Special Report

കേന്ദ്ര മത്സ്യബന്ധന ബില്ല്: ‘മത്സ്യത്തൊഴിലാളി വിരുദ്ധം’; സംസ്ഥാനങ്ങളുടെ തീരം കേന്ദ്രം പിടിച്ചെടുക്കുന്നെന്ന് സംഘടനകള്‍

എ പി ഭവിത

കേന്ദ്ര സര്‍ക്കാറിന്റെ സമുദ്ര മത്സ്യബന്ധന ബില്ലിനെതിരെ പ്രതിഷേധവുമായി സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍. മത്സ്യബന്ധന മേഖലയ്ക്ക് തിരിച്ചടിയാകുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്ന് ഇവര്‍ ആരോപിക്കുന്നു. പന്ത്രണ്ട് നോട്ടിക്കല്‍ മൈലിനപ്പുറം മത്സ്യബന്ധനം നടത്താന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി വേണം, തീരസംരക്ഷണത്തിനുള്ള സംസ്ഥാനത്തിന്റെ അവകാശം നഷ്ടപ്പെടും തുടങ്ങിയ നിര്‍ദേശങ്ങളാണ് എതിര്‍പ്പിനിടയാക്കിയിരിക്കുന്നത്. കൂടാതെ കാലാവസ്ഥ വ്യതിയാനം കാരണം പ്രതിസന്ധി നേരിടുന്ന മത്സ്യബന്ധന മേഖലയെ കരകയറ്റുന്നതിനുള്ള പദ്ധതികളും പുതിയ നയത്തിലില്ലെന്നും സംഘടനകള്‍ വിമര്‍ശിക്കുന്നു. ബോട്ടുകളുടെ രൂപകല്പനയില്‍ വരെ മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ ഇനി ലൈസന്‍സ് ലഭിക്കുകയുള്ളുവെന്നതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാറുകളുമായും മത്സ്യത്തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്താണ് കേന്ദ്ര സര്‍ക്കാര്‍ ഒന്നര വര്‍ഷം മുമ്പ് മത്സ്യബന്ധന നയം പ്രഖ്യാപിച്ചത്. പുതിയ ബില്ല് നയത്തിനെതിരാണെന്ന് സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന അവകാശങ്ങളെ ഇല്ലാതാക്കും. മേഖല കുത്തകള്‍ക്ക് തീറെഴുതും. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കും അധികാരങ്ങള്‍ക്കും മേലുള്ള കടന്നു കയറ്റവും ഫെഡറലിസത്തിന്റെ നിരാകരണവുമാണിത്. പെര്‍മിറ്റ് കൊടുക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാറില്‍ നിന്ന് മാറ്റുന്നത് ശരിയല്ല. ശിക്ഷാ നടപടികള്‍ക്കുള്ള അധികാരം കോസ്റ്റ്ഗാര്‍ഡിനാണ് നല്‍കുന്നത്. ശിക്ഷ തീരുമാനിക്കുന്നത് സംസ്ഥാനത്തെ മജിസ്‌ട്രേറ്റില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്ന ഉദ്യോഗസ്ഥരിലേക്ക് മാറും.
ചാള്‍സ് ജോര്‍ജ്, കേരള മത്സ്യത്തൊഴിലാളി ഐക്യവേദി

തീരപരിധി ലംഘിച്ച് ഇന്ത്യന്‍ തീരത്ത് മത്സ്യബന്ധനം നടത്തുന്ന വിദേശ കപ്പലുകളെ നിയന്ത്രിക്കാന്‍ ബില്ല് വ്യവസ്ഥ ചെയ്യുന്നില്ല. ഇത്തരം കപ്പലുകളെ നിയമപരമായി നേരിടണമെന്ന് കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. കാലാവസ്ഥ വ്യതിയാനം നേരിട്ടു ബാധിക്കുന്ന മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിനുള്ള നിര്‍ദേശങ്ങളോ നഷ്ടപ്പെടുന്ന തീരത്തെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളോയില്ലെന്നും സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. മത്സ്യവിഭവണന മേഖലയിലെ സ്ത്രീകളെ സഹായിക്കുന്ന പദ്ധതികളും ഇല്ല.

മത്സ്യത്തൊഴിലാളികള്‍ക്ക് അനുയോജ്യമായ പദ്ധതിയല്ല കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്നത്. ആര്‍ക്ക് വേണ്ടിയാണോ നയം രൂപീകരിക്കുന്നത് അവരെ അവരുടെ തൊഴിലും തൊഴിലിടവും ജീവിതവും സംരക്ഷിക്കാനുള്ള പദ്ധതികളും ബജറ്റും അതിലുണ്ടാവണം. വന്‍കിട ബോട്ടുകളില്‍ പോകുന്നവര്‍ക്ക് ഗുണം കിട്ടുമെന്ന് പറയുന്നു. ചെറുകിട ബോട്ടുകളില്‍ പോകുന്നവര്‍ക്കുള്ള ടെക്‌നോളജിയെക്കുറിച്ച് പോലും ഇതില്‍ പറയുന്നില്ല. ഫിഷറീസ് മന്ത്രാലയം എന്ന നിര്‍ദേശം മാത്രമാണ് ബില്ലിലുള്ളത്.
മാഗ്ലിന്‍ ഫിലോമിന, സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്‍


തീരക്കടലിന്റെ പരിപാലനവും നിയന്ത്രണവും കേന്ദ്രസര്‍ക്കാറിന് നല്‍കുന്നതാണ് ബില്ല്. ബോട്ടുകള്‍ പരിശോധിക്കാനും പിടിച്ചെടുക്കാനും അധികാരമുണ്ടാകും. വ്യവസ്ഥകള്‍ ലംഘിക്കുന്ന ബോട്ടിലെ തൊഴിലാളികള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും ഒമ്പത് ലക്ഷം രൂപ പിഴയിടാക്കാനും കഴിയും. സംസ്ഥാനങ്ങളുടെ അധികാരം പരിമിതപ്പെടുത്തുന്നതാണ് ബില്ല്.പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ വരെ സംസ്ഥാനത്തിന്റെ അധികാര പരിധിയിലാണ്. ഇതിനപ്പുറത്തേക്ക് മത്സ്യബന്ധനം നടത്താന്‍ ബോട്ടുകള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി വേണമെന്ന ബില്ലിലെ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നാണ് സംഘടനകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ 22 കിലോമീറ്റര്‍ പരിധിയിലാണ് ട്രോളിങ്ങ് നിരോധനം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്താറുള്ളത്.

ലൈസന്‍സിന്റെ കാര്യത്തില്‍ ചെറുകിട- പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഇളവ് നല്‍കണം. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഓഫീസുകളായിരിക്കണം ലൈസന്‍സ് നല്‍കേണ്ടത്. കേന്ദ്ര സര്‍ക്കാറിന് എവിടെയെങ്കിലും ഒരു ഓഫീസായിരിക്കും ഉണ്ടാവുക. അവിടെ പോയി അനുമതി വാങ്ങാലൊന്നും പ്രയോഗികമല്ല.
ടി പീറ്റര്‍, നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി സംഘടനകള്‍ വിയോജിപ്പ് കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. ദേശീയതലത്തില്‍ നിയമം വേണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രാദേശിക ഭാഷകളില്‍ തര്‍ജ്ജമ ചെയ്ത് മത്സ്യത്തൊഴിലാളുമായി ചര്‍ച്ച ചെയ്ത് വേണം നടപ്പാക്കാനെന്നാണ് സംഘടനകള്‍ ഇപ്പോള്‍ മുന്നോട്ട് വെയ്ക്കുന്ന നിര്‍ദേശം. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

SCROLL FOR NEXT