Kerala News

ജീവനൊടുക്കിയ നേതാക്കള്‍, പരാതികളുമായെത്തുന്ന ബന്ധുക്കള്‍, ഗ്രൂപ്പ് പോര്; വയനാട് കോണ്‍ഗ്രസിലെ വിവാദങ്ങള്‍

വയനാട് ജില്ല ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒന്നാകുന്നത് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ച മണ്ഡലം എന്ന നിലയിലായിരുന്നു. അതിന് ശേഷം പ്രിയങ്ക ഗാന്ധി പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ ആദ്യമായി മത്സരിച്ച് വിജയിച്ച മണ്ഡലം എന്ന നിലയിലും അവര്‍ എംപിയായിരിക്കുന്ന മണ്ഡലം എന്ന നിലയിലും വയനാട് ഇപ്പോഴും ദേശീയ ശ്രദ്ധയിലുണ്ട്. അവിടുത്തെ കോണ്‍ഗ്രസ് ജില്ലാ ഘടകവും അതുകൊണ്ടു തന്നെ ശ്രദ്ധിക്കപ്പെടും. വയനാട്ടിലെ കോണ്‍ഗ്രസ് പക്ഷേ ഇപ്പോള്‍ വിവാദങ്ങളുടെ നടുവിലാണ്. കഴിഞ്ഞ ഡിസംബറില്‍ ഡിസിസി സെക്രട്ടറിയായിരുന്ന എന്‍.എം.വിജയന്റെയും രോഗിയായ മകന്റെയും ആത്മഹത്യയും കഴിഞ്ഞ ദിവസം മുള്ളന്‍കൊല്ലിയില്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് അംഗവുമായ ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയും നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നു. ഇതിനൊപ്പം എന്‍.എം.വിജയന്റെ മരുമകള്‍ ഉന്നയിച്ച ആരോപണങ്ങള്‍ കെപിസിസി നേതൃത്വത്തെ കൂടി കുറ്റാരോപിതരാക്കുകയാണ്.

ജോസ് നെല്ലേടത്തിന്റെ മരണം

മുള്ളന്‍കൊല്ലിയിലെ കോണ്‍ഗ്രസ് നേതാവായ കാനാട്ടുമലയില്‍ തങ്കച്ചന്‍ കള്ളക്കേസില്‍ റിമാന്‍ഡിലായ സംഭവമാണ് ജോസ് നെല്ലേടത്തിന്റെ മരണത്തിലേക്ക് നയിച്ചത്. തങ്കച്ചന്റെ കാര്‍ പോര്‍ച്ചില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും വ്യാജമദ്യവും പിടിച്ചെന്നാണ് അറസ്റ്റിന് ആധാരമായ കേസ്. എന്നാല്‍ 17 ദിവസത്തെ റിമാന്‍ഡിന് ശേഷം കേസില്‍ മറ്റൊരാളെ അറസ്റ്റ് ചെയ്യുകയും തങ്കച്ചന്‍ നിരപരാധിയാണെന്ന് കണ്ട് മോചിതനാകുകയും ചെയ്തു. പ്രസാദ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. തങ്കച്ചനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയതിന് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണെന്ന് ആരോപണം ഉയര്‍ന്നു. ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, ജോസ് നെല്ലേടം, ഡിസിസി ജനറല്‍ സെക്രട്ടറി പി.ഡി.സജി, ഷിനോ കടുപ്പില്‍, അനീഷ് മാമ്പള്ളി എന്നിവര്‍ക്കെതിരെ തങ്കച്ചന്‍ ആരോപണം ഉന്നയിച്ചു. ഇവരിലേക്ക് പൊലീസ് അന്വേഷണം എത്തുന്ന ഘട്ടത്തിലാണ് ജോസ് നെല്ലേടത്തിനെ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കുളത്തില്‍ കണ്ടെത്തിയത്. പിന്നീട് ജോസ് മരിച്ചു.

തങ്കച്ചന്റെ വീട്ടില്‍ നിന്ന് തോട്ടയും മദ്യവും പിടിച്ചതായി എനിക്ക് തെറ്റായി ലഭിച്ച ഇന്‍ഫര്‍മേഷന്‍ ഞാന്‍ പൊലീസിന് ഫോര്‍വേര്‍ഡ് ചെയ്തുവെന്നും അതില്‍ നിജസ്ഥിതി അന്വേഷിച്ച് പ്രാഥമിക അന്വേഷണം നടത്തി പ്രതിചേര്‍ക്കേണ്ടത് പൊലീസാണെന്നുമാണ് അവസാനമായി ജോസ് നെല്ലേടത്തിന്റേതായി വന്ന വീഡിയോയില്‍ പറയുന്നത്. താന്‍ കോടികളുടെ അഴിമതി നടത്തി പണം സമ്പാദിച്ചുവെന്ന പ്രചാരണം നടന്നു. തന്നെയും കുടുംബത്തെയും തകര്‍ക്കണമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ നടന്നു. എന്തിന് വേണ്ടിയാണെന്ന് മനസിലാകുന്നില്ല. പൊതുസമൂഹത്തിന് ഒരു അനീതിയും ചെയ്തിട്ടില്ലെന്നും ജോസ് പറഞ്ഞു.

