Opinion

നെഹ്‌റു നാഭാ ജയിലിൽ നിന്ന് രക്ഷപ്പെടാൻ മാപ്പ്‌ പറഞ്ഞോ?

കുറച്ചുദിവസമായി ചാനൽ ചർച്ചകളിലും, ചില സോഷ്യൽ മീഡിയ പോസ്റ്റുകളിലും കടന്നു വന്ന ഒരു പേരാണ് ‘നാഭാജയിൽ’. ഇന്ത്യാചരിത്രത്തിൽ നിന്നും നെഹ്‌റു ആരാധകർ ‘അതിസമർത്ഥമായി മറച്ചുവെച്ച ഒരു സംഭവം’, ചരിത്രവിദഗ്ധർ ഇപ്പോൾ ‘ഖനനം’ ചെയ്തെടുത്തു പുറത്തുകൊണ്ടു വന്നതുപോലെയാണ് ആഘോഷിക്കപ്പെടുന്നത്. ജവാഹർലാൽ നെഹ്‌റു നാഭാജയിലിൽ നിന്ന് രക്ഷപ്പെടാൻ ‘മാപ്പ് എഴുതിക്കൊടുത്തു’ എന്നാണ് ആരോപണം.

തമാശ എന്താണെന്നു വെച്ചാൽ, നെഹ്റുവിന്റെ ആത്മകഥയുടെ പതിനാറാം അദ്ധ്യായത്തിന്റെ തലക്കെട്ട് തന്നെ ‘An Interlude at Nabha’ എന്നാണ്. സ്വന്തം ആത്മകഥയിൽ വളരെ പ്രാധാന്യത്തോടെയും സത്യസന്ധതയോടെയും അദ്ദേഹം വിവരിച്ചിട്ടുള്ള ഒരു സംഭവത്തെയാണ് ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിൽ നിന്ന് തപ്പിയെടുത്തു പുറത്തുകൊണ്ടുവന്നതായി പലരും വെല്ലുവിളിക്കുന്നത്.

നാഭ പഞ്ചാബിലെ ഒരു നാട്ടുരാജ്യമായിരുന്നു. അക്കാലത്ത്, അകാലികൾ ഗുരുദ്വാരകളിലെ ദുർഭരണത്തിനും അഴിമതിക്കും എതിരെ ഗാന്ധിയൻ മാതൃകയിൽ സമാധാനപരമായ പ്രക്ഷോഭം നടത്തുന്നുണ്ടായിരുന്നു. അതിനിടയിൽ, നാഭയിലെ മഹാരാജാവും പാട്യാല മഹാരാജാവും തമ്മിലുള്ള ശത്രുതയിലും പിണക്കത്തിലും ഇടപ്പെട്ട കൊളോണിയല്‍ ഭരണകൂടം നാഭയിലെ മഹാരാജാവിനെ മാറ്റുകയും പകരം ഒരു ബ്രിട്ടിഷ് ഉദ്യോഗസ്ഥനെ ആ സ്ഥാനത്തു നിയമിക്കുകയും ചെയ്തു. ഇത്, നാഭയിലെ ജനങ്ങളെ രോഷാകുലരാക്കി. മാത്രമല്ല, നാഭാരാജ്യത്തെ ‘ജൈതോയില്‍’ വെച്ച് സിഖുകാര്‍ എല്ലാ വർഷവും നടത്താറുള്ള മതാഘോഷച്ചടങ്ങുകൾ പുതിയ ഭരണാധികാരി നിർത്തി. ഇതിൽ പ്രതിഷേധിച്ച അകാലികൾ നിയമം ലംഘിച്ചുകൊണ്ട് ദിവസേന ജൈതോയിലേക്ക് ജാഥയായി നടക്കാന്‍ തുടങ്ങി. ഓരോ ദിവസവും പോലീസ് ജാഥയില്‍ കയറി അംഗങ്ങളെ മർദ്ദിച്ച ശേഷം ദൂരെയുള്ള കാട്ടിൽ ഉപേക്ഷിക്കും.

ആയിടെ, കോൺഗ്രസ്സിന്റെ പ്രത്യേക സെഷനിൽ പങ്കെടുക്കാൻ ദില്ലിയിൽ എത്തിയ നെഹ്‌റുവിനെ ജാഥയിൽ പങ്കെടുക്കാൻ അകാലികൾ ക്ഷണിച്ചു. അങ്ങനെയാണ് 1923, സെപ്റ്റംബര്‍ 21 ന് എ.ടി ഗിദ്വാനി, കെ സന്താനം എന്നീ രണ്ടു സുഹൃത്തുക്കളോടൊപ്പം നെഹ്‌റു ജൈതോയിൽ എത്തിയത്. നാഭയിലെ ബ്രിട്ടിഷ് അഡ്മിനിസ്ട്രേറ്റർ ആയ വിത്സണ്‍ ജോൺസ്റ്റൻ നെഹ്‌റു നാഭാ രാജ്യത്ത് പ്രവേശിക്കാതിരിക്കാനുള്ള ഓർഡർ നേരത്തെതന്നെ വാങ്ങിയിരുന്നു. ജവാഹർലാലും സുഹൃത്തുക്കളും അടുത്തുള്ള മുക്തേസറിൽ ഇറങ്ങി അവിടെ നിന്നും കുതിരവണ്ടിയിലാണ് ജൈതോയിൽ പ്രവേശിച്ചത്. അക്കാലത്ത് കോൺഗ്രസ്സ് നിയമലംഘന സമരം നാട്ടുരാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നില്ല. ബ്രിട്ടീഷ് ഇന്ത്യയിൽ അല്ലാതെ നാട്ടുരാജ്യങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങളിൽ നിയമമനുശാസിക്കുന്ന വിധത്തിൽ മാത്രമായിരുന്നു പാർട്ടി ഇടപെട്ടിരുന്നത്.

അതുകൊണ്ട്, നിയമലംഘനം നടത്താതെ ജാഥ നേരിട്ടു വീക്ഷിക്കാനും ദേശീയതലത്തിൽ ചർച്ചയാക്കാനും മാത്രമായിരുന്നു ജവാഹർലാലിന്റെ ഉദ്ദേശ്യം. എന്നിട്ടും, ജാഥയിൽ പങ്കെടുക്കാതെ ദൂരെനിന്നും വീക്ഷിക്കുകയായിരുന്ന നെഹ്‌റുവിനെയും സുഹൃത്തുക്കളെയും പോലീസ് അന്യായമായി അറസ്റ്റ് ചെയ്തു. ഒരൊറ്റ വിലങ്ങിൽ സന്താനത്തിന്റെയും നെഹ്‌റുവിന്റെയും കൈകൾ കുരുക്കിയാണ് നാഭാ ജയിലില്‍ അടച്ചത്. ജാഥയില്‍ പങ്കെടുക്കാഞ്ഞിട്ടും ‘പങ്കെടുത്തു’ എന്ന കള്ളക്കേസാണ് ചുമത്തിയത്.

തുടർന്ന്, അടിസ്ഥാന നീതിയും ന്യായവും നിഷേധിക്കുന്ന തരത്തിൽ നാഭാ ഭരണകൂടം അദ്ദേഹത്തോട് പെരുമാറി. വൃത്തിഹീനമായ കുടുസ്സുമുറിയില്‍ പുറംലോകവുമായി ബന്ധമില്ലാതെ അവർ കഴിഞ്ഞു. മൂന്നു ദിവസം കഴിഞ്ഞാണ് അവരെ മജിസ്ട്രേറ്റിന്റെ മുമ്പിൽ എത്തിച്ചത്. ഇംഗ്ലീഷ് പോയിട്ട് ഉറുദു പോലും അറിയാത്ത മജിസ്ട്രേറ്റ് നിരക്ഷരനെപ്പോലെയാണ് പെരുമാറിയത്. മാത്രമല്ല, പുറത്തു നിന്നുള്ള നല്ല വക്കീലിനെ വെച്ച് വാദിക്കാനുള്ള അവസരവും നിഷേധിക്കപ്പെട്ടു.

മകൻ അന്യായമായി തടങ്കലിൽ ആണെന്ന വിവരം ദിവസങ്ങൾ കഴിഞ്ഞാണ് മോത്തിലാൽ അറിഞ്ഞത്. ഉടൻ അദ്ദേഹം ‘Natural justice’ പോലും നിഷേധിക്കപ്പെട്ട മകനെ ഒരു തവണ നേരിൽ കാണാൻ അനുവദിക്കണം എന്ന് വൈസ്രോയിയോട് ആവശ്യപ്പെട്ടു (ബോംബേ ക്രോണിക്കിൾ, സെപ്റ്റംബർ 24, 1923). പക്ഷേ, നാഭാ ഭരണാധികാരികൾ അനുമതി നൽകിയില്ല. മകനെ കണ്ട ഉടൻ തിരികെ പോകണമെന്നും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഇടപെടില്ല എന്നും രേഖാമൂലം എഴുതി നല്കണം എന്ന ജോൺസ്റ്റണിന്റെ തിട്ടൂരം അനുസരിക്കാൻ മോത്തിലാൽ നെഹ്‌റുവും തയ്യാറായിരുന്നില്ല.

ഇത് അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് എന്ന് തിരിച്ചറിഞ്ഞ വൈസ്രോയിയുടെ ഇടപെടൽ മൂലം സെപ്റ്റംബർ 27ന് അദ്ദേഹത്തിന് മകനെ കാണാനുള്ള അനുവാദം കിട്ടി. പക്ഷേ, അച്ഛന്റെ ഈ ഇടപെടൽ ജവാഹർലാൽ അംഗീകരിച്ചില്ല. അച്ഛനോട് തിരികെ പോകാൻ നെഹ്‌റു ആവശ്യപ്പെട്ടു. കെ. ഡി മാളവ്യയെ കേസിന്റെ കാര്യങ്ങൾ നോക്കാനേൽപ്പിച്ച് അദ്ദേഹം നിരാശയോടെ തിരികെ പോയി.

നാഭയിലെ അധികാരികൾ കേസിൽ ഗൂഢാലോചന കൂടി ചാർജ്ജ് ചെയ്തു. ആ കേസിന് ബലം കിട്ടാൻ വേണ്ടി നേരത്തെ ഒരു കൊലപാതക കേസിൽ ശിക്ഷ അനുഭവിച്ച ഒരു സിഖ് യുവാവിനെക്കൂടി പ്രതി ചേർത്തു. വിചാരണയിൽ ഉടനീളം ജഡ്ജിയെ സംസാരിക്കാൻ സമ്മതിക്കാതെ, വക്കീലിനെ വാദിക്കാൻ അനുവദിക്കാതെ പോലീസ് ഇടപെടുന്ന വിചിത്രമായ കാഴ്ച്ചയാണ് കോടതിയിൽ കണ്ടത്. നീതിന്യായവ്യവസ്ഥയെ എക്സിക്യൂട്ടീവ് ഹൈജാക്ക് ചെയ്ത അനുഭവം!

അതേസമയം സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് മാപ്പപേക്ഷ എഴുതി തന്നാൽ ഉടൻ വെറുതെ വിടാം എന്ന് ജോൺസ്റ്റൺ പ്രലോഭിപ്പിച്ചുവെങ്കിലും, ജവാഹർലാൽ ആ ഔദാര്യം സ്വീകരിച്ചില്ല. ‘ജയിൽ മുറിയിലെ എലിയെ പേടിച്ച്’ മാപ്പ് എഴുതി നല്കി എന്ന സംഘപരിവാർ ആരോപണം പച്ചകള്ളമാണ്. ഖേദം പ്രകടിപ്പിച്ച് ഒരു വരി പോലും അദ്ദേഹം എഴുതിയില്ല. പകരം ഏതൊരു കുറ്റവാളിക്കും, ഏത് രാജ്യത്തും പ്രാഥമികമായി കിട്ടേണ്ട ‘നാച്ചുറൽ ജസ്റ്റിസ്’ പോലും നിഷേധിക്കുന്ന നാഭാ ഭരണകൂടത്തിന്റെ രീതിയെ തുറന്നെതിർക്കുകയാണ് വാസ്തവത്തിൽ അദ്ദേഹം ചെയ്തത്.

ഒടുവിൽ, രണ്ടു കേസുകളും ചേർത്ത് 30 മാസത്തെ ശിക്ഷയാണ് വിധിച്ചത്. നേരത്തെ ആരോ തയ്യാറാക്കി വെച്ച വിധിന്യായം നിസ്സഹായനായ ന്യായാധിപൻ വെറുതെ വായിക്കുകയായിരുന്നു. ഉറുദുവിലുള്ള വിധിയുടെ കോപ്പി നെഹ്‌റുവിന് നല്കിയില്ല. പക്ഷേ, അന്ന് വൈകുന്നേരം, ഒരു എക്സിക്യൂട്ടീവ് ഓർഡറിലൂടെ ആ വിധി റദ്ദ് ചെയ്യുകയും രാത്രി തന്നെ അവരെ തിരികെ അയക്കുകയും ചെയ്തു. ആ എക്സിക്യൂട്ടീവ് ഓർഡറിന്റെ കോപ്പിയും പല തവണ ആവശ്യപ്പെട്ടിട്ടും നെഹ്‌റുവിനും സുഹൃത്തുക്കൾക്കും കാണിച്ചുകൊടുത്തില്ല.

പിന്നീട് ആറേഴു മാസം കഴിഞ്ഞ് ഗിദ്വാനി ഒരു പരിപാടിയിൽ പങ്കെടുക്കാൻ നാഭയിൽ എത്തിയപ്പോൾ, പഴയ കേസിന്റെ പേരിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. അത് ചോദ്യം ചെയ്തുകൊണ്ട് നെഹ്‌റു കത്തെഴുതിയപ്പോൾ, ‘വിധി റദ്ദാക്കിയിട്ടില്ല, സസ്പെൻഡ് ചെയ്യുക മാത്രമായിരുന്നു, നാഭയിൽ പ്രവേശിച്ചാൽ ആ വിധി വീണ്ടും സാധുവാകും' എന്നാണ് ജോൺസ്റ്റൺ അറിയിച്ചത്. വിധിയുടെ പകർപ്പും, റദ്ദ് ചെയ്ത ഓർഡറിന്റെ പകർപ്പും ജവാഹർലാൽ വീണ്ടും ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല.

ഈ കൊടിയ അനീതിക്ക് എതിരെ പൊരുതാൻ നാഭയിൽ പോകണമെന്ന് ആഗ്രഹിച്ചുവെങ്കിലും ഗാന്ധിജി അടക്കമുള്ള അഭ്യുദയകാംക്ഷികൾ അത് എടുത്തുചാട്ടം ആണെന്ന് പറഞ്ഞ് അദ്ദേഹത്തെ പിന്തിരിപ്പിച്ചു (1924 സെപ്റ്റംബർ 6 നു ഗാന്ധിജി അയച്ച കത്ത്, collected works,volume 25). ആ ഉപദേശം അനുസരിച്ചുവെങ്കിലും ‘വിവേകത്തിന് മുന്നിൽ സാഹസികത’ വഴിമാറി എന്ന് ഒട്ടൊരു കുറ്റബോധത്തോടെ അദ്ദേഹം ആത്മകഥയിൽ കുറിച്ചു. അദ്ദേഹത്തിന്റെ ആ സത്യസന്ധതയെയും ആത്മനിന്ദയേയും ആണ് ഇന്ന് പലരും പരിഹസിക്കുന്നത്.

എന്തിനാണ് ഒരു എക്സിക്യൂട്ടീവ് ഓർഡറിലൂടെ പെട്ടെന്ന് വിട്ടയച്ചത് എന്ന് സംശയിക്കുന്നത് സ്വാഭാവികമാണ്. പ്രഥമദൃഷ്ട്യാ നിലനിൽക്കാത്ത ഫാബ്രിക്കേറ്റഡായ ഒരു കേസിൽ നെഹ്‌റുവിനെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കുന്നത് അനാവശ്യ ദേശീയശ്രദ്ധ ഉണ്ടാക്കാനെ ഇടയാക്കുകയുളളൂ എന്ന തിരിച്ചറിവാണു പ്രധാന കാരണം. അന്നത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഒലിവിയർ പ്രഭു, വൈസ്രോയ് ആയ റീഡിങ് പ്രഭുവിന് അയച്ച കത്തിൽ നാഭയിലെ സാഹചര്യം ശരിയായി കൈകാര്യം ചെയ്തില്ല എന്ന് വിലയിരുത്തുന്നുണ്ട് (Reading Papers,20 മാർച്ച്, 1924. vol.7). മാത്രമല്ല, നെഹ്‌റുവിന് നല്കിയ ഇളവ് പ്രാദേശിക സിഖുകാർക്കു നൽകാത്തതുകൊണ്ട് അകാലികൾ കോൺഗ്രസിൽ നിന്നും അകലുമെന്നും അവർ കരുതി.

പക്ഷേ സംഭവിച്ചത് നേരെ തിരിച്ചാണ്. ഈ സംഭവം ശാരീരികമായും മാനസികമായും നെഹ്‌റുവിനെ ബാധിച്ചുവെങ്കിലും, സിഖ് സമൂഹവുമായി അഭേദ്യമായ ബന്ധം ഉണ്ടാക്കുവാന്‍ അത് സഹായിച്ചു. അദ്ദേഹം നാഭയിലെ മർദ്ദക ഭരണത്തെക്കുറിച്ചും ദുർബലമായ നീതിന്യായ വ്യവസ്ഥയെക്കുറിച്ചും ധാരാളം എഴുതി. അതോടെ അകാലികളുടെ പ്രശ്നം ദേശീയശ്രദ്ധ നേടി. എഐസിസി അദ്ദേഹത്തിന് പഞ്ചാബിന്റെ ചുമതല നൽകി. ഈ സംഭവത്തിന് ശേഷമാണ് നാട്ടുരാജ്യങ്ങളുടെ രാഷ്ട്രീയ പരിഷ്ക്കരണത്തിൽ കോൺഗ്രസ്സ് കൂടുതൽ ഇടപെടാൻ തുടങ്ങിയത്.

ചുരുക്കത്തിൽ, ഒളിക്കാനും നാണിക്കാനും ഒന്നുമില്ലാത്ത ഒരു ചരിത്ര വസ്തുതയാണ് നാഭാ ജയിലിലെ അന്യായമായ തടവ്. ഫോട്ടോഷോപ്പ് ചരിത്രകാരന്മാരുടെ നുണപ്രചരണത്തിൽ ഒലിച്ചുപോകാത്ത വിധം അത് ചരിത്രത്തിൽ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.

പൂർണ്ണിമ ഇന്ദ്രജിത്ത് - ഹക്കീം ഷാ ചിത്രം 'ഒരു കട്ടിൽ ഒരു മുറി' ; പുതിയ റിലീസ് തീയതി പുറത്തുവിട്ടു

'വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിൽ' ; ഒരു ദിവസം നടക്കുന്ന ഫൺ മൂവി ആണ് മന്ദാകിനിയെന്ന് അൽത്താഫ് സലിം

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

SCROLL FOR NEXT