മഴക്കെടുതി രൂക്ഷമായി വരും വര്‍ഷങ്ങളിലും ആവര്‍ത്തിച്ചേക്കാം, ആളുകളെ ഇപ്പോള്‍ തന്നെ മാറ്റിപ്പാര്‍പ്പിക്കണം:ഡോ.വി.എസ് വിജയന്‍ 

മഴക്കെടുതി രൂക്ഷമായി വരും വര്‍ഷങ്ങളിലും ആവര്‍ത്തിച്ചേക്കാം, ആളുകളെ ഇപ്പോള്‍ തന്നെ മാറ്റിപ്പാര്‍പ്പിക്കണം:ഡോ.വി.എസ് വിജയന്‍ 

കനത്തമഴ ഒരിക്കല്‍ക്കൂടി സംസ്ഥാനത്ത് വന്‍ ദുരന്തത്തിന് വഴിവെച്ചിരിക്കുകയാണ്. മഴക്കെടുതിയുടെ കാരണങ്ങളും ഇനിമേല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും നയപരിപാടികളും വിശദീകരിക്കുകയാണ് പശ്ചിമഘട്ടത്തെക്കുറിച്ച് പഠിച്ച മാധവ് ഗാഡ്ഗില്‍ സമിതി അംഗം ഡോ. വി.എസ് വിജയന്‍.

Q

വീണ്ടും പേമാരി കേരളത്തില്‍ കനത്ത നാശം വിതച്ചിരിക്കുകയാണ്. കവളപ്പാറയിലും പുത്തുമലയിലുമുണ്ടായ ഉരുള്‍പൊട്ടലുകള്‍ നിരവധി പേരുടെ ജീവനെടുത്തു. പ്രകൃതിക്ക് ക്ഷതമേല്‍പ്പിച്ചുകൊണ്ട് നാം വിളിച്ചുവരുത്തിയ ദുരന്തമാണെന്ന വാദത്തെ എങ്ങനെ കാണുന്നു ?

A

ഈ ദുരന്തം ക്ഷണിച്ചുവരുത്തിയതാണെന്ന വാദം മൊത്തത്തില്‍ ശരിയല്ല. ഇന്നത്തെ ലോക സാഹചര്യത്തില്‍ ആഗോള താപനത്തിന്റെ ഭാഗമായി കൂടി സംഭവിച്ചതാണ്. പ്രളയം എപ്പോള്‍ എവിടെ എങ്ങനെ സംഭവിക്കുമെന്ന് കൃത്യമായി പ്രവചിക്കാന്‍ സാധിക്കില്ല. രണ്ടോ മൂന്നോ മാസം കൊണ്ട് പെയ്യേണ്ട മഴ ഒന്നോ രണ്ടോ ദിവസം കൊണ്ട് സംഭവിക്കുകയാണ്. എന്നാല്‍ മുന്നനുഭവങ്ങളില്‍ നിന്ന് നമ്മള്‍ ചെയ്യേണ്ട പല കാര്യങ്ങളുമുണ്ടായിരുന്നു. അതൊന്നും ചെയ്തില്ല. പ്രളയവും ഉരുള്‍പൊട്ടലുകളുമൊക്കെ ഉണ്ടാകാമെന്ന് പ്രവചിച്ച റിപ്പോര്‍ട്ടായിരുന്നു പ്രൊഫസര്‍ ഗാഡ്ഗില്‍ കമ്മിറ്റിയുടേത്. അതാണ് അതിന്റെ പ്രസക്തി. പശ്ചിമ ഘട്ടത്തില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മേഖലകള്‍ ഏതൊക്കെയാണെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ടായിരുന്നു. സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് ആണ് ഈ സ്ഥലങ്ങള്‍ ആദ്യം രേഖപ്പെടുത്തിയത്. അവരുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരുന്നു ഗാഡ്ഗില്‍ കമ്മിറ്റിയുടെ അടയാളപ്പെടുത്തല്‍. പശ്ചിമഘട്ടത്തെ 3 ആയാണ് തിരിച്ചത്. എറ്റവും കൂടുതല്‍ പരിസ്ഥിതി ലോലമായ പ്രദേശം, ഭേദപ്പെട്ട പരിസ്ഥിതി ലോല പ്രദേശം, ജൈവ വൈവിധ്യം താരതമ്യേന കുറവുള്ള മേഖല എന്നിങ്ങനെയാണ് തിരിച്ചത്. ഭൂമിയുടെ ചെരിവ്, ജൈവ വ്യവസ്ഥ, മഴ ലഭ്യത, പൈതൃക നിര്‍മ്മിതികള്‍, ഇതെല്ലാമടക്കം 15 ഓളം ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാണ് മൂന്നായി തരംതിരിച്ചത്. ഇതില്‍ എവിടെയൊക്കെ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് സെസ് അടയാളപ്പെടുത്തിയിട്ടുമുണ്ട്‌. ഈ മേഖലകളില്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നാണ് ഗാഡ്ഗില്‍ സമിതി നിര്‍ദേശിക്കുന്നത്. മലയുടെ മുകളിലെ ഭൂമിയുടെ സ്വഭാവത്തില്‍ യാതൊരു കാരണവശാലും മാറ്റം വരുത്തരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒന്ന്, രണ്ട് സോണുകളില്‍ പാറമടകള്‍ പാടില്ലെന്ന് പറഞ്ഞിരുന്നു. അതായത് പാറമട ഉടനടി അടച്ചുപൂട്ടണമെന്നല്ല. അഞ്ചുവര്‍ഷത്തിനകം സോണ്‍ വണ്ണില്‍ നിന്നും പൂര്‍ണ്ണമായി നിര്‍ത്തലാക്കണമെന്നാണ് നിര്‍ദേശിച്ചത്. സോണ്‍ ടുവില്‍ ക്യുമിലേറ്റീവ് ഇംപാക്ട് അസസ്‌മെന്റ് നടത്തിയശേഷം നടപടിയെടുക്കണമെന്നും സോണ്‍ മൂന്നില്‍ നിലവിലെ നിയമങ്ങള്‍ അനുസരിച്ച് പാറപൊട്ടിക്കാം എന്നുമാണ് പറഞ്ഞത്. പാറ പൊട്ടിക്കരുതെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. കാരണം പാറ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാണ്. വികസനവും പ്രകൃതി സംരക്ഷണവും ഒരുമിച്ച് പോകണമെന്നാണ് പറഞ്ഞത്. അത് ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. സാധാരണ നിലയില്‍ പശ്ചിമഘട്ടം മുഴുവന്‍ പരിസ്ഥിതി ലോല പ്രദേശമായാണ് പ്രഖ്യാപിക്കേണ്ടത്. പകരം മൂന്ന് സോണുകളായി തിരിക്കുകയാണ് ചെയ്തത്. റിപ്പോര്‍ട്ടില്‍ വികസനത്തിനുള്ള സൗകര്യം ഇടപാട് ചെയ്യുന്നുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആ പഠന റിപ്പോര്‍ട്ട് നടപ്പാക്കിയില്ല. ഡാമുകളുടെ ക്യാച്ച്‌മെന്‌റ് ഏരിയകളില്‍ മുഴുവന്‍ മരങ്ങള്‍ വെച്ചുപിടിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. തീവ്ര വനവല്‍ക്കരണം വേണമെന്നാണ് പറഞ്ഞത്. അതും ചെയ്തില്ല. നദികളുടെ വശങ്ങളിലും വൃഷ്ടിപ്രദേശങ്ങളിലും മരങ്ങള്‍ നടണമെന്ന് പരാമര്‍ശിച്ചിരുന്നു. അതും പ്രാവര്‍ത്തികമാക്കിയില്ല. 30 ഡിഗ്രിയില്‍ അധികം ചെരിവുള്ള മലപ്രദേശത്ത് വീടുകളോ കെട്ടിടങ്ങളോ അനുവദിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. പുഴവക്കത്ത് നിര്‍മ്മാണങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതൊന്നും നടപ്പാക്കിയില്ല. വീണ്ടുമൊരു പ്രകൃതിദുരന്തം സംഭവിച്ചിരിക്കുന്നു. ചെയ്യാത്തവയെക്കുറിച്ച് ഇനി പറഞ്ഞിട്ട് കാര്യമില്ല. ഇനിയെന്ത് ചെയ്യാനാകുമെന്നാണ് ചിന്തിക്കേണ്ടത്.

മഴക്കെടുതി രൂക്ഷമായി വരും വര്‍ഷങ്ങളിലും ആവര്‍ത്തിച്ചേക്കാം, ആളുകളെ ഇപ്പോള്‍ തന്നെ മാറ്റിപ്പാര്‍പ്പിക്കണം:ഡോ.വി.എസ് വിജയന്‍ 
പൊട്ടിച്ചു തീര്‍ക്കുന്ന ‘മിനി ഊട്ടി’; അരിമ്പ്ര മലനിരകളില്‍ നൂറ്റമ്പത് ക്വാറികള്‍
Q

ആഗോള കാലാവസ്ഥാ വ്യതിയാനത്തെ പഴിചാരി കൈകഴുകാനാകുമോ, നമ്മള്‍ പ്രകൃതിക്ക് ഏല്‍പ്പിച്ച ആഘാതത്തിന്റെ പരിണതി കൂടിയല്ലേ ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങള്‍ ?

A

ആഗോള കാലാവസ്ഥാ വ്യതിയാനത്തെ മാത്രം പഴിചാരി രക്ഷപ്പെടാന്‍ കഴിയില്ല. നമ്മുടെ വനങ്ങളെയും തണ്ണീര്‍ത്തടങ്ങളെയും മലകളെയും എങ്ങനെ സംരക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. കേരളത്തിന് ഒരു സുസ്ഥിര വികസന നയം ഉണ്ടായേ മതിയാകൂ. പ്രകൃതിയെ നശിപ്പിക്കാതെ വികസനം എങ്ങനെ സാധ്യമാക്കാം എന്നാണ് ചിന്തിക്കേണ്ടത്. അങ്ങനെയൊരു നയം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അംഗീകരിക്കേണ്ടതുണ്ട്. ആ പോളിസി ജനങ്ങളോട് പ്രഖ്യാപിക്കണം. നിര്‍മ്മാണങ്ങളെക്കുറിച്ചാണ് അതില്‍ ആദ്യം വരേണ്ടത്. പ്രത്യേകിച്ച് വീട് നിര്‍മ്മാണം. കയ്യിലെ പണത്തിനനുസരിച്ച് വീടെടുക്കുന്ന രീതി മാറണം. എത്ര വലുപ്പമാകാമെന്ന് വ്യവസ്ഥ വേണം. വീടുകളിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ചാകണം വലുപ്പം തീരുമാനിക്കേണ്ടത്. 2000, കൂടിയാല്‍ 2500 സ്‌ക്വയര്‍ ഫീറ്റായി നിജപ്പെടുത്തണം. അതില്‍ കൂടുതല്‍ വലുപ്പമേറിയ വീടെടുക്കുന്നവര്‍ക്ക് വലിയ നികുതിയേര്‍പ്പെടുത്തണം. തൃശൂരില്‍ 36,500 സ്‌ക്വയര്‍ ഫീറ്റുള്ള മൂന്ന് വീടുകളുണ്ട്. മക്കള്‍ക്കുവേണ്ടി മാതാപിതാക്കള്‍ ഉണ്ടാക്കിയതാണ്. അതിന്റെ ആവശ്യം ഉണ്ടോയെന്നതാണ് ചോദ്യം. നമ്മുടെ ആവശ്യങ്ങള്‍ക്ക് ലിമിറ്റുണ്ടാകണം. അംബാനി 27 നിലയുള്ള വീടുണ്ടാക്കി. അങ്ങനെ കെട്ടുന്നത് അവരുടെ കയ്യില്‍ പൈസയുള്ളത് കൊണ്ടായിരിക്കാം. അത് അവരുടെ സ്വാതന്ത്ര്യമാണ്. വ്യക്തി സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനാകില്ല. പക്ഷേ മനസ്സിലാക്കേണ്ട കാര്യം 27 നിലയുള്ള വീടും 36,500 സ്‌ക്വയര്‍ ഫീറ്റുള്ള കെട്ടിടവും നിര്‍മ്മിക്കുന്നത് കരിങ്കല്ല്‌,കമ്പി, സ്റ്റീല്‍, മണല്‍, അടക്കമുള്ള പ്രകൃതി വിഭവങ്ങള്‍ കൊണ്ടാണ്. അതൊക്കെ പൊതുസ്വത്താണ്. കയ്യില്‍ പണമുളളതിനനുസരിച്ച് വാരിക്കോരിയെടുക്കാനുള്ളതല്ല. അതില്‍ എല്ലാവര്‍ക്കും തുല്യ അവകാശമാണ്. അതിനാല്‍ സംസ്ഥാനത്തിന് ഒരു ബില്‍ഡിംഗ് കോഡ് അനിവാര്യമാണ്. അതുപോലെ തന്നെയാണ് റോഡുകള്‍. എന്നും വീതി കൂട്ടിക്കൊണ്ടുവരികയാണ്. റോഡ് വീതി കൂട്ടുമ്പോള്‍ ഇരുവശങ്ങളിലുമുള്ള കെട്ടിടങ്ങളെല്ലാം ഇടിച്ചുനിരത്തണം. അങ്ങനെ വരുമ്പോള്‍ പകരം കെട്ടിപ്പൊക്കാന്‍ കല്ലുകള്‍ പശ്ചിമഘട്ടത്തില്‍ നിന്ന് കൊണ്ടുവരണം. അതായത് റോഡിന്റെ വീതി കൂട്ടുന്നതിന് നിയന്ത്രണങ്ങളുണ്ടാകണം. ഒരു നിശ്ചിത വീതി മതിയെന്ന് തീരുമാനിക്കണം. അതില്‍ ഉള്‍ക്കൊള്ളാവുന്ന വണ്ടികളേ അനുവദിക്കാവൂ. 2165 കാറുകള്‍ ആണ് ഒരു വര്‍ഷം സംസ്ഥാനത്ത് ഇറങ്ങുന്നുവെന്നാണ് പറയുന്നത്. അതിനും നിയന്ത്രണം വേണം. ആത്യന്തികമായി നമ്മുടെ ആവശ്യങ്ങള്‍ കുറച്ചേ പറ്റൂ. പൈസ അനുസരിച്ച് നമ്മുടെ ആവശ്യങ്ങള്‍ കൂട്ടാന്‍ പറ്റില്ല. നമ്മുടെ വളര്‍ച്ചയ്ക്ക് പരിധിയുണ്ടാകണം. പരിധി വിട്ട് നമ്മള്‍ പലമടങ്ങ് പോയി. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും പറഞ്ഞത് അതാണ്.

സുസ്ഥിര വികസനത്തിലേക്ക് നമ്മള്‍ എന്ന് മടങ്ങുന്നുവോ അന്നേ രക്ഷയുണ്ടാകൂ. ഇതിനായി ഒരിക്കലും മാറ്റാന്‍ കഴിയാത്ത നിയമം സഭയില്‍ പാസാക്കണം. വേറൊരു പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ അവര്‍ക്ക് മാറ്റാന്‍ കഴിയാത്ത തരത്തിലായിരിക്കണം നിയമം. കാടുകളും തണ്ണീര്‍ത്തടങ്ങളും മലകളും നശിപ്പിച്ചുള്ള വികസനം ഉണ്ടാകില്ലെന്ന് തീരുമാനിച്ചേ പറ്റൂ.
മഴക്കെടുതി രൂക്ഷമായി വരും വര്‍ഷങ്ങളിലും ആവര്‍ത്തിച്ചേക്കാം, ആളുകളെ ഇപ്പോള്‍ തന്നെ മാറ്റിപ്പാര്‍പ്പിക്കണം:ഡോ.വി.എസ് വിജയന്‍ 
പുത്തുമല ദുരന്തബാധിതര്‍ക്ക് നല്‍കിയത് പഴംതുണി; മേപ്പാടി ക്യാമ്പ് കുപ്പത്തൊട്ടിയാക്കി; കെട്ടിക്കിടക്കുന്നവയില്‍ പഴകിയ അടിവസ്ത്രങ്ങളും
Q

പ്രളയ പാഠത്തില്‍ നിന്ന് മറ്റെന്തെല്ലാം നാം പഠിക്കേണ്ടതും ചെയ്യേണ്ടതുമുണ്ട് ? പ്രകൃതി ക്ഷോഭം ഇനിയൊരു ജീവനെടുക്കാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിക്കണം ?

A

ഇനിയൊരു പ്രളയം വന്നാല്‍ അതിന്റെ ആഘാതം എങ്ങനെ കുറയ്ക്കാന്‍ കഴിയുമെന്നാണ് ചിന്തിക്കേണ്ടത്. കഴിഞ്ഞുപോയ അനുഭവങ്ങളില്‍ നിന്ന് ഏറെ ചെയ്യാനുണ്ട്. അതായത് ഇനിയൊരു ദുരന്തമുണ്ടാകാന്‍ അവസരം കൊടുക്കരുത്. ഇനിയുള്ള കാലങ്ങളിലും ഉരുള്‍ പൊട്ടലുണ്ടാകും,പ്രളയത്തിനും സാധ്യതയുണ്ട്. അത് നമ്മള്‍ പ്രതീക്ഷിക്കുക തന്നെ വേണം. അതിന്റെയൊക്കെ ആഘാതം എത്ര ദൂരത്തില്‍ വരുമെന്ന് ദുരന്ത നിവാരണ വകുപ്പ് കൃത്യമായി പറഞ്ഞിട്ടുണ്ട്. ആ മേഖലകളില്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നാണ് ഇനി നോക്കേണ്ടത്.

ഉരുള്‍പൊട്ടിയാല്‍ എവിടം വരെ അതിന്റെ ആഘാതമുണ്ടാകുമെന്ന് അടയാളപ്പെടുത്തണം. അതിനുള്ളില്‍ ജനങ്ങളെ താമസിപ്പിക്കരുത്. ഡാമിന്റെ ഷട്ടറുകള്‍ തുറന്നാല്‍ എവിടെ വരെ വെള്ളമെത്തുമെന്ന് അടയാളപ്പെടുത്തണം. ആ മേഖലയില്‍ നിന്നും ആളുകളെ മാറ്റണം. സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് അവരെ പുനരധിവസിപ്പിക്കണം. ദുരന്തം ഉണ്ടാകുമ്പോഴല്ല, ഇപ്പോള്‍ തന്നെ അവരെ മാറ്റിത്താമസിപ്പിക്കണം. അതിനുള്ള ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കണം. കാരണം സര്‍ക്കാരിന്റെ അനുവാദത്തോടെയാണ് അവിടങ്ങളില്‍ മനുഷ്യര്‍ വീടുവെച്ചത്. അങ്ങനെ ചെയ്താല്‍ ആളപായം ഉണ്ടാകില്ല.

ഡോ.വി.എസ് വിജയന്‍ 

മനുഷ്യ ജീവനാണല്ലോ ഏറ്റവും വലുത്. ഇനിയൊരു ജീവന്‍ നഷ്ടമാകാന്‍ ഇടവരുത്തരുത്. നമ്മുടെ തെറ്റായ നടപടികള്‍ കൊണ്ട് അങ്ങനെ സംഭവിക്കാന്‍ പാടില്ല. പുനരധിവാസം കാര്യക്ഷമമായാല്‍ ഇടയ്ക്ക് ഇത്തരം ദുരന്തങ്ങളുണ്ടായാല്‍ പേടിച്ച് ഓടേണ്ട കാര്യമില്ല. അതാണ് ഇനി ചെയ്യേണ്ട കാര്യം.

മഴക്കെടുതി രൂക്ഷമായി വരും വര്‍ഷങ്ങളിലും ആവര്‍ത്തിച്ചേക്കാം, ആളുകളെ ഇപ്പോള്‍ തന്നെ മാറ്റിപ്പാര്‍പ്പിക്കണം:ഡോ.വി.എസ് വിജയന്‍ 
‘ബ്രസീലില്‍ പ്രളയമുണ്ടായത് പശ്ചിമഘട്ടം മൂലമാണോ?’; ഗാഡ്ഗിലിനെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി
Q

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കേണ്ടുന്നതിന്റെ അനിവാര്യതയല്ലേ ആവര്‍ത്തിക്കുന്ന ദുരന്തങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് ?

A

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കൊണ്ടുവന്നപ്പോള്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. എല്‍ഡിഎഫും യുഡിഎഫും അത് സ്വീകരിച്ചില്ല. അന്നത് സ്വീകരിച്ചത് കേരളത്തിലെ ബിജെപിയാണ്. ബിജെപി ഒരുപാട് വേദികളില്‍ എന്നെ കൊണ്ടുപോയി പ്രസംഗിപ്പിച്ചു. റിപ്പോര്‍ട്ട് എന്താണെന്ന് ഞാന്‍ വിശദീകരിക്കുകയും ചെയ്തു. ബിജെപിയുടേതടക്കം ആകെ 175 യോഗങ്ങളില്‍ ഞാന്‍ ഇതേക്കുറിച്ച് സംസാരിക്കാന്‍ പോയിരുന്നു. ബിജെപി അധികാരത്തില്‍ വന്നാല്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമെന്നാണ് അന്ന് പറഞ്ഞത്. പക്ഷേ അധികാരത്തിലേറിയിട്ടും ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയില്ല. അത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇനിയെങ്കിലും അത് നടപ്പാക്കാന്‍ തയ്യാറാകണം. എന്തുകൊണ്ട് കേന്ദ്രസര്‍ക്കാരിനെ കൊണ്ട് ഇവര്‍ക്കത് നടപ്പാക്കിച്ചുകൂട. അതിലേക്ക് നമ്മളെത്തണം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ചര്‍ച്ചകളാകാമെന്ന് മുന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അതിലെ ചില കാര്യങ്ങള്‍ നടപ്പാക്കേണ്ടതുണ്ടെന്ന് ഇപ്പോഴത്തെ മുഖ്യമന്ത്രിയും പറയുന്നു. അതായത് ചില കാര്യങ്ങളില്‍ ഏകാഭിപ്രായം ഉണ്ടെന്നാണ് വ്യക്തമാകുന്നത്. അത് ഉപയോഗിക്കണം. എല്ലാ പാര്‍ട്ടികളും കൂടിയിരുന്ന് തീരുമാനിക്കേണ്ടതാണിത്. അങ്ങനെ ഒരു നയമുണ്ടാകണം. അസംബ്ലിയില്‍ അത് പാസാക്കിയെടുക്കണം. ഒരു സര്‍ക്കാര്‍ അധികാരം വിട്ട് മറ്റൊരു സര്‍ക്കാര്‍ വരുമ്പോള്‍ മാറ്റാന്‍ പറ്റരുത്. 90 ശതമാനം ജനങ്ങള്‍ക്കും മനസ്സിലായിട്ടുണ്ട്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ചിന്തയിലേക്ക് അവര്‍ എത്തിയിട്ടുണ്ട്. സര്‍ക്കാരും അത് കേള്‍ക്കുന്നുണ്ട്. കേട്ടാല്‍ മാത്രം പോര. അത് നടപ്പാക്കണം.

Q

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വായിക്കാതെയാണ് പലരും കടന്നാക്രമിച്ചത്, വ്യക്തിപരമായും വേട്ടയാടപ്പെട്ടു, ഇപ്പോഴതിന് സ്വീകാര്യത വരുന്നതിനെ എങ്ങിനെ കാണുന്നു ?

A

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ ഇവിടെ ഭയങ്കര ബഹളമായിരുന്നു. ഗാഡ്ഗിലിന്റെ കോലം കത്തിച്ചു. അതിന് വേണ്ടി നിലകൊണ്ട പി.ടി തോമസിന്റെ കോലം ശവമഞ്ചത്തില്‍ കൊണ്ടുപോയി. ഒരു തവണയല്ല, രണ്ട് തവണ. എന്റെ പേരില്‍ ഒന്നും കിട്ടാതായതോടെയാണ് ഭാര്യയുടെയും മകന്റെയും പേരില്‍ ചിലര്‍ പരാതി കൊടുത്തത്. അവരൊക്കെ വിദേശ പണം കൈപ്പറ്റുവെന്നായിരുന്നു ആരോപിച്ചത്. എല്ലാ വിധത്തിലും നാറ്റിക്കാനുള്ള ശ്രമമായിരുന്നു. എന്തിന് വേണ്ടിയെന്ന് ഇപ്പോഴും അറിയില്ല. അവിടുത്തെ കര്‍ഷകര്‍ക്ക് വേണ്ടിയായിരുന്നോ ? എന്റെ ചോദ്യം അത്രേയുള്ളൂ. പലതരം വ്യാജ പ്രചരണങ്ങളാണ് നടന്നത്.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ പശ്ചിമഘട്ടത്തില്‍ കൃഷി ചെയ്യാന്‍ പറ്റില്ല, കൃഷിക്കാരെ ഇറക്കിവിടും. വീട് വെയ്ക്കാന്‍ പറ്റില്ല, വീട് വെയ്ക്കണമെങ്കില്‍ കരിങ്കല്ലുകൊണ്ട് കെട്ടാന്‍ പറ്റില്ല. മണ്ണും പുല്ലുമെല്ലാം വെച്ച് ഉണ്ടാക്കേണ്ടി വരും. വൈകുന്നേരം ലൈറ്റിടാന്‍ പറ്റില്ല. വീടിന് പച്ച പെയിന്റ് അടിക്കണം. ഇങ്ങനെ ഒരുപാട് തോന്നിവാസങ്ങളാണ് പറഞ്ഞുണ്ടാക്കിയത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയാത്തതോ ഞങ്ങള്‍ ചിന്തിക്കാത്തതോ ആയ കാര്യങ്ങളാണ് പ്രചരിപ്പിച്ചത്.

ഡോ.വി.എസ് വിജയന്‍ 

ഇതെല്ലാമെഴുതി പള്ളിയില്‍ ബിഷപ്പ് വായിക്കുകയാണ്. നമ്മള്‍ പറയുന്ന പോലെയല്ലല്ലോ പള്ളിയില്‍ ഒരു പിതാവ് പറയുന്നത്. അങ്ങനെ ജനങ്ങള്‍ മുഴുവന്‍ ഇതിനെതിരായി. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരെ പിന്‍തുണയ്ക്കുകയും ചെയ്തു. അതാണ് ഉണ്ടായത്.

മഴക്കെടുതി രൂക്ഷമായി വരും വര്‍ഷങ്ങളിലും ആവര്‍ത്തിച്ചേക്കാം, ആളുകളെ ഇപ്പോള്‍ തന്നെ മാറ്റിപ്പാര്‍പ്പിക്കണം:ഡോ.വി.എസ് വിജയന്‍ 
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഇനിയെങ്കിലും ഇച്ഛാശക്തി കാണിക്കണം: പി ടി തോമസ് അഭിമുഖം
Q

യഥാര്‍ത്ഥത്തില്‍ കൃഷിക്കാരെയും ജനങ്ങളെയും പൂര്‍ണമായി സഹായിക്കാനുള്ള കാര്യങ്ങളായിരുന്നല്ലോ റിപ്പോര്‍ട്ടില്‍ ?

A

ഞങ്ങള്‍ പറഞ്ഞത് പശ്ചിമഘട്ടത്തിലെ കൃഷി മുഴുവന്‍ പരിസ്ഥിതി സൗഹൃദമായിരിക്കണണമെന്നാണ്. അതായത് ജൈവ കൃഷിയായിരിക്കണം. കേരള സര്‍ക്കാര്‍ 2010 ല്‍ ജൈവകൃഷി നയം കൊണ്ടുവന്നിട്ടുണ്ട്. അന്ന് ഞാന്‍ ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാനായിരുന്നു. അതില്‍ പറഞ്ഞത് 5 വര്‍ഷം കൊണ്ട് ഭക്ഷ്യവിളകളും 10 വര്‍ഷം കൊണ്ട് നാണ്യവിളകളും ജൈവകൃഷിയിലേക്ക് മാറ്റണമെന്നാണ്. അത് തന്നെയാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും സ്വീകരിച്ചത്. ആ ജൈവകൃഷി നയം ഒരുപാട് ചര്‍ച്ചകള്‍ക്ക് ശേഷമാണ് തയ്യാറാക്കിയത്. സര്‍ക്കാര്‍ തലത്തിലും വിവിധ വകുപ്പ് തലത്തിലും കാര്‍ഷിക സര്‍വ്വകലാശാല തലത്തിലുമെല്ലാം ആലോചനകള്‍ നടന്നു. പ്രാദേശിക യോഗങ്ങള്‍ ചേര്‍ന്ന് ജനങ്ങളുമായും കൃഷിക്കാരുമായും ശാസ്ത്രജ്ഞരുമായും കൂടിക്കാഴ്ചകള്‍ നടത്തിയാണ് നയമുണ്ടാക്കിയത്. അതിന് ജനത്തിന്റെ പിന്‍തുണയുണ്ട്. അത് ശരിവെച്ച് ഉള്‍പ്പെടുത്തിയതാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്.

അതായത് കൃഷി പാടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല. ജൈവമാക്കി മാറ്റണമെന്ന് മാത്രമാണ് പറഞ്ഞത്. രാസവളത്തില്‍ നിന്ന് ജൈവമാകുമ്പോള്‍ വിളവ് കുറയാനിടയുണ്ട്. അങ്ങനെ വരുമ്പോള്‍ അതിന്റെ നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് കൊടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നുണ്ട്. നാടന്‍ പശുവിനെ വളര്‍ത്തുന്ന ആളുകളെ പ്രോത്സാഹിപ്പിക്കണമെന്ന് പരാമര്‍ശിക്കുന്നുണ്ട്. രണ്ട് പശുക്കളില്‍ കൂടുതലുള്ളവര്‍ക്ക് ബയോഗ്യാസിനുള്ള സംവിധാനങ്ങള്‍ സൗജന്യമായി ഒരുക്കിക്കൊടുക്കണമെന്ന് വിശദീകരിക്കുന്നുണ്ട്. നാടന്‍ മത്സ്യകൃഷി നടത്തുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കണമെന്ന് പറയുന്നുണ്ട്. അങ്ങനെ എല്ലാ തരത്തിലും ജനങ്ങള്‍ക്ക് സഹായകരമാകുന്ന കാര്യങ്ങളേ പറഞ്ഞിട്ടുള്ളളൂ.

പിന്നെയുള്ളത്, മലമ്പ്രദേശങ്ങളിലെ പുഴകളുടെ തീരത്ത് വിഷമാലിന്യങ്ങള്‍ പുറംതള്ളുന്ന ഫാക്ടറികള്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അവിടെ ഹോസ്പിറ്റലുകളും പാടില്ല. ഇങ്ങനെ പറയുന്നതില്‍ എന്താണ് തെറ്റെന്ന് മനസ്സിലായിട്ടില്ല. പാറമടക്കാരുടെ പുറകിലൊക്കെ കുറേ ആള്‍ക്കാരുണ്ട്. ഇവരെല്ലാമടക്കമുള്ള വലിയ അദൃശ്യ ശക്തിയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നാണ് ഞാന്‍ പറയുന്നത്. സംസ്ഥാനത്തും രാജ്യത്തും ഒക്കെ ഇവര്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ഈ അദൃശ്യ ശക്തിയുടെ ഫിലോസഫി മൂലധനം കൂട്ടുകയെന്നതാണ്. അവരാണ് എല്ലാത്തിന്റേയും മുകളില്‍ നില്‍ക്കുന്നത്. ലോകം മുഴുവന്‍ അങ്ങനെയാണ്. അതില്‍ നിന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ മോചിപ്പിക്കപ്പെടണം. ഇല്ലെങ്കില്‍ കേരളത്തെ പോലുള്ള അങ്ങേയറ്റം പരിസ്ഥിതി ലോലമായ ചെറിയ നാടിന് നിലനില്‍പ്പുണ്ടാകില്ല. പാറ ഇതുപോലെ തന്നെ പൊളിഞ്ഞുവീഴും, മല ഇടിഞ്ഞുകൊണ്ടിരിക്കും. കടലിന്റെ കാര്യത്തിലും കുറേ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. കടല്‍ക്ഷോഭത്തില്‍ നിന്ന് തീരദേശത്തിന് എങ്ങനെ സംരക്ഷണം നല്‍കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ വൈകിയ വേളയിലെങ്കിലും അക്കാര്യങ്ങള്‍ നടപ്പാക്കണം.

മഴക്കെടുതി രൂക്ഷമായി വരും വര്‍ഷങ്ങളിലും ആവര്‍ത്തിച്ചേക്കാം, ആളുകളെ ഇപ്പോള്‍ തന്നെ മാറ്റിപ്പാര്‍പ്പിക്കണം:ഡോ.വി.എസ് വിജയന്‍ 
അത്ര സുസ്ഥിരമല്ല കാര്യങ്ങള്‍; ദുരന്തങ്ങള്‍ പലരൂപത്തില്‍ ഇനിയുമുണ്ടാകാം  
Q

ക്വാറികള്‍ നിര്‍ബാധം പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ വന്‍ ദുരന്തം വിതച്ച് ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിരിക്കുന്നു. പാറമടകള്‍ പശ്ചിമഘട്ടത്തിന് ഏല്‍പ്പിക്കുന്ന ആഘാതം എത്രമാത്രമാണ്,പാറമടകള്‍ പ്രവര്‍ത്തിക്കാനുള്ള ദൂരപരിധി കുറച്ചത് ഗുരുതര വീഴ്ചയല്ലേ ?

A

ഏതാണ് ആറായിരത്തോളം ക്വാറികള്‍ സംസ്ഥാനത്തുണ്ടെന്നാണ് കെഎഫ്ആര്‍എയുടെ പഠനം കാണിക്കുന്നത്. അതില്‍ പകുതിയും അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് അറിയുന്നത്. പാറമടകള്‍ ഉള്ള സ്ഥലങ്ങളിലാണ് കൂടുതല്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായതെന്ന് എല്ലാവര്‍ക്കും മനസ്സിലായിട്ടുമുണ്ട്. ഒരു സ്ഥലത്ത് ഒരു ക്വാറി നടത്തുമ്പോള്‍ അത് എത്രത്തോളം മേഖലകളില്‍ പ്രത്യാഘാതം ഉണ്ടാക്കുമെന്നത് കാണണം. വലിയ ഒരു പാറയുടെ ഒരു ഭാഗം പൊട്ടിക്കുമ്പോള്‍ അതിന്റെ മറുഭാഗത്തും പ്രത്യാഘാതം ഉണ്ടാകും. പൊട്ടിത്തെറിയുടെ തോത് അനുസരിച്ചായിരിക്കും ആഘാതം. അത് പഠനവിധേയമാക്കണം. ഒരു ഭാഗത്ത് പാറപൊട്ടിക്കുമ്പോള്‍ അതിന്റെ ആഘാതത്തില്‍ 200 മീറ്റര്‍ അകലെയൊക്കെ പാറയില്‍ വിള്ളല്‍വീഴുന്നുണ്ട്. മഴപെയ്യുമ്പോള്‍ വെള്ളം അതിലേക്ക് കുത്തിയൊലിക്കുകയും മണ്ണ് വീണ് വിള്ളലുകള്‍ വലുതാവുകയും ചെയ്യും. പിന്നെയൊരിക്കല്‍ പേമാരി വരുമ്പോള്‍ എല്ലാം കൂടി തള്ളിപ്പോരും. അത് നമ്മള്‍ വളരെ സൂക്ഷിക്കേണ്ട കാര്യമാണ്. പാറമടകള്‍ വീടുകളില്‍ നിന്ന് 100 മീറ്റര്‍ വേണമെന്നായിരുന്നു മുന്‍പത്തെ നിയമം. എന്നാല്‍ 200 മീറ്ററെങ്കിലും വേണമെന്നാണ് ഞങ്ങള്‍ പറയുന്നത്. ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ആയിരിക്കെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ താന്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ 100 മീറ്റര്‍ ഉണ്ടായിരുന്നത് 50 മീറ്ററായി കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അത് വലിയ തെറ്റാണ്. തിരുത്തിയേ പറ്റൂ. മുന്‍ രീതിയിലേക്ക് തിരിച്ചുകൊണ്ടുവരണം. വനവല്‍ക്കരണ പദ്ധതിയാണ് ഉരുള്‍പൊട്ടലിനെ ചെറുക്കാന്‍ ഏറ്റവും ഫലപ്രദമായത്. എന്നാല്‍ നമ്മള്‍ വനം നശിപ്പിക്കുകയാണ്. ഇതൊക്കെയാണ് ഏറ്റവും വലിയ പ്രശ്‌നം.

Q

തണ്ണീര്‍ത്തട നിയമത്തിലും മാറിമാറി വന്ന സര്‍ക്കാരുകള്‍ വെള്ളം ചേര്‍ത്തില്ലേ, അതും തിരുത്തപ്പെടേണ്ടതല്ലേ ?

A

വെള്ളം പിടിച്ചുനിര്‍ത്തുന്നത് തണ്ണീര്‍ത്തടങ്ങളാണ്. നെല്‍പ്പാടങ്ങള്‍ അടക്കമുള്ളവ. തണ്ണീര്‍ത്തട നിയമവും ഡയല്യൂട്ട് ചെയ്തു. അത് മുന്‍പത്തെ രീതിയിലാക്കണം. മഴ പെയ്യുമ്പോള്‍ വെള്ളം പിടിച്ചുനിര്‍ത്താന്‍ കഴിയണം. അതിന് പ്രകൃതിയിലുള്ള ഒരേ ഒരു വ്യവസ്ഥ തണ്ണീര്‍ത്തടങ്ങളാണ്. കുളം, തോട്, പാടങ്ങള്‍, റിസര്‍വോയറുകള്‍, എല്ലാം അതില്‍ വരും. അവയെ നിലനിര്‍ത്തുകയും സംരക്ഷിക്കുകയും വേണം. നെല്‍പ്പാടങ്ങളെ നിലനിര്‍ത്തിയാല്‍ അത് സമീപത്തെ കിണറുകളെ റീചാര്‍ജ് ചെയ്യും. നെല്ലെടുക്കല്‍ മാത്രമല്ല, ഇങ്ങനെ പല ഗുണങ്ങളുമുണ്ട്. മലകളും വനങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിച്ചുകൊണ്ട് വികസനം കൊണ്ടുവന്നാല്‍ അത് സുസ്ഥിരമായിരിക്കും. നമ്മുടെ കുട്ടികള്‍ക്കും അവരുടെ കുട്ടികള്‍ക്കും അവയൊക്കെ അനുഭവിക്കാനുള്ള സാഹചര്യവുമുണ്ടാകും.

മഴക്കെടുതി രൂക്ഷമായി വരും വര്‍ഷങ്ങളിലും ആവര്‍ത്തിച്ചേക്കാം, ആളുകളെ ഇപ്പോള്‍ തന്നെ മാറ്റിപ്പാര്‍പ്പിക്കണം:ഡോ.വി.എസ് വിജയന്‍ 
‘ദുരന്തത്തിന് കാരണം പശ്ചിമഘട്ട സംരക്ഷണത്തില്‍ വരുത്തിയ വീഴ്ച്ച’; മാധവ് ഗാഡ്ഗില്‍
Q

സമഗ്രമായ ഒരു ദുരന്തസാധ്യതാ മാപ്പോ, കാലാവസ്ഥാ കലണ്ടറോ നമുക്കുണ്ടോ ? മുന്നറിയിപ്പ് നല്‍കുന്നതില്‍ അധികൃതര്‍ പലപ്പോഴും പരാജയപ്പെടുന്നില്ലേ ?

A

നിര്‍ബന്ധമായും സമഗ്രമായ ദുരന്തസാധ്യത വ്യക്തമാക്കുന്ന മാപ്പുണ്ടാകണം. ഒരു ഡാം തുറന്നാല്‍ എത്രത്തോളം മേഖലകള്‍ വെള്ളത്തിനടിയിലാകുമെന്ന് കഴിഞ്ഞ തവണ ധാരണയുണ്ടായിരുന്നില്ല. അതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. ഒരു ഷട്ടര്‍ തുറന്നാല്‍ എത്ര വെള്ളം വരും. അത് എത്ര മേഖലകളിലേക്ക് വ്യാപിക്കും. രണ്ട് ഷട്ടറുകള്‍ തുറന്നാല്‍ എത്ര മേഖലകളെ ബാധിക്കും എന്നൊക്കെ അടയാളപ്പെടുത്തേണ്ടതുണ്ട്. ഉരുള്‍പൊട്ടലുണ്ടായാല്‍ എത്ര പ്രദേശം മണ്ണിനടിയിലാകുമെന്നൊക്കെ കണക്കാക്കണം. അതുപ്രകാരം ബാധിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിത്താമസിപ്പിക്കേണ്ടതുണ്ട്. അവിടങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ക്ക് അനുമതി കൊടുക്കാതിരിക്കുകയും വേണം. നിര്‍ഭാഗ്യവശാല്‍ അത്തരം മുന്‍കരുതലുകള്‍ ഉണ്ടാകുന്നില്ല. സമഗ്രമായ കാലാവസ്ഥാ കലണ്ടറും അത്യാവശ്യമാണ്. പക്ഷേ കാലാവസ്ഥ പ്രവചിക്കുന്നതുപോലെ ആയിരിക്കണമെന്നില്ല. എപ്പോള്‍ വേണമെങ്കിലും അതില്‍ മാറ്റങ്ങള്‍ സംഭവിക്കാം.

Q

സെയ്ഫ് സോണില്‍ നിന്ന് കേരളം അണ്‍സെയ്ഫ് സോണിലേക്ക് മാറിയെന്ന തോന്നലുണ്ടോ ? വരും വര്‍ഷങ്ങളിലും മഴക്കെടുതികള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത ഏത്രത്തോളമാണ് ?

A

ഇപ്പോ ഞങ്ങളെ പോലുള്ളവര്‍ക്ക് അങ്ങനെയൊരു തോന്നല്‍ വന്നിട്ടുണ്ട്. ഇങ്ങനെ പോയാല്‍ എവിടെ എത്തുമെന്ന ആശങ്കയുണ്ട്.

ഈ നിലയില്‍ പോയാല്‍ ഒരു സംശയവുമില്ല, ഇതാവര്‍ത്തിക്കും. ചിലപ്പോള്‍ ഇതിനേക്കാള്‍ മോശമായാകും സംഭവിക്കുക. വരാതിരിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. പക്ഷേ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നില്ലല്ലോ.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കിയാല്‍ ജനങ്ങള്‍ക്ക് ധൈര്യം വരും. അതിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കിയാല്‍ പ്രകൃതിക്ഷോഭത്തോടനുബന്ധിച്ചുള്ളള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന ധാരണ ജനങ്ങള്‍ക്കുണ്ടാകണം. ഇതില്‍ സര്‍ക്കാരിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജനങ്ങള്‍ സ്വയം ചെയ്യേണ്ട നിരവധി കാര്യങ്ങളുമുണ്ട്. ബില്‍ഡിംഗ് കോഡ് വേണം എന്ന് സര്‍ക്കാര്‍ പറയാന്‍ നില്‍ക്കേണ്ടതില്ലല്ലോ, സ്വയം തീരുമാനിക്കാമല്ലോ.

മഴക്കെടുതി രൂക്ഷമായി വരും വര്‍ഷങ്ങളിലും ആവര്‍ത്തിച്ചേക്കാം, ആളുകളെ ഇപ്പോള്‍ തന്നെ മാറ്റിപ്പാര്‍പ്പിക്കണം:ഡോ.വി.എസ് വിജയന്‍ 
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനേക്കുറിച്ച് മലയോര ജനതയോട് പറയാത്തത്
Q

ക്വാറിയുണ്ടായിട്ടാണോ കാടിനുള്ളില്‍ മണ്ണിടിയുന്നത് എന്ന തരത്തിലുള്ള വാദങ്ങളാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ മുന്നോട്ടുവെയ്ക്കുന്നത് ?

A

വേറൊന്നും പറയാനില്ലാത്തതുകൊണ്ടാണ് അത്തരം വാദങ്ങള്‍. കാട്ടിനുള്ളില്‍ മണ്ണ് ഇടിച്ചില്‍ ഉണ്ടാകുന്നുവെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് പോയി കാണണമെന്നുണ്ട്. നല്ല കാട്ടില്‍ അതായത് സൈലന്റ് വാലി പോലുള്ളയിടത്ത് മണ്ണൊലിപ്പുണ്ടെങ്കില്‍ അത് പഠിക്കേണ്ട കാര്യമാണ്‌. അങ്ങനെയുണ്ടായോ എന്നറിയില്ല. തോട്ടത്തില്‍ മണ്ണൊലിപ്പുണ്ട്. അതിനെ ഇതുമായി ബന്ധപ്പെടുത്തരുത്. തോട്ടത്തില്‍ മണ്ണൊലിപ്പുണ്ടെന്നത് സംശയമില്ലാത്ത കാര്യമാണ്. തോട്ടമുള്‍പ്പെടെ ആള്‍പ്പാര്‍പ്പുള്ള സ്ഥലങ്ങളിലാണ് മണ്ണൊലിപ്പ് കൂടുതലാകുന്നത്.അതായത് മനുഷ്യന്‍ ജീവിക്കുന്നിടത്താണ് പരിസ്ഥിതി പ്രശ്‌നങ്ങള്‍ കൂടുതലുള്ളത്. അതുകൊണ്ട് മനുഷ്യവാസമുള്ള ഇടങ്ങളിലായിരിക്കണം പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ അടയാളപ്പെടുത്തേണ്ടത്. അല്ലാതെ കാട്ടിലല്ല, കാട് സംരക്ഷിക്കാന്‍ ഇഷ്ടം പോലെ നിയമങ്ങളുണ്ട് അതിന് പുറത്തുള്ളവയാണ് സംരക്ഷിക്കപ്പെടേണ്ടത്. ഇക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയയായി പ്രഖ്യാപിക്കുന്നത് ഏറ്റവും കൂടുതല്‍ കോട്ടം സംഭവിച്ച പ്രദേശങ്ങളെയാണ്. ഇത് ലോകത്ത് ആദ്യമായി പ്രഖ്യാപിച്ചത് ഇംഗ്ലണ്ടിലാണ്. അവിടെ ഒരു കൃഷിഭൂമി മുഴുവന്‍ നശിച്ചുകൊണ്ടിരിക്കുന്നു. അത് പുനരുദ്ധരിക്കാന്‍ അവര്‍ ആ പ്രദേശത്തെ ഇക്കോളജിക്കലി സെന്‍സിറ്റീവ് ആയി പ്രഖ്യാപിച്ചു. അതില്‍ നിന്നാണ് തുടക്കം. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് തന്നെ പലയിടങ്ങളെയും ഇഎസ്എ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അവിടങ്ങളില്‍ നിന്നൊന്നും ആളുകളെ മാറ്റിത്താമസിപ്പിച്ചിട്ടില്ല.ഡാമേജുള്ള സ്ഥലങ്ങളെയും ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലകളെയും എറ്റെടുത്ത് അവിടെ പ്രകൃതിക്കുണ്ടായ ഹാനി എങ്ങനെ പരിഹരിച്ച് പുനരുദ്ധരിക്കാം എന്നതിനുവേണ്ടിയാണ് ഇഎസ്എ പ്രഖ്യാപിക്കുന്നത്. അതിന് ചുറ്റുമുള്ള സ്ഥലത്തിന്റെ സംരക്ഷണത്തിനാണ് ഇക്കോളജിക്കലി ഫ്രജൈല്‍ ആക്ട്. അതുപ്രകാരമുള്ള മേഖലകളില്‍ നിന്നും ആളുകളെ മാറ്റിത്താമസിപ്പിക്കണമെന്നും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എഎസ്എയും ഇഎഫ്എല്ലും വ്യത്യസ്തമാണ്. പലരും അത് മനസ്സിലാക്കിയിട്ടില്ല. അത് മനസ്സിലാക്കാത്തവരാണ് മുഴുവന്‍ പ്രശ്‌നങ്ങളുമുണ്ടാക്കിയത്.

Q

ആവര്‍ത്തിക്കപ്പെടുന്ന പ്രളയക്കെടുതികളില്‍ തണ്ണീര്‍ത്തടങ്ങളുടെ ഘടനയില്‍ മാറ്റങ്ങളുണ്ടാകുന്നുണ്ട്. മാലിന്യങ്ങള്‍ അടിയുകയും മണല്‍ത്തിട്ട രൂപപ്പെടുകയും ചെയ്യുന്നുണ്ട്. അത് സ്വാഭാവിക നീരൊഴുക്കിന് വിഘാതമാകുന്നുണ്ട്.തണ്ണീര്‍ത്തടങ്ങളുടെ പുനരുദ്ധാരണം വേണ്ടരീതിയില്‍ നടന്നിട്ടുണ്ടോ ?

A

ഈ വാദത്തിന് പ്രസക്തിയുണ്ട്. തണ്ണീര്‍ത്തടങ്ങള്‍ പുനരുദ്ധരിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. ആ രീതിയില്‍ ചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുമുണ്ട്. ഹരിത കേരള മിഷന്‍ വഴി തണ്ണീര്‍ത്തടങ്ങളും പുഴകളും ഒക്കെ വൃത്തിയാക്കാന്‍ ലക്ഷ്യമിട്ടു. ചിലയിടങ്ങളിലൊക്കെ ചെയ്തു.പക്ഷേ അതൊരു ജനകീയ പ്രസ്ഥാനമായി വളര്‍ന്നിട്ടില്ല.പലയിടത്തും മെല്ലെപ്പോക്കാണ്. ഗ്രാമസഭകളിലൊക്കെ വെച്ച് ഇത് നടപ്പാക്കിയെടുക്കേണ്ടതുണ്ട്. മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തിലും ഹരിത കേരള മിഷന്റെ സ്‌കീം നല്ലതാണ്. പക്ഷേ അത് കൃത്യമായി ചെയ്യണം. അതിന് പഞ്ചായത്തുകള്‍ മുന്നോട്ടുവരണം. ഇതൊരു ജനകീയ പ്രസ്ഥാനമായി മാറിയാലേ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകൂ.

മഴക്കെടുതി രൂക്ഷമായി വരും വര്‍ഷങ്ങളിലും ആവര്‍ത്തിച്ചേക്കാം, ആളുകളെ ഇപ്പോള്‍ തന്നെ മാറ്റിപ്പാര്‍പ്പിക്കണം:ഡോ.വി.എസ് വിജയന്‍ 
‘ഹിറ്റാച്ചികൊണ്ട് മലകുഴിച്ചു’; കവളപ്പാറയിലെ ദുരന്തം വരുത്തിവച്ചതെന്ന് നാട്ടുകാർ
Q

വിദ്യാഭ്യാസ സമ്പ്രദായത്തിലുള്‍പ്പെടെ പ്രകൃതി പഠനത്തിന്റെ അനിവാര്യത കൂടി ഇത്തരം ദുരന്തങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നില്ലേ ?

A

പ്രകൃതി പഠനം അനിവാര്യമാണ്. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും വേണം.മുകള്‍ തട്ടുമുതല്‍ ഉണ്ടാകണം. നിയമ സാമാജികര്‍ മുതലുള്ളവര്‍ക്ക് ഇതേക്കുറിച്ച് കൃത്യമായ വിജ്ഞാനം വേണം. ജഡ്ജുമാര്‍ക്കടക്കം എല്ലാ മേഖലകളിലുള്ളവര്‍ക്കും ക്ലാസുകള്‍ നല്‍കണം. ജനങ്ങളെയും ബോധവല്‍ക്കരിക്കണം. അതില്ലാത്തതുകൊണ്ടാണ് ‘കടലില്‍ മഴപെയ്യുന്നില്ലേ’ എന്നിങ്ങനെയുള്ള വാദങ്ങള്‍ ചിലര്‍ ഉന്നയിക്കുന്നത്. പ്രകൃതി സംരക്ഷകര്‍ക്ക് മാത്രമേ ഇതെല്ലാം അറിയൂ എന്നില്ല. ഒരു കൃഷിഭൂമി എങ്ങനെ സംരക്ഷിക്കണമെന്ന് ഏറ്റവും നന്നായി പറയാനാവുക ആ മേഖലയിലെ പ്രായം കൂടിയ ഒരു കൃഷിക്കാരനായിരിക്കും. അത്രയും അറിവ് ആര്‍ക്കുമില്ല. അങ്ങനെയുള്ളവരില്‍ നിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ട്. പക്ഷേ ഒരു യൂണിവേഴ്‌സിറ്റി ഡിഗ്രി കിട്ടിക്കഴിഞ്ഞാല്‍ നമ്മള്‍ ലോകത്തിലെ ഏറ്റവും വലിയ ആളായെന്ന് കരുതും. അതാണ് പ്രശ്‌നം. ആ ചിന്താഗതി മാറണം. പ്രകൃതി സംരക്ഷകര്‍ പറയുന്നത് മാത്രമല്ല, ഓരോ ചലനങ്ങളും അനുഭവിച്ച് മനസ്സിലാക്കിയ നിരവധി പേരുണ്ട്. അവരെ ഉപയോഗിച്ചടക്കം ബോധവല്‍ക്കരണം നല്‍കുകയാണ് വേണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in