

എക്കോ സിനിമയുടെ തിരക്കഥവായിക്കുമ്പോള്‍ എങ്ങനെ ഇത് ചിത്രീകരിക്കുമെന്ന് അത്ഭുതം തോന്നിയിരുന്നുവെന്ന് നടൻ സന്ദീപ്. സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് ദുബായില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സന്ദീപ്. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം തിരക്കഥ തന്നെയാണ് ഫയർ. എക്കോയുടെ തിരക്കഥ വ്യക്തതയുളളതായിരുന്നു. ചിത്രീകരിച്ച പശ്ചാത്തലവും സിനിമയ്ക്ക് സഹായകരമായെന്നും സന്ദീപ് പറഞ്ഞു. കിഷ്കിന്ദാകാണ്ഡം കണ്ടതിന് ശേഷം സംവിധായകന് നന്നായെന്ന് പറഞ്ഞ് സന്ദേശമയച്ചിരുന്നു. നല്ലൊരു ടീമിനൊപ്പം പ്രവർത്തിക്കുകയെന്നുളളതും പ്രധാനമാണെന്നും സന്ദീപ് പറഞ്ഞു.
തമിഴ് സിനിമയില്‍ സജീവമായതോടെ മലയാളത്തിലെ ചില പ്രൊജക്ടളിലേക്ക് എത്താന്‍ കഴിയാതെ പോയെന്ന് നരെയ്ന്‍ പറഞ്ഞു. നല്ല സിനിമകളുടെ ഭാഗമാകുകയെന്നുളളതാണ് കരിയറിന്‍റെ തുടക്കം മുതല്‍ എടുത്ത തീരുമാനം, അതുകൊണ്ടുതന്നെയാണ് സിനിമകളുടെ എണ്ണം കുറഞ്ഞതെന്നും നരെയ്ന്‍ പറഞ്ഞു. ഇത്രയും ആഴമുളള കഥാപാത്രത്തിലൂടെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അടുപ്പമുളളവർ പറയുമ്പോള്‍ സന്തോഷം തോന്നി. ഇത് മലയാളത്തിലേക്കുളള തിരിച്ചുവരവായിതന്നെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിനിമ പറയുന്ന രാഷ്ട്രീയം സ്ത്രീപക്ഷമായിരിക്കാം, മനുഷ്യപക്ഷമായിരിക്കാം, അത് പ്രേക്ഷകരിലേക്ക് എത്തിയെന്നുളളതാണ് സന്തോഷമെന്ന് സംവിധായകൻ ദിൻജിത് അയ്യത്താൾ പറഞ്ഞു. മ്ലാത്തിച്ചേടത്തിയെ തീരുമാനിക്കുന്നത് സിനിമ തുടങ്ങുന്നത് ഒരുമാസം മുന്‍പ് മാത്രമാണ്. ഓഡീഷന്‍ വഴിയാണ് മേഘാലയയിലെ ടീച്ചറായ അവർ സിനിമയിലേക്ക് എത്തുന്നത്. അഭിനയത്തില്‍ മുന്‍പരിചയമില്ലാതെയാണ് മ്ലാത്തിച്ചേടത്തിയും സോയയും സിനിമയിലേക്ക് എത്തുന്നത്. ഇന്ന് സിനിമ കണ്ടവരെല്ലാം പെർഫക്ട് കാസ്റ്റിങാണെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നുവെന്നും ദിൻജിത് പറഞ്ഞു.
സംവിധാനത്തിലേക്ക് തിരിയാത്തത് ഛായാഗ്രഹണത്തിലെ അവസരങ്ങള്‍ കുറയുമോയെന്നുളള പേടിമൂലമാണെന്ന് ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ ബാഹുൽ രമേശ് പറഞ്ഞു. കോവിഡ് സമയത്താണ് കിഷ്കിന്ദാകാണ്ഡവും എക്കോയും എഴുതിയത്. അനുയോജ്യമായ സമയത്ത് സംവിധാനത്തിലേക്ക് എത്തുമെന്നും ബാഹുല്‍ രമേശ് പറഞ്ഞു. നടൻ ബിനു പപ്പു, നിർമാതാവ് എം.ആർ.കെ ജയറാം, പ്രൊഡക്‌ഷൻ കൺട്രോളർ ഷാഫി ചെമ്മാട് എന്നിവരും സംബന്ധിച്ചു.