അഭിപ്രായങ്ങളുടെ വൈവിധ്യവും അവയെ പരിഗണിക്കുന്നതുമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം എന്ന് വിശേഷിപ്പിക്കപ്പെടാറുള്ളത്. എന്നാല്‍ ചില അവസരങ്ങളില്‍ ആ വൈവിധ്യം എന്നത് ഭിന്നതയായി മാറുകയും ഭിന്നത കൂട്ടുകെട്ടുകളില്‍ വിള്ളലുകള്‍ക്ക് കാരണമാകുകയും ചെയ്യാറുണ്ടെന്നതും വാസ്തവമാണ്. ഡല്‍ഹി തെരഞ്ഞെടുപ്പിനെ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും നേരിട്ടത് അത്തരമൊരു രീതിയിലാണ്. ഇന്ത്യാ സഖ്യത്തില്‍ അതുണ്ടാക്കുന്ന ചലനങ്ങള്‍ നമുക്ക് മുന്നില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. വോട്ടെണ്ണല്‍ കഴിഞ്ഞു, ആംആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്തും സീറ്റൊന്നും കിട്ടാതെ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കും തള്ളപ്പെട്ടു കഴിഞ്ഞു. നിര്‍ണ്ണായകമായ ഒരു തെരഞ്ഞെടുപ്പിനെ ഇത്തരത്തില്‍ ഉത്തരവാദിത്തമില്ലാതെ നേരിട്ടതിനെതിരെ ഇന്ത്യാ സഖ്യത്തിലെ മറ്റു കക്ഷികളുടെ നേതാക്കള്‍ ഇരു പാര്‍ട്ടികളെയും വിമര്‍ശനം അറിയിച്ചുകൊണ്ടിരിക്കുന്നു. ഇനിയും യുദ്ധം തുടര്‍ന്നുകൊള്ളൂ എന്നാണ് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചത്. 27 വര്‍ഷത്തിന് ശേഷം ബിജെപിക്ക് തിരിച്ചു വരാനുള്ള അവസരം നല്‍കിക്കൊണ്ട് ഇന്ത്യാ സഖ്യത്തിലെ പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസും ആംആദ്മിയും ഡല്‍ഹി നഷ്ടപ്പെടുത്തിയത് എന്തിനായിരിക്കും? ഒറ്റയ്ക്ക് മത്സരിച്ച് വീണ്ടും അധികാരത്തില്‍ എത്താമെന്ന അമിത ആത്മവിശ്വാസമായിരിക്കുമോ അതോ രാഷ്ട്രീയ സഖ്യത്തിന്റെ ഹിതത്തിനായി മാറ്റിവെച്ച പരസ്പര വൈരത്തിന്റെ എലമെന്റ് എടുത്ത് പ്രതികാരം നിര്‍വഹിച്ചതോ?
രണ്ടായാലും പരസ്പരം പോരടിച്ചപ്പോള്‍ സഖ്യത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ണ്ണമായും ബലികഴിക്കപ്പെടുകയും ഇരു കൂട്ടര്‍ക്കും നേട്ടമൊന്നും ഇല്ലാതെ വരികയും ചെയ്തുവെന്നതാണ് വസ്തുത. ഒരിടത്തു പോലും വിജയിക്കാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസ് നേടിയ വോട്ടുകള്‍ പലയിടങ്ങളിലും ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിന് കാരണമായി. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച അരവിന്ദ് കെജ്രിവാള്‍ 4089 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ പര്‍വേഷ് സാഹിബ് സിംഗിനോട് പരാജയപ്പെട്ടത്. ഈ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സന്ദീപ് ദീക്ഷിത് 4568 വോട്ടുകള്‍ നേടി. ജംഗ്പുര മണ്ഡലത്തില്‍ മത്സരിച്ച മനീഷ് സിസോദിയ ബിജെപി സ്ഥാനാര്‍ത്ഥിയായ തര്‍വീന്ദര്‍ സിംഗ് മര്‍വായോട് വെറും 675 വോട്ടുകള്‍ക്ക് പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഫര്‍ഹദ് സൂരി 7350 വോട്ടുകള്‍ സ്വന്തം അക്കൗണ്ടിലെത്തിച്ചു. ആം ആദ്മി പരാജയപ്പെട്ട മറ്റു മണ്ഡലങ്ങളിലെല്ലാം തന്നെ കോണ്‍ഗ്രസ് വോട്ടുകളാണ് നിര്‍ണ്ണായകമായത്. അതായത് സഖ്യമായി മത്സരിച്ചിരുന്നെങ്കില്‍ ലഭിക്കേണ്ടിയിരുന്ന വോട്ടുകള്‍ പാര്‍ട്ടികളായി മത്സരിച്ചപ്പോള്‍ ഭിന്നിച്ചു പോയിരിക്കുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ആം ആദ്മിയും ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും ഒരുമിച്ചായിരുന്നു മത്സരിച്ചത്. എന്നാല്‍ എല്ലായിടത്തും ബിജെപി വിജയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന് ഇല്ല എന്ന് അന്നുതന്നെ ആംആദ്മി പ്രഖ്യാപിച്ചു. അന്ന് തുടങ്ങിയ ഭിന്നത നിയമസഭാ തെരഞ്ഞെടുപ്പില്‍ അടപടലം ഇല്ലാതാകുന്നതുവരെ കൊണ്ടെത്തിച്ചിരിക്കുന്നു. ആം ആദ്മിയുടെ വോട്ട് വിഹിതത്തില്‍ ഇടിവുണ്ടായപ്പോള്‍ വോട്ടുവിഹിതത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് മേനി പറയുന്നുണ്ട്. 43.77 ശതമാനമായാണ് ആംആദ്മിയുടെ വോട്ടു വിഹിതം കുറഞ്ഞത്. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 6.36 ശതമാനമായി ഉയര്‍ന്നു. വളരെ നാമമാത്രമായ ഈ വര്‍ദ്ധനവിനെ പക്ഷേ, കോണ്‍ഗ്രസ് വളരെ ആത്മവിശ്വാസത്തോടെയാണ് കാണുന്നത്. ഡല്‍ഹിയിലും പഞ്ചാബിലും തങ്ങളെ അധികാരത്തില്‍ നിന്ന് പുറത്തിരുത്തിയ ആംആദ്മിക്കെതിരെ പടനയിച്ച കോണ്‍ഗ്രസിന് പക്ഷേ വോട്ടുവിഹിതത്തില്‍ നേടിയ നാമമാത്രമായ വര്‍ദ്ധനയ്ക്ക് അപ്പുറം മറ്റൊന്നും നേടാനായിട്ടില്ല. അക്കാര്യം എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ അംഗീകരിക്കുന്നുണ്ട്. 2030ല്‍ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ അധികാരത്തിലെത്തുമെന്നാണ് ജയ്‌റാം രമേശിന്റെ ആത്മവിശ്വാസം.
മൂന്ന് തെരഞ്ഞെടുപ്പുകളിലായി ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് ഇനിയും ഒറ്റയ്ക്ക് ഉയര്‍ന്നു വരാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടാകുന്നത് എവിടെനിന്ന് എന്ന ചോദ്യം ബാക്കിയാണ്.
ആം ആദ്മി പാര്‍ട്ടിയുടെ വോട്ട് വിഹിതം
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആംആദ്മിയുടെ വോട്ട് വിഹിതത്തില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നുണ്ട്. 48 സീറ്റുകളില്‍ വിജയിച്ച് ഭരണത്തില്‍ എത്തിയെങ്കിലും ബിജെപിക്ക് 45.56 ശതമാനം വോട്ട് വിഹിതം മാത്രമേ നേടാനായുള്ളു. ആംആദ്മിക്ക് 43.57 ശതമാനം വോട്ടുകള്‍ ലഭിച്ചു. 62 സീറ്റുകളുമായി ഭരിച്ചുകൊണ്ടിരുന്നയിടത്തു നിന്ന് 22 സീറ്റുകളിലേക്ക് ചുരുങ്ങുമ്പോള്‍ അത് സ്വാഭാവികം മാത്രം. മുസ്ലീം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ ആംആദ്മിക്ക് 2020ലെ വോട്ട് കണക്കുകളെ അപേക്ഷിച്ച് വോട്ട് വിഹിതം ഇടിഞ്ഞിട്ടുണ്ട്. അത് പക്ഷേ ബിജെപിയുടെ സ്വാധീനത്താല്‍ അല്ലെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം പാര്‍ട്ടിയിലേക്കും കോണ്‍ഗ്രസിലേക്കുമാണ് ആ വോട്ടുകള്‍ കേന്ദ്രീകരിക്കപ്പെട്ടത്. 25 ശതമാനം മുസ്ലീം വോട്ടര്‍മാരുള്ള മണ്ഡലങ്ങളില്‍ 2020ല്‍ 60.8 ശതമാനം വോട്ടുകള്‍ ആം ആദ്മിക്ക് കിട്ടിയപ്പോള്‍ ഈ വര്‍ഷം അത് 51 ശതമാനമായി കുറഞ്ഞു. 10 മുതല്‍ 25 ശതമാനം വരെ മുസ്ലീം വോട്ടര്‍മാരുള്ള മണ്ഡലങ്ങളില്‍ 52.5 ശതമാനം ലഭിച്ചത് 45.2 ശതമാനമായി കുറഞ്ഞു. 10 ശതമാനത്തില്‍ താഴെ മുസ്ലീം വോട്ടര്‍മാരുള്ളയിടങ്ങളില്‍ ലഭിച്ച 42.4 ശതമാനം 52.7 ശതമാനമായും കുറഞ്ഞിട്ടുണ്ട്. 25 ശതമാനത്തിലേറെ മുസ്ലീം വോട്ടുകളുള്ള മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ട് വിഹിതത്തിലും ഇടിവാണ് രേഖപ്പെടുത്തുന്നത്. അതായത് ആംആദ്മിക്ക് ലഭിച്ചിരുന്ന വോട്ടുകള്‍ ബിജെപിയിലേക്കല്ല മാറിയിരിക്കുന്നതെന്ന് വ്യക്തം. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 4.26 ശതമാനത്തില്‍ നിന്നാണ് 6.36 ശതമാനമായി വര്‍ദ്ധിച്ചത്. എന്നാല്‍ മൂന്നാം തവണയും ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയാത്ത ദയനീയ സ്ഥിതിയിലാണ് കോണ്‍ഗ്രസ് എന്നതും ശ്രദ്ധേയമാണ്.
അത്രയും മോശം അവസ്ഥയില്‍ ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാമെന്ന് കോണ്‍ഗ്രസ് വിചാരിച്ചുവെന്ന് കരുതേണ്ടതില്ല. പകരം, ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം തള്ളിപ്പറഞ്ഞ, മുന്‍പ് ഡല്‍ഹിയിലും പിന്നീട് പഞ്ചാബിലും തങ്ങളെ അധികാരത്തില്‍ നിന്ന് പുറത്തിരുത്തിയ ആം ആദ്മിയെ ഒതുക്കാനുള്ള ഒരു അവസരമായി കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പിനെ കണ്ടു എന്ന് വേണം മനസിലാക്കാന്‍.
അഴിമതിയാരോപണങ്ങളില്‍ കുടുങ്ങിയ ആംആദ്മിക്ക് ലഭിക്കാതെ പോകുന്ന വോട്ടുകള്‍ കിട്ടുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടി. ഒരു പരിധി വരെ അത് ലഭിക്കുകയും ചെയ്തു. എന്നാല്‍ ഡല്‍ഹിയുടെ മിഡില്‍ ക്ലാസ് വോട്ടര്‍മാര്‍ക്കിടയില്‍ ആംആദ്മി പാര്‍ട്ടിക്കുള്ള സ്വാധീനം അത്രയെളുപ്പത്തില്‍ ഇല്ലാതാകുന്നതല്ലെന്ന് തെരഞ്ഞെടുപ്പുഫലം വിളിച്ചു പറയുന്നുണ്ട്. പ്രതിപക്ഷ സ്ഥാനത്ത് അവരുണ്ടാകും. കോണ്‍ഗ്രസിന് ഒരംഗത്തെപ്പോലും വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചിട്ടുമില്ല. ഒരുമിച്ച് നില്‍ക്കേണ്ടിയിടത്ത് ഭിന്നിച്ചു നിന്നതാണ് ഡല്‍ഹിയില്‍ ബിജെപിയെ അധികാരത്തില്‍ എത്തിച്ചതെന്ന് ഈ കണക്കുകള്‍ പറഞ്ഞുതരും.
കോണ്‍ഗ്രസ് വിരുദ്ധത എന്ന ആശയവുമായാണ് ആം ആദ്മി പാര്‍ട്ടിയും നേതാവ് അരവിന്ദ് കെജ്രിവാളും ഉയര്‍ന്നു വന്നത്. രണ്ടാം യുപിഎ സര്‍ക്കാരിനെതിരെ അന്നാ ഹസാരെ നയിച്ച സമരം അപ്പര്‍ മിഡില്‍ ക്ലാസിനുള്ളില്‍ ഉറങ്ങിക്കിടന്ന അരാഷ്ട്രീയതയെ ഉയര്‍ത്തിവിട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അതിനെ ബിജെപി ഫലപ്രദമായി ഉപയോഗിക്കുകയും ഭരണത്തില്‍ എത്തുകയും ചെയ്തു. ഡല്‍ഹിയിലെ അരാഷ്ട്രീയ മധ്യവര്‍ഗ്ഗത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതില്‍ വിജയിച്ചത് കെജ്രിവാളാണ്. മാരുതി കാറിലെ യാത്രയും സാധാരണക്കാരന്റെ വേഷവുമൊക്കെ അതിനായി കെജ്രിവാള്‍ ഉപയോഗിച്ചു. പാര്‍ട്ടിക്ക് ഒരു വ്യക്തമായ പ്രത്യയശാസ്ത്ര അടിത്തറയുണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ ഇല്ലയെന്നതാണ് ഉത്തരം. കോണ്‍ഗ്രസിനെ തറപറ്റിക്കുക എന്നത് മാത്രമായിരുന്നു അതിന്റെ ഉദ്ദേശ്യലക്ഷ്യം. ഷീല ദീക്ഷിതിനെ പുറത്താക്കിക്കൊണ്ട് കെജ്രിവാള്‍ അധികാരത്തിലെത്തി. ജനങ്ങള്‍ക്ക് നല്‍കാവുന്നതിന്റെ പരമാവധി സൗജന്യങ്ങള്‍ അനുവദിച്ചുകൊണ്ട് മുന്‍ സര്‍ക്കാരുകള്‍ ചെയ്തുവന്നിരുന്ന കാര്യങ്ങള്‍ ജനവിരുദ്ധമാണെന്ന അഭിപ്രായ രൂപീകരണം നടത്തി. അതിനുമപ്പുറം കോണ്‍ഗ്രസിനെക്കാള്‍ ഏറെ എന്നാല്‍ ബിജെപിക്ക് തൊട്ടുതാഴെയെന്ന മട്ടില്‍ ഹിന്ദുത്വ അനുകൂല നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തു. പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവുമൊക്കെ പാര്‍ട്ടി നീങ്ങുന്നത് പ്രാഥമികമായി അവതരിപ്പിക്കപ്പെട്ട നിലപാടുകള്‍ക്കെതിരായാണെന്ന് കണ്ടറിഞ്ഞുകൊണ്ടായിരുന്നു. രാജ്യം ഭരിച്ചിട്ടും തലസ്ഥാനം മാത്രം ഭരിക്കാന്‍ കഴിയാതിരുന്ന ബിജെപി അതിനായി നടപ്പാക്കിയ തന്ത്രങ്ങളെ എതിര്‍ക്കുന്നതിനായാണ് കെജ്രിവാള്‍ പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാകാന്‍ തയ്യാറാകുന്നത്.
പഞ്ചാബിലും ഹരിയാനയിലും ആംആദ്മിക്ക് കോണ്‍ഗ്രസാണ് പ്രധാന ശത്രു. നിലപാടുകള്‍ കൊണ്ട് ബിജെപിയുടെ ബി ടീം എന്ന പേര് കേള്‍പ്പിക്കാനും ആം ആദിമിക്ക് കഴിഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് മത്സരിച്ചെങ്കിലും പരാജയത്തിന് ശേഷം അവരെ തള്ളിപ്പറയാന്‍ ആംആദ്മിയുടെ സിരകളില്‍ ഓടുന്ന കോണ്‍ഗ്രസ് വിരുദ്ധ രക്തത്തിന് ഒരു നിമിഷം പോലും ആലോചിക്കേണ്ടതായി വന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആംആദ്മി നേതാക്കള്‍ അഴിമതിയാരോപണങ്ങളില്‍ കുരുങ്ങി ജയിലില്‍ ആയതോടെ അത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുമെന്ന് ആ പാര്‍ട്ടിയും നേതാക്കളും ചിന്തിക്കേണ്ടതായിരുന്നു. കോണ്‍ഗ്രസും ആ വിധത്തില്‍ ചിന്തിച്ചില്ല എന്നതാണ് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാമെന്ന തീരുമാനത്തില്‍ നിന്ന് മനസിലാക്കാനാകുക.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ട് വിഹിതത്തില്‍ നേരിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട് എന്നത് അടുത്ത തെരഞ്ഞെടുപ്പില്‍, അതായത് 5 വര്‍ഷത്തിന് ശേഷം നിര്‍ണ്ണായകമായി മാറാനുള്ള സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് തന്നെയാണ് മറുപടി പറയേണ്ടത്.
അന്ന് അധികാരത്തില്‍ എത്താമെന്ന പ്രതീക്ഷയ്ക്ക് അടിസ്ഥാനമുണ്ടോ എന്നതും അവര്‍ വിശദീകരിക്കണം. നിലവിലെ സാഹചര്യത്തില്‍ ഒരു മികച്ച നേതാവിനെ ഉയര്‍ത്തിക്കാട്ടാന്‍ പോലും ആ രാഷ്ട്രീയ പാര്‍ട്ടിക്ക് സാധിക്കുന്നില്ല. പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിനായി ഇന്ത്യാ സഖ്യം എന്ന ആശയത്തിനൊപ്പം തുടക്കം മുതലുണ്ടായിരുന്ന രാഹുല്‍ ഗാന്ധി പോലും ഡല്‍ഹിയില്‍ കെജ്രിവാളിനെ തള്ളിപ്പറഞ്ഞു. കെജ്രിവാളാകട്ടെ, കോണ്‍ഗ്രസിനെ ഇല്ലാതാക്കിയെന്ന ദൗത്യം പൂര്‍ത്തിയാക്കി പുറത്തേക്ക് എത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ ഇന്ത്യാ സഖ്യത്തിലെ മറ്റു കക്ഷികള്‍ കോണ്‍ഗ്രസിനെയാണ് കുറ്റപ്പെടുത്തുന്നത്. ഇനി ബിഹാറിലും ബംഗാളിലും കോണ്‍ഗ്രസ് സമാന നിലപാടെടുക്കുമോ എന്ന സംശയമാണ് ഘടകകക്ഷികള്‍ക്കുള്ളത്. ഇന്ത്യാ മുന്നണി ഡല്‍ഹിയില്‍ ഒരുമിച്ച് നില്‍ക്കാതിരുന്നത് നിര്‍ഭാഗ്യകരമായിപ്പോയി എന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസിനെതിരെയുള്ള പരോക്ഷമായ വിമര്‍ശനമായാണ് പറയുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ സന്തോഷിക്കുന്നവര്‍ ഏറെയാണ്. ശത്രുവായിരുന്ന ആം ആദ്മിയുടെ പരാജയത്തിലാണ് അവര്‍ സന്തോഷിക്കുന്നത്. കോണ്‍ഗ്രസ് രക്ഷപ്പെട്ടില്ല എന്നതില്‍ ആംആദിക്കാരും സന്തോഷിക്കും. എന്നാല്‍ ഇത്തരം സ്ട്രാറ്റജികള്‍ ആത്യന്തികമായി കുഴപ്പമുണ്ടാക്കുക ഇന്ത്യാ സഖ്യം എന്ന വിശാലമായ ആശയത്തിനായിരിക്കുമെന്ന് തിരിച്ചറിയേണ്ടതും അവര്‍ തന്നെയാണ്.