Memoir

ഫ്രാൻസിസ് മാർപാപ്പ; കാലത്തെ വെളിവോടെ നയിച്ച ജ്ഞാനവൃദ്ധൻ

പോപ്പ് ഫ്രാന്‍സിസിന്റെ വിയോഗത്തില്‍ ദുഃഖാര്‍ത്തരായിരിക്കുന്ന ഒരു സമയമാണ്. മറ്റൊരു പോപ്പിനും, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ എന്നതില്‍ ഉപരിയായി ഇത്രയും ജനകീയമായ ഒരു അവസ്ഥയുണ്ടായിരിക്കും എന്ന് തോന്നുന്നില്ല. കാരണം നമ്മള്‍ ജീവിക്കുന്ന കാലഘട്ടത്തില്‍ Wow, this is amazing എന്ന് ഒരു മനുഷ്യനും തോന്നുന്ന പല കാര്യങ്ങളും ചെയ്തിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ ജനകീയതയുടെ കാരണം. ഒരുപക്ഷേ മുന്‍പെങ്ങും സഭയുടേതായ സംവിധാനങ്ങളും സഭയുടേതായ ശൈലികളും സഭയുടേതായ വാക്കുകളൊക്കെ മാത്രം പറഞ്ഞിരുന്നതിന് അപ്പുറത്ത്, വളരെ പ്രായോഗികമായ, സാധാരണക്കാരന്റെ പ്രായോഗിക ബുദ്ധിയോടു കൂടി ലോകത്തോട് സംവദിച്ച മാര്‍പാപ്പയെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

അദ്ദേഹം കൊണ്ടുവന്ന ഒരു ശൈലീമാറ്റമുണ്ട്. അതൊരു സമൂല മാറ്റം ആയിരുന്നു. വത്തിക്കാന്റ അധികാരം എന്നതിനേക്കാള്‍ കുറേക്കൂടി സാധാരണക്കാരനായി എപ്പോഴും എങ്ങനെ ജീവിക്കാന്‍ പറ്റുമെന്ന് തന്റെ ആദ്യത്തെ ഇലക്ഷന്‍ മുതല്‍ അദ്ദേഹം കാണിച്ചുതന്നു. ഊര്‍ബീ എത്തോര്‍ബീ എന്ന ആശീര്‍വാദമാണ് മാര്‍പാപ്പയുടെ ആദ്യ ആശീര്‍വാദം.ഇതിനായി ജനങ്ങള്‍ കാത്തു നില്‍ക്കും. എന്നാല്‍ ഒരു മിനിറ്റ് ജനങ്ങള്‍ക്ക് മുന്നില്‍ കുനിഞ്ഞ് നിന്നിട്ട് നിങ്ങളെ ഞാന്‍ ആശീര്‍വദിക്കാന്‍ കരങ്ങള്‍ ഉയര്‍ത്തുന്നതിന് മുന്‍പ് നിങ്ങള്‍ എന്നെ ആശീര്‍വദിക്കൂ എന്ന് പറയുകയായിരുന്നു അദ്ദേഹം ആദ്യം ചെയ്തത്. അങ്ങനെ പറയുന്ന, ഞാന്‍ ഒരു പാപിയാണെന്ന് പറയുന്ന ഒരു മാര്‍പാപ്പ. അവിടം മുതല്‍ അദ്ദേഹത്തിന്റെ പ്രഖ്യാപനം വ്യക്തമാണ്. പോപ്പ് ഫ്രാന്‍സിസ്, ഫ്രാന്‍സിസ് എന്ന നാമം എടുക്കുന്നതു തന്നെ വിപ്ലവകരമായിരുന്നു. അന്നുവരെ ആരും എടുത്തിട്ടില്ലാത്ത ഒരു വിശുദ്ധന്‍. അദ്ദേഹം പ്രചോദിതനായത് ലോകത്തെ മുഴുവന്‍ സാഹോദര്യം കൊണ്ടും സ്‌നേഹം കൊണ്ടും കീഴടക്കിയ സെയിന്റ് ഫ്രാന്‍സിസ് ഓഫ് അസീസി എന്ന വിശുദ്ധനെയാണ്. അതില്‍ത്തന്നെ അദ്ദേഹത്തിന്റെ ശൈലി വ്യക്തമാണ്.

ഞാന്‍ വന്നിരിക്കുന്നത്, എന്റെ നിലപാടും എന്റെ ശൈലിയും ഇതാണ് എന്നുള്ളതാണ്. അദ്ദേഹത്തിന്റെ ചാക്രിക ലേഖനം ഫ്രത്തേലി തുത്തി എന്നുള്ളതാണ്. എല്ലാവരും സഹോദരങ്ങള്‍. എന്ന് പറഞ്ഞിട്ട് അദ്ദേഹം നേരെ പോകുന്നത് ഇസ്ലാം മത നേതാക്കളുമായുള്ള സംവാദത്തിനായാണ്. ഒരു പക്ഷേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്രാന്‍സിസ് അസീസി സുല്‍ത്താന്റെ പാളയത്തിലേക്ക് ചെന്ന് സ്‌നേഹ സംവാദത്തിന്, മാമോദീസ മുക്കാനല്ല, ക്രിസ്ത്യന്‍ മതത്തിലേക്ക് കൊണ്ടുപോകാനല്ല എന്ന് പറഞ്ഞ് സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സംഭാഷണം ആരംഭിച്ച ഒരിടത്ത് അതിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യം ചെയ്യുന്നത്. ഇസ്ലാം ഭീകരതയും കുടിയേറ്റവുമൊക്കെ ലോകരാഷ്ട്രങ്ങളും മതവും സംശയത്തോടെയും പേടിയോടെയും നോക്കിയിരുന്ന ഒരു കാലഘട്ടത്തിലാണ് അദ്ദേഹം വരുന്നത്.

കുറ്റം ആരു ചെയ്താലും അതിന് ജാതിയോ മതമോ നോക്കരുത് എന്ന് പറയുന്ന ഒരു മാര്‍പാപ്പ. മതനേതാക്കളോടും ഇതര മതങ്ങളോടും നമുക്ക് ഉണ്ടാകേണ്ടത് സഹിഷ്ണുതയും സാഹോദര്യവും മാത്രമാണെന്ന് കൂടെക്കൂടെ പറഞ്ഞ ഒരു മാര്‍പാപ്പയായിരുന്നു അദ്ദഹം. ഒരിക്കല്‍ എവിടെയോ പോയിട്ടു വരുമ്പോള്‍ വിമാനത്തില്‍ വെച്ചാണ് ഇന്റര്‍വ്യൂകള്‍ കൊടുത്തുകൊണ്ടിരിക്കുന്നത്. അപ്പോള്‍ അന്ന് ഫ്രാന്‍സില്‍ 86 വയസുള്ള ഒരു വൈദികന്‍ ഇസ്ലാം ഭീകരവാദികളാല്‍ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ടു. അക്കാര്യത്തില്‍ മാര്‍പാപ്പയുടെ പ്രതികരണം ചോദിച്ചപ്പോള്‍ ഇസ്ലാം ഭീകരവാദത്തെപ്പറ്റി പറയുമ്പോള്‍ ഞാന്‍ ക്രിസ്ത്യന്‍ ഭീകരവാദത്തെപ്പറ്റിയും പറയണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കാരണം എന്നും റോമിലെ, ഇറ്റലിയിലെ പത്രങ്ങള്‍ വായിക്കുന്ന ഞാന്‍ അവിടെ നടക്കുന്ന കൊലപാതകങ്ങളും അവിടെ നടക്കുന്ന ബലാല്‍സംഗങ്ങളും വായിക്കുന്നുണ്ട്. ഞാന്‍ നോക്കുമ്പോള്‍ അവരെല്ലാം ക്രിസ്ത്യന്‍ നാമധാരികളാണ്. അപ്പോള്‍ തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്. അതിനെ മതത്തിന്റെ പേരില്‍ വര്‍ഗ്ഗീകരിക്കരുത് എന്ന് പറയുന്ന ഒരു മാര്‍പാപ്പ ലോകത്തിന് കൊടുക്കുന്ന ഒരു വെളിച്ചമുണ്ട്.

ഉറപ്പായിട്ടും ഇന്നത്തെ കാലഘട്ടത്തില്‍ സഭ പലപ്പോഴും ഇത്തരം ധ്രുവീകരണങ്ങള്‍ക്ക് ബലിയാടാകേണ്ടി വരുന്ന, അല്ലെങ്കില്‍ കൂട്ടുനില്‍ക്കുന്ന സാഹചര്യങ്ങളുള്ളപ്പോള്‍ മാര്‍പാപ്പ കാണിച്ച ഒരു വിഷന്‍, അത് വളരെ പ്രധാനപ്പെട്ടതാണ്. കുടിയേറ്റക്കാര്‍ അഭയാര്‍ത്ഥികളാണ്, അവര്‍ക്ക് അഭയം കൊടുക്കണം എന്ന് അദ്ദേഹം ലോകനേതാക്കളോടും ലോകരാജ്യങ്ങളോടും പറഞ്ഞിരുന്നു. യുദ്ധമുണ്ടായപ്പോള്‍ അരുത് എന്ന് പറഞ്ഞിട്ടുണ്ട്. സുഡാനില്‍ സൗത്ത് സുഡാനും നോര്‍ത്ത് സുഡാനും തമ്മിലുള്ള യുദ്ധമുണ്ടായ സമയത്ത് രണ്ട് പ്രസിഡന്റ്മാരുടെയും കാല്‍ക്കല്‍ വീണ് നിങ്ങള്‍ സമാധാനമുണ്ടാക്കണം എന്ന് പറയുന്ന ഒരു മാര്‍പാപ്പയാണ്. അദ്ദേഹത്തിന്റെ സ്റ്റേറ്റ്‌മെന്റുകള്‍ ജനം നന്നായി ചര്‍ച്ച ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പ്രബോധനങ്ങളും ശ്രദ്ധിച്ചാല്‍ സഭയുടേതായ കടുകട്ടിയായ വിധികളോ മനുഷ്യന് മനസിലാകാത്ത തരത്തിലുള്ള ദൈവശാസ്ത്രമോ ഒന്നുമില്ല. ഏതു വീട്ടമ്മയ്ക്കും ഏത് കുഞ്ഞിനും ഏത് കര്‍ഷകനും മനസിലാകുന്ന വളരെ ലളിതം ആയിട്ടുള്ള ഭാഷയാണ്. അതോടൊപ്പം തന്നെ ഉദാഹരണങ്ങളൊക്കെ നമുക്ക് പരിചിതമായ സാഹചര്യങ്ങളാണ്. വളരെ സത്യസന്ധമാണ്, വളരെ പ്രായോഗികമാണ്. അദ്ദേഹം വളരെ ലളിതമാക്കി സഭയെയും ക്രിസ്തുവിനെയും ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

അങ്ങനെയായിരിക്കെത്തന്നെ വത്തിക്കാനില്‍ അദ്ദേഹം നടത്തിയ ശുദ്ധീകരണ പ്രക്രിയയുണ്ട്. അതുവരെ വത്തിക്കാന്‍ ബാങ്കും വത്തിക്കാനിലെ പല ഓഫീസുകളും സംശയത്തിന്റെ നിഴലിലും കെട്ടുപിണഞ്ഞ നിലയിലുമൊക്കെയായിട്ട് ഒരുപാട് സുതാര്യതക്കുറവുണ്ടായിരുന്നു. അവിടെയാണ് അദ്ദേഹം വത്തിക്കാന്‍ ബാങ്കിനെ ശുദ്ധീകരിക്കുന്നത്, സാമ്പത്തികമായി സുതാര്യത കൊണ്ടുവരുന്നത്. കര്‍ദിനാള്‍ പദവിയിലുള്ള തെറ്റ് ചെയ്തവരെ വരെ രാജി വെപ്പിച്ച് പുറത്താക്കിയിരുന്നു. അത്തരത്തിലുള്ള വളച്ചുകെട്ടില്ലാത്ത പല നടപടികളും വത്തിക്കാന്റെ പല തസ്തികകളുടെ പദവികളിലും ആദ്യമായി വനിതകളെയും അല്‍മായരായ സാധാരണക്കാരായ, വിവാഹിതരായ മനുഷ്യരെയും സന്യാസിനികളെയുമൊക്കെ അദ്ദേഹം കൊണ്ടുവന്നു എന്നുള്ളത് നിസാര കാര്യമല്ല. എല്‍ജിബിടിക്യു ഐഎപ്ലസ് കാറ്റഗറിയൊക്കെ സഭ ഇപ്പോഴും ഒരു പേടിയോടെയും അകല്‍ച്ചയോടെയുമൊക്കെ നോക്കിക്കാണുമ്പോള്‍ അദ്ദേഹം അവര്‍ക്ക് വേണ്ടി ശബ്ദിച്ചു. കത്തോലിക്കാ സഭയുടെ ഇന്നത്തെ കാലഘട്ടത്തില്‍ അതൊരു നിസ്സാര കാര്യമല്ല. അവര്‍ തെറ്റാണോ ശരിയാണോ എന്ന് വിധിക്കാന്‍ ഞാനാരാണ്? അവരും മനുഷ്യരാണ്, അവര്‍ക്ക് നിയമത്തിന്റെ പരിരക്ഷയും സ്‌നേഹവും വേണം എന്നൊക്കെ പറയാനായിട്ട് ചങ്കൂറ്റം കാണിച്ചത് കത്തോലിക്കാ സഭയിലെ ചെറുതല്ലാത്ത ഒരു വിപ്ലവമാണ്.

സഭയുടെ ചരിത്രത്തില്‍ പുരുഷന്‍മാരുടെ മാത്രം കാലുകഴുകിയിട്ടുള്ളപ്പോള്‍ അദ്ദേഹം കാലുകഴുകുമ്പോള്‍ വനിതകള്‍ മാത്രമല്ല, അതില്‍ കുടിയേറ്റക്കാരുണ്ട്, തടവുപുള്ളികളുണ്ട്, രോഗികളുണ്ട്, ഇതര മതസ്ഥരുണ്ട്. എന്താണ് സഭയുടെ മുഖമെന്ന് അദ്ദേഹം പറയുകയാണ്. സഭയെന്നാല്‍ വിശുദ്ധരുടെ മ്യൂസിയമല്ല, മറിച്ച് പാപികളുടെ ഹോസ്പിറ്റലാണെന്നാണ് അദ്ദേഹം പറയുന്നത്. ആ പ്രസ്താവനയാണ് അദ്ദേഹത്തിന്റെ പ്രവൃത്തികളിലും നമുക്ക് കാണാന്‍ കഴിയുന്നത്. വാക്കും പ്രവൃത്തിയും ഏറ്റവും ക്രിസ്തുവിനോട് ചേര്‍ന്നതും ഏറ്റവും സത്യസന്ധനുമായിരുന്ന മാര്‍പാപ്പയായിരുന്നു അദ്ദേഹം. വലിയ പദവികളില്‍ നിന്നോ കോട്ടകൊത്തളങ്ങളില്‍ നിന്നോ മാറി സഭയെ മണ്ണിനെ തൊടുന്നതാക്കാന്‍ അദ്ദേഹം ശ്രമിച്ചു. അദ്ദേഹം താമസിച്ചിരുന്നതു പോലും മാര്‍പാപ്പയുടെ കൊട്ടാരം വിട്ടിട്ട് ഒരു സാധാരണ സ്ഥലത്താണ്. അതില്‍ പോലും അദ്ദേഹത്തിന്റെ ഒരു പ്രഖ്യാപനമുണ്ട്. തീര്‍ച്ചയായും ഈ കാലഘട്ടം, ഫ്രാന്‍സിസ് മാര്‍പാപ്പ തുടങ്ങിവെച്ച വിപ്ലവവും മുന്നോട്ടു വെച്ച ശൈലിയെയും മറക്കാന്‍ ഇടയില്ലെന്നാണ് പറയാനുള്ളത്. ലോകനേതാക്കള്‍ക്കും നമുക്കും അതൊരു മാതൃകയായി മാറുമെന്നത് തന്നെയാണ് ഒരുപക്ഷേ അദ്ദേഹത്തിന്റെ ഈ കാലത്തിന്റെ ചരിത്രം നമ്മളോട് പറയുന്നതെന്ന് ഞാന്‍ വിചാരിക്കുന്നു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT