Special Report

‘ചരിത്രവിധി’യില്‍ പാഠം പഠിക്കാത്ത എംജി ; സസ്‌പെന്‍ഷനിനെതിരെ നിയമപോരാട്ടം കടുപ്പിക്കാന്‍ അനില്‍കുമാര്‍ 

കെ. പി.സബിന്‍

ശാന്തിവനം സംരക്ഷിക്കണമെന്ന ഉള്ളടക്കവുമായി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന്, എംജി സര്‍വ്വകലാശാലാ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ അനില്‍കുമാറിനെ സസ്‌പെന്റ് ചെയ്ത സംഭവത്തില്‍ കടുത്ത നിയമപോരാട്ടത്തിന് കളമൊരുങ്ങുന്നു.അനില്‍കുമാറിനെ ജൂണ്‍ 3 നാണ് വൈസ് ചാന്‍സലര്‍ പ്രൊഫ.സാബു തോമസ് സസ്‌പെന്റ് ചെയ്തത്. പ്രസ്തുത പോസ്റ്റില്‍ വൈദ്യുതി മന്ത്രി എംഎം മണിയെയും എംഎല്‍എ എസ് ശര്‍മയെയും അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചായിരുന്നു നടപടി. എസ് ശര്‍മ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇരുവര്‍ക്കുമെതിരെ മോശമായ പരാമര്‍ശങ്ങളില്ലെന്നും സസ്‌പെന്‍ഷന്‍ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി അനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് കോടതി സര്‍വ്വകലാശാലയോട് ഉത്തരവിട്ടിട്ടുണ്ട്. ഇതോടെ രണ്ടാം തവണയും അനില്‍കുമാറും എംജി സര്‍വ്വകലാശാലയും തമ്മിലുള്ള നിയമപോരാട്ടത്തിന് കളമൊരുങ്ങി.

ആദ്യ പോരാട്ടത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച് ചരിത്രവിധി സമ്പാദിച്ചയാളാണ് അനില്‍കുമാര്‍. ഇത് രണ്ടാം തവണയാണ് അനില്‍കുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സസ്‌പെന്റ് ചെയ്യപ്പെടുന്നതും കോടതിയെ സമീപിക്കുന്നതും. 2018 ലെ സംഭവം ഇങ്ങനെ. ഇടതുസംഘടനയായ എംജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷന്‍ അംഗമായിരുന്നു അനില്‍കുമാര്‍. ബിരുദമില്ലാത്ത 31 ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് അസിസ്റ്റന്റായി സ്ഥാനക്കയറ്റം നല്‍കുന്നതിനെതിരെ പിഎസ്‌സി വഴി നിയമനം ലഭിച്ചവര്‍ സര്‍വ്വകലാശാലയില്‍ സമരം ചെയ്തിരുന്നു. എന്നാല്‍ ഇടത് സംഘടനയില്‍പ്പെട്ടവരായിരുന്നു സ്ഥാനക്കയറ്റം ലഭിക്കേണ്ടവരില്‍ അധികവും. സംഘടനാ നേതാവായിരുന്ന ഷറഫുദ്ദീന്‍ ഈ സമരത്തിനെതിരെ കര്‍ശന നിലപാടെടുത്തു. കോട്ടയത്ത് കെവിന്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയായ സമയമായിരുന്നു.

സമരക്കാരെ ഭീഷണിപ്പെടുത്താനായി കെവിന് നേരിട്ട ദുര്യോഗം ഷറഫുദ്ദീന്‍ പരാമര്‍ശിച്ചു. എന്നാല്‍ ഇതില്‍ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അനില്‍കുമാര്‍ ജനറല്‍ ബോഡി യോഗത്തില്‍ സംസാരിച്ചു. ഇതോടെയാണ് ഇദ്ദേഹത്തിനെതിരായ വേട്ടയാടല്‍ ആരംഭിക്കുന്നത്. ഈ സംഭവത്തിന് തൊട്ടുപിന്നാലെ അനില്‍കുമാറിനെ സംഘനയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇത് സംബന്ധിച്ച് അനില്‍കുമാര്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ എകെപിസിടിഎ നേതാവും പാലാ സെന്റ് തോമസ് കോളേജിലെ ഫിസിക്‌സ് അധ്യാപകനുമായിരുന്ന രാജു ജോണ്‍ താഴത്ത് വിസിക്ക് പരാതി നല്‍കി. ഇതിന്‍മേല്‍ 2018 ഓഗസ്റ്റില്‍ അനില്‍കുമാറിനെ മഹാത്മാഗാന്ധി സര്‍വ്വകലാശാല സസ്‌പെന്റ് ചെയ്തു. സര്‍വ്വകലാശാലയ്ക്ക് എതിരെയാണ്‌ പോസ്‌റ്റെന്ന് ആരോപിച്ച് വിശദീകരണം പോലും ചോദിക്കാതെയായിരുന്നു നടപടി.

എന്നാല്‍ ഇതിനെതിരെ അനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. സ്ഥാപനത്തിന്റെ പൊതുതാല്‍പ്പര്യങ്ങള്‍ക്കെതിരല്ല അനില്‍കുമാര്‍ പ്രകടിപ്പിച്ച അഭിപ്രായമെന്ന് കോടതി നിരീക്ഷിച്ചു. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും നിശ്ശബ്ദനാക്കാന്‍ ശ്രമിക്കുന്നത് ആ മൗലികാവകാശത്തിന്റെ ലംഘനമാണെന്നും വ്യക്തമാക്കി അനില്‍കുമാറിനെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടു. അതായത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കിലും അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് കോടതി അസന്നിഗ്ധമായി വ്യക്തമാക്കുകയായിരുന്നു. ഈ നിര്‍ണ്ണായക വിധിയില്‍ നിന്ന് പാഠം പഠിക്കാതെയാണ് എംജി രണ്ടാംതവണയും അനില്‍കുമാറിനെതിരെ നടപടിയെടുത്തിരിക്കുന്നത്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT