Opinion

കേന്ദ്രത്തിന്റെ 'വായ്പാ സഹായം'; കേരളത്തോടുള്ള കടന്നാക്രമണം, ഫെഡറല്‍ നീതി നിഷേധം

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ രാജ്യത്ത് രേഖപ്പെടുത്തപ്പെട്ട ഏറ്റവും വലിയ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമായിരുന്നു. ഇതിന് മുന്‍പ് റെക്കോര്‍ഡ് ചെയ്യപ്പെട്ട ഏറ്റവും വലിയ ഉരുൾ ഒഴുക്കിൻ്റെ ( Debris flow) ഏതാണ്ട് ഇരട്ടിയാണ് മുണ്ടക്കൈയില്‍ സംഭവിച്ചത്. കേരളത്തിന് ഒട്ടും പരിചിതമായിട്ടുള്ള ഒരു ദുരന്തമല്ല സംഭവിച്ചത്. രണ്ട് ഗ്രാമങ്ങള്‍, അവിടുത്തെ മനുഷ്യര്‍ അപ്പാടെ ദുരന്തത്തിന് വിധേയമാകുക, 300ല്‍ അധികം പേര്‍ മരിക്കുക, കുറേപ്പേരെ കാണാതാകുക. രണ്ട് ഗ്രാമങ്ങളെയും അവിടുത്തെ സകല പൊതുസംവിധാനങ്ങളെയും പുതുതാക്കി നിര്‍മിക്കേണ്ട വിധത്തിലുള്ള ഒരു ദുരന്തം നമ്മള്‍ കണ്ടിട്ടില്ല. 2018ലെ പ്രളയത്തിന്റെ അന്തരീക്ഷം തീവ്രമായിരുന്നു, പക്ഷേ അതിനേക്കാള്‍ തീവ്രമായിട്ടുള്ള ദുരന്തമാണ് ഇവിടെ സംഭവിച്ചത്. അക്കാര്യം യൂണിയന്‍ സര്‍ക്കാരിന് ഒടുവില്‍ അംഗീകരിക്കേണ്ടി വന്നു. പദപ്രയോഗങ്ങള്‍ക്ക് അകത്തുള്ള തര്‍ക്കങ്ങള്‍ക്ക് അപ്പുറം മറ്റൊരു സാഹചര്യമില്ലെന്ന് പിന്നീട് എല്ലാവരും മനസിലാക്കി. അത് ലെവല്‍ 3 ഡിസാസ്റ്ററാണ്. ഡിസാസ്റ്റര്‍ ഓഫ് എ സിവിയര്‍ നേച്ചര്‍ ആണ് എന്നത് അംഗീകരിക്കേണ്ടി വന്നു.

ദുരന്ത നിവാരണം, അഥവാ ദുരന്തത്തെ മാനേജ് ചെയ്യുന്നതിന് സഹായം എങ്ങനെയാണ് എന്നുള്ളതാണ് ഇപ്പോഴത്തെ ഒരു പ്രധാനപ്പെട്ട ചര്‍ച്ച.

ഇത് വളരെ പ്രധാനപ്പെട്ട വിഷയമായാണ് ധനകാര്യ കമ്മീഷന്‍ തന്നെ കാണുന്നത്. 15-ാം ധനകാര്യ കമ്മീഷന്റെ കാലമാണല്ലോ 2021 മുതല്‍ 2026 വരെ. 15-ാം ധനകാര്യ കമ്മീഷന്റെ റിപ്പോര്‍ട്ട് എടുത്ത് നോക്കിയാല്‍, പല ഭാഗങ്ങളുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ പേജുകളുള്ള ഭാഗം ഡിസാസ്റ്റര്‍ ഫിനാന്‍സിംഗിനെക്കുറിച്ചുള്ള ഭാഗമാണ്. ഒരുപാട് പഠനങ്ങള്‍ സ്വമേധയാ നടത്തി ആ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് ചേര്‍ത്തിട്ടുള്ളത്. ദുരന്തം ഒരു അസാധാരണ സാഹചര്യമാണ്. ആ അസാധാരണ സാഹചര്യം മാനേജ് ചെയ്യേണ്ടത് അതാത് സംസ്ഥാന സര്‍ക്കാരുകളാണ്. അതേസമയം അതിനുള്ള ധനം എത്തിക്കേണ്ടത് യൂണിയന്‍ സര്‍ക്കാരാണ് എന്നാണ് ധനകാര്യ കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കിയിരിക്കുന്നത്. കൂടുതല്‍ റിസോഴ്‌സ് കേന്ദ്ര സര്‍ക്കാരിന്റെ കൈവശമാണെന്നതിനാലാണ് കമ്മീഷന്‍ ഇതു പറയുന്നത്. ഇത്തരത്തിലുള്ള തീവ്രദുരന്തങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള ധനസഹായം എങ്ങനെ വേണം എന്നുള്ളത് ധനകാര്യ കമ്മീഷന്‍ കണ്ടെത്തുന്നുണ്ട്.

ദുരന്തപ്രതികരണത്തിന് രണ്ടുതരം നിധികള്‍ ധനകാര്യ കമ്മീഷന്റെ നിര്‍ദേശപ്രകാരം ഉണ്ടാക്കിയിട്ടുണ്ട്. ഒന്ന് സംസ്ഥാനങ്ങളുടെ ദുരന്തപ്രതികരണ നിധി. സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. രണ്ട്, ദേശീയ തലത്തില്‍ നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ട്. അതൊരു കോര്‍പസ് ഫണ്ടാണ്. സംസ്ഥാന സര്‍ക്കാരിന്റെ ദുരന്ത പ്രതികരണ ഫണ്ടില്‍ 10 ശതമാനം സംസ്ഥാന വിഹിതവും 90 ശതമാനം കേന്ദ്ര വിഹിതവുമാണ്. ദുരന്ത പ്രതികരണ നിധിയില്‍ ഓരോ വര്‍ഷവും നിശ്ചിതമായൊരു തുക സംസ്ഥാനങ്ങള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. കേരളത്തിന് ഏതാണ്ട് 384 കോടി രൂപയാണ് ഒരു വര്‍ഷത്തെ വിഹിതം.

ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ക്ക് അകത്ത് വരുന്ന വിവിധ ദുരന്തങ്ങളുണ്ട്. തീവ്രതയുള്ളത് മാത്രമല്ല, എല്ലാത്തരത്തിലുള്ള ദുരന്തങ്ങളും കൈകാര്യം ചെയ്യാനുള്ള കരുതല്‍ധനമാണ് അത്. അത്തരമൊരു സാധാരണ നിധി മാത്രം വെച്ച് മുണ്ടക്കൈ, ചൂരല്‍മല പോലെ തീവ്രമായ ഒരു ദുരന്തത്തെ കൈകാര്യം ചെയ്യാനാവില്ല.

എന്താണ് പിന്നെ അതിനുള്ള മാര്‍ഗ്ഗം? നേരത്തേ പ്ലാനിംഗ് കമ്മീഷന്‍ ഉണ്ടായിരുന്നു. കേന്ദ്ര ആസൂത്രണ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്ക് അധിക പ്ലാന്‍ സഹായമായി (അഡീഷണല്‍ സെന്‍ട്രല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ് പ്ലാന്‍) ദുരന്തം നടന്ന സ്ഥലത്ത് പുനരധിവാസത്തിനും മറ്റുമായി അധിക സഹായം കൊടുക്കുകയാണ് ചെയ്യുന്നത്. ആ കേന്ദ്രസഹായം പ്ലാനിംഗ് കമ്മീഷന്‍ വഴി കൊടുത്തുകൊണ്ടിരുന്നതാണ്. പക്ഷേ, 2015ഓടു കൂടി പ്ലാനിംഗ് കമ്മീഷന്‍ ഇല്ലാതായി. ഇന്ത്യാ സര്‍ക്കാരിന് പ്ലാന്‍, നോണ്‍ പ്ലാന്‍ എന്നീ വേര്‍തിരിവ് തന്നെ ഇല്ലാതായി. ആസൂത്രണം തന്നെ ഇല്ലാതായി. ആ വാതില്‍ തന്നെ പൂര്‍ണ്ണമായും അടഞ്ഞു. അതിന് പരിഹാരമായി ധനകാര്യ കമ്മീഷന്‍ പറയുന്നത് ഇത്തരം അധിക സഹായം കൊടുക്കുന്നതിന് ചില ക്രമീകരണങ്ങള്‍ ഈ ദേശീയ ദുരന്ത പ്രതികരണ നിധിക്കുള്ളില്‍ വേണം എന്നാണ്. അതായത് ദേശീയ ദുരന്ത പ്രതികരണ നിധിയുടെ പണം ഇത്തരം സന്ദര്‍ഭങ്ങളില്‍, സംസ്ഥാനങ്ങളുടെ സാധാരണ വിഹിതം കൊണ്ട് കൈകാര്യം ചെയ്യാനാവാത്ത തീവ്രദുരന്തം സംഭവിക്കുമ്പോള്‍ അതിന് അധികമായി നാഷണൽ ഡിസാസ്റ്റർ റസ്പോൺസ് ഫണ്ടിൽ നിന്ന് കൊടുക്കേണ്ടതാണ്.

ദേശീയ ദുരന്ത പ്രതികരണ നിധിയുടെ വിനിയോഗത്തിന് ചില വകതിരിക്കലുകൾ കമ്മീഷൻ പറഞ്ഞു. ഒന്നാമതായി റെസ്‌ക്യൂ ആന്‍ഡ് റിഹാബിലിറ്റേഷന്‍ അതായത്, രക്ഷാപ്രവര്‍ത്തനം. രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ പ്രതികരണ നിധിയില്‍ മൊത്തത്തിലുള്ള തുകയുടെ 40 ശതമാനം കൊടുക്കണം. രണ്ട്, റിക്കവറി ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍, വീണ്ടെടുപ്പും പുനര്‍നിര്‍മാണവും. മൊത്തത്തിലുള്ള ഫണ്ടിന്റെ 30 ശതമാനം അതിനായി നീക്കിവെക്കണം. പ്രിപ്പയേര്‍ഡ്‌നസ്, ആണ് മൂന്നാമത്തേത്. ദുരന്തം വരാതിരിക്കാനും വന്നാല്‍ തടയാനുമായി തയ്യാറായിരിക്കണം. ഇങ്ങനെയാണ് അത് വിഭജിച്ചിരിക്കുന്നത്. ധനകാര്യ കമ്മീഷന്റെ ശുപാര്‍ശപ്രകാരം കേന്ദ്രതലത്തില്‍ ഉണ്ടാക്കി വെച്ചിരിക്കുന്ന നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടിനകത്ത് പുനരധിവാസത്തിന്, അതായത് റീകണ്‍സ്ട്രക്ഷനുള്ള നിശ്ചിത തുകയുണ്ട്. കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ യൂണിയന്‍ സര്‍ക്കാര്‍ പറഞ്ഞതുപോലെ കേരളം തന്നെ നോക്കിക്കൊള്ളണം എന്നല്ല ആ നിധിയുണ്ടാക്കിയപ്പോള്‍ പറഞ്ഞിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളോട് കാണിക്കുന്നത് അങ്ങനെയല്ല. ആന്ധ്രാ പ്രദേശിന് അവര്‍ മെമോറാണ്ടം കൊടുക്കുന്നതിന് മുന്‍പ് തന്നെ നല്‍കിയ തുക ഈ നിധിയില്‍ നിന്നുള്ള ഗ്രാന്റാണ്. ധനസഹായമാണ് വായ്പയല്ല.

