Opinion

വന്യജീവികളുടെ ജനിതകമാറ്റവും പ്രാധാന്യമേറുന്ന വനംവകുപ്പും

ഇപ്പോള്‍ ഉള്ള വന്യജീവികളുടെ ജനിതക വസ്തുക്കളില്‍ മനുഷ്യന്‍ എന്ന ശത്രു ഇല്ല. ആരെയും ഭയമില്ലാത്ത ജീവികള്‍ ആണിവ. അവര്‍ നാട്ടിലേക്ക് വരുമ്പോളും മനുഷ്യന്റെ സാന്നിധ്യം അവരെ ഭയപ്പെടുത്തുന്നില്ല. അവരില്‍ ഉണ്ടായ ഈ ജനിതകമാറ്റം വലിയ പ്രശ്‌നം തന്നെയാണ്. മൃഗങ്ങളെ നാട്ടിലേക്ക് കടക്കാതെയിരിക്കാന്‍ ഉതകുന്ന ഒരു ഭൗതിക നിയന്ത്രണത്തിനും അവിടെ റോള്‍ ഇല്ലതാനും.

കേരളസര്‍ക്കാര്‍ വകുപ്പുകളില്‍ താരതമ്യേന പ്രാധാന്യം കുറഞ്ഞ, പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ഘടകകക്ഷികള്‍ക്കായി മാറ്റിവെക്കുന്ന വനംവകുപ്പ് അടുത്ത മന്ത്രിസഭ മുതല്‍ തന്ത്രപ്രധാനവും ഒരര്‍ത്ഥത്തില്‍ മന്ത്രിസഭയുടെ ഭാഗധേയം പോലും നിര്‍ണ്ണയിക്കാന്‍ കഴിയുന്ന തരത്തിലേക്കും മാറുവാന്‍ പോകുകയാണ്. കേരളത്തെ സംബന്ധിച്ച് വനവും, വനവുമായി ബന്ധപ്പെട്ട എത്രയെത്ര പ്രശ്നങ്ങള്‍ ആണ് കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷങ്ങളില്‍ ഉണ്ടായിരിക്കുന്നത്. ഒന്നിനുപിറകെ ഒന്നായി വന്യജീവി ആക്രമണങ്ങളും, വനശോഷണവും ഒക്കെ മാറിമാറി വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഇനി ഈ പ്രശ്നത്തെ എങ്ങനെയാവും അഭിസംബോധന ചെയ്യുവാന്‍ പോകുന്നതെന്ന ചോദ്യം പ്രസക്തമാണ്. നരഭോജി കടുവയും, കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെയും വീട്ടുകാരും നാട്ടുകാരും വൈകാരികമായി വിഷയത്തെ സമീപിച്ചുകൊണ്ട് സര്‍ക്കാരിനെയും വകുപ്പിനെയും വിമര്‍ശിക്കുമ്പോള്‍ ഇത് ഏതുതരത്തില്‍ ശാസ്ത്രീയമായി പ്രശ്നപരിഹാരം സാധ്യമാക്കാം എന്ന ദിശയിലുള്ള ചര്‍ച്ചകള്‍ ഉണ്ടാവുന്നില്ല.

കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളില്‍ സ്ഥിരമായി കാടുകള്‍ കൂടുതലുള്ള ഇടുക്കി, വയനാട് പ്രദേശങ്ങളിലൂടെ യാത്രചെയ്തിട്ടുള്ള ആള്‍ക്കാരോട് ഒന്ന് ചോദിച്ചുനോക്കുക. ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പും, ഇപ്പോളും എന്തൊക്കെ മാറ്റങ്ങളാണ് പ്രകൃതിയുടെ സൗന്ദര്യത്തിലും അത് നല്‍കുന്ന കുളിരിലും പച്ചപ്പിലും ഉണ്ടായിട്ടുള്ളത് എന്ന്. പുല്‍മൈതാനങ്ങള്‍, മൊട്ടക്കുന്നുകള്‍, അരുവികള്‍, കുളങ്ങള്‍, എന്നിങ്ങനെ ഓരോ കാഴ്ച്ചയിലും നമ്മുടെ കണ്ണുകളെ കുളിരണിയിക്കുന്ന കാഴ്ചകള്‍ ആയിരുന്നു അവര്‍ അനുഭവിച്ചിരുന്നത്. കാലാവസ്ഥാ വ്യതിയാനം ആ കുളിരിന്റെ ആണിക്കല്ല് ഇളക്കിക്കളഞ്ഞു. ഇപ്പോള്‍ ഈ പ്രദേശങ്ങളിലാകെ കടുത്ത ചൂടാണ്. തണുപ്പ് ഏറെയുണ്ടാകാറുള്ള നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ അതിരാവിലെ പോലും കടുത്ത ചൂടാണ് അനുഭവപ്പെട്ടിരുന്നത്. പിന്നാലെ കാടുകളിലെ ജലസ്രോതസ്സുകള്‍ വറ്റിവരളാന്‍ തുടങ്ങും. അങ്ങനെ വരണ്ട കാടുകളില്‍ കാട്ടുതീ പോലെയുള്ള ദുരന്തങ്ങള്‍ സംഭവിക്കും. ഓര്‍ക്കുക ഇവയൊക്കെ നമ്മുക്ക് പഠിക്കാനും ഗവേഷണം നടത്താനുമുള്ള വിഷയങ്ങള്‍ ആണ്. മേല്‍പ്പറഞ്ഞ നിരീക്ഷണങ്ങള്‍ നടത്തിയിട്ട് നമ്മുടെ വീടുകളിലെ ശീതീകരിച്ച മുറികളില്‍ നമുക്ക് വിശ്രമിക്കാം. പക്ഷേ, ഇവയെല്ലാം നേരിട്ട് അനുഭവിക്കേണ്ടിവരുന്ന വന്യമൃഗങ്ങളോ?

കാട് കയ്യേറുന്നതിനപ്പുറം മൃഗങ്ങളെ നാട്ടിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിക്കുന്നത് അവര്‍ക്ക് നഷ്ടപ്പെടുന്ന ഈ ആവാസവ്യവസ്ഥയാണ്. വെള്ളവും, ഭക്ഷണവുമാണ്. നാട്ടില്‍ അവര്‍ കാണുന്ന ലോകം, അവിടെ അവര്‍ക്ക് ഭക്ഷണം ലഭിക്കുമെന്നാകയാല്‍ അവരെന്തിന് കാട്ടില്‍ തുടരണം? നാട്ടിലെത്തി ആവശ്യത്തിന് ഭക്ഷണം കഴിച്ചു മടങ്ങാം.

അനധികൃത നായാട്ടുകള്‍ കൂടിയപ്പോള്‍ ആണ് വന്യജീവികളെ സംരക്ഷിക്കാന്‍ വന്യജീവി സംരക്ഷണ നിയമങ്ങള്‍ കൊണ്ടുവന്നത്. അതോടെ നായാട്ട് പൂര്‍ണ്ണമായും ഇല്ലാതായി. വന്യജീവികള്‍ മുമ്പ് മനുഷ്യനെ, അവരെ വേട്ടയാടുന്ന ജീവികളായി കണ്ടിരുന്നുവെങ്കില്‍ പിന്നീടുവന്ന ജീവികളുടെ തലമുറകള്‍ മെല്ലെമെല്ലെ മനുഷ്യന്‍ എന്ന ശത്രുവിനെ മറന്നു. ജനിതകപരമായ സവിശേഷതകള്‍ അതിനെ സ്വാധീനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പാരമ്പര്യമായി കൈമാറി വരുന്ന സ്വഭാവ സവിശേഷതകള്‍ വലിയ രീതിയില്‍ അവരുടെ സ്വഭാവത്തെ സ്വാധീനിക്കുന്നു. ഇപ്പോള്‍ ഉള്ള വന്യജീവികളുടെ ജനിതക വസ്തുക്കളില്‍ മനുഷ്യന്‍ എന്ന ശത്രു ഇല്ല. ആരെയും ഭയമില്ലാത്ത ജീവികള്‍ ആണിവ. അവര്‍ നാട്ടിലേക്ക് വരുമ്പോളും മനുഷ്യന്റെ സാന്നിധ്യം അവരെ ഭയപ്പെടുത്തുന്നില്ല. അവരില്‍ ഉണ്ടായ ഈ ജനിതകമാറ്റം വലിയ പ്രശ്‌നം തന്നെയാണ്. മൃഗങ്ങളെ നാട്ടിലേക്ക് കടക്കാതെയിരിക്കാന്‍ ഉതകുന്ന ഒരു ഭൗതിക നിയന്ത്രണത്തിനും അവിടെ റോള്‍ ഇല്ലതാനും.

കേരള വന ഗവേഷണ കേന്ദ്രത്തിന്റെ ഒരു പഠനം അനുസരിച്ച് വയനാട്ടിലെ 75 ശതമാനം കൃഷിനാശം ഉണ്ടാക്കുന്നത് കാട്ടാനകള്‍ ആണ്. കാട്ടുപന്നികള്‍ പത്തുശതമാനവും, കാട്ടുപോത്തുകള്‍ 9 ശതമാനവും കൃഷി നശിപ്പിക്കുന്നതായാണ് പഠനം. അത് വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്നുമുണ്ട്. എന്നാല്‍ മനുഷ്യന്റെ ആവാസവ്യവസ്ഥ കാടിനോട് കൂടുതല്‍ അടുത്തതോടെ മനുഷ്യരുടെ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയിരിക്കുന്നു.

ചില ജീവികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ള അനിയന്ത്രിതമായ വര്‍ധന ഈ പ്രശ്‌നങ്ങളുടെയൊക്കെ മറ്റൊരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മറ്റൊരര്‍ത്ഥത്തില്‍ അതൊരു ശുഭസൂചനയുമാണ്. എത്രയോ ജീവികള്‍ വംശനാശത്തിന്റെ ഭീഷണിയില്‍ മുന്നോട്ടു പോകുമ്പോള്‍ ചില ജീവികളിലുണ്ടാവുന്ന വര്‍ദ്ധനവ് നല്ലതുതന്നെ. പക്ഷേ, സൂക്ഷ്മമായി അതിനെ വിശകലനം ചെയ്യുമ്പോള്‍ ഒരു ജീവിവര്‍ഗ്ഗം, അല്ലെങ്കില്‍ പ്രകൃതി എല്ലാ സൗകര്യവും ചെയ്തുകൊടുക്കുന്ന എണ്ണപ്പെട്ട ചില ജീവിവര്‍ഗ്ഗങ്ങള്‍ മാത്രം വളര്‍ച്ചയില്‍ വേഗത കൈവരിക്കുമ്പോള്‍ അതിനെ ബാലന്‍സ് ചെയ്യേണ്ട മറ്റു ജീവികളുടെ കാര്യവും പരിഗണിക്കേണ്ടതുണ്ട്. ചില ജീവിവര്‍ഗ്ഗങ്ങള്‍ പെറ്റുപെരുകുമ്പോള്‍ നമ്മുടെ മാറിയ കാലാവസ്ഥാ സാഹചര്യങ്ങളില്‍ അവയെ ബാലന്‍സ് ചെയ്യേണ്ട ജീവികള്‍ക്ക് അതിജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കണം അവയുടെ കുറവ് ഉണ്ടായിരിക്കാന്‍ സാധ്യതയുള്ളത്. അത്തരത്തില്‍ ചില പ്രത്യേക ജീവികള്‍ പെരുകുന്നത്, അവ കാടുവിട്ട് മറ്റു മേച്ചില്‍പുറങ്ങള്‍ തേടുന്നത് കാടിനുചുറ്റും താമസിക്കുന്നവരില്‍ ഭീതി ഉണര്‍ത്തുന്നു.

കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങുവാന്‍ ധാരാളം കാരണങ്ങള്‍ ഉണ്ട്. കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടാകുന്ന കടുത്ത ചൂടും മഴയുടെ ലഭ്യതയില്‍ ഉണ്ടായിരിക്കുന്ന മാറ്റവും ആണ് അതില്‍ ഒന്ന്. കൂടാതെ കാടിന്റെ വിസ്തൃതിയില്‍ ഉണ്ടായ നേരിയ കുറവ് ആവാസ വ്യവസ്ഥയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വനത്തോട് ചേര്‍ന്നു കിടക്കുന്ന ഭൂമിയുടെ വിനിയോഗം ഏറെ പ്രധാനമാണ്. അവിടെയുള്ള കൃഷിവിളകളില്‍ ഉണ്ടായിരിക്കുന്ന മാറ്റം വന്യമൃഗങ്ങളെ ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ട്.

നമുക്കൊപ്പം നാട്ടില്‍ വളരുന്ന ജീവികളില്‍ കാണുന്ന സ്വഭാവവും, കാടുകളില്‍ കാണപ്പെടുന്ന വന്യമൃഗങ്ങളുടെ സ്വഭാവവും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ട്. വളര്‍ത്തുമൃഗങ്ങള്‍ തന്നെ രണ്ടുതരമുണ്ട്. സ്വതവേ വളര്‍ത്തുമൃഗങ്ങള്‍ ആയവയും, കാട്ടില്‍ നിന്നും നാം മെരുക്കിയെടുത്തു വളര്‍ത്തുമൃഗങ്ങള്‍ ആക്കിയവയും. ഇവ രണ്ടും നമുക്കൊപ്പം ജീവിക്കുമ്പോഴും, ഇവ രണ്ടും ഒരുപോലെ എപ്പോഴും പെരുമാറുമെന്ന് പറയാനാവില്ല.

മനുഷ്യന്‍ തങ്ങള്‍ക്ക് ആവശ്യമായ തരത്തില്‍ ജീവജാലങ്ങളെ തിരഞ്ഞെടുത്തു വിവിധ തലമുറകളായി വളര്‍ത്തിയെടുക്കുന്ന പ്രക്രിയയ്ക്ക് ഗാര്‍ഹികവല്‍ക്കരണമെന്നാണ് പറയുന്നത്. എന്നാല്‍, മെരുക്കിയെടുക്കുന്നത് ഇതില്‍ നിന്നും വ്യത്യസ്തമാണ്. ഗാര്‍ഹികവല്‍ക്കരണത്തില്‍ പലതലമുറകളായി സംഭവിക്കുന്ന ജനിതകവ്യതിയാനങ്ങള്‍ സ്വാധീനം ചെലുത്തുന്നുണ്ട്. മൃഗങ്ങള്‍ക്ക് മനുഷ്യരുമായി സഹവര്‍ത്തിത്വത്തിനുള്ള പ്രത്യേക കഴിവുകള്‍ ഉണ്ടെങ്കില്‍ പോലും ജനിതകമായ മാറ്റങ്ങള്‍ അതേപോലെ അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിനാല്‍ ഒരു വളര്‍ത്തുമൃഗത്തെയും വന്യമൃഗമായി മാറ്റാനാവില്ല.

എന്നാല്‍ ആനകളെയുള്‍പ്പെടെ മെരുക്കി നമ്മുടെ ആവശ്യത്തിനനുസരിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാക്കാമെങ്കിലും അവയുടെ ജനിതകമായ പ്രത്യേകതകള്‍ വന്യമൃഗത്തിന്റേത് മാത്രമായി അവശേഷിക്കുന്നു. ജനിതകമായ മാറ്റം സംഭവിക്കാത്തതിനാല്‍ തലമുറകള്‍ കഴിഞ്ഞാലും അവ അടിസ്ഥാനമായി വന്യജീവിയായിത്തന്നെ അവശേഷിക്കുന്നു. അതായത് നാം മെരുക്കിയെടുത്ത ജീവികള്‍ മെരുക്കത്തിലൂടെ തല്‍കാലം മനുഷ്യരോട് അനുസരണാശീലം കാണിക്കുമെങ്കിലും, അടുത്ത തലമുറ അതുപോലെ ആവണമെന്നില്ല എന്നര്‍ത്ഥം. അവരെ വീണ്ടും മെരുക്കുക തന്നെ വേണം. മെരുക്കിയെടുത്തവര്‍ ആണെങ്കില്‍ തന്നെയും, അതിന്റെ ചിന്താഗതികള്‍ക്കനുസരിച്ചു ആ മെരുക്കം ഏതുസമയത്തും ഇല്ലാതെ ആകുകയും ചെയ്യാം.

കാടുകളോട് ചേര്‍ന്നുള്ള ടൂറിസം മറ്റൊരു പ്രധാനപ്പെട്ട കാരണമാണ്. നമ്മളുടെ ഇടപെടലുകളുടെ ദിശയില്‍ പരിശോധിച്ചാല്‍ ടൂറിസം എന്ന വാക്കുപോലും പ്രകൃതിവിരുദ്ധമാണ്. കാടുകളോട് ചേര്‍ന്നോ, കാടിനുള്ളിലോ റിസോര്‍ട്ടുകളും ബഹുനില കെട്ടിടങ്ങളും യാതൊരു നിയന്ത്രണവും ഇല്ലാതെ ഉയരുകയാണ്. അതിനൊപ്പം എണ്ണമില്ലാത്ത വാഹനങ്ങള്‍, രാത്രിയിലെ എണ്ണമറ്റ വൈദ്യുതവിളക്കുകളില്‍ നിന്നുള്ള ശക്തമായ പ്രകാശം, ഇവയൊക്കെ ജീവികളുടെ സ്വാഭാവിക ജീവിതത്തെ തടസ്സപ്പെടുത്തുന്നു. ഇത് അവയെ പ്രകോപിപ്പിക്കുകയും അവ നിയന്ത്രണമില്ലാതെ നാട്ടിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.

ഇനിയുമുണ്ട് കാരണങ്ങള്‍. കാടുകളിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം അവരുടെ സ്വാഭാവിക വാസസ്ഥാനം നശിപ്പിക്കുന്നത്, അനിയന്ത്രിതമായ ക്വറികളുടെ പ്രവര്‍ത്തനം, വന്യജീവികളുടെ വംശവര്‍ദ്ധനവ് എന്നിവയൊക്കെ പിന്നാലെ ഓരോ പ്രശ്‌നങ്ങള്‍ ആയി കിടക്കുന്നുണ്ട്. ഇവയെല്ലാം നമുക്ക് പരിഹരിക്കേണ്ടതുണ്ട്. അതിനായി നമുക്ക് ഒന്നില്‍ നിന്നുതന്നെ തുടങ്ങണം. വന്യജീവികള്‍ക്ക് അവരുടെ കാട് പൂര്‍ണ്ണമായും വിട്ടുകൊടുത്തുകൊണ്ട് അവിടേക്കുള്ള എല്ലാ ഇടപെടലുകളും അവസാനിപ്പിക്കണം. മുമ്പ് സൂചിപ്പിച്ച ജനിതകപരമായ സ്വഭാവ സവിശേഷതകള്‍ക്ക് അനുസരിച്ച് ശാസ്ത്രീയമായ ഇടപെടലുകള്‍ നടത്തണം. ടൂറിസം മനുഷ്യന് മാനസികോല്ലാസം നല്‍കും. എന്നാല്‍ മൃഗങ്ങള്‍ക്കു അത് തലവേദനയാണ് സൃഷ്ടിക്കുന്നത്. നമ്മുടെ ടൂറിസം സംസ്‌കാരം തന്നെ പൊളിച്ചെഴുതണം. ലാഭേച്ഛയോടെയല്ല നാം കാടിനെ സമീപിക്കേണ്ടത്. നമ്മുടെ നിലനില്‍പ്പിനായി അതിന്റെ പ്രാധാന്യം അറിഞ്ഞുകൊണ്ട് അതിനെ പരിപാലിക്കണം. എങ്കില്‍ മാത്രമേ ഈ പ്രശ്‌നങ്ങള്‍ ശാശ്വതമായ ഒരു പരിഹാരം നമുക്ക് കണ്ടെത്താന്‍ കഴിയുകയുള്ളു.

(ലേഖകന്‍ കൊച്ചി സര്‍വ്വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ്)

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT