Memoir

എംടി എന്ന അകത്തുള്ളയാള്‍

അടുക്കളപ്പുറത്ത് കൂടി ആയിരുന്നു എംടി എന്ന എഴുത്തുകാരന്‍ ആദ്യം കയറി വന്നത്. ഒട്ടും വായിച്ചിരുന്നില്ലാത്ത, വല്ലപ്പോഴും മാത്രം സിനിമ കണ്ടിരുന്ന ഉമ്മയുടെ എളേമ അയിച്ചിതാത്ത അനുബന്ധം, പഞ്ചാഗ്‌നി എന്നീ സിനിമകളെക്കുറിച്ചു വലിയ ഇഷ്ടത്തോടെയും ആദരവോടെയും സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ഉമ്മയുടെ ഏട്ടത്തി ഉക്കുത്താത്ത നിര്‍ബന്ധമായും കണ്ടിരുന്ന സീരിയല്‍ 'നാലുകെട്ട്' ദൂരദര്‍ശനില്‍ വന്നപ്പോഴാണ്.

ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉമ്മച്ചി വിരുന്നു വന്ന ഉക്കുത്താത്തക്കു പറഞ്ഞു കൊടുക്കുന്നത് കേട്ടാണ് വൈശാലിയുടെ കഥ ഞാന്‍ ആദ്യം കേട്ടത്. വൈകാതെ കണ്ടപ്പോള്‍ ഉറങ്ങാന്‍ കഴിയാത്ത വിധം അവസാനത്തെ രംഗം എന്നെ വേട്ടയാടി. പെയ്യാതിരുന്നു പെയ്ത മഴയിലുണ്ടായ തിരക്കില്‍ ആ മഴയ്ക്ക് സത്യത്തില്‍ കാരണമായ വൈശാലിയെയും അമ്മയെയും തള്ളിയിട്ടു ചവിട്ടിക്കൂട്ടി അവരുടെ മുകളിലൂടെ ആള്‍ക്കൂട്ടം നടന്ന വഴിയിലൂടെ പിന്നീട് വെള്ളമൊഴുകി ഉണ്ടായി വന്ന പുഴ അന്ന് പുഴക്കരയില്‍ ചെലവാക്കിയിരുന്ന എന്നെ വേട്ടയാടി. ആകാംക്ഷകളുടെ ചെറുബാല്യത്തെ ആദ്യമായി ആവേശിച്ച രംഗം അതായിരുന്നു.

'കുട്ട്യേടത്തി'യിലെ 'അസത്തെ' എന്ന് വിളിച്ചു ആധികൊള്ളുന്ന വലിയമ്മ, പുരുഷാധിപത്യത്തിന്റെ ഏറ്റവും കൊടൂരമായ ഇരയും ഏറ്റവും ശക്തമായ ഉപകരണവും ആയ അമ്മ, അവര്‍ക്കറിയാവുന്ന ഒരാളായിരിക്കണം. മരുമക്കത്തായികളായ കുടുംബത്തില്‍ നിന്ന് വന്ന സ്ത്രീകള്‍ക്ക് എംടിയുടെ എഴുത്ത് വന്ന വിരുന്നുകാരന് എടുത്തു വെച്ച് കൊടുക്കാന്‍ എന്തെങ്കിലും കടമായി വാങ്ങിക്കാന്‍ അടുത്തുള്ള പീടികയിലേക്കോ അയല്‍വക്കത്തെ വീട്ടിലേക്കോ അടുക്കള വാതിലിലൂടെ ഓടിക്കാന്‍ ഉണ്ടായിരുന്ന ഒരു കുട്ടി എഴുതിയ കഥ പോലെ തോന്നിയിരിക്കണം. അവന്റെ ജീവിതദേഷ്യത്തില്‍ പോലും നിന്ദിതവും ചൂഷിതവുമായ ആ സ്ത്രീജന്മങ്ങള്‍ നല്‍കിയ ജീവിതബോധം അവര്‍ക്കു തോന്നിയിരിക്കണം.

എംടിയില്‍ ആ കുട്ടിയെ സ്ത്രീകള്‍ കാണുന്നുണ്ടാവാം എന്ന് ആദ്യം തോന്നിയത് മാധവിക്കുട്ടി എംടിയെക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ നിന്നാണ്: 'എന്നെ വേദനിപ്പിച്ചാല്‍ ഞാന്‍ പകരം വീട്ടുമെന്ന് ആ കണ്ണുകള്‍ പറഞ്ഞു കൊണ്ടിരുന്നു. തനിക്കു അധോലോകങ്ങളിലെ ആളുകളെ വരെ അറിയാമെന്ന വീമ്പുപറച്ചില്‍ എന്നെ അലോസരപ്പെടുത്തിയില്ല. ഒരു കുട്ടി കളിപ്പാട്ടങ്ങള്‍ നിരത്തി അതിഥികള്‍ക്ക് കാണാനായി നിരത്തി വെക്കുന്നത് പോലെയേ തോന്നിയുള്ളൂ'. മാധവിക്കുട്ടി 'വാസു'വിനെ ഒരു കുട്ടിയാക്കി മനസ്സിലാക്കിയ പോലെ തോന്നി. അവരെക്കാള്‍ ഒരു വയസ്സേ എംടിക്ക് കുറയൂ എന്നോര്‍ക്കണം!

എംടിയുടെ കഥാപാത്രങ്ങളുടെ ചിലപ്പോഴുള്ള ആധികളും ആശയക്കുഴപ്പങ്ങളും അടുക്കളപ്പുറം, അമ്മയുടെ ഭാഷ, സ്ത്രീകളുടെ ലോകം നഷ്ടപ്പെട്ട ഒരാളുടേതാണെന്നും തോന്നാം- അതിനെ ചിലപ്പോള്‍ ഗ്രാമീണകാല്പനികതയിലും ആണ്‍ ഭാവനയിലും നിര്‍മിക്കുന്ന രീതി ഉണ്ടുതാനും. അകത്തു സ്വസ്ഥമായിരുന്ന ഒരാള്‍ പുറത്തെത്തുമ്പോഴുണ്ടാവുന്ന സംഭ്രമമാണോ ഉള്ളിലുള്ള ഒരാളെ പുറത്തേക്കു കൊണ്ടുവരാന്‍ ഉള്ള വൈമനസ്യമാണോ? എംടിയുടെ കാമുകന്മാര്‍ എല്ലാവരും സങ്കോചങ്ങളുടെ, പിന്‍വാങ്ങലുകളുടെ ആശാന്മാരായതിനെ എങ്ങിനെ വായിക്കണം? എംടിയില്‍ നിന്നവരും വിട്ടുപോയവരും അവിടേക്കു മടങ്ങിവന്നവരും ആയി ഒരു പക്ഷേ മലയാളി വായനക്കാരെ വിഭജിക്കാവുന്നത് പോലുമാണ്.

ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് തുഞ്ചന്‍ പറമ്പിലെ സാഹിത്യ ഉത്സവത്തിന് പോവുന്നത്. പ്രസംഗിക്കാന്‍ മഹാശ്വേതാദേവിയും ആനന്ദുമൊക്കെ വന്നിരുന്നു. ആ വര്‍ഷം നടത്തിയ സാഹിത്യ ക്വിസിന് രണ്ടാം സ്ഥാനം എനിക്കായിരുന്നു. സമ്മാനം തന്നത് എംടി. ഇരുട്ടിത്തുടങ്ങിയ സ്റ്റേജിലെ ട്യൂബ് ലൈറ്റുകള്‍ക്കിടയില്‍ക്കൂടി അദ്ദേഹം ഒന്ന് കണ്ണ് ചിമ്മുന്ന മാതിരി ചിരിച്ചു. കറുത്ത് ചീകിവെച്ച മുടിയായിരുന്നു. എന്റെ കണ്ണിലേക്കു നോക്കി സര്‍ട്ടിഫിക്കറ്റ് തന്നു. ചിരിക്കുകയേ ചെയ്യാത്ത എംടി എന്നൊരു പേര് നന്നായി ഉണ്ടായിരുന്നത് കൊണ്ട് ആ ചിരി എനിക്ക് വലിയ സന്തോഷമായി.

