

'മാർക്കോ' നിർമ്മാതാക്കളായ ക്യൂബ്സ് എന്റർടെയ്ൻമെന്റസിനൊപ്പം ചിത്രം ചെയ്യാൻ ഒരുങ്ങി മമ്മൂട്ടി. നിർമ്മാതാവ് ഷെരീഫ് മുഹമ്മദ് തന്നെയാണ് ഈ വമ്പൻ അനൗൺസ്‌മെന്റ് സോഷ്യൽ മീഡിയയിലൂടെ നടത്തിയത്. മമ്മൂട്ടിയുടെ ഒരു സ്റ്റൈലിഷ് ചിത്രത്തിനൊപ്പമാണ് ഈ പ്രഖ്യാപനം. ആരാധകരും സിനിമാപ്രേമികളും ഒരുപോലെ ആവേശത്തോടെയാണ് ഈ അനൗൺസ്‌മെന്റ് ഏറ്റെടുത്തിരിക്കുന്നത്.
കാട്ടാളൻ എന്ന സിനിമയുടെ വർക്കുകളിലാണ് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് ഇപ്പോൾ. ആന്റണി വർഗീസ് നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് അടുത്തിടെ തായ്‌ലൻഡിൽ തുടക്കം കുറിച്ചിരുന്നു. പിന്നാലെ സിനിമയുടെ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിനിടയിൽ ആന്റണി വർഗീസിന് പരിക്കേറ്റതും വാർത്തകളിൽ ഇടം നേടിയിരുന്നു.
മമ്മൂട്ടി ഇപ്പോൾ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയറ്റ് എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ്. ഏറെ വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുമുണ്ട്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്.