പുതിയ വർഷത്തിലെ ഏറ്റവും സുപ്രധാനമായ രാഷ്ട്രീയ സംഭവ വികാസമാണ് വെനസ്വേലയിൽ ട്രംപിന്റെ കല്പന പ്രകാരം നടന്ന അധിനിവേശവും നിക്കൊളാസ് മഡൂറോയുടെയും ജീവിത പങ്കാളിയുടെയും തട്ടി കൊണ്ട് പോക്കും. ഐക്യരാഷ്ട്ര സഭയുടെ ( യു എൻ ) ചാർട്ടറിന്റെ ആർട്ടിക്കിൾ 2 (4 ) ന്റെ പരസ്യമായ ലംഘനമാണ് ഇതെങ്കിലും യു എസ് നിയന്ത്രിക്കുന്ന മാധ്യമ രാഷ്ട്രീയ പൊതുബോധങ്ങൾ ഈ പ്രവർത്തിയെ അപലപിക്കാൻ തയ്യാറായിട്ടില്ല. ഒളിഞ്ഞും തെളിഞ്ഞും ഈ നടപടിയെ ശരിവയ്ക്കുന്ന നിലപാടുകളാണ് യു എസ് സഖ്യകക്ഷികളായ രാജ്യങ്ങൾ സ്വീകരിച്ചിരിക്കുന്നത്. ആദ്യമായിട്ടല്ല യു എസ് ഒരു പരമാധികാര രാജ്യത്തെ ആക്രമിക്കുന്നത്. മുൻ കാലങ്ങളിൽ യു എസ് ആക്രമിച്ച രാജ്യങ്ങൾക്കും അവർ ഇല്ലാതാക്കിയ രാഷ്ട്രത്തലവന്മാർക്കും മേൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ എല്ലാം തന്നെ തെറ്റാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ തങ്ങളുടെ ആക്രമണത്തിന്റെ യഥാർത്ഥ ലക്‌ഷ്യം പൂർത്തീകരിക്കപ്പെടുന്നത് വരെ ലോകത്തെ മുഴുവൻ വിഡ്ഢികളാക്കാൻ വേണ്ട മാധ്യമ നിയന്ത്രണങ്ങൾ അമേരിക്കയെ താങ്ങി നിർത്തുന്ന കോർപ്പറേറ്റ് ശക്തികൾക്കുണ്ട്. ജനാധിപത്യം സ്ഥാപിക്കാൻ എന്ന പേരിൽ യു എസ് നടത്തിയ ആക്രമണങ്ങൾ എല്ലാം തന്നെ ആ രാജ്യത്തെ കൂടുതൽ ഏകാധിപത്യ സ്ഥിതികളിലേയ്ക്ക് തള്ളി വിട്ടു എന്നല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല.
അങ്ങനെയെങ്കിൽ യു എസ് എന്തിനാണ് ഈ അധിനിവേശങ്ങൾ നടത്തുന്നത് ? അധിനിവേശത്തിന് ഇരയാക്കപ്പെടുന്ന രാജ്യങ്ങളിലെ വിഭവങ്ങൾ അഥവാ റിസോഴ്സുകളിൽ ആണ് അമേരിക്കയുടെ കണ്ണ്. അമേരിക്കയുടെ കണ്ണ് എന്ന് പറഞ്ഞാൽ അവിടുത്തെ സമ്പന്ന ലോബികളുടെ അഥവാ മിലിറ്ററി ഇൻഡസ്ട്രിയൽ കോംപ്ലെക്സിന്റെ. വെനിസ്വേലയിൽ യു എസിന്റെ ലക്‌ഷ്യം അവിടുത്തെ എണ്ണ നിക്ഷേപവും റെയർ എർത്ത് മെറ്റൽസുമാണ്. യു എസ് ഭരണകൂടം നിക്കൊളാസ് മഡൂറോയെ മയക്കുമരുന്ന് കടത്തിന് നേതൃത്വം നൽകുന്നു എന്ന പേരിൽ തട്ടികൊണ്ട് പോയത് യഥാർത്ഥത്തിൽ ഷെവറോൺ, എക്സോൺ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ വേണ്ടിയാണ്. അവർക്ക് വെനസ്വേലയിലെ ക്രൂഡ് ഓയിൽ നിക്ഷേപത്തിൽ ഇഷ്ടമുള്ളത് ചെയ്യാൻ വേണ്ടിയുള്ള മുന്നൊരുക്കമാണ് ഈ ആക്രമണം. 303 .22 ബില്യൺ ബാരൽ എണ്ണയാണ് വെനിസ്വേലയിൽ ഉത്പാദിപ്പിക്കപ്പെടുന്നത്. സൗദിയിൽ അത് 297.7 ബില്യൺ ബാരൽ ആണ്. ഇത് കൂടാതെ സ്വർണ്ണം, ഇരുമ്പയിര്, ബോക്സൈറ്റ്, കൽക്കരി, നിക്കൽ തുടങ്ങിയ ലോഹങ്ങളുടെ നിക്ഷേപവും ഇവിടെയുണ്ട്.
കാർട്ടൽ ഡി ലോസ് സൊലേസ്
Cartel de los Soles അഥവാ Cartel of the Suns എന്ന മയക്കുമരുന്ന് സിണ്ടിക്കേറ്റിന് നേതൃത്വം നൽകി എന്ന പേരിലാണ് മഡുറോയെ യു എസ് തട്ടി കൊണ്ട് പോയത്. കഴിഞ്ഞ കുറെ മാസങ്ങളായി യു എസ് നേതൃത്വം മഡുറോയെ നാർക്കോ പ്രസിഡന്റ് എന്ന് വിശേഷിപ്പിച്ച് കൊണ്ട് ഒരു പൊതു ബോധം സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു. മയക്കുമരുന്ന് യു എസിലേക്ക് എത്തിക്കാൻ മഡുറോ നേതൃത്വം നൽകുന്നു എന്ന് ആരോപിക്കുന്ന ട്രംപ് തന്നെ 400 ടൺ കൊക്കൈൻ യു എസിലേക്ക് കടത്താൻ നേതൃത്വം നൽകിയ മുൻ ഹോണ്ടുറാസ് പ്രസിഡന്റ് ജുവാൻ ഒർലാണ്ടോ ഹെർണാണ്ടസിന് മാപ്പ് നൽകി വെറുതെ വിട്ടു എന്ന വസ്തുത കാണാതെ പോകരുത്. വെനസ്വേല ഒരു മയക്കുമരുന്ന് കാർട്ടലിന് നേതൃത്വം നൽകുന്നു എന്ന് വിശ്വസിക്കുന്ന ലോകത്തുള്ള വിഡ്ഢികളിൽ ചെറിയൊരു ശതമാനം കേരളത്തിലുമുണ്ട്. തങ്ങളുടെ ലക്‌ഷ്യം വെനസ്വേലയിലെ എണ്ണയാണ് എന്ന് ട്രംപും ജെ ഡി വാൻസും പലകുറി ആവർത്തിച്ചിട്ടും ഈ നാർക്കോ നുണ വിശ്വസിക്കുന്നവർക്ക് വേണ്ടി ചില കണക്കുകൾ പരിശോധിക്കാം.
2025 UN World Drug Report, European Union Annual Drug Assessment തുടങ്ങിയ റിപോർട്ടുകൾ വായിച്ചു നോക്കുക അതിലൊന്നും തന്നെ വെനസ്വേലയെ കുറിച്ച് ഒരു പരാമർശം പോലുമില്ല. യു എസിന്റെ DEA റിപ്പോർട്ടിൽ ആകെ ഒരു പാരഗ്രാഫ് മാത്രമാണ് വെനസ്വേലയെ കുറിച്ചുള്ളത്. എന്നാൽ ട്രംപും ജെ ഡി വാൻസും ആരോപിക്കുന്ന പോലെയുള്ള യാതൊരു കാര്യങ്ങളും ഈ റിപ്പോർട്ടിൽ ഇല്ല. മഡുറോയ്ക്ക് മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ തെളിയിക്കാൻ യു എസ് പ്രോസിക്യൂഷന് ബുദ്ധിമുട്ട് ആണെന്നാണ് മയാമി ഹെറാൾഡ് പത്രത്തിന്റെ മുതിർന്ന ജേർണലിസ്റ്റും ഫെഡറൽ ക്രൈം വിദഗ്ധനും പുലിസ്റ്റർ പുരസ്‌കാരം നേടിയ സംഘത്തിലെ അംഗവുമായിരുന്ന ജെ വീവറുടെ നിരീക്ഷണം.
ആരും ചർച്ച ചെയ്യാത്ത യു എൻ റിപ്പോർട്ടുകൾ
മഡുറോയുടെ ഭരണത്തിൽ വെനസ്വേലയിൽ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായി എന്നും അതിനാൽ ഈ ഭരണം അവസാനിക്കേണ്ടത് അനിവാര്യമാണ് എന്നും പലരും അഭിപ്രായപ്പെടുന്നു. സോഷ്യലിസ്റ്റ് നയങ്ങളുടെ പരാജയവുമാണ് ഇതിന് കാരണമെന്നു ആരോപിക്കുന്നവരുമുണ്ട്. എന്നാൽ അവർ കാണാതെ പോകുന്ന രണ്ട് വസ്തുതകളുണ്ട്. ഒന്ന് മഡുറോ അധികാരത്തിൽ വരുന്ന സമയത്ത് ലോകം മുഴുവനും ഉണ്ടായ ആഗോള സാമ്പത്തിക മാന്ദ്യം. രണ്ട് യു എസ് അടിച്ചേൽപ്പിച്ച സാമ്പത്തിക ഉപരോധം അഥവാ ട്രേഡ് എംബാർഗൊ. ഐക്യ രാഷ്ട്ര സഭ വെനസ്വേലയിലെ സാഹചര്യങ്ങൾ പഠിക്കാൻ ഒരു ഒഫീഷ്യൽ സംഘത്തെ നിയമിച്ചിരുന്നു. United Nations (UN) special rapporteur എന്നാണ് ഇതിന്റെ പേര്. ഇതിന് നേതൃത്വം നൽകിയ ആൽഫ്രഡ് ഡി സയാസ്, 2018 ഓഗസ്റ്റിൽ പൂർത്തിയാക്കിയ വെനസ്വേലയെക്കുറിച്ചുള്ള ഒരു യുഎൻ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു "അന്താരാഷ്ട്ര നിയമത്തെ ധിക്കരിച്ച് വെനിസ്വേലയിൽ അമേരിക്ക ഏർപ്പെടുത്തിയതുപോലുള്ള "സാമ്പത്തിക ഉപരോധങ്ങൾ" "മധ്യകാല പട്ടണങ്ങളുടെ ഉപരോധങ്ങളുമായി താരതമ്യപ്പെടുത്താവുന്നതാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഉപരോധങ്ങൾ ഒരു പട്ടണത്തെ മാത്രമല്ല, പരമാധികാര രാജ്യങ്ങളെയും മുട്ടുകുത്തിക്കാൻ ശ്രമിക്കുന്നു." United Nations, Report of the Independent Expert on the Promotion of a Democratic and Equitable International Order on his Mission to the Bolivarian Republic of Venezuela and Ecuador, August 3, 2018, എന്ന റിപ്പോർട്ട് ഒരിക്കലെങ്കിലും വായിച്ചു നോക്കേണ്ടതുണ്ട്. വെനസ്വേലയിൽ നടക്കുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് പ്രധാന കാരണം യു എസ് ഉപരോധമാണ്. അതിന്റെ ഫലമായിട്ടാണ് ബാക്കി പ്രശ്നങ്ങൾ ഉണ്ടാകുന്നത്. മഡുറോയുടെ സർക്കാർ സ്വീകരിക്കുന്ന പല നയങ്ങളും യഥാർത്ഥത്തിൽ ഈ ഉപരോധം കാരണമാണ്.
അന്യായമായ ഉപരോധങ്ങൾ എടുത്ത് മാറ്റി സ്വതന്ത്രമായി വളരാൻ വെനസ്വേലയെ അനുവദിക്കുന്നതിന് പകരം സാമ്പത്തികമായി ഞെരുക്കി രാജ്യത്ത് ജനങ്ങളെ അസ്വസ്ഥരാക്കുന്ന നയം എങ്ങനെയാണ് നീതിയുക്തമാകുന്നത് ? സ്വതന്ത്രമായി പ്രവർത്തിക്കാൻ വെനസ്വേലയ്ക്ക് അവസരം നൽകിയ ശേഷം മഡുറോയുടെ നയങ്ങൾ അല്ലെങ്കിൽ ഷാവേസിമോ സർക്കാരിന്റെ പരിപാടികൾ വിലയിരുത്തുകയല്ലേ യുക്തിസഹം ?
പുതിയ സംഭവ വികാസങ്ങൾ
വെനസ്വേലൻ സുപ്രീം കോടതിയുടെ ഉത്തരവിന്റെ ഭാഗമായി നിലവിലെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റ് ആയി ചുമതലയേറ്റു. മുൻ മാർക്സിസ്റ്റ് ഗറില്ലാ പോരാളിയും അഭിഭാഷകയുമായ ഡെൽസി റോഡ്രിഗസിന്റെ നയങ്ങളും തീരുമാനങ്ങളും എന്തൊക്കെ ആയിരിക്കുമെന്ന് ശ്രദ്ധാപൂർവം വീക്ഷിക്കുകയാണ് ലോകം. ജനുവരി 9 നു ഡൊണാൾഡ് ട്രംപ് വാഷിങ്ടണിൽ വിളിച്ചു കൂട്ടിയ ഒരു മീറ്റിംഗിനെ നമ്മൾ ശ്രദ്ധയോടെ കാണേണ്ടതുണ്ട്. വെനിസ്വേലയിലെ നിക്ഷേപ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഒരു ഡസനിലധികം എണ്ണ കമ്പനികളുമായി കൂടിക്കാഴ്ച നടത്തി. എക്സോൺ സിഇഒ ഡാരൻ വുഡ്സ്, കൊണോകോഫിലിപ്സ് സിഇഒ റയാൻ ലാൻസ്, ഷെവ്‌റോൺ വൈസ് ചെയർമാൻ മാർക്ക് നെൽസൺ എന്നിവർ പങ്കെടുത്തു. ഹാലിബർട്ടൺ, വലേറോ, മാരത്തൺ കമ്പനികളിൽ നിന്നുള്ള എക്സിക്യൂട്ടീവുകളും മറ്റുള്ളവരും പങ്കെടുത്തു. വെനസ്വേലയുടെ ഊർജ്ജ മേഖല പുനർനിർമ്മിക്കുന്നതിന് എണ്ണ കമ്പനികൾ കുറഞ്ഞത് 100 ബില്യൺ ഡോളർ ചെലവഴിക്കുമെന്ന് ട്രംപ് പറഞ്ഞു. യുഎസ് അവർക്ക് സുരക്ഷയും സംരക്ഷണവും നൽകുന്നതിലൂടെ "അവർക്ക് അവരുടെ പണം തിരികെ ലഭിക്കുകയും വളരെ നല്ല വരുമാനം നേടുകയും ചെയ്യും എന്നും ട്രംപ് പറഞ്ഞു.
യു എസിന്റെ ചരിത്രം എന്ന് പറയുന്നത് അധിനിവേശങ്ങളുടെ ചരിത്രമാണ്. ട്രംപ് ഇപ്പോൾ നടത്തുന്ന പ്രസ്താവനകളിൽ അത്ഭുതമൊന്നും തോന്നേണ്ട കാര്യമില്ല. പണ്ട് ബോളിവുഡ് സിനിമകളിൽ ഒക്കെ കാണാറുള്ള തെരുവിൽ മാർവാടികൾക്ക് വേണ്ടി പണം പിടിച്ചുപറിക്കുന്ന ഗുണ്ടയ്ക്ക് സമമാണ് യു എസ്. അത് ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. അനേകം രാജ്യങ്ങളിൽ യു എസ് അധിനിവേശവും അട്ടിമറിയും നടത്തിയത് കോർപറേറ്റ് കമ്പനികൾക്കും ആയുധ കച്ചവടക്കാർക്കും വേണ്ടിയാണ്. എഡ്‌വേഡ് സ്‌നോഡൻ, ജൂലിയസ് അസാഞ്ചെ എന്നിവർ ലോകത്തോട് വെളിപ്പെടുത്തിയ വിവരങ്ങളും വിവിധ സി ഐ എ രേഖകളും ശരി വയ്ക്കുന്ന ഒരു കാര്യമാണ് ഇത്.
ട്രംപിന്റെ പുതിയ അധിനിവേശ പദ്ധതികൾ യു എസിനെ നിയന്ത്രിക്കുന്ന കോർപ്പറേറ്റ് ശക്തികളുടെ ലാഭത്തിന് അനിവാര്യമാണ്. വെനസ്വേലയ്ക്ക് ശേഷം ഇറാൻ ആണ് അടുത്ത ലക്‌ഷ്യം. ഇത് ഇസ്രയേലിനെ സഹായിക്കാനും കൂടിയാണ്. വെനസ്വേലയിൽ നടത്തിയ അധിനിവേശത്തിന് ശേഷം ക്യൂബ, കൊളംബിയ, മെക്സിക്കോ എന്നീ രാജ്യങ്ങളെ ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ഗ്രീൻലാന്റിലും അധിനിവേശം നടത്തുമെന്ന് സൂചനകൾ നൽകിയിട്ടുണ്ട്.
ഈ സംഘർഷങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ ട്രംപിന് മറ്റൊരു കാരണമുണ്ട്. അത് എപ്‌സ്റ്റീൻ ഫയൽസ് ആണ്. ഡൊണാൾഡ് ട്രംപിന്റെ ലൈംഗിക വൈകൃത്യങ്ങൾ, ആക്രമങ്ങൾ, ഇരുണ്ട ഭൂതകാലവും വർത്തമാനവും ഒക്കെ അടങ്ങുന്ന എപ്‌സ്റ്റീൻ ഫയൽസ് അതേ പടി പ്രസദ്ധീകരിക്കണം എന്ന ആവശ്യം അമേരിക്കയിൽ ഉയർന്നിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാൻ കാഷ് പട്ടേലും റിപ്പബ്ലിക്കൻ പാർട്ടിയും വിയർത്തിരുന്ന ഘട്ടത്തിലാണ് വെനിസ്വേലയെ ആക്രമിച്ചത് വഴി ശ്രദ്ധ തിരിച്ചു വിട്ടത്. അധികാരത്തിൽ വരുന്നത് മുൻപ് എപ്‌സ്റ്റീൻ ഫയൽ മുഴുവനായി പുറത്ത് വിടുമെന്ന് പറഞ്ഞ ട്രംപ് അതിൽ നിന്ന് പിന്മാറി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗീകമായി ഉപയോഗിച്ചും അവരെ സമ്പന്നർക്കും രാഷ്ട്രീയ നേതാക്കൾക്കും കാഴ്ചവയ്ക്കുന്ന പാർട്ടികൾ തന്റെ സ്വകാര്യ ദ്വീപിൽ നടത്തിയ ജൂത സമ്പന്നൻ ആയിരുന്നു ജെഫെറി എപ്‌സ്റ്റീൻ. ട്രംപുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എപ്‌സ്റ്റീൻ തന്റെ കമ്പ്യൂട്ടറിൽ നിന്നയച്ച മെയിലുകളും ഫോട്ടോകളും അടങ്ങുന്നതാണ് എപ്‌സ്റ്റീൻ ഫയൽസ്. ബാല ലൈംഗിക പീഡനവും മനുഷ്യ കടത്തുമൊക്കെ നടത്തിയ ഈ ജൂത സമ്പന്നന്റെ ഫയലുകളിൽ ട്രംപിന്റെ ഫോട്ടോയും പരാമർശവുമൊക്കെയുണ്ട്. ട്രംപ് മാത്രമല്ല ലോക നേതാക്കളിൽ പലരും, മുൻ യു എസ് പ്രസിഡന്റുമാർ അടക്കം ഈ ലിസ്റ്റിൽ ഉണ്ട്. എപ്സ്റ്റീന്റെ ലൈംഗിക ചൂഷണ ചരിത്രത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് ഡൊണാൾഡ് ട്രംപ് എപ്പോഴും അവകാശപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, 2011 ഏപ്രിലിൽ, എപ്സ്റ്റീൻ തന്റെ കൂട്ടുകാരിയും കൂട്ടാളിയുമായ ഗിസ്ലെയ്ൻ മാക്സ്വെല്ലിന് ഒരു മെയിൽ എഴുതി. "കുരയ്ക്കാത്ത ആ നായ ട്രംപ് ആണെന്ന് നിങ്ങൾ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു" എന്ന് കത്തിൽ പറയുന്നു. തന്റെ സുഹൃത്തിന്റെ നിശബ്ദതയിൽ എപ്സ്റ്റീൻ സന്തുഷ്ടനാണെന്ന് ഇത് സൂചിപ്പിക്കുന്നു. തന്റെ ഇരകളിൽ ഒരാൾ ട്രംപിന്റെ "കൂടെ" തന്റെ വീട്ടിൽ "മണിക്കൂറുകൾ ചെലവഴിച്ചു" എന്ന് എപ്സ്റ്റീൻ വ്യക്തമാക്കി. താൻ അതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നുവെന്ന് മാക്സ്വെൽ മറുപടി നൽകിയിരുന്നു.
എപ്‌സ്റ്റീൻ ഫയലുകൾ മുഴുവനായി സുതാര്യമായി റിലീസ് ചെയ്യണം എന്ന് ആവശ്യപ്പെട്ട റിപ്പബ്ലിക്കൻ പാർട്ടിയിലെ വനിതാ കോൺഗ്രസ് അംഗങ്ങളെ ട്രംപ് സ്വാധീനിക്കാൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല.
അമേരിക്ക നേതൃത്വം നൽകുന്ന ആഗോള ലിബറൽ ഓർഡർ അഥവാ ലോക ക്രമം എന്നത് പീഡോഫയലുകൾ എഴുതുന്ന പോളിസികൾ നടപ്പിലാക്കുന്ന ജനങ്ങൾക്ക് പകരം കോർപ്പറേറ്റ് കമ്പനികളുടെ ലാഭത്തിന് മുൻ തൂക്കം കൊടുക്കുന്ന ഒരു വേൾഡ് ഓർഡർ ആണ് എന്നുള്ള യാഥാർഥ്യം ഇനിയെങ്കിലും തിരിച്ചറിയണം.
( അന്താരാഷ്ട്രാകാര്യ, ചരിത്ര, സാമ്പത്തിക ചരിത്ര വിദഗ്ധനാണ് ലേഖകൻ