കേരളത്തിന് ഒരു വായ്പാ വിന്‍ഡോയില്‍ കൂടി നമുക്ക് 529.5 കോടി രൂപ നല്‍കിയിരിക്കുന്നു. വിചിത്രമായ കാര്യം ഫെബ്രുവരി 14 നാണ് അതു സംബന്ധിച്ചുള്ള ഉത്തരവ് ഇറങ്ങുന്നത്. 16 പദ്ധതികള്‍ക്കുള്ള ഈ തുക മാര്‍ച്ച് 31നുള്ളില്‍ ചെലവഴിച്ച് തീര്‍ക്കണം. വെള്ളാര്‍മല സ്‌കൂളിന്റെ പുനര്‍നിര്‍മാണം, രണ്ടോ മൂന്നോ പാലത്തിന്റെ പുനര്‍നിര്‍മാണം, റോഡുകളുടെ പുനര്‍നിര്‍മാണം, തയ്യാറെടുപ്പിനായി ജില്ലയിലെമ്പാടുമായി അഞ്ച് ഹെലിപാഡുകളുടെ നിര്‍മാണം, കെട്ടിടങ്ങളുടെ നിര്‍മാണം എന്നിങ്ങനെയാണ് പദ്ധതികള്‍. നിര്‍മാണം മാത്രമേയുള്ളു. അത് മാർച്ച് 31നകം ചെലവിടുക സാധ്യമായ കാര്യമാണോ?

ഈ പണം വരുന്നത് ദുരന്ത പ്രതികരണ നിധിയില്‍ നിന്നല്ല എന്നതാണ് മറ്റൊരു പ്രസക്തമായ വസ്തുത. മറിച്ച് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ ഒരു പ്രൊവിഷനുണ്ട്. സ്‌പെഷ്യല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ്‌സ് ഫോര്‍ ക്യാപിറ്റല്‍ ഇൻവെസ്റ്റ്മെൻ്റ്.മൂലധന നിക്ഷേപങ്ങള്‍ക്ക് വേണ്ടി സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുന്ന സ്‌പെഷ്യല്‍ ലോണാണത്. ലോണ്‍സ് ആന്‍ഡ് അഡ്വാന്‍സസ് എന്നു പറയുന്ന, സംസ്ഥാനങ്ങള്‍ക്കുള്ള വായ്പകളും മുന്‍കൂറുകളും എന്ന് പറയുന്ന കണക്കു ശീര്‍ഷകത്തില്‍ നിന്നാണ് ആ പണം കൊടുക്കുന്നത്. അത് ദുരന്ത സമയത്ത് മാത്രമല്ല, മറ്റ് പല സന്ദര്‍ഭങ്ങളിലും കൊടുക്കാനുള്ള ഒരു ബജറ്റ് പ്രൊവിഷനാണ്. അതില്‍ നിന്നാണ് ഇപ്പോള്‍ ഈ പണം അനുവദിച്ചിരിക്കുന്നത്. 50 കൊല്ലത്തേക്കുള്ള ലോണാണ്, പലിശയില്ല എന്നുള്ളതൊക്കെ ശരിയാണ്. പക്ഷേ, മാര്‍ച്ച് 31-ാം തിയതിക്ക് മുന്‍പ് ചെലവഴിച്ചിരിക്കണം.

ഇത് തന്നുവെന്നത് മോശം കാര്യമല്ല, കേരളം ആവശ്യപ്പെട്ടതാണെന്നാണ് മനസിലാക്കുന്നത്. എങ്കിലും ഈ അപ്രായോഗികമായിട്ടുള്ള നിബന്ധനയാണ് പ്രശ്‌നം. അതുമാത്രമല്ല ഇതല്ല കേരളത്തിന്റെ പ്രധാനപ്പെട്ട ആവശ്യം എന്നുള്ളതും മനസിലാക്കണം.

കേരളം മൂന്ന് സ്രോതസ്സുകളില്‍ നിന്ന് പണം ആവശ്യപ്പെട്ടു. ഒന്ന് പ്രധാനമന്ത്രി ഇവിടെ വന്നു. അദ്ദേഹം ഒരു യോഗം നടത്തി. ആ യോഗത്തില്‍ അദ്ദേഹം പറഞ്ഞു നിങ്ങള്‍ വിശദമായ മെമോറാണ്ടം തരണം. അല്ലെങ്കിലും അങ്ങനെയാണ് ചെയ്യാറ്. ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ഏതൊക്കെ ഇനങ്ങള്‍ക്ക് പണം ചെലവഴിക്കാമെന്ന് വകുപ്പുണ്ട്. അതിന്‍ പ്രകാരം ആ മെമോറാണ്ടത്തില്‍ 219 കോടി രൂപയോളമാണ് സഹായം ചോദിച്ചത്. മെമോറാണ്ടത്തിലൂടെ ആ 219 കോടി രൂപ റെസ്‌ക്യൂ ആന്‍ഡ് റിഹാബിലിറ്റേഷനായാണ് ആവശ്യപ്പെട്ടത്. കേരളത്തില്‍ എമ്പാടും ഉണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് വേണ്ടി വെച്ചിരിക്കുന്ന പ്രതിവർഷ സാധാരണ വിഹിതത്തിൽ നിന്നും ചെയ്യാന്‍ പറ്റുന്നതല്ലല്ലോ ആ പ്രവര്‍ത്തനം. ഒരു ദുരന്തം ഉണ്ടായിക്കഴിഞ്ഞാല്‍ ഒന്നാമത്തെ ഘട്ടമാണ് രക്ഷാ പ്രവർത്തനം.

പിന്നീടാണ് PDNA. കേന്ദ്ര ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ പ്രകാരം, അതിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രകാരം ഒരു പഠനമാണ് പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്‌മെന്റ് (PDNA )എന്ന് പറയുന്നത്. അതൊരു യുഎന്‍ ഫ്രെയിംവര്‍ക്കാണ്. ഒരു ദുരന്തമുണ്ടായിക്കഴിഞ്ഞാല്‍ അവിടെ എന്താണ് നഷ്ടപ്പെട്ടത്, എങ്ങനെയാണ് നഷ്ടപ്പെട്ടത്, എങ്ങനെയാണ് തിരിച്ചുപിടിക്കാന്‍ പറ്റുക എന്നുള്ള ഐക്യരാഷ്ട്രസഭയുടെ ഒരു ഫ്രെയിംവര്‍ക്കാണത്. ആ ഫ്രെയിംവര്‍ക്ക് അനുസരിച്ച് ഇന്ത്യ ഒരു പോളിസി ഉണ്ടാക്കിയിട്ടുണ്ട്. അത് എങ്ങനെ നടത്തണമെന്ന് ചിട്ടയുണ്ടാക്കിയിട്ടുണ്ട്. അതിന് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസിജ്യര്‍ ഉണ്ടാക്കിയിട്ടുണ്ട്. അതനുസരിച്ച് കേരളം കൃത്യസമയത്ത് PDNA നടത്തുന്നു. യുഎന്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ എന്നൊരു ഓഫീസുണ്ട്. അവരുടെ സെന്‍ദായി ഫ്രെയിംവര്‍ക്ക് എന്നൊരു മാർഗരേഖയുണ്ട് . വലിയ ദുരന്തങ്ങളുണ്ടായി മനുഷ്യര്‍ക്ക് നഷ്ടങ്ങള്‍ സംഭവിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് എന്തെങ്കിലും കൊടുക്കുക എന്നുള്ളതല്ല, ബില്‍ഡ് ബാക്ക് ബെറ്റര്‍, അതാണ് ലോകം ഇന്ന് അംഗീകരിച്ചിരിക്കുന്ന തത്വം. എന്താണോ ഉണ്ടായിരുന്നത്, അതിനേക്കാള്‍ നന്നായി നിര്‍മിച്ച് മാതൃക കാണിക്കണം. അവര്‍ അത്രയും ദുരന്തം അനുഭവിച്ചു. ഇനി അവരെ അതിന് വിടരുത്. അത് മനുഷ്യര്‍ക്ക് ആത്മവിശ്വാസത്തിന്റെയും ഒരു നാടിനുള്ള കരുത്തിന്റെയും തന്റേടത്തിന്റെയുമൊക്കെ അടയാളമായിട്ടാണ് കാണുന്നത്. അങ്ങനെ ബില്‍ഡ് ബാക്ക് ബെറ്റര്‍ എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ അത് നടപ്പാക്കാന്‍ വേണ്ടിയിട്ടാണ് ഈ PDNA എന്ന പഠനം നടത്തുന്നത്.

ആ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ദുരന്തബാധിതരെ ടൗണ്‍ഷിപ്പുകളിലായി പുനരധിവസിപ്പിക്കാന്‍ തീരുമാനിക്കുന്നു. എന്തൊക്കെ അവിടെയുണ്ടാകണം എന്ന് തീരുമാനിക്കുന്നു. വിശദമായ പ്ലാനുണ്ടാക്കുന്നു. നവംബര്‍ മാസത്തില്‍ റിപ്പോര്‍ട്ട് യൂണിയന്‍ സര്‍ക്കാരിന് കൊടുക്കുന്നു. 2221 കോടി രൂപയാണ് റീകണ്‍സ്ട്രക്ഷന് വേണ്ടി കേരളം ആവശ്യപ്പെട്ടത്.ഇത് ദേശീയ ദുരന്ത പ്രതികരണ ഫണ്ടിന്റെ 30 ശതമാനം വരുന്ന റിക്കവറി ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ വിന്‍ഡോയിൽ നിന്നും തരണം എന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. മേല്‍പറഞ്ഞ രണ്ട് ഫണ്ടും ഗ്രാന്റാണ്. മൂന്നാമത്തെ വിഭാഗമാണ് ബജറ്റ് പ്രൊവിഷനായ വായ്പ. ചില പൊതു നിര്‍മിതികള്‍ പൂര്‍ത്തിയാക്കുന്നതിനായി സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക മൂലധന നിക്ഷേപ വായ്പയ്ക്ക് കേന്ദ്ര ബജറ്റില്‍ ഒരു പ്രൊവിഷനുണ്ട്. ആ വായ്പ തരണം എന്ന് കേരളം ആവശ്യപ്പെട്ടു. അതായത് മൂന്ന് തരത്തിലുള്ള സഹായം കേരളം ആവശ്യപ്പെട്ടു.

ഒന്ന്, രക്ഷാ പ്രവർത്തനത്തിനുള്ള സഹായം. അതാണ് വിശദമായ മെമ്മോറാണ്ഡം വഴി ആവശ്യപ്പെട്ടത്. അത് ഗ്രാൻ്റാണ് , വായ്പയല്ല. രണ്ട്, പുനർനിർമ്മാണത്തിനായി PDNA യിലൂടെ സഹായം ആവശ്യപ്പെട്ടു. അതും ഗ്രാൻ്റാണ് വായ്യല്ല. മൂന്ന്, പൊതു സൗകര്യങ്ങളുടെ പുനർ നിർമ്മാണത്തിനായി സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക മൂലധന വായ്പയും ആവശ്യപ്പെട്ടു. ആദ്യത്തെ രണ്ടിനങ്ങളിലുള്ള ഗ്രാൻ്റുകൾ നിഷേധിച്ചു. പ്രത്യേക വായ്പ അനുവദിച്ചു. അതും അപ്രായോഗികമായ നിബന്ധനയോടെ. ഇതാണ് നടന്നത്.

സഹായമായി കേന്ദ്ര ദുരന്തപ്രതികരണ നിധിയില്‍ നിന്ന് തരാനുള്ളത് തരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. എന്നാല്‍ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, ഉത്തരാഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് എല്ലാം ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ഗ്രാന്റായിട്ടാണ് ഒരു പഠനവും ഇല്ലാതെ മുന്‍കൂറായി പണം കൊടുത്തത്. നമുക്ക് ആവശ്യപ്പെട്ടതു മുഴുവന്‍ തരില്ല, കുറച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് എടുക്കണം എന്നൊക്കെ പറയാം. അല്ലെങ്കില്‍ എന്ത് തരാന്‍ പറ്റും, എന്ത് പറ്റില്ല എന്ന് ചര്‍ച്ച ചെയ്യാം. പക്ഷേ കേരളം അതു കണ്ടെത്തിക്കൊള്ളണം എന്നുള്ളത് കേരളം എന്തോ സാമന്ത ദേശമാണെന്ന നിലപാടാണ്. ഇത് സര്‍ക്കാരിനോടുള്ള വെല്ലുവിളിയല്ല. മറിച്ച് കേരളീയരോടുള്ള കടന്നാക്രമണമായാണ് കാണാന്‍ കഴിയുക. ദുരന്ത പ്രതികരണ നിധിയെന്ന് പറയുന്നത് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന നികുതിയുടെ ഒരു ഭാഗമായ വിഭജിക്കാവുന്ന നികുതി, അഥവാ ഡിവിസിബിള്‍ പൂളില്‍ നിന്ന് എടുക്കുന്ന പണമാണ്. ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന നികുതിയുടെ വിഹിതമാണ് അത്. അതില്‍ കേരളത്തിന് അര്‍ഹതയില്ലേ? ആ അര്‍ഹത തരില്ലെന്ന് പറഞ്ഞാൽ അത് കടന്നാക്രമണമാണ്, അതിനെ ചെറുക്കേണ്ടതുണ്ട്.

ധനകാര്യ കമ്മീഷന്‍ ഇക്കാര്യത്തില്‍ എടുത്ത സമീപനം അവര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്, ദുരന്ത മാനേജ്‌മെന്റ് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്ന്. Management of the disaster primarily rests with the state governments , whereas providing resources is the duty of the union government എന്നാണ് ധനകാര്യകമ്മീഷൻ പറഞ്ഞ ആ വാചകം. ദുരന്തം മാനേജ് ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരുകള്‍ ആയിരിക്കെത്തന്നെ പണം കൊടുക്കേണ്ട ഉത്തരവാദിത്തം യൂണിയന്‍ സര്‍ക്കാരിനാണ്. ലോകത്തെമ്പാടും ഫെഡറല്‍ സര്‍ക്കാരുകളില്‍ അങ്ങനെയാണ് നടക്കുന്നത് എന്നും ധനകാര്യ കമ്മീഷന്‍ എഴുതി വെച്ചിട്ടുണ്ട്. ഈ ഫെഡറല്‍ തത്വങ്ങള്‍ കേരളത്തിന് ബാധകമല്ല എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്? ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണിത്. എല്ലാ സംസ്ഥാനങ്ങളും ഇന്ത്യയുടെ ഭാഗമാണ്,കേരളം അതിന്റെ ഭാഗമാണെന്നത് യൂണിയൻ സർക്കാർ അംഗീകരിക്കുന്നില്ലേ?

കേരളം ഇന്ത്യയുടെ ജിഡിപിയുടെ നാലു ശതമാനം സംഭാവന ചെയ്യുന്ന സംസ്ഥാനമാണ്. ഇന്ത്യൻ ഭൂവിസ്തൃതിയുടെ 1.2 ശതമാനവും മാത്രമുള്ള കേരളത്തില്‍ 2.8 ആളുകള്‍ സാമാന്യം നല്ല നിലവാരത്തില്‍ ജീവിതം പുലര്‍ത്തുന്നുണ്ട്. ഇന്ത്യന്‍ സമ്പദ്ഘടനയുടെ ആകെ വലിപ്പത്തിന്റെ നാല് ശതമാനം കേരളം സംഭാവന ചെയ്യുന്നുമുണ്ട്.

അങ്ങനെയുള്ള ഒരു സംസ്ഥാനത്തോട് ഫെഡറല്‍ നീതി പുലര്‍ത്തണ്ടേ? ഫെഡറല്‍ നീതിയുടെ കടുത്ത ലംഘനമാണ്, കേരളത്തോടുള്ള വിവേചനത്തിന്റെ തുടര്‍ച്ചയാണിപ്പോൾ ഉണ്ടാകുന്നത്.

ദേശീയ ദുരന്ത പ്രതികരണ നിധിയുടെ രണ്ട് പ്രധാന വിന്‍ഡോകളില്‍ നിന്ന് ലഭിക്കേണ്ട സഹായത്തെക്കുറിച്ച് മിണ്ടുന്നില്ല എന്നതാണ് പ്രധാനം. ഇത് കടുത്ത വിവേചനമാണ്. ഇതിനെതിരെ കേരളത്തിൻ്റെ യോജിച്ച പ്രതിഷേധം ഉയരുക തന്നെ വേണം.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT