സിനിമയിൽ വെട്ട്, ഇൻകം ടാക്സ് നോട്ടീസ്, സിനിമ കണ്ടവർക്കെതിരെ അന്വേഷണം വരുമോ?

സിനിമയിൽ വെട്ട്, ഇൻകം ടാക്സ് നോട്ടീസ്, സിനിമ കണ്ടവർക്കെതിരെ അന്വേഷണം വരുമോ?
Published on

എമ്പുരാൻ സിനിമയുടെ രണ്ടാം പകുതിയിൽ മഞ്ജുവാര്യരുടെ കഥാപാത്രമായ പ്രിയദർശിനി രാംദാസ് ഐയുഎഫിന്റെ നേതൃത്വം ഏറ്റെടുക്കുന്ന ഒരു രംഗമുണ്ട്. ഞാൻ പാർട്ടിയുടെ നേതൃപദവി ഏറ്റെടുക്കുന്നു എന്ന വാർത്ത പുറത്തുവന്നാൽ തനിക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണമുണ്ടാകുമെന്ന് പ്രിയദർശിനി മുന്നേ പറഞ്ഞുവെക്കുന്നുണ്ട്. പദവി ഏറ്റെടുക്കുന്ന ചടങ്ങിൽ വെച്ച് NIA പ്രിയദർശിനിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതും കാണാം. വർത്തമാന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെ മുരളി ഗോപി എമ്പുരാനിലൂടെ വരച്ചിട്ടപ്പോൾ സിനിമ ഇറങ്ങിയ ശേഷം നാട്ടിൽ സംഭവിച്ചതും ഇതുതന്നെ.

സിനിമയുടെ സഹ നിർമ്മാതാവായ ഗോകുലം ഗോപാലനെ തേടി ഇഡിയെത്തി. കോഴിക്കോട്ടെയും ചെന്നൈയിലെയും വീട്ടിലും ഓഫീസിലും ഹോട്ടലുകളിലും പരിശോധന. ഗോകുലം ഗ്രൂപ്പ് ഫെമ ചട്ടം ലംഘിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. അങ്ങനെയെങ്കിൽ എമ്പുരാൻ സിനിമ ഇറങ്ങുംവരെ ഇഡി എവിടെയായിരുന്നു?

അടുത്ത ലക്ഷ്യം സിനിമയുടെ സംവിധായകൻ പൃഥ്വിരാജ് ആയിരുന്നു. നിർമ്മാണ കമ്പനിയുടെ പേരിൽ പണം കൈപറ്റിയതിൽ വ്യക്തത വരുത്തണമെന്ന് ഇൻകം ടാക്‌സിന്റെ നോട്ടിസ്. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകൾക്ക് പൃഥ്വിരാജ് കൈപ്പറ്റിയ പ്രതിഫലത്തിന്റെ കണക്കിൽ സംശയമുണ്ടെന്നാണ് ഇൻകം ടാക്സ് പറയുന്നത്.

അടുത്ത നറുക്ക് വീണത് സഹനിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനാണ്. ലൂസിഫർ, മരക്കാർ എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണമെന്ന് ഇൻകം ടാക്സ് നോട്ടീസ്. നടൻ മോഹൻലാലുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചും ഇൻകം ടാക്‌സിന് ചിലതൊക്കെ അറിയാനുണ്ടെന്നാണ് നോടീസിലുള്ളത്.

അടുത്ത നോട്ടപ്പുള്ളി ആരെന്ന് വരുംദിവസങ്ങളിൽ അറിയാം. സംഘപരിവാർ ചെയ്തികളെ തുറന്നെഴുതിയെ സിനിമ വിവാദമായപ്പോൾ തന്നെ അണിയറ പ്രവർത്തകരെ തേടി ഇഡിയെത്തുമെന്ന് പലരും ട്രോളായി പറഞ്ഞിരുന്നു. പക്ഷെ ആ ട്രോളുകളിൽ കാര്യമുണ്ട്, വീട്ടിലും ഓഫിസിലും ഇ ഡിയും, തിയറ്ററുകളിൽ നിന്നുള്ള ബാനും, സിനിമയിലെ പത്തിരുപത്തിനാല് കട്ടുകളും ഒരു അവാർഡ് പോലെ അംഗീകാരമായി മാറിയിരിക്കുന്നു. ആവിഷ്കാര സ്വന്തന്ത്ര്യത്തിന് മേൽ വിലങ്ങു വീണാലും, ചെയ്തു കൂട്ടിയ ക്രൂരതകൾ മാഞ്ഞ് പോകുന്നില്ലല്ലോ.

Related Stories

No stories found.
logo
The Cue
www.thecue.in