പിന്നീട് മാക്ട കോഴിക്കോട് നടത്തിയ ഷാരൂഖ് ഖാനും ജൂഹി ചാവ്‌ലയും മമ്മൂട്ടിയും മോഹന്‍ലാലും അടക്കം പങ്കെടുത്ത, യേശുദാസടക്കം എല്ലാ പാട്ടുകാരും അണിനിരന്ന, 'ബാബുരാജ്' സ്മാരക ഗാനമേളയില്‍ വെച്ചാണ് എംടി വാസുദേവന്‍ നായര്‍ ഏതു ആള്‍ക്കൂട്ടത്തിലും എത്ര ബഹുമാനിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുന്നു എന്ന് മനസ്സിലാവുന്നത്. എംടിയുടെ പേര് പറയുമ്പോള്‍, എല്ലാ വിലക്ഷണതയോടെയും മുണ്ടു വലിച്ചുടുത്ത് അദ്ദേഹം നടന്നു വരുമ്പോള്‍ സദസ്സിന്റെയും ആള്‍ക്കൂട്ടത്തിന്റെയും അടക്കം...

പിന്നീട് അദ്ദേഹത്തെ ഞാന്‍ നേരിട്ട് കാണുന്നതും സംസാരിക്കുന്നതും മാറാട്ടെ കൂട്ടക്കൊലയുടെ സാഹചര്യത്തില്‍ വര്‍ഗീയ- മതരാഷ്ട്രവാദ പ്രവണതകള്‍ക്കെതിരായ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ്. 'ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി' എന്ന സംഘടനയുടെ പേരില്‍ നടന്ന കോഴിക്കോട്ടെ ഉദ്ഘാടനപരിപാടിയില്‍ എംടിയും കെ ജെ യേശുദാസും പങ്കെടുത്തിരുന്നു.

അന്ന് അവിടെ നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ എംടി തന്റെ മൂന്നു സങ്കടങ്ങളെപ്പറ്റി പറഞ്ഞിരുന്നു: ഒന്ന്, നമ്മുടെ പുഴയും കാടുകളും മലിനമാവുകയും നശിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. രണ്ട്, നമ്മുടെ നാട്ടിലെ ആളുകള്‍ തമ്മില്‍ മതപരമായ കലഹങ്ങളും വിദ്വേഷവും വര്‍ധിച്ചു വരുന്നു. മൂന്ന്, മലയാളഭാഷ മരിച്ചു കൊണ്ടിരിക്കുകയാണ്. ഇവ മൂന്നും പങ്കുവെക്കുന്ന പലരെയും ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ അകത്തു നിന്ന് വന്ന പോലെ തോന്നി ആ സങ്കടങ്ങള്‍.

എംടിയെ ജനകീയമാക്കിയ ഗുണം അദ്ദേഹത്തിന്റെ സാധാരണത്വമാണ്. ഒരു ഭാഗത്തു വൈകാരികമായ താദാത്മ്യം സാധ്യമായപ്പോള്‍ തന്നെ, മറു ഭാഗത്തു സാധാരണത്വം ഒരു പ്രത്യേക രീതിയില്‍ നിര്‍വചിക്കപ്പെടാനും ആവര്‍ത്തിക്കപ്പെടാനും അത് കാരണമാവുകയും ചെയ്തു. ഇതിനെക്കുറിച്ച് എംടി തന്നെ വളരെ ബോധവാനായിരുന്നു എന്ന് തോന്നിയത് ഏതോ അഭിമുഖത്തില്‍ 'ഓപ്പോള്‍' എന്ന സിനിമയെക്കുറിച്ചു പറഞ്ഞത് വായിച്ചപ്പോഴാണ്' 'ഓപ്പോളിലെ ഭാഷ ബാക്കിയുള്ള സഥലത്തെ ആളുകള്‍ക്ക് മനസ്സിലാവുമോ എന്ന് ആശങ്കയുണ്ടായിരുന്നു. അത് വലിയ കുഴപ്പമായി. മലയാള സിനിമയിലെ പല കഥാപാത്രങ്ങളും ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങി'.

മലയാള സാഹിത്യത്തിലും സിനിമയിലും ഒരു പ്രത്യേക തരം റിയലിസം നിറഞ്ഞു നില്‍ക്കാന്‍ ഒരു കാരണം എംടിയുടെ സ്വാധീനമാണെന്നു വിമര്‍ശിക്കുമ്പോള്‍ ഓര്‍ക്കേണ്ട ഒരു കാര്യം ഈ ചട്ടക്കൂടിനെ ക്രിയാത്മകമായി മുന്നോട്ടു കൊണ്ട് പോവാന്‍ കഴിയുന്ന ആളുകള്‍ അങ്ങിനെ ചെയ്തിട്ടുണ്ട് എന്നതാണ്.

ലോഹിതദാസിന്റെ സിനിമയുടെ അടിത്തറ എംടി ഉണ്ടാക്കിയിട്ട ഇതിവൃത്തപ്രധാനമായ രചനാ-സംവേദക രീതി തന്നെ ആണെങ്കിലും, 'ഇരുട്ടിന്റെ ആത്മാവ്' 'തനിയാവര്‍ത്തനത്തി'ന് വഴി കാണിക്കുന്നുണ്ട് എന്ന് പറയാമെങ്കിലും എംടിയുടെ ക്രിട്ടിക്കല്‍ റിയലിസത്തെ പെര്‍ഫെക്റ്റ് ചെയ്യുക മാത്രമല്ല ലോഹിതദാസ് ചെയ്യുന്നത്, സമൂഹം തള്ളിക്കളയുകയും തകര്‍ക്കുകയും ചെയ്യുന്ന വ്യക്തികളായ തന്റെ പ്രധാന കഥാപാത്രങ്ങളിലൂടെ തന്റെ ദളിത് സ്വത്വാനുഭവങ്ങള്‍ക്ക് പ്രകാശനം നല്‍കുകയുമാണ്.

അത് പോലെ, ഭീമന്റെ കായികശേഷിയും അദ്ധ്വാനവും എല്ലാവര്‍ക്കും വേണ്ടപ്പോഴും ബൗദ്ധികമായി സഹോദരന്മാരും ഭാര്യയും അമ്മയും ആരും കണക്കിലെടുക്കാത്ത രണ്ടാമൂഴത്തിലെ ഭീമന് 'ഭീമപര്‍വ്വം' എന്ന നാടകത്തില്‍ ഒരു ദളിത് വായന നല്‍കിയിട്ടുണ്ട് സാംകുട്ടി പട്ടംകരി. ഈ വായനയേയും സാധ്യമാക്കുന്ന സാധ്യതകള്‍ എംടി ഒരുക്കിയ നിലത്തിലുണ്ട്.

എംടി യുടെ ഒരു എഴുത്തുകാരന്‍ എന്ന നിലക്കുള്ള വളര്‍ച്ച അമ്പരപ്പിക്കുന്നതാണ്: നാലുകെട്ട് എഴുതിയ ആള്‍ വാനപ്രസ്ഥമെഴുതുന്നു എന്ന് ആലോചിക്കാനേ കഴിയില്ല. എത്ര മൗനിയായിരിക്കുമ്പോഴും അദ്ദേഹം ശ്രദ്ധിച്ചു കൊണ്ടിരുന്നു. ആ ശ്രദ്ധ അദ്ദേഹത്തെ മാറ്റി, വളര്‍ത്തി, വളരുന്ന- മാറുന്ന ലോകത്തിലും പ്രസക്തമാക്കി നിര്‍ത്തി. മൗനം പോലെ മനോഹരമായ കാത്തിരിപ്പും കടുപ്പമുള്ള ശക്തിയുടെ ആവിഷ്‌കാരവും എഴുത്തുകാരനു വേറെ എന്ത്? മൗനത്തിന്റെ സാധ്യതകള്‍ അപാരമാണല്ലോ...

എംടിയെ എംടി സാര്‍ എന്ന് വിളിച്ചു തുടങ്ങുന്നതും അദ്ദേഹത്തിന്റെ ശ്രദ്ധയുടെ, കേള്‍ക്കാനും കൂടെ നില്‍ക്കാനുമുള്ളു കഴിവിനെയും നേരിട്ട് മനസ്സിലാക്കുന്നത് തുഞ്ചന്‍ പറമ്പില്‍ നടന്ന 'മഹാഭാരത'ത്തെ ക്കുറിച്ചുള്ള അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ കുറച്ചു കാലം അദ്ദേഹവുമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞപ്പോഴാണ്.

സച്ചിദാനന്ദന്‍ മാഷ് ആയിരുന്നു ഇതിന്റെ സംവിധാന ചുമതലയുള്ള ആള്‍. തുഞ്ചന്‍ പറമ്പ് ട്രസ്റ്റിന്റെ ഭാഗത്തു നിന്ന് എന്റെ വായിച്ചി എം എന്‍ കാരശ്ശേരിയും. ഇതിനിടക്ക് വായിച്ചിക്കു ഒരു മാസത്തെ പ്രസംഗ പരിപാടികള്‍ക്കായി ഓസ്ട്രേലിയക്ക് പോവേണ്ടി വന്നു. സച്ചിദാനന്ദന്‍ മാഷുടെ ഡല്‍ഹിയിലുള്ള വീട്ടില്‍ മാഷും ഞാനും ഇരുന്നു അവര്‍ രണ്ടു പേരുമുണ്ടാക്കിയ പദ്ധതിയുടെ നടത്തിപ്പിലേക്കു കടന്നു. അദ്ദേഹത്തിന്റെ വിപുലമായ സൗഹൃദവലയത്തിലെ പലരും അങ്ങിനെ വരാമെന്നേറ്റു. ഇനിയും പലരെയും കിട്ടണം. ഇക്കാര്യങ്ങള്‍ എംടിയോട് നാട്ടില്‍ വന്നു സംസാരിക്കണം. ആ കോഓര്‍ഡിനേഷന്‍ ചെയ്യാന്‍ മാഷ് എന്നെ ഏല്പിച്ചു.

ഒരു വൈകുന്നേരം ഞാന്‍ എംടി സാറിനെ വിളിച്ചു: വീട്ടിലേക്കല്ല, ജാഫര്‍ ഖാന്‍ കോളനിയിലെ ഫ്‌ളാറ്റില്‍ വൈകിട്ട് ഏഴു മണിക്കു വരാന്‍ പറഞ്ഞു: 'ഐ വില്‍ വെയിറ്റ് ഫോര്‍ യു', ഇംഗ്ലീഷില്‍ ഫോണ്‍ വെച്ചു. അത്യാവശ്യം സങ്കോചത്തോടെയാണ് പോയത്, പലവട്ടം അദ്ദേഹത്തെ കണ്ടിട്ടുണ്ട് എങ്കിലും ഒറ്റക്കൊരു മീറ്റിംഗ്, ചര്‍ച്ച ഒക്കെ ആദ്യമാണ്. എന്താവുമോ എന്തോ! അത് വരെയുണ്ടാക്കിയ പ്ലാനുമായി സംസാരം തുടങ്ങി. ഞങ്ങള്‍ തമ്മില്‍ നടന്ന മൂന്നു ഇരുത്തങ്ങളില്‍ ആദ്യത്തേതായിരുന്നു അത്.

