Interview

മുസ്ലിം വീടുകളും കയറും; ക്രിസ്ത്യാനികളോട് കുറച്ചു കൂടുതല്‍ സൗഹൃദം: എം. ടി. രമേശ് അഭിമുഖം

ആര്‍.എസ്.എസിന്റെ താത്വികാചാര്യന്‍ ഗോള്‍വാല്‍ക്കറുടെ വിചാരധാരയിലെ പരാമര്‍ശങ്ങള്‍ക്ക് കാലിക പ്രസക്തിയില്ലെന്ന് എങ്ങനെയാണ് ബി.ജെ.പി നേതാവായ താങ്കള്‍ക്ക് തള്ളിപ്പറയാന്‍ കഴിയുന്നത്

ആര്‍.എസ്.എസിന്റെ രണ്ടാമത്തെ സര്‍സംഘ് ചാലക് ആയിരുന്ന ഗുരുജി ഗോവാല്‍ക്കര്‍ പല സന്ദര്‍ഭങ്ങളിലായി നടത്തിയിട്ടുള്ള പ്രസംഗങ്ങളുടെ ക്രോഡീകരണമാണ് വിചാരധാര. ആ പ്രസംഗം എന്ന് പറയുന്നത് ഒന്നോ രണ്ടോ മൂന്നോ വര്‍ഷമുള്ളതല്ല. ദീര്‍ഘമായിട്ടുള്ള വര്‍ഷങ്ങളില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ ക്രോഡീകരിച്ച് പുസ്തകമാക്കിയതാണ്. നാല്പതുകളുടെ അവസാനവും അമ്പതുകളുടെ തുടക്കത്തിലും നടത്തിയതാണ് ഈ പ്രസംഗങ്ങള്‍. ആ കാലഘട്ടത്തില്‍ ഉയര്‍ന്ന് വന്നിട്ടുള്ള വിഷയങ്ങളിലെ പരാമര്‍ശങ്ങളാണ് ഇതെല്ലാം. വിചാരധാര അടിസ്ഥാന പ്രമാണ ഗ്രന്ഥമാണെന്നോ അതാണ് ബേസിക്കെന്നോ ആര്‍.എസ്.എസ് എവിടെയും പറഞ്ഞിട്ടില്ല. ആര്‍.എസ്.എസിന്റെ ഓരോ സമീപനങ്ങളും നയപരമായിട്ടുള്ള കാര്യങ്ങളും അതാത് കാലത്തെ സര്‍സംഘ്ചാലക് പറയുകയാണ് ചെയ്യുക. പ്രത്യേകിച്ച് വിജയദശമി സ്പീച്ച് പോലുള്ള വിശേഷാല്‍ പ്രസംഗങ്ങളിലാണ് ഒരു പോളിസിയായി ആര്‍.എസ്.എസ് പറയുന്നത്. ഇക്കാലത്തെ സര്‍സംഘ്ചാലക് സാമൂഹ്യ വിഷയങ്ങളില്‍ പല തവണയായി നടത്തിയിട്ടുള്ള പരാമര്‍ശങ്ങളുണ്ട്. സാമൂഹ്യ സൗഹൃദത്തെക്കുറിച്ച്, വ്യത്യസ്ത മതവിഭാഗങ്ങളോടുള്ള ആര്‍.എസ്.എസിന്റെ കാഴ്ചപ്പാടിനെക്കുറിച്ചെല്ലാം പറഞ്ഞിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ പറയുന്നതാണ് ബേസിക് ആയി സ്വീകരിക്കുക. അതുകൊണ്ട് വിചാരധാരയാണ് ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമെന്ന് പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. അതൊരു പ്രമാണിക ഗ്രദ്ധമല്ല. പ്രസംഗത്തിന്റെ ക്രോഡീകരണമാണ്. അത്രയേയുള്ളു.

സി.പി.എമ്മും കോണ്‍ഗ്രസും നടത്തുന്ന അരമന സന്ദര്‍ശനത്തേക്കാള്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ പ്രതിസ്ഥാനത്തായതു കൊണ്ടാണ് ബി.ജെ.പിയുടെ സന്ദര്‍ശനം വാര്‍ത്തയും ചര്‍ച്ചയാകുന്നതും. ഈ ഇരട്ടത്താപ്പിനെ എങ്ങനെയാണ് ന്യായീകരിക്കാന്‍ കഴിയുന്നത്?

ബി.ജെ.പി അങ്ങനെ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ ആക്രമിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. രാജ്യത്ത് ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ബി.ജെ.പിക്ക് നേരിട്ട് പങ്കാളിത്തമില്ലെങ്കിലും ചില ഹിന്ദു സംഘടനങ്ങളുമായി ബന്ധപ്പെട്ടവര്‍ അതില്‍ പ്രതികളായിട്ടുണ്ട്. അതിനെ ക്രിമിനില്‍ ആക്ടിവിറ്റിയായാണ് ഞങ്ങള്‍ കാണുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തന്നെയാണ് ഇതില്‍ കര്‍ക്കശമായിട്ടുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ കേരളത്തിലും ഉണ്ടാകുന്നുണ്ടല്ലോ. ബോധപൂര്‍വം ഉണ്ടാകുന്നതാണ്. എന്നാല്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ വേണമെന്ന് ബി.ജെ.പി പറഞ്ഞിട്ടുണ്ട്. സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഞങ്ങള്‍ ഇപ്പോള്‍ വീടുകളില്‍ പോകുന്നത്. ഞങ്ങളെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളും വിമര്‍ശനങ്ങളും കേള്‍ക്കും. അല്ലാതെ പൊളിറ്റിക്കല്‍ ക്യാമ്പെയിന്റെ ഭാഗമായിട്ടല്ല അത്. ഒരു സമൂഹവുമായി അടുത്തിടപഴകാനും ആ സമൂഹത്തിന് എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് മാറ്റാനും കേന്ദ്ര ഗവര്‍ണമെന്റ് നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കായി ചെയ്യുന്ന കാര്യങ്ങളില്‍ അവരുമായി ആശയവിനിമയം നടത്താനുമുള്ള പരിശ്രമത്തിന്റെ ഭാഗമാണിത്. അതില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് യാതൊരു വേവലാതിയുമില്ല. എതിര്‍പ്പ് അറിയിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അത് പറയുമ്പോള്‍ ഞങ്ങള്‍ കേള്‍ക്കും. ഞങ്ങളുടെ ഭാഗത്ത് നിന്നും തിരുത്തേണ്ട കാര്യങ്ങളുണ്ടെങ്കില്‍ തിരുത്തും. അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഡയലോഗുകളാണിത്. ജനാധിപത്യത്തില്‍ ഡയലോഗുകളാണ് പ്രധാനം. ആ ഡയലോഗുകള്‍ക്ക് വേണ്ടി ബി.ജെ.പി പരിശ്രമിക്കുമ്പോള്‍ സി.പി.എമ്മും കോണ്‍ഗ്രസും എന്തിനാണ് വിറളിപിടിക്കുന്നത്. ക്രിസ്ത്യന്‍ മത വിശ്വാസികള്‍ക്ക് ഇല്ലാത്ത വേവലാതിയും പ്രയാസവും എന്തിനാണ് കോണ്‍ഗ്രസിനും സി.പി.എമ്മിനും? അത് രാഷ്ട്രീയമാണ്. കേരളത്തില്‍ ഈ സംഘടിത ന്യൂനപക്ഷ സമുദായത്തിന്റെ വോട്ടുകള്‍ തങ്ങളുടെ പെട്ടിയിലാക്കി നടന്നവര്‍, ബി.ജെ.പി ആ വിഭാഗവുമായി അടുത്ത് കഴിഞ്ഞാല്‍ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴുമെന്ന് ഭയക്കുന്നതിനാലാണ് ഈ വിമര്‍ശനം ഉന്നയിക്കുന്നത്.