തോട്ടയും മദ്യവും പിടിച്ചതായി എനിക്ക് തെറ്റായി ലഭിച്ച ഇന്‍ഫര്‍മേഷന്‍ ഞാന്‍ പൊലീസിന് ഫോര്‍വേര്‍ഡ് ചെയ്തു. അതില്‍ നിജസ്ഥിതി അന്വേഷിച്ച് പ്രാഥമിക അന്വേഷണം നടത്തി പ്രതിചേര്‍ക്കേണ്ടത് പൊലീസാണ്. ഞാന്‍ കോടികളുടെ അഴിമതി നടത്തി പണം സമ്പാദിച്ചുവെന്ന പ്രചാരണം നടന്നു. എന്നെയും കുടുംബത്തെയും തകര്‍ക്കണമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ നടന്നു. എന്തിന് വേണ്ടിയാണെന്ന് മനസിലാകുന്നില്ല. പൊതുസമൂഹത്തിന് ഒരു അനീതിയും ചെയ്തിട്ടില്ല. എന്റെ പ്രവര്‍ത്തനങ്ങളില്‍ അസൂയ പൂണ്ട ആളുകള്‍ എന്റെ രക്തത്തിന് വേണ്ടി എന്റെ മക്കളുടെ പോലും ഭാവി നശിപ്പിക്കുന്ന രീതിയില്‍ പ്രചാരണം നടത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല.

ഈ മരണത്തിന് പിന്നാലെയാണ് ഡിസംബറില്‍ നടന്ന എന്‍.എം.വിജയന്റെ ആത്മഹത്യ വീണ്ടും ചര്‍ച്ചയിലേക്ക് വന്നത്. വിജയന്റെ മരുമകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു പറ്റിച്ചുവെന്നും താനും മക്കളും ഡിസിസി ഓഫീസിന് മുന്നില്‍ നിരാഹാരം ഇരിക്കുമെന്നും അവര്‍ പറഞ്ഞു. തങ്ങള്‍ മരിച്ചാല്‍ മാത്രമേ പാര്‍ട്ടിക്ക് നീതി തരാന്‍ കഴിയുകയുള്ളോ എന്ന ചോദ്യവും അവര്‍ ഉന്നയിച്ചിരുന്നു. ഡിസംബര്‍ 25നാണ് വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27-ാം തിയതി രണ്ടു പേരും മരിച്ചു. പിന്നീട് വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തു വരികയും ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, ഐ.സി.ബാലകൃഷ്ണന്‍, കെ.കെ.ഗോപിനാഥന്‍, പി.വി.ബാലചന്ദ്രന്‍ തുടങ്ങിയവരുടെ പേരില്‍ കത്തിലുണ്ടായിരുന്ന പരാമര്‍ശങ്ങളും ആരോപണങ്ങളും വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ ബാധ്യതകള്‍ പരിഹരിക്കാന്‍ തന്റെ പേരിലുണ്ടാക്കിയ ബാധ്യതകള്‍ പരിഹരിക്കാന്‍ പാര്‍ട്ടി തയ്യാറാകുന്നില്ലെന്നായിരുന്നു കത്തിലെ പരാതി. പാര്‍ട്ടി 20 ലക്ഷം രൂപ തന്നതല്ലാതെ മറ്റൊന്നും ചെയ്തില്ലെന്നും രണ്ടരക്കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിരുന്നതെന്നും പദ്മജ പറഞ്ഞു.

വി.ഡി.സതീശന്റെ പ്രതികരണം

ഈ വിഷയത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് ഏത് വിജയന്‍ എന്ന മറുചോദ്യത്തോടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ആരംഭിച്ചത്. പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഇടപെട്ട് പരിഹരിച്ചതാണെന്നും സതീശന്‍ പറഞ്ഞു.

തൊട്ടു പിന്നാലെ പദ്മജയെ ആത്മഹത്യാ ശ്രമത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലയാളി കോണ്‍ഗ്രസേ നിനക്കിതാ ഒരു ഇരകൂടി എന്ന് കുറിപ്പെഴുതി വെച്ചതിന് ശേഷമായിരുന്നു പദ്മജ ജീവനൊടുക്കാന്‍ ശ്രമിച്ചത്. അതോടെ പ്രശ്‌നം കൂടുതല്‍ ഗുരുതരമായി.

സണ്ണി ജോസഫിന്റെ പ്രതികരണം

ജീവനൊടുക്കിയ കോണ്‍ഗ്രസ് നേതാവ് എന്‍.എം.വിജയന്റെ കുടുംബത്തെ സഹായിക്കാമെന്ന് കരാറില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത്. കരാറുണ്ടെങ്കില്‍ തന്നെ അത് അസാധുവാണ്. കുടുംബത്തെ പാര്‍ട്ടി സഹായിച്ചിട്ടുണ്ട്. അത് കരാറിന്റെയോ കേസിന്റെയോ ആത്മഹത്യാ ഭീഷണിയുടെയോ അടിസ്ഥാനത്തിലല്ല. കോണ്‍ഗ്രസ് കുടുംബത്തെ സഹായിക്കാനുള്ള വിശാല മനസ്‌കതയുടെ അടിസ്ഥാനത്തിലാണ്. പാര്‍ട്ടിക്ക് അവരുടെ ആവശ്യം മുഴുവന്‍ നിറവേറ്റി കൊടുക്കാന്‍ പറ്റില്ല. അവരെ സഹായിക്കാന്‍ പാര്‍ട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും അതിനുള്ള പണമില്ല. ഇപ്പോള്‍ ഭവന സന്ദര്‍ശനം നടത്തി പൈസയുണ്ടാക്കുന്നുണ്ട്. അത് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് വേണ്ടിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

പാര്‍ട്ടിക്ക് അവരുടെ ആവശ്യം മുഴുവന്‍ നിറവേറ്റി കൊടുക്കാന്‍ പറ്റുമോ? അങ്ങനെയൊരു കരാറേയില്ല. കരാറുണ്ടെങ്കില്‍ അത് അസാധുവാണ്. പാര്‍ട്ടി സഹായിച്ചിട്ടുണ്ട്. അത് കരാറിന്റെയോ കേസിന്റെയോ ആത്മഹത്യാ ഭീഷണിയുടെയോ അടിസ്ഥാനത്തിലല്ല. കോണ്‍ഗ്രസ് കുടുംബത്തെ സഹായിക്കാനുള്ള വിശാല മനസ്‌കതയുടെ അടിസ്ഥാനത്തിലാണ്. അവര്‍ ആവശ്യപ്പെടുന്ന മുഴുവന്‍ കാര്യങ്ങളും സാധിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും അതിനുള്ള പണമില്ല. ഇപ്പോള്‍ ഭവന സന്ദര്‍ശനം നടത്തി പൈസയുണ്ടാക്കുന്നുണ്ട്. അത് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് വേണ്ടിയാണ്.

സിപിഎമ്മും ബിജെപിയും ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷ വിമര്‍ശനങ്ങള്‍ കൊണ്ട് മൂടുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതിരോധത്തിലായ കോണ്‍ഗ്രസ് പിന്നീട് നടപടികളിലൂടെ അതില്‍ നിന്ന് പുറത്തു വന്നു എന്ന് കരുതിയ ഘട്ടത്തിലാണ് വയനാട്ടിലെ ഗ്രൂപ്പ് പോര് പുതിയ ഘട്ടത്തിലേക്ക് കടന്നതും ആത്മഹത്യകളും വിവാദങ്ങളും പാര്‍ട്ടിക്ക് തിരിച്ചടിയായതും.

എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമ ലഭിക്കുന്നത് ഭാഗ്യം, ‘കൂമന്‍ ’ കരിയറിന് ഗിയർ ഷിഫ്റ്റ് നൽകിയ സിനിമ ആസിഫലി

മമ്മൂട്ടിയൊടൊത്ത് സിനിമ ചെയ്യുക വലിയ ആഗ്രഹം, ‘മിറാഷ്’ ഒരു ഇവന്‍റ്ഫുള്‍ ത്രില്ലര്‍, കോടിക്ലബ് മത്സരത്തില്‍ താല്‍പര്യമില്ല, ജിത്തൂ ജോസഫ്

'ഈ വള എവിടുന്നാ?' ആക്ഷനുമുണ്ട്, ഡ്രാമയുമുണ്ട്; ഞെട്ടിച്ച് വള ട്രെയ്‌ലര്‍

ആ സിനിമയാണ് എനിക്ക് ആസിഫ് അലിയെ തന്നത്, മറക്കാനാകാത്ത ദിവസങ്ങളായിരുന്നു അത്: അര്‍ജുന്‍ അശോകന്‍

ആ സീന്‍ ഷൂട്ട് ചെയ്തത് ഏറ്റവും അവസാനം, ദുല്‍ഖര്‍ പറഞ്ഞതുകൊണ്ട് മാത്രം സംഭവിച്ചത്: ഡൊമിനിക് അരുണ്‍

SCROLL FOR NEXT