

ഉണ്ണി മുകുന്ദൻ, അപർണ ബാലമുരളി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'മിണ്ടിയും പറഞ്ഞും' എന്ന സിനിമയിലെ പുതിയ ഗാനം പുറത്തുവിട്ടു. 'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും' എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. അരുൺ ബോസ് സംവിധാനം ചെയ്യുന്ന സിനിമ ഡിസംബർ 25 നാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
സനൽ - ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മൃദുൽ ജോർജ്ജും അരുൺ ബോസും ചേർന്നാണ്. ഒരിടവേളയ്ക്ക് ശേഷം വിഖ്യാത ഛായഗ്രാഹകൻ മധു അമ്പാട്ട് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരൺ ദാസും സംഗീതം ഒരുക്കിയിരിക്കുന്നത് സൂരജ് എസ് കുറുപ്പുമാണ്.
കലാസംവിധാനം അനീസ് നാടോടിയും, വസ്ത്രാലങ്കാരം ഗായത്രി കിഷോറും നിർവഹിച്ചിരിക്കുന്ന 'മിണ്ടിയും പറഞ്ഞും' തിയറ്ററുകളിലെത്തിക്കുന്നത് ജാഗ്വാർ സ്റ്റുഡിയോസാണ്. ചിത്രത്തിന്റെ മാർക്കറ്റിംഗ് ഡിസൈൻ പപ്പെറ്റ് മീഡിയയാണ്. ടൊവിനോ തോമസിന്റെ ഹിറ്റ് ചിത്രമായ ലൂക്ക ഒരുക്കിയ സംവിധായകനും രചയിതാവും സംഗീതസംവിധായകനും കലാസംവിധായകനും വീണ്ടും ഒരുമിക്കുന്നു എന്നൊരു കൗതുകം കൂടി ഈ ചിത്രത്തിനുണ്ട്.