“ANOTHER PROMISING PROJECT…” കഴിഞ്ഞ ദിവസം മോഹൻലാൽ നായകനാകുന്ന പുതിയ സിനിമയുടെ പ്രഖ്യാപനം നടന്നതിന് പിന്നാലെ ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണിത്. ‘മേപ്പടിയാൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഷ്ണു മോഹനാണ് L 367 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് സിനിമയുടെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയോട് വിഷ്ണു മോഹൻ പങ്കുവെക്കുന്നു.
യഥാർത്ഥ സംഭവങ്ങൾ പശ്ചാത്തലമാക്കി L 367
യഥാർത്ഥത്തിൽ നടന്ന കുറച്ചധികം സംഭവങ്ങൾ പശ്ചാത്തലമാക്കിയാണ് മോഹൻലാൽ ചിത്രം ഒരുങ്ങുന്നത്. ഒരു ഇമോഷണൽ ത്രില്ലർ എന്ന് വിളിക്കാം ഈ സിനിമയെ. കൊമേഴ്ഷ്യൽ രീതികളിലാണ് ഈ ചിത്രത്തെ സമീപിക്കുന്നത്. അതിനാൽ തന്നെ വിദേശത്തുനിന്നും ഇന്ത്യയ്ക്കകത്തുനിന്നുമുള്ള പ്രഗത്ഭരായ നിരവധി സാങ്കേതിക പ്രവർത്തകർ ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.
കുറച്ചധികം നാളുകളായുള്ള യാത്ര
അത്യാവശ്യം വലിയ ക്യാൻവാസിലാണ് ഈ സിനിമ ഒരുങ്ങുക. കുറച്ചധികം നാളുകളായി ഈ സിനിമയുമായി ബന്ധപ്പെട്ട യാത്രയിലാണ് ഞങ്ങൾ. ഇപ്പോഴാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത് എന്നതേയുള്ളൂ. രണ്ടുമാസത്തോളമായി ഈ സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിട്ടുണ്ട്.
ഈ സിനിമ ആദ്യം ചർച്ച ചെയ്തത് ലാൽ സാറുമായാണ്. 8-10 മാസത്തോളമായി ലാൽ സാറിനോട് ഈ കഥ പറഞ്ഞിട്ട്. അദ്ദേഹം സിനിമയ്ക്ക് ഒക്കേ പറഞ്ഞതിന് ശേഷമാണ് ഗോകുലത്തിലേക്ക് എത്തിയത്.
പ്രേക്ഷകരുടെ പോസ്റ്റർ ഡീകോഡിങ്
പോസ്റ്ററിലെ ബ്രില്യൻസ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഞാൻ കണ്ടിരുന്നു. വ്യക്തിപരമായി പലരും ഇത് എനിക്ക് അയക്കുന്നുണ്ട്. എന്നാൽ പ്രേക്ഷകർ കണ്ടെത്തുന്ന ഈ ബ്രില്യൻസുകൾക്ക് അപ്പുറം ഒരുപാട് കാര്യങ്ങൾ ആ പോസ്റ്ററിലുണ്ട്.
ഷൂട്ട് എപ്പോൾ മുതൽ?
ലാൽ സാറിന്റെ അടുത്ത സിനിമയാണിത്. നിലവിൽ അദ്ദേഹം അഭിനയിക്കുന്ന സിനിമ പൂർത്തിയായാൽ ഉടൻ തന്നെ ഈ സിനിമയുടെ ഷൂട്ട് ആരംഭിക്കും.