മിഹിർ നേരിട്ടത് അതിക്രൂര പീഡനമാന്നെന്നും നീതി ലഭിക്കുന്നത് വരെ പോരാടുമെന്നും മിഹിറിന്റെ മാതൃസഹോദരൻ മുഹമ്മദ് ശരീഫ് പിഎം
എറണാകുളം തൃപ്പൂണിത്തുറയിൽ വിദ്യാർത്ഥി ഫ്ളാറ്റിൽ നിന്ന് ചാടി മരിച്ചതിന് പിന്നിൽ സ്കൂളിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ റാഗിംഗും മാനസികവും ശാരീരികവുമായ പീഡനവുമെന്ന് ആരോപിച്ച് കുടുംബം. തൃപ്പൂണിത്തുറ ചോയ്സ് പാരഡൈസ് ടവറിലെ പി.എം. റജ്നയുടെ മകൻ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മിഹിർ അഹമ്മദാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. മിഹിർ മുഹമ്മദിന് തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിൽ നിന്ന് നേരിടേണ്ടി വന്ന അതിക്രൂരമായ റാഗിംഗാണ് ആത്മഹത്യക്ക് പിന്നിലെന്ന് മാതാവ് പി.എം. റജ്ന മാധ്യമങ്ങളോട് പറഞ്ഞു. സ്കൂളിലെ ഒരു പറ്റം വിദ്യാർത്ഥികളാണ് റാഗിംഗിന് ഇരയാക്കിയതെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവിക്കും മാതാവ് പരാതി നല‍്കി. മകന്റെ ജീവൻ അപഹരിച്ച കേസിലെ മുഴുവൻ പ്രതികളെയും എത്രയും വേഗം നിയമത്തിനു മുന്നിലെത്തിച്ച് അർഹമായ ശിക്ഷ നൽകണമെന്ന് പരാതിയിൽ റജ്ന ആവശ്യപ്പെടുന്നു. സാധ്യമായ എല്ലാ നിയമ പോരാട്ടവും നടത്താനാണ് കുടുംബത്തിന്റെ തീരുമാനമെന്നും റജ്ന വ്യക്തമാക്കി. ജനുവരി 15നാണ് മിഹിർ മരണപ്പെട്ടത്. ജസ്റ്റിസ് ഫോർ മിഹിർ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ സഹപാഠികൾ തുടങ്ങിയ കാമ്പയിൻ പേജ് കുറച്ച് ദിവസം മുമ്പ് അപ്രത്യക്ഷമായതായും അമ്മാവൻ പി.എം മുഹമ്മദ് ഷരീഫ് ആരോപിച്ചു. ബലം പ്രയോഗിച്ച് സ്കൂളിലെ ടോയ്ലെറ്റിലേക്ക് കൊണ്ട് പോയി ഫ്ലെഷിലെ വെള്ളം കുടിപ്പിച്ചതായും കുടുംബം ആരോപിക്കുന്നു.
ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെ വ്യാജ പ്രചരണം നടക്കുകയാണെന്നാണ് സ്കൂൾ അധികൃതരുടെ പ്രതികരണം. മിഹിറിന്റെ മരണത്തിന് പിന്നാലെ പൊലീസ് എത്തി സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചിരുന്നു. സംഭവം നടന്ന ദിവസം മിഹിർ ബാസ്കറ്റ് ബോൾ ക്യാമ്പിൽ പങ്കെടുത്തിരുന്നതായും റാഗിങ് നേരിട്ടിരുന്നു എന്ന് അധ്യാപകരോട് പോലും പറഞ്ഞിട്ടില്ലെന്നും സ്കൂൾ അധികൃതർ പ്രതികരിച്ചു. മിഹിറിന്റെ മാതാവിന്റെ പരാതിയിൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ദ ക്യുവിനോട് പറഞ്ഞു. ആത്മഹത്യ സംബന്ധിച്ച് പോലീസ് അസ്വാഭാവിക മരണത്തിന് നേരത്തെ തന്നെ കേസെടുത്തിരുന്നു. നിലവിൽ മാതാവ് നൽകിയ പരാതിയിൽ പോലീസ് സഹപാഠികളുടെയും സ്കൂൾ അധികൃതരുടെയും വിശദമായ മൊഴിയെടുക്കും. സ്കൂളിലെയും ഫ്ലാറ്റിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും. തൃക്കാക്കര എസിപിക്കാണ് അന്വേഷണ ചുമതല. വിഷയം ഗൗരവമായി തന്നെ പരിഗണിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.
മിഹിറിന്റെ മാതാവ് സാമൂഹ്യ മാധ്യമങ്ങൾ പങ്കിട്ട കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ
മിഹിർ മൂന്ന് മാസം മുമ്പ് പുതുതായി ചേർന്ന ഗ്ലോബൽ പബ്ലിക് സ്കൂളിൽ വെച്ച് ഒരു പ്രത്യേക ഗ്യാങ് വിദ്യാർത്ഥികളാൽ അതി ക്രൂരമായി റാഗ് ചെയ്യപ്പെട്ടിരുന്നു. അവന്റെ ചില സഹപാഠികളോടും സുഹൃത്തുക്കളോടും സംസാരിച്ചതിൽ നിന്നും, ഞങ്ങൾക്ക് ലഭ്യമായ ചില സോഷ്യൽ മീഡിയ ചാറ്റുകളുടെ അടിസ്ഥാനത്തിലും അവൻ ശക്തമായ മാനസിക, ശാരീരിക പീഡനങ്ങൾക്ക് വിധേയനായിരുന്നു എന്നത് വ്യക്തമാവുകയായിരുന്നു. അത്തരമൊരു നിസ്സഹായമായ ഘട്ടത്തിൽ അവൻ എടുത്തതാണ് ആ തീരുമാനം എന്ന് ഞങ്ങൾക്ക് ബോധ്യപ്പെടാൻ തക്ക തെളിവുകളും ഞങ്ങൾക്ക് ലഭ്യമാവുകയുണ്ടായി. സ്‌കൂളിൽ വെച്ചും, സ്കൂൾ ബസിൽ വെച്ചും ഞങ്ങളുടെ മകൻ അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. അവന് ശാരീരിക ഉപദ്രവമേൽക്കുകയും നിറത്തിന്റെ പേരിലും മറ്റുമുള്ള പരിഹാസവും കുത്തുവാക്കുകളും സഹിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. വാഷ് റൂമിൽ കൊണ്ട് പോയി അവനെ അതി കഠിനമായി ഉപദ്രവിക്കുകയും ക്ളോസറ്റിൽ ബലാൽക്കാരമായി മുഖം പൂഴ്ത്തിച്ചു ഫ്ലഷ് ചെയ്യുകയും ടോയ്‌ലറ്റിൽ നക്കിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾക്ക് ബോധ്യമായ കാര്യങ്ങളാണ്. ഇപ്പോഴും ഒരു പേരുകേട്ട വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രാകൃതമായ ഇത്തരം ചെയ്തികൾ അനുവദിക്കുന്നു എന്നതും അത് മൂലം ഒരു കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടു എന്നതും അത്യധികം ഗൗരവമുള്ള കാര്യങ്ങളായി സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. അവൻ മരണപ്പെട്ട ശേഷവും അത് ആഘോഷിക്കുന്ന ക്രൂരതയിലേക്ക് ആ വിദ്യാർത്ഥിക്കൂട്ടം എത്തി എന്നത് നിസ്സാരമായ ഒന്നല്ല. 'Fuck nigga he actually did' എന്ന് തുടങ്ങിയ മെസേജുകളിലൂടെ മരണം വരെ തിമിർത്ത് ആഘോഷിച്ച ആ ക്രിമിനലുകളുകളുടെ മെസേജുകളിൽ നിന്ന് തന്നെ എത്രമാത്രം എന്റെ കുട്ടിയെ ജീവിച്ചിരിക്കുമ്പോൾ അവർ പ്രയാസപ്പെടുത്തിയിട്ടുണ്ടാകും എന്ന് വായിച്ചെടുക്കാൻ കഴിയും.
ജീവനൊടുക്കിയ ആ ദിവസം പോലും ക്രൂരമായ പീഡനങ്ങൾക്ക് അവൻ ഇരയായിരുന്നു എന്ന് ചാറ്റുകളിൽ നിന്ന് ബോധ്യപ്പെടുന്നുണ്ട്. അത് വ്യക്തമാക്കുന്ന ചില സ്ക്രീൻഷോട്ടുകളും ഇതോടൊപ്പം ഒരു ഉദാഹരണം എന്നോണം പുറത്ത് വിടുന്നുണ്ട്. അവരുടെ മെസേജുകളെല്ലാം മനസ്സാക്ഷിയുള്ള ആരെയും ഞെട്ടിക്കുന്നതാണ്. ഇതെല്ലാം ശരിയാം വണ്ണം പുറത്ത് വരേണ്ടതും ഇതിനെതിരെ ആവശ്യമായ നടപടികൾ ഉണ്ടാവേണ്ടതുമുണ്ട്. സ്കൂൾ അധികൃതരോട് ഈ കാര്യങ്ങൾ ഞങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ ഈ കാര്യങ്ങൾ പുറം ലോകം അറിയുമ്പോൾ അവരുടെ സൽപ്പേര് നഷ്ടപ്പെടാതിരിക്കാനുള്ള ആശങ്കയിലാണ് അവർ എന്നാണ് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് . അവർക്ക് പോലീസിൽ അറിയിക്കുക എന്നതിനപ്പുറം യാതൊരു ഉത്തരവാദിത്തവും ഇല്ല എന്ന തരത്തിലുള്ള സമീപനം ഞങ്ങളെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. ഇനിയും അവിടെയുള്ള മറ്റൊരു കുട്ടിക്കും ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള ജാഗ്രത അധികാരികളിൽ നിന്ന് ഉണ്ടാവേണ്ടതുണ്ട്. ഈ മരണത്തിന്റെ പിന്നിലെ സത്യം പുറത്ത് കൊണ്ട് വരണമെന്ന് ആഗ്രഹിച്ച അവന്റെ ചില സഹപാഠികൾ ചേർന്ന് ആരംഭിച്ച 'Justice for Mihir' എന്ന പേരിലെ ഇൻസ്റ്റാഗ്രാം പേജും ഇപ്പോൾ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതും ഏതോ സമ്മർദ്ദ ഫലമായിട്ടായിയിരിക്കണം എന്ന് ഞങ്ങൾ സംശയിക്കുന്നു.സത്യം മൂടിവെക്കാൻ ഏത് ഭാഗത്ത് നിന്ന് ശ്രമമുണ്ടായാലും പൊതു സമൂഹവും മാധ്യമങ്ങളും അവരുടെ ബാധ്യത നിർവ്വഹിക്കുമെന്ന് എനിക്ക് പ്രത്യാശയുണ്ട്. എന്റെ പ്രിയപ്പെട്ട മകന്റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു പരാതി ഇതിനകം പോലീസിൽ നൽകിയിട്ടുണ്ട്. ഇതിൽ കൂടാതെ കേരള മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ഡി. ജി. പി ക്കും കൂടുതൽ വിശദമായി കാര്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പരാതിയും നൽകിയിട്ടുണ്ട്. തൃപ്പൂണിത്തൂറ ഹിൽ പാലസ് പോലീസ് സ്റ്റേഷനിൽ 42/2025 എന്ന നമ്പറിലാണ് FIR രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത് എന്റെ മകൻ മുൻപ് പഠിച്ചിരുന്ന കൊച്ചി gems school ന്റെ വൈസ് പ്രിൻസിപ്പളിൽ നിന്ന് അവൻ നേരിട്ട മാനസിക പീഡനത്തെ സംബന്ധിച്ചും ഞങ്ങൾ ബാലാവകാശ കമ്മീഷന് കഴിഞ്ഞ ദിവസം വിശദമായ പരാതി നൽകിയിട്ടുള്ള കാര്യം കൂടി സൂചിപ്പിക്കുകയാണ്.
ആത്മഹത്യ ചെയ്ത ദിവസവും ഉപദ്രവം നേരിട്ടെന്ന് മാതൃസഹോദരൻ
മിഹിർ നേരിട്ടത് അതിക്രൂര പീഡനമാന്നെന്നും നീതി ലഭിക്കുന്നത് വരെ പോരാടുമെന്നും മിഹിറിന്റെ മാതൃസഹോദരൻ മുഹമ്മദ് ശരീഫ് പിഎം മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് മാസം മുമ്പാണ് മിഹിർ ജെം സ്കൂളിൽ നിന്ന് മാറി ഗ്ലോബൽ പബ്ലിക് സ്കൂളിൽ ജോയിൻ ചെയ്തത്. മിഹിറിന്റെ സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴാണ് അവൻ അനുഭവിച്ച പ്രയാസങ്ങൾ ഞങ്ങൾ അറിഞ്ഞത്. മിഹിറിന്റെ അടുത്ത സുഹൃത്തുക്കളുമായി ഇക്കാര്യങ്ങൾ അവൻ പങ്കുവെച്ചിട്ടുണ്ട്. കൂടുതൽ അന്വേഷിച്ചപ്പോഴാണ് സ്ക്രീൻഷോട്ടുകളും മറ്റു വിവരങ്ങളും ലഭിച്ചത്. മിഹിർ ആത്മഹത്യ ചെയ്ത ദിവസം കാലത്ത് പോലും സ്കൂൾ ബസിൽ വെച്ച് മിഹിറിനെ ശാരീരികമായി വിദ്യാർഥികൾ ഉപദ്രവിച്ചിട്ടുണ്ട്. സീനിയർ വിദ്യാർഥികൾ ആണോ അവന്റെ ക്ലാസിലെ വിദ്യാര്ഥികളാണോ ഈ ക്രൂരത കാട്ടിയത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഈ രീതിയിൽ പ്രയാസങ്ങൾ ഉള്ളതായി മിഹിർ ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. മിഹിറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരുമായി സംസാരിക്കുമ്പോൾ അവർ വിവരങ്ങൾ കൈമാറാൻ തയ്യാറാകുന്നില്ല. ഇൻസ്റ്റാഗ്രാമിൽ പരാതി പങ്കുവെച്ച ശേഷം ഇത്തരത്തിൽ റാഗിങ്ങ് നേരിട്ട മറ്റു കുട്ടികളുടെ മാതാപിതാക്കൾ നമ്മളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഷെരീഫ് പറഞ്ഞു.
റാംഗിംഗ് ആരോപണം കുടുംബം നേരത്തെ ഉന്നയിച്ചിരുന്നില്ല, പൊലീസുമായി സഹകരിക്കും
മിഹിര്‍ റാഗിംഗിനിരയായെന്ന പരാതി കുടുംബം വിദ്യാര്‍ത്ഥി മരിക്കുന്നതിന് മുമ്പ് ഉന്നയിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥി സന്തോഷവാനായിട്ടാണ് സ്‌കൂളില്‍ നിന്നും പോയതെന്നും തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ പ്രിന്‍സിപ്പല്‍ ഹില്‍ പാലസ് പൊലീസ് സ്റ്റേഷന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. ഇത്തരം സംഘടിതമായ പ്രചാരണങ്ങള്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ധാര്‍മ്മികതയെ ബാധിക്കുന്നതാണ്. ഇതിനെതിരെ നടപടിയെടുക്കണമെന്നും സ്‌കൂള്‍ അധികൃതർ വിശദീകരണത്തിൽ പറയുന്നു.