ഛത്തീസ്ഗഡിലെ പള്ളി ആക്രമണ കേസില്‍ നാരായണ്‍പൂരിലെ ബി.ജെ.പി നേതാവാണ് പ്രതികളിലൊരാള്‍. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഒരു ഭാഗത്ത് അരമന സന്ദര്‍ശിക്കുമ്പോള്‍ മറ്റിടങ്ങളില്‍ അരമന തകര്‍ക്കുന്നു. ഈ വൈരുദ്ധ്യത്തിനിടെ എങ്ങനെ ക്രിസ്ത്യാനികളുടെ വിശ്വാസം നേടിയെടുക്കും?

ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ചുമതലപ്പെട്ട ആള്‍ ക്രിമിനല്‍ ആക്ടിവിറ്റിയില്‍ പങ്കെടുത്താല്‍ അതിന്റെ അര്‍ത്ഥം ആ പാര്‍ട്ടി മുഴുവന്‍ അങ്ങനെയാണെന്നാണോ?. കേരളത്തിലെ എന്തെല്ലാം സംഭവങ്ങള്‍ പറയേണ്ടി വരും. ഇന്ത്യ പോലെ വിശാലമായ രാജ്യത്ത് അത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ എവിടെയെങ്കിലും ഉണ്ടായേക്കാം. അത് ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കെതിരെ മാത്രമല്ല, പല ആരാധനാലയങ്ങള്‍ക്കെതിരെയും ഉണ്ടാകാറുണ്ട്. ക്രമസമാധാന പ്രശ്നമായി അതിനെ കണ്ട് കൈകാര്യം ചെയ്യണമെന്നാണ് ബി.ജെ.പിയുടെ നിലപാട്. ബി.ജെ.പിക്ക് ഒരുഘട്ടത്തിലും ഇത്തരം ആരാധനാലയങ്ങള്‍ അക്രമിക്കണമെന്ന നിലപാടുണ്ടായിട്ടില്ല. വിശ്വാസികളുടെ പാര്‍ട്ടി കൂടിയാണ് ബി.ജെ.പി. ഏത് വിശ്വാസിയാണെങ്കിലും ആ വിശ്വാസം പുലര്‍ത്താനുള്ള അവകാശം അവര്‍ക്കുണ്ടെന്നും അത് സംരക്ഷിക്കാന്‍ ഭരണഘടനാപരമായി ഗവര്‍ണമെന്റിന് ബാധ്യതയുണ്ടെന്നും വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. പ്രധാനമന്ത്രി തന്നെ പാര്‍ലമെന്റിന് അകത്തും പുറത്തും ഇക്കാര്യം പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകുമ്പോള്‍ അതിനെ പെരുപ്പിച്ച് കാണിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവരുണ്ടാകാം. അത് അവരുടെ രാഷ്ട്രീയം.

മുസ്ലിം സമുദായത്തോടും ഇതേ സമീപനമാണോ ബി.ജെ.പിക്കുള്ളത്?

തീര്‍ച്ചയായും. ഞങ്ങള്‍ എല്ലാ മതവിഭാഗങ്ങളെയും ചേര്‍ത്ത് പിടിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഒരു മതവിഭാഗത്തെയോ സമൂഹത്തെയോ മാറ്റി നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നില്ല. പക്ഷേ പൊതുവേ നമ്മുടെ കേരളത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തെക്കാള്‍ കൂടുതല്‍ തെറ്റിദ്ധാരണയുള്ളത് മുസ്ലിം സമൂഹത്തിനാണ്. ക്രിസ്ത്യന്‍ സമൂഹം കുറച്ച് കൂടി ബി.ജെ.പിയുമായി അടുത്ത് ഇടപഴകാന്‍ ശ്രമമാരംഭിച്ച സമൂഹമാണ്. വളരെയധികം തെറ്റിദ്ധാരണ അവര്‍ക്ക് മാറിയിട്ടുണ്ട്. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബി.ജെ.പി ജയിക്കുന്നുണ്ട്. അതുകൊണ്ട് കുറച്ച് കൂടുതല്‍ സൗഹൃദം ക്രിസ്ത്യന്‍ സമൂഹത്തോടാണ് എന്ന് മാത്രമേയുള്ളു. മുസ്ലിം സമൂഹത്തെയും ചേര്‍ത്ത് നിര്‍ത്താന്‍ മുസ്ലിം വീടുകളിലേക്കും ഞങ്ങള്‍ പോകുന്നുണ്ട്. മുസ്ലിം വീടുകളില്‍ പല സന്ദര്‍ഭങ്ങളില്‍ സന്ദര്‍ശനം നടത്താനും ഇക്കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്താനും പ്രധാന മുസ്ലിം നേതാക്കളെ കാണാനുമെല്ലാമുള്ള പരിശ്രമം ബി.ജെ.പിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്.

ആ രീതിയിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നാണോ?

തീര്‍ച്ചയായും. നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുള്ള ആശയം സബ്കാ സാത്ത്, സബ്കാ വികാസ് എന്നതാണ്. ഈ ഗവര്‍ണമെന്റും പാര്‍ട്ടിയും എല്ലാവരോടൊപ്പവുമാണ്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ബി.ജെ.പി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടെ രാജ്യം. ആ രാജ്യത്തെ ഭരണത്തിന് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ എല്ലാ ജനങ്ങളെയും ഒരേ പോലെ കാണണം. ഞങ്ങളുടെ മുദ്രാവാക്യം തന്നെ ആരോടുമില്ല പ്രീണനം, എല്ലാവര്‍ക്കും തുല്യനീതി എന്നതാണ്. എല്ലാവര്‍ക്കും തുല്യനീതി എന്ന് പറയുമ്പോള്‍ അതില്‍ മതപരമായ വിവേചനമില്ല. മതത്തിന് അതീതമായി എല്ലാവരെയും ഒരുമിച്ച് കാണണമെന്നാണ് ബി.ജെ.പിയുടെ സമീപനം. ആ അര്‍ത്ഥത്തിലാണ് എല്ലാവരെയും ചേര്‍ത്ത് പിടിക്കുന്നത്. ആ പരിശ്രമത്തിനിടയില്‍ ഞങ്ങളോട് തെറ്റിദ്ധാരണയുള്ളവരോട് അത് മാറ്റാന്‍ ഞങ്ങള്‍ പരിശ്രമിക്കും. ആ ശ്രമമാണ് നടക്കുന്നത്.

ഈസ്റ്റര്‍ ദിനത്തില്‍ സ്‌നേഹ യാത്ര സംഘടിപ്പിച്ചു. ബിഷപ്പുമാര്‍ ബി.ജെ.പി അനുകൂല പ്രസ്താവനകള്‍ പരസ്യമായി നടത്തുന്നു. കേരളത്തില്‍ ക്രൈസ്തവ ന്യൂനപക്ഷം ബി.ജെ.പിക്കൊപ്പമാണെന്നതിന്റെ സൂചനയാണോ ഇത്?

ഒരു പ്രസ്താവന കൊണ്ടോ ഒരു സന്ദര്‍ശനം കൊണ്ടോ ഉണ്ടാകുന്ന വിഷയമല്ല ഇത്. ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ട്. കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം അവര്‍ക്ക് മുന്നിലുള്ള യാഥാര്‍ത്ഥ്യം കൃത്യമായി കാണുന്നവരാണ്. എന്തുകൊണ്ടാണ് ഇന്ത്യയിലെ മറ്റിടങ്ങളിലെ ക്രിസ്ത്യന്‍ സമൂഹം ബി.ജെ.പിയെ സ്വീകരിക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമാണ്. എല്ലായിടത്തേയും വാര്‍ത്തകള്‍ എല്ലാവര്‍ക്കും ലഭ്യമാണല്ലോ. ഒരു വാര്‍ത്തയും മറച്ചുവെക്കാന്‍ കഴിയില്ലല്ലോ. പ്രത്യേകിച്ച് നരേന്ദ്രമോദി ഗവര്‍ണമെന്റ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും സ്വീകാര്യമായതാണ്. അന്താരാഷ്ട്ര വേദികളില്‍ നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തപ്പെടുന്നു, യശ്ശസ് ഉയര്‍ത്തപ്പെടുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഈ സമൂഹം അനുഭവിക്കുന്ന ചില സാമൂഹ്യ- സാമ്പത്തിക പ്രശ്നങ്ങള്‍ ബി.ജെ.പിയാണ് അഡ്രസ് ചെയ്യുന്നത്. അതുകൊണ്ടൊക്കെ തന്നെ ക്രിസ്ത്യന്‍ വിഭാഗത്തിന് നാട്ടില്‍ നടക്കുന്ന സംഭവങ്ങളില്‍ വ്യക്തതയുണ്ട്. സ്വാഭാവികമായും അവര്‍ക്ക് ബി.ജെ.പിയെ സ്വീകാര്യമാകുമെന്നാണ് വിശ്വാസം. ഞങ്ങളുടെ ഭാഗത്ത് നിന്നുള്ള പരിശ്രമം തുടര്‍ന്ന് കൊണ്ടിരിക്കും.

ക്രിസ്ത്യാനികളെ, വിശ്വാസികളെ കൂടെ നിര്‍ത്താതെ നേട്ടമുണ്ടാക്കാനാകില്ലെന്ന് കോര്‍ കമ്മിറ്റിയില്‍ അമിത് ഷാ പറഞ്ഞതായി വാര്‍ത്തയുണ്ടായിരുന്നു. അതിനുള്ള സോഷ്യല്‍ എഞ്ചിനിയറിംഗാണോ ഇപ്പോള്‍ നടക്കുന്നത്. അത് വിജയത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

അങ്ങനെയൊരു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വേണ്ടിയുള്ള പരിശ്രമമല്ല ഇപ്പോള്‍ നടക്കുന്നത്. ബി.ജെ.പി എല്ലാവരുടെയും പാര്‍ട്ടിയാകാനാണ് ശ്രമിക്കുന്നത്. പതിനഞ്ച് കോടി മെമ്പര്‍മാരുണ്ട്. ആ പതിനഞ്ച് കോടി മെമ്പര്‍മാരില്‍ എല്ലാ മത വിഭാഗങ്ങളും എല്ലാ ജനവിഭാഗങ്ങളും ഉണ്ടാകണം. ഒരു തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള സോഷ്യല്‍ എഞ്ചിനീയറിംഗായി ഇതിനെ കാണരുത്. ഒരു സുപ്രഭാതത്തില്‍ അത്തരം പരിവര്‍ത്തനം വരുമെന്ന വിശ്വാസം ഇല്ല. ഞങ്ങള്‍ സമൂഹത്തെയും നരേന്ദ്രമോദി സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും കൂടെ നിര്‍ത്തണമെന്ന ദീര്‍ഘകാലത്തേക്കുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. അല്ലാതെ ഒരു തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരിശ്രമമല്ല ബി.ജെ.പി നടത്തുന്നത്.

ബി.ജെ.പിയുടെ തനിനിറം എന്താണെന്ന് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ബി.ജെ.പിയുടെ മറ്റേ മോഹം ഇവിടെ നടക്കില്ലെന്നും, സര്‍ക്കാരിന്റെ ശക്തമായ നിലപാടുമൂലമാണ് ക്രൈസ്തവ വേട്ട നടക്കാതെ പോയതെന്നും, കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും പ്രതിരോധിക്കുകയുമാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ സി.പി.എം നേതൃത്വം. ഇതിലൂടെ സി.പി.എം ലക്ഷ്യമിക്കുന്നതെന്താണ്?

പേടിയാണ്. കാലാകാലങ്ങളായി കോണ്‍ഗ്രസും സി.പി.എമ്മുമാണ് ഇതെല്ലാം കൈകാര്യം ചെയ്ത് വന്നിട്ടുള്ളത്. സംഘടിത മതന്യൂനപക്ഷങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുന്നതിനായി ബി.ജെ.പി ഭയം ജനിപ്പിക്കുകയായിരുന്നു. ഞങ്ങളാണ് ബി.ജെ.പിയെ പ്രതിരോധിക്കുന്നതെന്ന് പറഞ്ഞ് പരത്തി ന്യൂനപക്ഷ വോട്ടുകള്‍ കരസ്ഥമാക്കാനുള്ള ശ്രമമാണ്. ബി.ജെ.പി എന്നാല്‍ ഭയം എന്ന പ്രചരണം ഇല്ലാതായി പോകുമോയെന്ന പേടി ഇവര്‍ക്കുണ്ട്. ക്രിസ്ത്യന്‍ വിഭാഗം അടുത്ത് കഴിഞ്ഞാല്‍ ബി.ജെ.പിയെന്നാല്‍ ഭയമാണ് എന്നു പറയാന്‍ കഴിയില്ലല്ലോ. എതിര്‍ക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്. ഞങ്ങള്‍ പരിശ്രമവുമായി മുന്നോട്ട് പോകും. എതിര്‍ക്കേണ്ടവര്‍ക്ക് എതിര്‍ക്കാം. ഞങ്ങള്‍ പോകുന്ന വീടുകളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അരമനകളിലോ ബിഷപ്പുമാരേയോ മാത്രം കാണാനല്ല ഞങ്ങള്‍ പോയിട്ടുള്ളത്. ഈസ്റ്റര്‍ ദിനത്തില്‍ കേരളത്തിലെ പതിനായിരക്കണക്കിന് സാധാരണ ക്രിസ്ത്യന്‍ സഹോദരങ്ങളുടെ വീടുകളില്‍ പോയിട്ടുണ്ട്. അവരുമായി സൗഹൃദം പങ്കിട്ടിട്ടുണ്ട്. ആ വീടുകളില്‍ നിന്നും നല്ല അനുഭവമാണ് ഞങ്ങള്‍ക്കുണ്ടായിട്ടുള്ളത്. സാധാരണ ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ പഴയത് പോലെ ബി.ജെ.പി ഭയം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാകില്ല. നരേന്ദ്രമോദി സര്‍ക്കാരിനെക്കുറിച്ച് എല്ലാവര്‍ക്കും നല്ല അഭിപ്രായമുള്ളത്. അത് ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു.

ക്രൈസ്തവ ന്യൂനപക്ഷം കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കായാണ് വിലയിരുത്തപ്പെടുന്നത്. ബി.ജെ.പിയുടെ ഈ നീക്കം സി.പി.എമ്മിനേക്കാള്‍ കോണ്‍ഗ്രസിനേയാണല്ലോ ഭയപ്പെടുത്തേണ്ടത്?

കോണ്‍ഗ്രസും സി.പി.എമ്മും ഒരുപോലെ ഭയപ്പെടുന്നുണ്ട്. വി.ഡി സതീശന്റെ പ്രസ്താവനകളില്‍ നിന്നും അത് വ്യക്തമാണ്. തരാതരം പോലെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുകയായിരുന്നല്ലോ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വോട്ട് ലഭിച്ചെന്നാണല്ലോ സി.പി.എമ്മിന്റെ അവകാശവാദം. ആര് എതിര്‍ത്താലും ക്രിസ്ത്യന്‍ വീടുകളില്‍ നിന്നും സ്വീകരണം കിട്ടുന്ന കാലത്തോളം ഞങ്ങളിത് തുടരും.

റബറിന്റെ താങ്ങുവില ഉയര്‍ത്തിയാല്‍ ബി.ജെ.പിക്ക് എം.പിമാരുണ്ടാകുമെന്ന തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശം ചര്‍ച്ചയായിരുന്നു. തലശ്ശേരി രൂപതയുടെ കീഴില്‍ തന്നെ കര്‍ണാടകയില്‍ മൂന്ന് എം.പിമാരുണ്ട്. ഈ പ്രസ്താവനയിലൂടെ ബിഷപ്പ് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയല്ലേ?

കേരളത്തിലെ സാഹചര്യത്തിലാണ് അദ്ദേഹം അത് പറഞ്ഞിട്ടുള്ളത്. റബ്ബര്‍ കര്‍ഷകരുടെ ചില പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ വേണ്ടിയാണ്. കേന്ദ്ര സര്‍ക്കാര്‍ വേണ്ട കാര്യങ്ങള്‍ പരിശോധിച്ച് ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു നീക്കവുമില്ലല്ലോ. കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്നം ബിഷപ്പ് പറഞ്ഞതായാണ് ഞങ്ങള്‍ അതിനെ കാണുന്നത്. ബി.ജെ.പിക്ക് അവിടെ എം.പിമാരുണ്ടെന്നതല്ല ഹൈലൈറ്റ് ചെയ്യപ്പെടേണ്ടത്. റബ്ബര്‍ കര്‍ഷര്‍ക്ക് പ്രശ്നമുണ്ടെന്നും അത് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നതുമാണ് അതില്‍ ശ്രദ്ധിക്കേണ്ടത്.

മാര്‍ ആലഞ്ചേരിയും ബി.ജെ.പി അനുകൂല പരാമര്‍ശങ്ങളുമായി എത്തിയിട്ടുണ്ടല്ലോ. ഇത് കള്ളപ്പണക്കേസിലെയും ഭൂമി കൈമാറ്റക്കേസിലെയും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ ഭയന്നാണെന്നാണ് പ്രധാന വിമര്‍ശനം. ഇതിന് മറുപടി എന്താണ്?

അത് അങ്ങേയറ്റം പരിഹാസ്യമായ കാര്യമാണ്. കോണ്‍ഗ്രസും സി.പി.എമ്മും ആകെ വിറളി പിടിച്ച് സഭാ നേതൃത്വത്തെയും പൗരോഹിത്യ നേതൃത്വത്തെയും എന്താണ് പറയുന്നതെന്ന് പോലും അറിയുന്നില്ല. ഇങ്ങനെ കളിയാക്കാനും അധിക്ഷേപിക്കാനും ഭയപ്പെടുത്താനും ശ്രമിച്ചാല്‍ എന്തായിരിക്കും സ്ഥിതി. അവരുടെ വിനാശത്തിനാണത്. കഴിഞ്ഞ ദിവസങ്ങളിലായിട്ട് ചില പുരോഹിതന്‍മാര്‍ ഇടതുപക്ഷത്തെ അനുകൂലിച്ചിട്ടുണ്ട്. സി.പി.എം സര്‍ക്കാര്‍ ഏതെങ്കിലും കേസെടുക്കുമെന്ന് ഭയന്നിട്ടാണോ അത്. കേരളത്തിലെ ക്രിസ്ത്യന്‍ നേതൃത്വം ഭീതിയുടെയോ സമ്മര്‍ദ്ദത്തിന്റെയോ അടിസ്ഥാനത്തില്‍ നിലപാട് സ്വീകരിക്കുന്നവരാണെന്ന അഭിപ്രായം ഞങ്ങള്‍ക്കില്ല. നേരത്തെ ബി.ജെ.പി വിരുദ്ധ സമീപനം ഇവര്‍ സ്വീകരിച്ചത് കോണ്‍ഗ്രസും സി.പി.എമ്മും എന്തെങ്കിലും സമ്മര്‍ദ്ദം ചെലുത്തിയിട്ടാണോ. ആലഞ്ചേരി പിതാവ് നരേന്ദ്രമോദിയെക്കുറിച്ചും രാജ്യത്തുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുമാണ് പറഞ്ഞിട്ടുള്ളത്. അതെല്ലാവരും കാണുന്നതല്ല. രാഷ്ട്രീയത്തിന്റെ മഞ്ഞ കണ്ണട മാറ്റിവെച്ചാല്‍ എല്ലാവര്‍ക്കും കാണാവുന്നതല്ലേ അത്. കാണുമ്പോള്‍ അവര്‍ക്കത് പറയാതിരിക്കാനാവില്ല.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT