വനിതാ ദിനത്തിൽ സംസ്ഥാനത്തെ പ്രായം കുറഞ്ഞ വനിതാ ജനപ്രതിനിധികൾ പദവി, രാഷ്ട്രീയം, കുടുംബം, വ്യക്തിജീവിതം എന്നിവയെ കുറിച്ച് എഴുതുന്നു.
ജനങ്ങളുമായി ഇടപഴകി പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നു എന്നുള്ളതാണ് ഒരു ജനപ്രതിനിധി എന്നുള്ള നിലയില്‍ ലഭിച്ച ഏറ്റവും വലിയ നേട്ടം. കാരണം ഒരു പൊതുപ്രവര്‍ത്തക എന്നുള്ള നിലയില്‍ പൊതുജനങ്ങളെ നേരിട്ട് കേട്ട് അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുക, അവര്‍ക്ക് ആവശ്യമായ പദ്ധതികള്‍ രൂപീകരിക്കുക, അതിനാവശ്യമായ വികസനവും ക്ഷേമവും ഉറപ്പുവരുത്തുക, ഇത്തരത്തില്‍ ജനങ്ങളുമൊത്ത് പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നേട്ടം. അതിനുള്ള ഒരു വലിയ അവസരം തന്നെയാണ് ഈ ഒരു ഔദ്യോഗിക പദവിയിലൂടെ ലഭിച്ചത്. പരമാവധി ജനങ്ങളെ കേള്‍ക്കുന്നതിനും അവര്‍ക്ക് ആവശ്യമായുള്ള സഹായങ്ങള്‍ ചെയ്തു നല്‍കുന്നതിനും പരമാവധി ശ്രമം നടത്തിയിട്ടുണ്ട്.
മേയര്‍ എന്ന ചുമതല ഏറ്റെടുത്ത സമയത്ത് പഠനവും കൂടെ അതിനോടൊപ്പം മുന്നോട്ടു കൊണ്ടുപോകണം എന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും വളരെ ഭാരിച്ച ഉത്തരവാദിത്വം കാരണം ഒരു ദിവസം 16 മണിക്കൂറോളം ഔദ്യോഗികമായ ചുമതലകള്‍ നിര്‍വഹിക്കേണ്ടി വരുന്ന സാഹചര്യമുള്ളതിനാല്‍ പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചില്ല. ഇഗ്‌നോയില്‍ ഡിഗ്രി ചെയ്തുകൊണ്ടിരിക്കുകയാണ്. എത്രയും വേഗം അത് പൂര്‍ത്തിയാക്കണമെന്നാണ് ഉദ്ദേശിക്കുന്നത്.
തിരുവനന്തപുരം, ഞാന്‍ ജനിച്ചു വളര്‍ന്ന നഗരം. എന്റെ നഗരത്തില്‍ നമ്മള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ധാരാളം വികസനം കൊണ്ടുവരാനും ലോകത്തിലെ തന്നെ അറിയപ്പെടുന്ന ഒരു നഗരമാക്കി മാറ്റുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുവാനും കഴിഞ്ഞു. ഇന്ന് തിരുവനന്തപുരം രാജ്യത്തെ ഏറ്റവും മികച്ച air quality index ഉള്ള സുസ്ഥിര നഗരമാക്കി മാറ്റുവാനും അതുപോലെ സോളാര്‍ സിറ്റി എന്ന നിലയിലും കാലോചിതമായ മാറ്റം നഗരത്തില്‍ കൊണ്ടുവരാനും കഴിഞ്ഞു എന്നുള്ളതാണ് ജനപ്രതിനിധിയെന്ന നിലയ്ക്ക് എന്റെ നാടിന് വേണ്ടി ചെയ്യാന്‍ കഴിഞ്ഞത്.
പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ നഗരസഭ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലഭിച്ച നേട്ടങ്ങള്‍ ഏറെയാണ്. സ്മാര്‍ട്ട് റോഡുകള്‍, സൗരോര്‍ജ്ജ പദ്ധതികള്‍, LED സ്ട്രീറ്റ് ലൈറ്റുകള്‍, പാര്‍ക്കുകളുടെ നവീകരണം തുടങ്ങി ധാരാളം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ കഴിഞ്ഞു. പെന്‍ഷന്റെ കാര്യത്തിലായാലും ലൈഫ് പദ്ധതിയിലായാലും വിദ്യാഭ്യാസ മേഖലയില്‍ പഠനോപകരണങ്ങളും ലാപ്‌ടോപ്പുകളും സൗജന്യമായി നല്‍കുന്നതിലും ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തുവാന്‍ സാധിച്ചതിലൂടെ അതിനുള്ള ഒരു മറുപടി പ്രവര്‍ത്തനങ്ങളിലൂടെ തന്നെ നല്‍കാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
പൊതുപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഒരു ഔദ്യോഗിക പദവി വഹിക്കുമ്പോള്‍ വ്യക്തിജീവിതത്തിനും അല്ലെങ്കില്‍ കുടുംബ ജീവിതത്തിനും വളരെ പരിമിതമായ സമയം മാത്രമാണ് ലഭിക്കാറുള്ളത്. എന്നിരുന്നാലും പൊതുപ്രവര്‍ത്തകനും എംഎല്‍എയും കൂടിയായ എന്റെ ഭര്‍ത്താവ് സച്ചിന്‍ ദേവിന്റെ വലിയ പിന്തുണയുണ്ട്. അച്ഛനും അമ്മയും ഒക്കെ പാര്‍ട്ടി മെമ്പര്‍മാരാണ്. ആയതിനാല്‍ തന്നെ ഒരു പൊതുപ്രവര്‍ത്തകയുടെ ഉത്തരവാദിത്വം എന്താണ് എന്നും ചുമതലകള്‍ എന്താണ് എന്നും അവര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നത് ഒരു വലിയ മുതല്‍കൂട്ട് തന്നെയായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് ആവശ്യമുള്ള എല്ലാ പിന്തുണയും എന്റെ ഭര്‍ത്താവ്, അച്ഛന്‍, അമ്മ, സഹോദരന്‍ എന്നിവരില്‍ നിന്നും ലഭിക്കുന്നു എന്നുള്ളത് ഏറ്റവും വലിയ സന്തോഷമുള്ള കാര്യമാണ്.
പൊതുരംഗത്തെ സ്ത്രീസാന്നിധ്യം നിലവില്‍ നല്ലനിലയില്‍ തന്നെ വര്‍ദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സമൂഹത്തിന്റെ എല്ലാത്തരം ആവശ്യങ്ങളും ഭരണ നിര്‍വ്വഹണ രംഗത്തേക്ക് ഉന്നയിച്ച് കൊണ്ട് വരുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു കുടുംബം എന്ന് പറയുമ്പോള്‍ ഒരു സ്ത്രീയാണ്. ഐക്യത്തോടുകൂടി ഒരു കുടുംബത്തെ ഏകോപിപ്പിച്ച് കൊണ്ടുപോകാന്‍ സാധിക്കുന്ന ഒരു സ്ത്രീ, പൊതുരംഗത്തേക്ക് വരുമ്പോള്‍ സമൂഹത്തെയും അതുപോലെ ചേര്‍ത്തിണക്കി ഒരുമിച്ച് നിര്‍ത്തി എല്ലാപേരും മനസ്സിലാക്കി അവരുടെ ആവശ്യകതകള്‍ മനസ്സിലാക്കി പ്രവര്‍ത്തിച്ച് ഏറ്റവും അനുയോജ്യമായ തരത്തില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സാധിക്കുന്നു എന്നുള്ളതാണ് വസ്തുത. സമ്മര്‍ദ്ദങ്ങളെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായും ഒരു സ്ത്രീ എന്നുള്ള നിലയ്ക്ക് മുന്‍നിരയിലേക്ക് വരുന്നതിനും അല്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ട ചുമതലകളിലേക്ക് വരുന്നതിനും മുന്നേറ്റങ്ങള്‍ക്കെതിരെയും ബോധപൂര്‍വ്വം അല്ലെങ്കിലും പോലും പല പല കോണുകളില്‍ നിന്നും ചില അവസരങ്ങളിലെങ്കിലും താല്പര്യ കുറവുകളും അല്ലെങ്കില്‍ ആക്ഷേപങ്ങളും ഉണ്ടാവാം. പക്ഷേ അതെല്ലാം അതിജീവിച്ച് മുന്നോട്ട് പോകാന്‍ കഴിവുള്ള ഒരു വിഭാഗമാണ് സ്ത്രീകള്‍ എന്നെനിക്ക് ഉറപ്പുണ്ട്.
തൊഴിലിടങ്ങളില്‍ ഇന്ന് സ്ത്രീകള്‍ വലിയ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. എല്ലാ മേഖലയിലും സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും സര്‍ക്കാര്‍ തലത്തില്‍ ഭൂരിഭാഗം ജീവനക്കാരും വനിതകളാണ്. ഈ കാരണങ്ങള്‍ ഒക്കെ കൊണ്ടുതന്നെ സ്ത്രീകള്‍ക്ക് ഏറ്റവും അനുകൂലമായ സാഹചര്യങ്ങള്‍ തന്നെയാണ് നിലവില്‍ നമ്മുടെ നഗരത്തിലും സംസ്ഥാനത്തും ഉള്ളത്. തൊഴിലിടങ്ങളിലെല്ലാം സ്ത്രീകള്‍ക്ക് അനുയോജ്യമായ സൗകര്യങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. അതുപോലെ സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ചിട്ടുള്ള ധാരാളം പദ്ധതികള്‍ നഗരസഭയും സര്‍ക്കാരും നടപ്പിലാക്കുന്നു, നടപ്പിലാക്കിയിട്ടുണ്ട്. പോലീസും നിയമ സംവിധാനങ്ങളും എല്ലാം വളരെ ശക്തമായി സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകള്‍ സര്‍വീസ് രംഗത്ത് മികച്ച രീതിയില്‍ ശോഭിക്കുന്നുണ്ട് എന്നുള്ളത് നമുക്ക് കാണാന്‍ കഴിയുന്നു. നമ്മുടെ ഇപ്പോഴത്തെ സംസ്ഥാന ചീഫ് സെക്രട്ടറി ഒരു വനിതയാണല്ലോ.
ഒരു ജനപ്രതിനിധി എന്നുള്ള നിലയില്‍ നഗരത്തിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവൃത്തികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ സാധിച്ചു എന്നാണ് വിശ്വാസം. ഇന്നത്തെ കാലഘട്ടത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായും അന്തരീക്ഷ മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും വലിയ വെല്ലുവിളികള്‍ ആകുന്നു. നഗരവത്കരണം വളരെ വേഗത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ സുസ്ഥിരമായ ഒരു വികസനം നടപ്പിലാക്കുക എന്നതാണ് ആഗ്രഹിച്ചത്. ആയതിന്റെ പ്രവര്‍ത്തനങ്ങളുടെ അംഗീകാരം എന്നോണം നഗരസഭയ്ക്ക് UN-Habitat Shanghai ഗ്ലോബല്‍ പുരസ്‌കാരം ലഭിക്കുകയുണ്ടായി. ഏറ്റവും മികച്ച തദ്ദേശ സ്ഥാപനത്തിനുള്ള സ്വരാജ് ട്രോഫി കഴിഞ്ഞ മൂന്ന് തവണ തുടര്‍ച്ചയായി നേടിയെടുക്കാന്‍ സാധിച്ചു. അങ്ങനെ ധാരാളം ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നഗരസഭയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി. വികസനത്തിന് ഒരു പുതിയ ഉണര്‍വ് നല്‍കുന്നതിനും സുസ്ഥിര വികസനം എന്ന തരത്തില്‍ ഒരു ദിശാബോധം നല്‍കുന്നതിനുമാണ് ശ്രമിച്ചിട്ടുള്ളത്. അത് ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്.