

തന്റെ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രചോദനമായത് തന്റെ സഹോദരിമാർ എന്ന് മാരി സെൽവരാജ്. ചെറിയ പ്രായം മുതൽ പല തരം ജോലികൾ ചെയ്ത് കുടുംബത്തെ നോക്കിയവരാണ് അവർ. താൻ ഒരു സംവിധായകനായതിന് പിന്നിലും തന്റെ സഹോദരിയാണെന്ന് മാരി സെൽവരാജ് പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മാരി സെൽവരാജിന്റെ പ്രതികരണം.
മാരി സെൽവരാജിന്റെ വാക്കുകൾ:
സ്ത്രീ കഥാപാത്രങ്ങളെ എഴുതുന്നതിന് പ്രചോദനമായത് എന്റെ സഹോദരിമാരാണ്. അതിൽ ഒരാൾ മരിച്ചുപോയി. ചെറിയ പ്രായത്തിൽ തന്നെ കൂലിവേലയ്‌ക്കെല്ലാം പോയി കുടുംബത്തെ നോക്കിയിരുന്നു അവർ. ചെറിയ പ്രായത്തിൽ തന്നെ കൂലിവേലയ്‌ക്കെല്ലാം പോയിരുന്നതിനാൽ സമൂഹത്തെ ഭയപ്പെടാതെ പൊരുതി ജീവിക്കുന്നവരായിരുന്നു അവർ. എന്റെ മൂത്ത ചേച്ചി ഇപ്പോൾ എസ്.ബി.ഐ.യിലെ ജീവനക്കാരി ആണിപ്പോൾ. പെണ്ണ് ആയതിനാൽ മിണ്ടാതെയിരിക്കണം എന്ന കാഴ്ചപ്പാട് ആയിരുന്നില്ല എന്റെ വീട്ടിൽ. അത് തന്നെയാണ് എന്റെ സിനിമയിലും ഞാൻ ഉൾപ്പെടുത്തിയിട്ടുള്ളത്. അവർക്ക് ആ കഥകളിൽ വലിയ പ്രാധാന്യമുണ്ടാകും.
എന്റെ ചേച്ചിമാർ ഫൈറ്റ് ചെയ്യും, നമ്മൾ എന്തെങ്കിലും തെറ്റ് ചെയ്യുമ്പോൾ ഏറ്റവും അധികം പേടിച്ചിരുന്നത് അവരെയാണ്. അച്ഛനെയും ചേട്ടനെയും പറ്റിക്കാൻ പറ്റും. എന്നാൽ ചേച്ചിമാരെ പറ്റിക്കാൻ പറ്റില്ല, ഞാൻ പിടിക്കപ്പെടും. എന്നാൽ എന്നെ ഏറ്റവും അധികം സ്നേഹിക്കുന്നതും അവർ തന്നെയാണ്.
എന്റെ ചേച്ചിമാർ മാത്രമല്ല, എന്റെ നാട്ടിൽ കണ്ടിട്ടുള്ള ഒരുപാട് സ്ത്രീകൾ എന്റെ കഥാപാത്രങ്ങൾക്ക് പ്രചോദനമായിട്ടുണ്ട്. നമ്മൾ സിനിമകളിൽ കണ്ടിരുന്ന സ്ത്രീ കഥാപാത്രങ്ങളെ പോലെയല്ല, രാവിലെ എഴുന്നേറ്റ്, ജോലിക്ക് പോകുന്ന, പുരുഷന്മാർക്കൊപ്പം നിൽക്കുന്ന സ്ത്രീകൾ ആണവർ. അവരൊക്ക എനിക്ക് പ്രചോദനമായിട്ടുണ്ട്.
ഞാൻ ഒരു സംവിധായകൻ ആയിട്ടുണ്ടെങ്കിൽ അതിന് കാരണമായത് എന്റെ സഹോദരിയാണ്. 'ചെന്നൈയിൽ പോയി സിനിമ ചെയ്യൂ' എന്ന് പറഞ്ഞത് ചേച്ചിയാണ്. അത് എന്റെ മനസ്സിലുണ്ട്. അതിനാൽ പ്രണയിക്കുന്നതിന് വേണ്ടി മാത്രം ഒരു സ്ത്രീ കഥാപാത്രം വരുന്നതായി എഴുതാൻ എനിക്ക് സാധിക്കില്ല. എന്റെ യാത്രയിൽ ഞാൻ കണ്ടതെല്ലാം ശക്തരായ സ്ത്രീകളെയാണ്.