ഇടയ്ക്കിടെ കത്തിക്കുന്ന ബീഡി, ഇടയ്ക്കു കണ്ണടയിലൂടെയാണോ അതിന്റെ മുകളിലൂടെയാണോ എന്നറിയാത്ത നോട്ടം. മൗനം. കൈകളുടെ താളം പിടിക്കലാണോ വായുവില്‍ എഴുത്തുകയാണോ എന്ന് തോന്നുന്ന വിരല്‍ ചലനങ്ങള്‍. മൂളലുകള്‍. എന്നാല്‍ അതീവമായ ശ്രദ്ധ. മഹാഭാരത പഠനത്തെക്കുറിച്ചു വലിയ ധാരണകളൊന്നും ഇല്ലാത്ത ഒരു വളരെ ജൂനിയര്‍ ആയ എന്റെ ആലോചനകളും അവിടുന്നും ഇവിടുന്നും കിട്ടിയ പേരുകളും വെച്ചുള്ള വര്‍ത്തമാനത്തിനു അദ്ദേഹം നല്‍കിയശ്രദ്ധ വലിയ കാര്യമായിരുന്നു. അന്താരാഷ്ട്രതലത്തില്‍ പ്രധാനപ്പെട്ട ആരെയും കിട്ടിയിരുന്നില്ല. ജര്‍മനിയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള എഴുത്തുകാരെയും ഗവേഷകരെയും പങ്കെടുപ്പിക്കുക എന്നതില്‍ എന്റെ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം ആഴത്തില്‍ മൂളി സമ്മതം നല്‍കി. ചില പേരുകളോട് നോ എന്ന് പറഞ്ഞു. തീരുമാനം എളുപ്പത്തില്‍ കിട്ടി.

അബദ്ധങ്ങള്‍ വരുത്താനുള്ള സമ്മതം അദ്ദേഹം തരുന്ന പോലെ ആയിരുന്നു, ഫണ്ടിനെപ്പറ്റിയോ മറ്റു പ്രശ്‌നങ്ങളോ ഒരിക്കലും പറഞ്ഞു പോലുമില്ല. വാത്സല്യമുള്ള ഒരാളുടെ കൂടെ ജോലി ചെയ്യുന്ന സന്തോഷം ആ കൂടിക്കാഴ്ചകള്‍ തന്നു. എന്റെ ചില തെരഞ്ഞെടുപ്പുകള്‍ പാളുകയും ചെയ്തിരുന്നു. അത് ദയവോടെ തന്നെ കണ്ടു. ശരിയായതിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന മട്ടില്‍ തലകുലുക്കി. ഒരു പാട് സംഘാടനം നടത്തിയത് കൊണ്ടാവണം, അല്ലെങ്കില്‍ അദ്ധ്വാനം കണ്ടു ശീലിച്ചത് കൊണ്ടാവണം- ആളുകളുടെ അധ്വാനത്തെ, അതിന്റെ ഉദ്ദേശ്യശുദ്ധിയെ മനസ്സിലാവുന്ന ഒരാളോടാണ് സംസാരിക്കുന്നതെന്ന് എപ്പോഴും തോന്നിപ്പിച്ചു.

കോണ്‍ഫറന്‍സിന്റെ അവസാന ദിവസം വൈകുന്നേരം യാത്ര പറയാനായി അദ്ദേഹത്തിന്റെ തുഞ്ചന്‍ പറമ്പിലെ ഗസ്റ്റ് ഹൗസിലെ മുറിയിലേക്ക് ചെന്നപ്പോള്‍ അദ്ദേഹം കട്ടിലിനടുത്തുള്ള കസേരയില്‍ നിന്ന് കൈ നീട്ടി, കണ്ണിലേക്കു നോക്കി. തല കുലുക്കി. ചിരിച്ചെന്നു പറഞ്ഞുകൂടാ. ഇരുപതു വര്‍ഷം മുമ്പത്തെ കറുത്ത മുടിയൊക്കെ പോയി ക്ഷീണം ബാധിച്ചു കഴിഞ്ഞ ആ കണ്ണുകളിലേക്കു നോക്കി ഇറങ്ങവേ, അകത്തു അങ്ങിനെ ഒരാള്‍ ഉണ്ട് എന്നത് തുഞ്ചന്‍ പറമ്പിന്റെയും കേരളീയ സാംസ്‌കാരികരംഗത്തിന്റെയും നമ്മുടെ നാടിന്റെയും എന്നത് പോലെ എനിക്കും കുറച്ചു കാലം ബലമായിരുന്നല്ലോ എന്ന് ഓര്‍ത്തു....

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT