്‍ മമ്പുറം പള്ളിയും ഉള്‍പ്പെടുത്തിയാണ് നടപടികള്‍ സ്വീകരിച്ചത്. വഖഫ് വസ്തു കുടുംബ സ്വത്തായി പരിഗണിച്ച് വസ്തു ഭാഗം ചെയ്യുന്നതില്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് വഖഫ് ബോര്‍ഡ് കോടതിയില്‍ പോയെങ്കിലും പിന്നീട് ബോര്‍ഡ് എക്‌സ് പാര്‍ട്ടി ആയി. അതോടെ മമ്പുറം പള്ളി ആ കുടുംബത്തിന്റെ സ്വത്തായി പരിഗണിച്ച് ഭാഗം ചെയ്യുകയും അതിന്റെ അവകാശം ലഭിച്ച കുടുംബാംഗം പള്ളി ദാറുല്‍ ഹുദാ അക്കാദമി വിലയ്ക്ക് വാങ്ങുകയും ചെയ്തു. ഇതിനിടെ മമ്പുറം പള്ളി കുടുംബ ഭൂമിയായി കണ്ട് ഭാഗം ചെയ്തതിനെതിരെ ഹൈക്കോടതിയില്‍ കേസെത്തുകയും മമ്പുറം പള്ളി വഖഫാണോ അല്ലേ എന്നതില്‍ അഭിപ്രായം പറയാന്‍ വഖഫ് ബോര്‍ഡിനോട് ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന വേളയിലും വഖഫ് ബോര്‍ഡ് ഹൈക്കോടതിയില്‍ തങ്ങളുടെ നിലപാട് സ്വീകരിച്ചിരുന്നില്ല. ഈ കേസില്‍ മമ്പുറം പള്ളി വഖഫ് അല്ല എന്ന് ബോര്‍ഡ് തീരുമാനിച്ചാല്‍ പോലും പള്ളിയുടെ നിലവിലെ ഉടമസ്ഥരായ ദാറുല്‍ ഹുദാ അക്കാഡമി വഖഫാണ് എന്ന വസ്തുത അപ്പുറത്ത് നിലനില്‍ക്കുന്ന വൈരുദ്ധ്യം കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ വസ്തുതകളുടെയെല്ലാം പശ്ചാത്തലത്തില്‍ എത്രയും വേഗം ദാറുല്‍ ഹുദാ ഇസ്ലാമിക് അക്കാഡമി വഖഫായി രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചാണ് അഞ്ചാമത് റിപ്പോര്‍ട്ട് കമ്മീഷന്‍ സമര്‍പ്പിച്ചിരുന്നത്.

എന്നാല്‍, കമ്മീഷന്‍ തങ്ങളുടെ അഞ്ചാമത് റിപ്പോര്‍ട്ട് സമര്‍പ്പിച്ച 2009 ഫെബ്രുവരി 28 കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2009 മാര്‍ച്ച് 23ന് ദാറുല്‍ ഹുദാ അക്കാഡമി വഖഫായി രജിസ്റ്റര്‍ ചെയ്യണമെന്ന അപേക്ഷ വഖഫ് ബോര്‍ഡ് നിരസിച്ചു. പ്രസ്തുത നടപടിയെ തുടര്‍ന്ന് ആ വിഷയം കമ്മീഷന്‍ വളരെ വിശദമായി പഠിക്കുകയും കുറച്ചുകൂടി വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഇരുപത്തിയൊന്നാമത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ദാറുല്‍ ഹുദാ അക്കാഡമിയുടെ വഖഫ് രജിസ്‌ട്രേഷനായുള്ള അപേക്ഷ വീണ്ടും പരിഗണിക്കണമെന്നും മമ്പുറം പള്ളി ഒരു വഖഫ് സ്വത്താണോ എന്നതില്‍ തീരുമാനം എടുക്കണമെന്നും വഖഫ് ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കണമെന്നുള്ള ശുപാര്‍ശകള്‍ കമ്മീഷന്‍ സര്‍ക്കാരിന് നല്‍കി. ചില പുതിയ വിവരങ്ങള്‍ കമ്മീഷന്‍ കണ്ടെത്തിയത് സംബന്ധിച്ച് ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്. അതില്‍ പ്രധാനം മമ്പുറം പള്ളി ഒരു വഖഫ് സ്വത്താണ് എന്നതാണ്. 1961ലെ 1224/Ra നമ്പരായി വഖഫായി രജിസ്റ്റര്‍ ചെയ്തതാണ് ഒരേക്കറും 17 സെന്റും ഉള്‍പ്പെടുന്ന മമ്പുറം പള്ളിയും ഭൂമിയും എന്നും ഇത് ഒരിക്കലും ഭാഗം ചെയ്യാന്‍ കഴിയുന്ന ഭൂമിയായി പരിഗണിക്കാന്‍ സാധിക്കില്ല എന്നതും കമ്മീഷന്‍ അസന്ദിഗ്ധമായി പരാമര്‍ശിക്കുന്നുണ്ട് റിപ്പോര്‍ട്ടില്‍. ഈ ഭൂമിയാണ് കുടുംബസ്വത്തില്‍ ഉള്‍പ്പെടുത്തി ഭാഗം വെച്ചതും അങ്ങനെ ഭാഗം വെച്ച് കിട്ടിയ ആളില്‍ നിന്നും 1999ല്‍ ദാറുല്‍ ഹുദാ അക്കാഡമി പള്ളി വാങ്ങുന്നതും. ഈ വാങ്ങല്‍ നടപടികള്‍ കോടതിയില്‍ ചോദ്യം ചെയ്തപ്പോള്‍ വഖഫ് ബോര്‍ഡ് എക്‌സ് പാര്‍ട്ടി ആയി കേസ് തോറ്റുകൊടുത്തതും ഹൈക്കോടതിയില്‍ കേസ് എത്തിയപ്പോള്‍ മമ്പുറം പള്ളി വഖഫാണോ എന്നതില്‍ അഭിപ്രായം പറയാതെ വഖഫ് ബോര്‍ഡ് ഒളിച്ചുകളി നടത്തിയതും അഞ്ചാമത് റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ പരാമര്‍ശിച്ചത് ഓര്‍ക്കുമല്ലോ. എത്ര ദുരൂഹമായ ഇടപാടാണ് ഈ വിഷയത്തില്‍ നടന്നതെന്ന് നോക്കൂ. മമ്പുറം പള്ളിയുടെയും ദാറുല്‍ ഹുദായുടെയുമൊക്കെ താക്കോല്‍ സ്ഥാനങ്ങളില്‍ ഇരിക്കുന്ന മലപ്പുറത്തെ പോരിശ നിറഞ്ഞ തറവാടുകള്‍ക്ക് ഈ ഇടപാടുകളിലെ പങ്ക് എന്താണ്. എത്ര കോടിയുടെ തിരിമറികളാണ് ഈ ഇടപാടുകളില്‍ മറിഞ്ഞിട്ടുണ്ടാവുക.

വഖഫായി രജിസ്റ്റര്‍ ചെയ്യണമെന്ന ദാറുല്‍ ഹുദാ അക്കാഡമി മാനേജ്‌മെന്റിന്റെ അപേക്ഷ 1990 മുതല്‍ രണ്ട് പതിറ്റാണ്ടോളം പൂഴ്ത്തിവെച്ചതിന് ശേഷം അത് സംബന്ധിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ട് ഒരു മാസത്തിനുള്ളില്‍ നിരസിക്കപ്പെട്ടതിലെ ശരികേടും കമ്മീഷന്‍ വളരെ വിശദമായി വിലയിരുത്തുന്നുണ്ട്. ദാറുല്‍ ഹുദാ അക്കാഡമി വഖഫ് ബോര്‍ഡിലേക്ക് വസ്തുക്കള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കിയിട്ടില്ല എന്നതിനാല്‍ വഖഫ് രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയില്ല എന്ന വഖഫ് ബോര്‍ഡ് ലീഗല്‍ അഡൈ്വസറുടെ 2000ലെ നിയമോപദേശം പരിഗണിച്ചാണ് 2009ല്‍ അപേക്ഷ നിരസിച്ചത്. ലീഗല്‍ അഡൈ്വസറുടെ ഈ അഭിപ്രായം നിയമപരമായി നിലനില്‍ക്കില്ല എന്ന് പ്രസക്തമായ രേഖകള്‍ പരാമര്‍ശിച്ച് കമ്മീഷന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

കമ്മീഷന്‍ തന്നെ കണക്കാക്കുന്നത് പ്രകാരം പ്രതിദിനം ഏഴ് ലക്ഷം രൂപയോളം വരുമാനമുള്ള വഖഫ് സ്വത്തായ ഒരു ചരിത്രസ്മാരകം കൂടിയായ മമ്പുറം പള്ളി ഭാഗം വെക്കുകയും അത് മറ്റൊരു സ്ഥാപനം വാങ്ങുകയുമൊക്കെ ചെയ്ത നടപടികള്‍ വളരെ വിചിത്രമായി തോന്നുന്നില്ലേ. ദാറുല്‍ ഹുദാ അക്കാഡമി വഖഫില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയില്‍ രണ്ട് പതിറ്റാണ്ട് അനുമതി നല്‍കാതിരുന്നതിലുമൊക്കെ നിഗൂഢമായ സാമ്പത്തിക താല്‍പര്യങ്ങള്‍ തന്നെ സംശയിക്കണം. വഖഫ് സ്വത്തുക്കളുടെ കയ്യേറ്റവും തിരിമറികളും മാത്രമല്ല, വഖഫ് സ്വത്ത് തന്നെ പരസ്പരം കൈമാറി ലക്ഷങ്ങളുടെ അവിഹിത ധനസമ്പാദനങ്ങളും അരങ്ങേറിയിട്ടുണ്ട് എന്നാണ് ഈ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാക്കുന്നത്.

അരങ്ങേറിയ പകല്‍ക്കൊള്ളകളാകുന്ന മഞ്ഞുമലയുടെ ഒരു തുമ്പ് മാത്രമാണ് നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകളില്‍ കാണാന്‍ കഴിയുന്നത്. മറവിയിലേക്ക് മറഞ്ഞുപോയ ആ റിപ്പോര്‍ട്ടിലേക്ക് അല്‍പമെങ്കിലും വെളിച്ചം വീശാനുള്ള ചെറിയ ശ്രമങ്ങളാണ് ഞങ്ങള്‍ നടത്തിയത്. കമ്മീഷന്റെ കണ്ടെത്തലുകളില്‍ കാര്യക്ഷമമായ തുടരന്വേഷണങ്ങള്‍ നടന്നോ എന്നതില്‍ ഞങ്ങള്‍ക്ക് സംശയമുണ്ട്. നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നത് 2010 മെയ് മാസത്തിലാണ്. തുടരന്വേഷണങ്ങള്‍ക്ക് ഉത്തരവിടുകയും ചെയ്തു. പക്ഷെ, 2011ല്‍ ഭരണമാറ്റം നടന്നതോടെ കഥമാറി. 2011-16 കാലയളവില്‍ ലീഗ് നിയന്ത്രിച്ചിരുന്ന യുഡിഎഫ് സര്‍ക്കാര്‍ കമ്മീഷന്റെ കണ്ടെത്തലുകളിന്മേലുള്ള തുടര്‍നടപടികള്‍ പ്രഹസനമാക്കി മാറ്റി. കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കി എന്ന് കാണിച്ച് 2014ല്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അത് 2016 വരെ പുറംലോകം കണ്ടില്ല. ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കാണിച്ച് വഖഫ് സംരക്ഷണസമിതി ഹൈക്കോടതിയെ സമീപിച്ചു. മൂന്നര വര്‍ഷക്കാലം യുഡിഎഫ് സര്‍ക്കാര്‍ കോടതിയെ കബളിപ്പിച്ചു എന്നാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ നിരീക്ഷിച്ചത്. മുനമ്പം വിഷയം കാരണം വീണ്ടും നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചയാകുമ്പോള്‍ എന്തെല്ലാം നടപടികള്‍ ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് കൃത്യമായ പരിശോധന ഉണ്ടാകണം. മുസ്ലിം സമുദായത്തിന്റെ പുരോഗതിക്ക് സഹായകരമാകേണ്ടിയിരുന്ന വഖഫ് സ്വത്തുക്കള്‍ ചില രാഷ്ട്രീയക്കോമരങ്ങളും അവരുടെ ശിങ്കിടികളും തിന്ന് കൊഴുത്തതില്‍ നടപടി ഉണ്ടാകണം. ലീഗിന് അടിമപ്പെട്ടുപോയ മുസ്ലിം രാഷ്ട്രീയ പരിസരത്ത് നിന്ന് ഇപ്പോള്‍ ഈ ആവശ്യം ഉയരാന്‍ പോകുന്നില്ല. കാട്ടുകള്ളന്മാരെ നിയമത്തിന്റെ കൈകളിലെത്തിക്കാന്‍ പൊതുസമൂഹം മുന്നോട്ടുവന്നേ തീരൂ.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT