നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍, കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?

നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍, കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?
Published on

അമേരിക്ക വെനസ്വേലയില്‍ വന്‍തോതിലുള്ള ആക്രമണം നടത്തിയിരിക്കുന്നു. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയും ഭാര്യയും പിടിയിലായിരിക്കുന്നു, അവരെ രാജ്യത്തിന് പുറത്തേക്ക് മാറ്റിയിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതിയ വരികളാണ് ഇവ. വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ അടക്കം ഏഴ് ഇടങ്ങളില്‍ വന്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ആക്രമണം സ്ഥിരീകരിച്ചു കൊണ്ട് ട്രംപിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പ്രസിഡന്റിനെ കാണാനില്ലെന്ന് തൊട്ടുപിന്നാലെ വെനസ്വേല വൈസ് പ്രസിഡന്റിന്റെ വെളിപ്പെടുത്തലും പുറത്തു വന്നു. പ്രസിഡന്റും ഭാര്യയും ജീവനോടെയുണ്ട് എന്നതിന് തെളിവ് പുറത്തുവിടണമെന്നും വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ആവശ്യപ്പെട്ടു.

വെനസ്വേലയില്‍ സംഭവിച്ചത് എന്ത്?

വെനസ്വേലന്‍ പ്രാദേശിക സമയം പുലര്‍ച്ചെ 1.50ഓടെയാണ് അമേരിക്കന്‍ സൈന്യം വെനസ്വേലയില്‍ ആക്രമണം നടത്തിയത്. താഴ്ന്നു പറന്ന യുദ്ധവിമാനങ്ങള്‍ കാരക്കാസ്, മിറാന്‍ഡ, അറാഹുവ, ലാഗുവൈറെ സ്റ്റേറ്റുകളില്‍ ആക്രമണം നടത്തി. അമേരിക്കയാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തൊട്ടുപിന്നാലെ വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. മദൂറോ സ്ഥാനമൊഴിയണമെന്ന് ട്രംപ് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. രണ്ടാമതും അധികാരത്തില്‍ എത്തിയതിന് പിന്നാലെ വെനസ്വേലക്ക് എതിരായ നടപടികള്‍ അമേരിക്ക കടുപ്പിച്ചിരുന്നു. മയക്കു മരുന്ന് കടത്തുന്നുവെന്ന് ആരോപിച്ച് കരീബിയന്‍ കടലിലും ഈസ്റ്റ് പസഫിക് സമുദ്രത്തിലും വെനസ്വേലന്‍ ബോട്ടുകള്‍ അമേരിക്കന്‍ ഡ്രോണുകള്‍ തകര്‍ത്തിരുന്നു. ഈ ആക്രമണങ്ങളില്‍ 107 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

ഈ ആക്രമണങ്ങളുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ രാജ്യത്ത് കടന്നു കയറി അമേരിക്ക ആക്രമണം നടത്തിയിരിക്കുന്നതും പ്രസിഡന്റിനെയും ഭാര്യയെയും ബന്ദികളാക്കി കടത്തിയിരിക്കുന്നതും. ഇവരെ രണ്ടുപേരെയും ന്യൂയോര്‍ക്കില്‍ എത്തിച്ചതായി യുഎസ് അറ്റോര്‍ണി ജനറല്‍ പമേല ബോണ്ടി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. ലഹരിക്കടത്ത്-തീവ്രവാദ ഗൂഢാലോചനാക്കുറ്റമാണ് മദൂറോക്ക് എതിരെ അമേരിക്ക ചുമത്തിയിരിക്കുന്നത്. അമേരിക്കക്കെതിരെ ആക്രമണത്തിനായി ആയുധങ്ങള്‍ ശേഖരിച്ചെന്ന കുറ്റവും മദൂറോക്കെതിരെ ചുമത്തിയിട്ടുണ്ട്. ഒരു മാസത്തിലേറെയായി നടന്നു വരുന്ന സംഘര്‍ഷങ്ങള്‍ക്ക് ഒടുവിലാണ് അമേരിക്ക വെനസ്വേലയില്‍ അധിനിവേശം നടത്തുന്നത്. 1989ല്‍ പനാമ ആക്രമിച്ചതിന് ശേഷം ആദ്യമായാണ് ഒരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തെ അമേരിക്ക ആക്രമിക്കുന്നത്.

ഹ്യൂഗോ ഷാവേസിന്റെ നിര്യാണത്തിന് ശേഷമാണ് 2013ല്‍ നിക്കോളാസ് മദൂറോ വെനസ്വേലയുടെ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. ഷാവേസിന്റെ കാലത്ത് തന്നെ അമേരിക്കയുമായി ആശയപരമായ യുദ്ധം വെനസ്വേല നടത്തി വരികയായിരുന്നു. മദൂറോ സര്‍ക്കാരിനെ നാര്‍ക്കോ സ്‌റ്റേറ്റ് എന്ന് വിശേഷിപ്പിച്ചത് ട്രംപ് ഗവണ്‍മെന്റാണ്. തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാട്ടിയെന്നും അഴിമതിയില്‍ മുങ്ങിയ ഗവണ്‍മെന്റാണെന്നും യുഎന് മദൂറോ ഗവണ്‍മെന്റിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചു. അതേസമയം വെനസ്വേലയുടെ എണ്ണ നിക്ഷേപത്തില്‍ കണ്ണുവെച്ചാണ് അമേരിക്ക ഇടപെടല്‍ നടത്തുന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്കുകള്‍ക്കിടയിലും എണ്ണ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ വെനസ്വേലക്ക് സാധിച്ചു. എന്നാല്‍ വര്‍ഷങ്ങളോളം നീണ്ട ഉപരോധങ്ങളിലൂടെ ആ വരുമാനം ഇല്ലാതാക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞു.

2020ലാണ് മദൂറോക്ക് എതിരെ ലഹരിക്കടത്ത് ആരോപണം അമേരിക്ക ഉന്നയിച്ചത്. അമേരിക്കയിലേക്ക് കൊക്കെയ്ന്‍ കടത്താന്‍ സഹായിക്കുന്നുവെന്നായിരുന്നു ആരോപണം. ഇതിനെ വെനസ്വേല നിഷേധിച്ചെങ്കിലും ഇപ്പോള്‍ നടത്തിയ ആക്രമണത്തില്‍ ട്രംപ് ഗവണ്‍മെന്റിന് ന്യായീകരണമാകുന്നതും ഈ ആരോപണങ്ങള്‍ തന്നെയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in