‘പൂട്ടേണ്ടി വരും’; രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്രസര്‍ക്കാരിന് ബിഎസ്എന്‍എല്ലിന്റെ കത്ത്  

‘പൂട്ടേണ്ടി വരും’; രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്രസര്‍ക്കാരിന് ബിഎസ്എന്‍എല്ലിന്റെ കത്ത്  

ഇനിയും മുന്നോട്ട് പോകാനാകില്ലെന്നും രക്ഷിക്കണമെന്നും അഭ്യര്‍ത്ഥിച്ച് കേന്ദ്രസര്‍ക്കാരിന് ബിഎസ്എന്‍എല്ലിന്റെ കത്ത്. അടിയന്തിര ധനസഹായം നല്‍കിയില്ലെങ്കില്‍ മുന്നോട്ട് മുന്നോട്ട് പോക്ക് അസാധ്യമായേക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ജൂണിലെ ശമ്പളത്തില്‍ മാത്രം 850 കോടിയുടെ ബാധ്യതയുണ്ടെന്നും ആകെ 13,000 കോടിയോളം വരുന്ന ബാധ്യത വഹിച്ച് ബിസിനസ് നിലനിര്‍ത്താന്‍ കഴിയില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ബിഎസ്എന്‍എല്‍ കോര്‍പറേറ്റ് ബജറ്റ്, ബാങ്കിങ് ഡിവിഷന്‍ ജനറല്‍ മാനേജരായ പുരാന്‍ ചന്ദ്ര കഴിഞ്ഞയാഴ്ച്ച ടെലികോം മന്ത്രാലയത്തിന് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ബിഎസ്എന്‍എല്‍. 2018 ഡിസംബറില്‍ ബിഎസ്എന്‍എല്ലിന്റെ ആകെ പ്രവര്‍ത്തന നഷ്ടം 90,000 കോടി എത്തിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ സ്ഥാപനത്തിന്റെ ശോചനീയാവസ്ഥ പ്രധാനമന്ത്രിയെ നേരില്‍കണ്ട് അവതരിപ്പിച്ചെങ്കിലും പരിഹാരമൊന്നുമുണ്ടായില്ല. 1.7 ലക്ഷം പേരാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്.

ടെലികോം മാര്‍ക്കറ്റില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ബിഎസ്എന്‍എല്‍ കൂപ്പുകുത്തുകയാണ്. നടത്തിപ്പിലെ പോരായ്മകളും കേന്ദ്ര സര്‍ക്കാരിന്റെ അനാവശ്യഇടപെടലുകളും തെറ്റായ മാര്‍ഗനിര്‍ദേശങ്ങളും തിരിച്ചടിയായി. ആധുനികവല്‍കരിക്കാനുള്ള ശ്രമങ്ങള്‍ ഒച്ചിഴയും വേഗത്തിലായത് വീഴ്ച്ചയുടെ ആക്കം കൂട്ടി. 5ജി ലേലത്തിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തവെ 4ജി സ്‌പെക്ട്രം പോലുമില്ലാത്ത അവസ്ഥയിലാണ് പൊതുമേഖലയിലെ ടെലികോം സ്ഥാപനം. 2004-05 മുതല്‍ ഇങ്ങോട്ടുള്ള കണക്കെടുത്താല്‍ ഉപഭോക്താക്കളുടെ എണ്ണം പകുതിയായി കുറഞ്ഞു. നിലവില്‍ 10 ശതമാനത്തോളം പേര്‍ മാത്രമാണ് ബിഎസ്എന്‍എല്‍ വരിക്കാര്‍. ഉപഭോക്താക്കളില്‍ മിക്കവരേയും റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ എന്നീ സ്വകാര്യ കമ്പനികള്‍ സ്വന്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in