

അഞ്ജന ടാക്കീസിൻ്റെ ബാനറിൽ അഞ്ജന ഫിലിപ്പ് നിർമിച്ച് സന്തോഷ് കോട്ടായി സഹ നിർമാണം നിർവഹിച്ച് സജിൻ ബാബു സംവിധാനം ചെയ്ത 'തീയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി' വിജയകരമായി പ്രദർശനം തുടരുന്നു. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ നേടിയാണ് സിനിമ പ്രദർശനം തുടരുന്നത്. റിമ കല്ലിങ്കലാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനും സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകനുമായ സൂര്യാ കൃഷ്ണമൂർത്തി ചിത്രത്തെ പ്രശംസിച്ചിരുന്നു.“ശാസ്ത്രം, പുരാണം, വിശ്വാസം എന്നിവ അത്യന്തം ആത്മാർഥമായി ഇഴചേർന്നിരിക്കുന്ന അത്ഭുതചിത്രമാണ് ‘തീയേറ്റർ’. സംവിധായകൻ സജിൻ ബാബു മനുഷ്യഭാവങ്ങളുടെ സത്യസന്ധമായ ഒരു ഭാഷാരൂപമാണ് തീയേറ്ററിൽ കാഴ്ച്ച വെച്ചിരിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റിമ കല്ലിങ്കലിന് പകരം മറ്റാരെയും ഈ വേഷത്തിൽ ചിന്തിക്കാൻ സാധിക്കില്ല. അത്രയും മികച്ച രീതിയിൽ ആണ് അവരുടെ പ്രകടനം. അപ്പു ഭട്ടതിരിയുടെ കവിതാസുലഭമായ എഡിറ്റിങും ശ്യാമപ്രകാശിന്റെ മികച്ച ഛായാഗ്രഹണവും, സെയീദ് അബ്ബാസിന്റെ മനോഹരമായ സംഗീതവും ഈ സിനിമയെ കൂടുതൽ ശക്തമാക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
48-ാമത് കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച നടിക്കുള്ള അവാർഡ്, പ്രത്യേക ജൂറി അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ അംഗീകാരങ്ങൾ ഇതിനകം 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി'ക്ക് ലഭിച്ചിട്ടുണ്ട്. ടൈം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സിനിവി-സിഎച്ച്ഡി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.