'ഒരു സ്ത്രീയുടെ ശരീരം പ്രകൃതിയുടെ സൃഷ്ടി ശക്തിയുമായി ഒന്നിക്കുന്ന നിമിഷം വേദനയുടെ തിരമാലകള്‍ക്കിടയില്‍ ഈ ലോകത്ത് ഒരു പുതിയ ജീവന്‍ ഉണ്ടാകുന്നു' കേള്‍ക്കുമ്പോള്‍ ഒരു പ്രത്യേക അനുഭൂതിയുണ്ട് അല്ലേ. മനുഷ്യ സ്ത്രീയുടെ പ്രസവവും മാതൃപരിവേഷവുമൊക്കെ പലപ്പോഴും കാല്‍പനികമായി എഴുതപ്പെട്ടിട്ടുണ്ട്. പ്രസവം ഒരു സ്വാഭാവിക ജൈവ പ്രക്രിയ തന്നെയാണ്. പക്ഷെ അതൊരു സങ്കീര്‍ണ്ണമായ ശാരീരിക പ്രക്രിയയാണ് എന്നത് മറക്കരുത്. ഒരിക്കലും മറക്കാന്‍ പാടില്ലാത്ത മറ്റു ചിലത് നമ്മള്‍ ഇന്ന് ജീവിക്കുന്ന ലോകം പത്തിരുപത് വര്‍ഷം മുമ്പുള്ളതല്ല എന്നതും മനുഷ്യ സ്ത്രീകള്‍ ആടോ പട്ടിയോ പൂച്ചയോ ആനയോ അല്ല എന്നതുമാണ്.
പ്രസവം വീട്ടിലോ ആശുപത്രിയിലോ എന്നതാണല്ലോ തര്‍ക്ക വിഷയം. യഥാര്‍ത്ഥത്തില്‍ അതില്‍ തര്‍ക്കിക്കാന്‍ ഒന്നുമില്ല. ഗര്‍ഭധാരണ കാലയളവിലും ഗര്‍ഭസമയത്തുമെല്ലാം ആരോഗ്യ സംവിധാനങ്ങളുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്. 'ആന ഇന്നുവരെ ഹോസ്പിറ്റലില്‍ പെറ്റിട്ടില്ല, ആറു പെറുന്ന പൂച്ച, മൂന്നും നാലും പെറുന്ന ആട്, ഇവയൊന്നും ഇന്നേവരെ ആശുപത്രിയില്‍ പോയിട്ടില്ല'. ഒരു ഉസ്താദിന്റെ വഷള് വര്‍ത്തമാനമാണിത്. പണ്ട് കാലങ്ങളില്‍ വീട്ടില്‍ തന്നെ ആയിരുന്നില്ലേ പ്രസവം? എന്നിട്ട് എന്താണ് കുഴപ്പമുണ്ടായത്? അന്ന് പ്രസവിക്കുന്നതിന്റെ തൊട്ടു മുന്‍പ് വരെ ഉരലില്‍ അരിയിടിച്ചിരുന്നു. പ്രസവിച്ചു കഴിഞ്ഞ് പൊക്കിള്‍ക്കൊടിയും മുറിച്ച് പാടത്തെ പച്ചക്കറികള്‍ക്ക് വെള്ളം നനയ്ക്കാന്‍ പോയിരുന്നു. ഗര്‍ഭം ഒരു രോഗമല്ലല്ലോ തുടങ്ങിയവയാണ് വീട്ടിലെ പ്രസവത്തെ അനുകൂലിക്കുന്നവരുടെ ന്യായങ്ങള്‍. ഈ ധാരണകളെല്ലാം ശാസ്ത്രീയമായി നമുക്ക് പൊളിച്ചെഴുതാം.
ആദ്യം തന്നെ പറയട്ടെ, പല രോഗങ്ങള്‍ക്കുമുള്ള ആശുപത്രി വിരോധങ്ങളെ ഏതെങ്കിലും ഒരു മതത്തിലേക്ക് മാത്രമായി തളച്ചിടാന്‍ ആഗ്രഹിക്കുന്നില്ല. മതം തിരിച്ചുള്ള കണക്കുകള്‍ ഒന്നും നമ്മുടെ കയ്യിലില്ല. ഷുഗറിന് മധുരത്തണ്ടും ചുമയ്ക്ക് ആടലോടകവും പിഴിഞ്ഞ് കുടിച്ചാല്‍ മതി എന്ന് പറയുന്നതും, കൈകൊട്ടി പ്രാര്‍ത്ഥനയും തുപ്പലും തലോടലുമായി രോഗശമനം തേടുന്നവരുമൊക്കെ ഉന്നത വിദ്യാഭ്യാസരംഗത്ത് വരെയുണ്ട്. കുഞ്ഞുങ്ങള്‍ക്ക് പനി വന്നാല്‍ ഉസ്താദുമാരെ കൊണ്ട് മന്ത്രിപ്പിക്കുന്ന അമ്മമാര്‍ ഇവിടെയുണ്ട്. കുഞ്ഞുങ്ങള്‍ ജനിച്ചു കഴിഞ്ഞ് അവര്‍ക്ക് വാക്‌സിന്‍ പോലും കൊടുക്കാന്‍ സമ്മതിക്കാത്ത കൂട്ടരുണ്ട്. വരുന്ന തലമുറയോട് ചെയ്യാന്‍ ഇതിലും വലിയ ക്രൂരതയില്ല. ഇതിന്റെ ഒക്കെ പരിണിതഫലമായി എന്ത് തന്നെ പ്രശ്‌നങ്ങളുണ്ടായാലും അതെല്ലാം വിശ്വാസത്തിന്റെ ഭാഗമായതുകൊണ്ട് അവഗണിക്കപ്പെടുന്നു.
ഉപദ്രവങ്ങള്‍ ഉണ്ടായാലും മക്കള്‍ മതപഠനം നടത്തണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ ഇന്നും ഒരുപാടാണ്. ഇത്തരം സംഭവങ്ങളില്‍ മദ്രസകളെയും ഉസ്താദുമാരെയും മാത്രം പഴിക്കുന്നത് ഒരുപക്ഷേ മതപഠനം ഏറ്റവും ഉച്ചസ്ഥായിയില്‍ നില്‍ക്കുന്നത് അവിടെ ആയതുകൊണ്ടാകാം. എന്നാല്‍ അത് മറ്റു മതങ്ങളിലേക്കും അതേ തീവ്രതയില്‍ വ്യാപിക്കുന്ന കാഴ്ച അത്യധികം ദയനീയമാണ്. തിരുവനന്തപുരത്തെ സമാധിയെ കളിയാക്കുന്ന പലരും വീട്ടിലെ പ്രസവത്തെ അനുകൂലിക്കുന്നവരും പത്രം അരച്ചു കുടിച്ചാല്‍ രോഗം മാറും എന്ന് വിശ്വസിക്കുന്നവരുമാണ്.
ഈയടുത്ത് പെരുമ്പാവൂര്‍ സ്വദേശിയായ അസ്മ എന്ന സ്ത്രീ അഞ്ചാമത്തെ പ്രസവത്തിനിടയില്‍ വീട്ടില്‍ വച്ച് മരണമടഞ്ഞത് വലിയ വേദനയോടെയാണ് നമ്മള്‍ കേട്ടത്. അവരുടെ മുന്‍ പ്രസവങ്ങള്‍ ആശുപത്രിയില്‍ വച്ച് നടന്നിട്ടുണ്ടായിരുന്നു എന്നത് പ്രസവം ആശുപത്രിയില്‍ വേണമെന്ന് ബോധ്യമുണ്ടായിരുന്നു എന്നും പിന്നീട് അമിതമായ ആത്മവിശ്വാസമടക്കം എന്തൊക്കെയോ കാരണങ്ങളാല്‍ തെറ്റായ ബോധ്യങ്ങളിലേക്ക് വഴിതിരിഞ്ഞതാവാം എന്നും കരുതുന്നു.
ഒരു നാട്ടിലെ സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യം എത്രത്തോളം മികച്ചതാണെന്ന് കാണിക്കുന്ന ഒരു സൂചകമാണ് മാതൃമരണ അനുപാതം (MMR). ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മാതൃമരണ നിരക്ക് വളരെ കുറവാണ്. 2018-20 ലെ SRS (Sample Registration System, statistical report) ഡാറ്റ പ്രകാരം, കേരളത്തിന്റെ MMR 19 ആയിരുന്നു. അതായത് ഒരു ലക്ഷം ജനങ്ങളില്‍ 19 മരണം. അതേസമയം ദേശീയതലത്തില്‍ ഇത് 97 ആയിരുന്നു. ആരോഗ്യപരവും ആരോഗ്യപരമല്ലാത്തതുമായ നിരവധി ഘടകങ്ങള്‍ ഈ കാര്യത്തില്‍ സംസ്ഥാനത്തെ നയിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയുടെ വികസനത്തോടൊപ്പം, പ്രധാന ആരോഗ്യേതര ഘടകങ്ങളില്‍ സ്ത്രീ വിദ്യാഭ്യാസത്തിന് നല്‍കുന്ന പ്രാധാന്യങ്ങളും ഇതില്‍ ഉള്‍പെടുന്നു. കേരളത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (GSDP) ആരോഗ്യ ചെലവിന്റെ ശതമാനം വര്‍ദ്ധിച്ചുവരുന്ന പ്രവണതയാണ് ഇന്ന് കാണിക്കുന്നത്. 2021-22 കാലയളവില്‍ മൊത്തം GSDPയുടെ ഏകദേശം 2.30 ശതമാനം ആരോഗ്യ- കുടുംബക്ഷേമത്തിനായി നീക്കിവച്ചിട്ടുണ്ട്.
1982 ജനുവരിയില്‍ ലോക ബാങ്ക് പുറത്തിറക്കിയ കണക്കുകള്‍ അനുസരിച്ച് കേരളത്തിലെ ശിശുമരണ നിരക്ക് ആയിരം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 50 മരണം എന്നായിരുന്നു. അതേസമയത്ത് ഇന്ത്യയില്‍ അത് ആയിരം ജനനങ്ങളില്‍ 125 മരണമാണ്. 1955-60 കാലഘട്ടങ്ങളില്‍ കേരളത്തില്‍ ആയിരം ജനനങ്ങളില്‍ 107 മരണമായിരുന്നു എന്ന് ആ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2025 എത്തി നില്‍ക്കുമ്പോള്‍ ഇന്ത്യയിലെ ശിശുമരണ നിരക്ക് 25ഉം കേരളത്തില്‍ 6ഉം ആണ്. ഇതുപോലെ തന്നെ കണക്കുകള്‍ പരിശോധിച്ചാല്‍ മാതൃമരണ നിരക്കിലും നവജാതശിശു മരണനിരക്കിലുമൊക്കെ 1950ല്‍ നിന്നും 2025 എത്തിനില്‍ക്കുമ്പോള്‍ വലിയ രീതിയിലുള്ള കുറവുകളാണ് ഉണ്ടായിട്ടുള്ളത്. ശിശു മരണനിരക്ക് എന്നത് ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണമാണ്. നവജാതശിശുക്കള്‍ എന്നത് ജനിച്ച് 28 ദിവസത്തിനുള്ളിലുള്ള കുഞ്ഞുങ്ങളാണ്. ലോകത്ത് 1985ല്‍ ഒരു ലക്ഷം ജനനങ്ങളില്‍ 460 അമ്മമാര്‍ മരിച്ചിരുന്നു എങ്കില്‍ 2023 ആകുമ്പോഴേക്കും അത് 197 മരണങ്ങള്‍ ആയി കുറഞ്ഞിട്ടുണ്ട്.
ഉയര്‍ന്ന ആരോഗ്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രസവ നിരക്കുകള്‍, പ്രസവത്തിനു മുമ്പും പ്രസവശേഷവുമുള്ള പരിചരണത്തില്‍ നല്‍കുന്ന ശ്രദ്ധ, പ്രത്യുല്‍പാദന ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കല്‍ തുടങ്ങിയവ സംസ്ഥാനത്ത് കുറഞ്ഞ മാതൃമരണ നിരക്ക് നിലനിര്‍ത്തുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല. നാളുകളായുള്ള ഇത്തരം പ്രയത്‌നങ്ങളാല്‍ പ്രതിസന്ധികള്‍ കുറഞ്ഞപ്പോള്‍ പ്രസവം എന്നത് വളരെ ലളിതമായ സംഗതിയാണ് എന്ന് ചിലരെങ്കിലും ധരിച്ചു പോകുന്നുണ്ട് എന്നുള്ളത് സത്യമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ മുത്തശ്ശിമാരൊക്കെ വീട്ടില്‍ തന്നെ പ്രസവിച്ച് തുള്ളിച്ചാടി നടന്നിരുന്നു എന്ന് പറയുന്നത് യഥാര്‍ത്ഥ വസ്തുതകള്‍ അറിയുന്നതിലുള്ള അജ്ഞതയാണ്. അന്ന് ആശുപത്രി സൗകര്യങ്ങള്‍ പരിമിതമായിരുന്നു. പ്രസവം വീടുകളിലല്ലാതെ നടത്താന്‍ മറ്റ് വഴികള്‍ ഇല്ലായിരുന്നു. മരണങ്ങള്‍ ഇന്ന് ഉള്ളതിനേക്കാള്‍ പത്തിരട്ടിയോളം നടന്നിരുന്നു എന്ന് കണക്കുകള്‍ നമ്മളോട് പറയുന്നുണ്ട്.
അശാസ്ത്രീയത പലപ്പോഴും മതാന്ധതയിലൂടെയാണ് വളരുന്നത്. അമിതമായ മതവിശ്വാസങ്ങളിലേക്ക് പോകുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍ നമ്മുടെ ഭരണഘടനയില്‍ പോലുമില്ല. മതം ഒരിക്കലും ഒരു മനുഷ്യന്റെ ആരോഗ്യത്തിനുള്ള അവകാശത്തെ തടസ്സപ്പെടുത്താനുള്ള ഉപാധിയല്ല. അങ്ങനെ തടസ്സപ്പെടുത്തുന്നവരുണ്ടെങ്കില്‍ എന്തിന്റെ പേരിലായാലും അവര്‍ ശിക്ഷിക്കപ്പെടേണ്ടതുമുണ്ട്. ആനയും പട്ടിയും ഒന്നും പ്രസവിക്കാന്‍ മാത്രമല്ല മറ്റൊരു രോഗങ്ങള്‍ക്കും ആശുപത്രിയില്‍ പോകാറില്ല. മറ്റെല്ലാ ജീവജാലങ്ങളെക്കാളും ഈ ഭൂമിയിലെ ഏറ്റവും വലിയ ശക്തിയായി മനുഷ്യന്‍ എന്ന വര്‍ഗ്ഗം മാറിയിട്ടുണ്ടെങ്കില്‍ അതില്‍ ബൗദ്ധികമായ ശേഷിയും ശാസ്ത്രവും തന്നെയാണ് പ്രധാന പങ്ക് വഹിച്ചത്. മതാന്ധത എന്നും മനുഷ്യനെ വര്‍ഷങ്ങള്‍ക്ക് പുറകിലേക്ക് തള്ളിയിടും എന്ന് സ്ഥാപിക്കാന്‍ വീട്ടിലെ പ്രസവങ്ങള്‍ക്ക് നല്‍കുന്ന പ്രോത്സാഹനങ്ങളും മുറിവൈദ്യങ്ങളും പൂജകളും ജപിച്ചു കെട്ടലും പത്രം അരച്ചു കുടിക്കലും ഉറഞ്ഞുതുള്ളലും തുപ്പിയ വെള്ളം കുടിക്കലുമൊക്കെ തന്നെ കണ്ടാല്‍ മതി. ഈ മതാന്ധത തന്നെയാണ് ആനയുടെയും പട്ടിയുടെയും ആടിനെയും ജീവിത നിലവാരത്തിലേക്ക് മനുഷ്യനും പ്രത്യേകിച്ച് മനുഷ്യ സ്ത്രീകളും എത്തിച്ചേരൂ എന്ന് ഉദ്‌ഘോഷിക്കുന്നത്.
ഇനി പ്രസവത്തിന്റെ ശാസ്ത്രീയ വശങ്ങളിലേക്ക് വരാം. മനുഷ്യന്റെ പരിണാമത്തില്‍ ഇടുപ്പെല്ലിന് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. ഇടുപ്പെല്ലിന്റെ ഘടനയിലും സ്ഥാനത്തിലും ഉണ്ടായ മാറ്റങ്ങള്‍ രണ്ട് കാലുകള്‍ ഉപയോഗിച്ചുള്ള നടത്തത്തിന് പ്രയോജനപ്പെട്ടു. ഇത് മനുഷ്യരുടെ പ്രത്യേകതയാണ്. സ്ത്രീകളുടെ ഇടുപ്പെല്ല് പുരുഷന്മാരേതിനേക്കാള്‍ വിശാലമായതിനാല്‍, പ്രസവകാലത്ത് ശിശുവിന്റെ തല ജനനനാളം വഴി കടന്നുപോകാന്‍ അത് സഹായിക്കുന്നു. എങ്കിലും മനുഷ്യക്കുഞ്ഞിന്റെ തലയുടെ വലുപ്പം വച്ചു നോക്കുമ്പോള്‍ അത് ചെറുതാണ്. പരിണാമ സമയത്ത് രണ്ടുകാലിലുള്ള നടത്തത്തിന് യോജിക്കുന്ന രീതിയില്‍ ഇടുപ്പെല്ല് ചുരുങ്ങിയതിനാല്‍ ആ ചെറിയ ഇടുപ്പെല്ലിനിടയിലൂടെ വലിയ തലയുള്ള കുഞ്ഞുങ്ങളെ പ്രസവിക്കുമ്പോള്‍ അത് കൂടുതല്‍ സങ്കീര്‍ണ്ണവും വേദനാജനകവുമാകുന്നു. ഇതിനെ 'ഒബ്‌സ്‌ടെട്രിക് ഡൈലെമ' അല്ലെങ്കില്‍ പ്രസവ പ്രതിസന്ധി എന്നു പറയാം.
മറ്റ് പ്രൈമേറ്റുകളെ അപേക്ഷിച്ച് മനുഷ്യ ശിശുക്കള്‍ ജനിക്കുമ്പോള്‍ വികസനം പൂര്‍ത്തിയാകാത്തവരാണ്. അതിന് ഇടുങ്ങിയ ജനനനാളവും ഇടുപ്പെല്ലും ഒരു കാരണവുമാണ്. ജനനാനന്തരം മനുഷ്യ മസ്തിഷ്‌കത്തിന്റെ പൂര്‍ണവികസനത്തിന് ഏകദേശം 25-30% വര്‍ദ്ധനവ് ആവശ്യമാണ്. അതുകൊണ്ടുതന്നെ മനുഷ്യക്കുഞ്ഞുങ്ങള്‍ക്ക് മറ്റു പ്രൈമേറ്റുകളെ അപേക്ഷിച്ച് ദീര്‍ഘമായ ശൈശവകാലം ഉണ്ട്. അത് ഒരുതരത്തില്‍ മനുഷ്യന്റെ ഉയര്‍ന്ന ബുദ്ധിശക്തിയുടെ വികാസത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ആ ദീര്‍ഘമായ സമയം സാമൂഹ്യ-സാംസ്‌കാരിക പഠനത്തിനും മസ്തിഷ്‌കത്തിന്റെ പുനര്‍ രൂപീകരണത്തിനുള്ള കഴിവ് (neuroplasticity) വര്‍ദ്ധിപ്പിക്കുന്നതിനും ജനിതക-പരിസ്ഥിതി ഇടപെടലിനുമൊക്കെ (gene-environment interaction) അനുകൂലമാണ്. Gene-Environment Interactions എന്നത് ഒരു ജീവിയുടെ ജനിതകവും അതിന്റെ പരിസ്ഥിതിയും ഒത്തുചേര്‍ന്ന് ആരോഗ്യം, സ്വഭാവം, രോഗപ്രതിരോധം തുടങ്ങിയവയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നു. ന്യൂറോപ്ലാസ്റ്റിറ്റി എന്നത് തലച്ചോറിന്റെ ന്യൂറല്‍ കണക്ഷനുകളെ പുതിയ കഴിവുകള്‍ പഠിക്കുന്നതിനോ, പാരിസ്ഥിതിക മാറ്റങ്ങള്‍ അനുഭവിക്കുന്നതിനോ, ന്യൂറല്‍ പരിക്കുകളില്‍ നിന്ന് കരകയറുന്നതിനോ വൈജ്ഞാനിക വൈകല്യങ്ങളുമായി പൊരുത്തപ്പെടുന്നതിനോ ഉള്ള തലച്ചോറിന്റെ ന്യൂറല്‍ കണക്ഷനുകളെ പുനഃക്രമീകരിക്കാനുള്ള കഴിവിനെയാണ് സൂചിപ്പിക്കുന്നത്. ഇങ്ങനെയൊക്കെയാണ് മനുഷ്യന്‍ എന്ന ജീവിവര്‍ഗ്ഗം ഭൂമിയിലെ മറ്റെല്ലാ ജീവനുകളെക്കാളും മുകളില്‍ എല്ലാ രീതിയിലും ഉയര്‍ന്നു നില്‍ക്കുന്നത്.
മനുഷ്യ സ്ത്രീയുടെ പ്രസവസമയത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രതിസന്ധികള്‍ ധാരാളമാണ്. പ്രസവാനന്തരം ഉണ്ടാകാവുന്ന അമിതമായ രക്തസ്രാവം അമ്മയ്ക്ക് ജീവഹാനി ഭീഷണി ഉണ്ടാക്കാം. ഗര്‍ഭകാലത്തെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, സന്നി, മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങളോടെ പ്രകടമാകുന്ന ഗുരുതരമായ അവസ്ഥയാണ് പ്രീ-എക്ലാംപ്‌സിയ. ദീര്‍ഘനേരം വേദനയുണ്ടാകുകയോ ശിശു പുറത്തുവരാന്‍ താമസിക്കുകയോ ചെയ്യുന്നതും പ്രസവത്തിന് ശേഷം ബാക്ടീരിയല്‍ അണുബാധയുണ്ടാകുന്നതൊക്കെ മെഡിക്കല്‍ സഹായം ലഭിക്കാതിരുന്നാല്‍ അമ്മയുടെ മരണത്തിലേക്ക് നയിക്കാം. പ്രസവം എന്നത് ഒരു സ്വാഭാവിക ജൈവ പ്രക്രിയ തന്നെയാണ്. പക്ഷേ അതോടൊപ്പം ഉണ്ടാകാന്‍ സാധ്യതയുള്ള സങ്കീര്‍ണ്ണതകള്‍ മറ്റു ജീവജാലങ്ങളെ പോലെ വിവേകമുള്ള മനുഷ്യന് അവഗണിക്കാനാകില്ല. പ്രസവ സമയത്ത് ഏത് സ്ത്രീക്കാണ് രക്തസ്രാവവും അണുബാധയും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടാവുകയെന്ന് പൂര്‍ണ്ണമായും മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ അതുപോലെയുള്ള പല പ്രശ്‌നങ്ങളും നിയന്ത്രിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയാണ് ആശുപത്രികള്‍ ചെയ്യുന്നത്.
ജനിക്കുന്ന കുഞ്ഞിന് കൃത്യമായ ആരോഗ്യപരിചരണം നല്‍കിയില്ല എങ്കില്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, ഓക്‌സിജന്‍ കുറവ് കാരണം താഴ്ന്ന ഹൃദയമിടിപ്പ് തുടങ്ങിയ പ്രതിസന്ധികള്‍ ഉണ്ടാകാം. മാസം തികയാതെ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ശിശുവിനും അമ്മയ്ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്. അമ്മയുടെ ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രീക്ലാംപ്‌സിയ, ഡയബറ്റീസ്, അണുബാധ, ഗര്‍ഭപാത്ര/പ്ലാസന്റ പ്രശ്‌നങ്ങള്‍, ഒന്നിലധികം ശിശുക്കളുടെ ഗര്‍ഭധാരണം, പുകവലി, മദ്യപാനം, മയക്കുമരുന്നുകള്‍, പോഷണക്കുറവ് ഇതൊക്കെ മാസം തികയാതെയുള്ള പ്രസവത്തിന് കാരണങ്ങളാണ്. ജനനസമയത്ത് കണ്ടെത്താവുന്ന ശാരീരിക/ജനിതക പ്രശ്‌നങ്ങള്‍, പ്രസവസമയത്തോ ഉടന്‍ തന്നെയോ കുഞ്ഞ് ജീവനോടെ ഇരിക്കാതിരിക്കല്‍ ഇതൊക്കെയും പ്രസവ സമയത്തെ വലിയ പ്രതിസന്ധികളാണ്. ഇതൊക്കെ തടഞ്ഞുകൊണ്ട്, തടയാന്‍ സാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ട് ആരോഗ്യമുള്ള കുഞ്ഞിനെയും അമ്മയെയും സൃഷ്ടിക്കാന്‍ പ്രസവത്തിന്റെ ഓരോ ഘട്ടങ്ങളിലും കൃത്യമായ പരിശോധനകളും ആശുപത്രി സൗകര്യങ്ങളും ഉണ്ടായേ തീരൂ.
ഗര്‍ഭകാല പരിശോധനയും പരിചരണവും ശുചിയായ പ്രസവസൗകര്യങ്ങളും അടിയന്തര മെഡിക്കല്‍ സഹായത്തിനുള്ള ഒരുക്കങ്ങളുമൊക്കെ ഗര്‍ഭകാല പ്രതിസന്ധികള്‍ക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാക്കും. ഈ സാഹചര്യങ്ങള്‍ മിക്കവയും ആധുനിക മെഡിക്കല്‍ ഇടപെടലുകള്‍ കൊണ്ട് നിയന്ത്രിക്കാനോ തടയാനോ കഴിയും. അതിനാല്‍, ഗര്‍ഭിണികള്‍ക്ക് ശാസ്ത്രീയമായ ഗര്‍ഭപരിചരണം ലഭിക്കുന്നത് വളരെ പ്രധാനമാണ്.
ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനത്തിന്റെ സന്ദേശം തന്നെ നോക്കൂ. 'ആരോഗ്യകരമായ തുടക്കം പ്രതീക്ഷാജനകമായ ഭാവി' എന്നതാണ് പ്രചാരണത്തില്‍ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. തടയാവുന്ന മാതൃ-നവജാത ശിശു മരണങ്ങള്‍ അവസാനിപ്പിക്കുന്നതിനും സ്ത്രീകളുടെ ദീര്‍ഘകാല ആരോഗ്യത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്നതിനുമുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരുകളെയും ആരോഗ്യ സമൂഹത്തെയും പ്രേരിപ്പിക്കുകയാണ് ഈ മുദ്രാവാക്യത്തിലൂടെ ലക്ഷ്യമിടുന്നത്. 'തടയാന്‍ സാധിക്കുന്ന പ്രതിസന്ധികള്‍' എന്ന് പ്രത്യേകം പറയുന്നുണ്ട്. ആശുപത്രികളിലും പ്രസവസമയത്ത് മരണങ്ങള്‍ ഉണ്ടാകുന്നില്ലേ എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് അത്. പ്രസവസമയത്ത് മാത്രമല്ല മറ്റു പല രോഗങ്ങള്‍ കാരണവും ആശുപത്രികളില്‍ മനുഷ്യര്‍ മരിക്കുന്നുണ്ട്. അത് ആശുപത്രികളില്‍ നിന്ന് പോലും തടയാന്‍ സാധിക്കാത്ത പ്രതിസന്ധികള്‍ ഉള്ളതുകൊണ്ടാണ്.