വിപിൻ കുമാർ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണി മുകുന്ദൻ. വിപിനെ താൻ മർദ്ദിച്ചിട്ടില്ലെന്നും സംഭവം നടന്നു എന്ന് പറയുന്ന സ്ഥലത്ത് സിസിടിവി ഉള്ളതാണ്, എന്തെങ്കിലും നിഗമനത്തിൽ എത്തുന്നതിന് മുമ്പ് ഈ വിവരം പരിശോധിക്കണമെന്നും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. വിപിൻ ഒരിക്കലും തന്റെ മാനേജർ ആയിരുന്നില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിപിൻ തന്നെ ബുദ്ധിമുട്ടിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മുകുന്ദന്റെ ഫ്ളാറ്റിന്റെ പാർക്കിംഗിലേക്ക് വിളിച്ചുവരുത്തി തന്നെ ക്രൂരമായി മർദിച്ചെന്ന ആരോപണവുമായി വിപിൻ കുമാർ രംഗത്ത് വന്നിരുന്നു. തനിക്കെതിരെ മനുഷ്യവിരുദ്ധമായ അപവാദങ്ങൾ വിപിൻ പ്രചരിപ്പിച്ചിട്ടുണ്ട്. ഒരു നടിയോട് തന്നെ വിവാഹം കഴിക്കണം എന്ന് ആവശ്യപ്പെട്ട സംഭവത്തിൽ വിപിനുമായി തെറ്റിയിരുന്നു. പൊതുസമൂഹത്തിനു മുന്നിൽ അപമാനിക്കുമെന്ന് വിപിൻ ഭീഷണിപ്പെടുത്തിയിരുന്നതായും ഉണ്ണി മുകുന്ദൻ പറയുന്നു.
വിപിൻ ആരോപിക്കുന്നതുപോലെ ഒരു ഫിസിക്കൽ അറ്റാക്ക് ഒരിക്കലും നടന്നിട്ടില്ല. ആരോപണങ്ങൾ എല്ലാം വ്യാജമാണ്. സംഭവം നടന്നുവെന്ന് പറയുന്ന സ്ഥലത്ത് സിസിടിവി ക്യാമറകളുണ്ട്. ദയവായി എന്തെങ്കിലും നിഗമനത്തിൽ എത്തുന്നതിന് മുമ്പ് ഇതു കൂടി പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു.
ഉണ്ണി മുകുന്ദൻ്റെ കുറിപ്പ്
2018ൽ എന്റെ സ്വന്തം ബാനറിൽ ആദ്യചിത്രം നിർമ്മിക്കാൻ ഒരുങ്ങുമ്പോഴാണ് വിപിൻകുമാർ എന്ന വ്യക്തി എന്നെ സമീപിച്ചത്. സിനിമാരംഗത്തെ നിരവധി പ്രശസ്ത താരങ്ങളുടെ പിആർഒ ആണെന്നാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. എന്നാൽ, ഒരിക്കലും എന്റെ പേഴ്സണൽ മാനേജറായി വിപിനെ നിയമിച്ചിട്ടില്ല. മാർക്കോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തായിരുന്നു വിപിനുമായി ആദ്യത്തെ പ്രശ്നം ഉണ്ടായത്. ഒബ്സ്ക്യൂറ എന്റർടെയിൻമെന്റ്സിന്റെ ജീവനക്കാരുമായി വിപിൻ ഇടഞ്ഞു. ഈ പ്രശ്‌നം പരസ്യമായത് സിനിമയെയും ബാധിച്ചു. ചിത്രത്തിന്റെ മുഴുവൻ ക്രെഡിറ്റു നൽകുന്നില്ലെന്ന് പറഞ്ഞ് വിപിൻ എന്നോട് കയർത്തിരുന്നു. പിന്നീട് ഈ വ്യക്തി മൂലമുണ്ടായ പല പ്രശ്‌നങ്ങളും എന്റെ ജോലിയെ ബാധിക്കുന്നതായി ഞാന്‍ തിരിച്ചറിഞ്ഞു.
വിപിൻ എന്നെക്കുറിച്ച് ഗോസിപ്പുകൾ പറയുന്നതായി മോശമായി സംസാരിക്കുന്നതായും പിന്നീട് എനിക്ക് പരാതികൾ ലഭിക്കാൻ തുടങ്ങി. പുതുമുഖങ്ങളും പ്രമുഖരുമായ സംവിധായകരിൽ നിന്നും അത്തരം പരാതികൾ വന്നു. ഒരു സുഹൃത്ത് എന്ന നിലയിലും സഹപ്രവർത്തകൻ എന്ന നിലയിലും ക്ഷമിക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഇയാൾ ചെയ്ത പല കാര്യങ്ങളുമെന്നും ഞാൻ കൂട്ടിച്ചേർക്കുന്നു.
ഇക്കാര്യം നേരിട്ടു പറഞ്ഞപ്പോൾ അയാൾ അതിനെ പൂർണ്ണമായും അവഗണിക്കുകയായിരുന്നു. ഇൻഡസ്ട്രിയിൽ നിന്നും എന്റെ സുഹൃത്തുക്കളിൽ ചിലരിൽ നിന്നും തനിക്ക് പിന്തുണയുണ്ടെന്നാണ് അയാൾ അവകാശപ്പെട്ടത്. പിന്നീട് എന്റെ അടുത്ത സുഹൃത്തായ വിഷ്ണു ഉണ്ണിത്താന്റെ സാന്നിധ്യത്തിൽ അദ്ദേഹം എന്റെ മുന്നിൽ എല്ലാവിധ തെറ്റുകൾക്കും മാപ്പ് പറഞ്ഞിരുന്നു. (ഇത് വിഷ്ണു തന്നെ മാനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്റെ ഡിജിറ്റൽ ഡാറ്റയിൽ അദ്ദേഹത്തിന് ആക്‌സസ് ഉണ്ടായിരുന്നതിനാൽ, ക്ഷമാപണം എഴുതിത്തരണമെന്ന് ഞാൻ വിപിനോട് ആവശ്യപ്പെട്ടു. എന്നാൽ അത് തന്നില്ലെന്ന് മാത്രമല്ല, എന്നെക്കുറിച്ച് വ്യാജ ആരോപണങ്ങൾ സോഷ്യൽ മീഡിയയിലും ന്യൂസ് പോർട്ടലുകളിലും നിറയുന്നതാണ് പിന്നീട് കണ്ടത്.
വിപിൻ ആരോപിക്കുന്നതുപോലെ ഒരു ഫിസിക്കൽ അറ്റാക്ക് ഒരിക്കലും നടന്നിട്ടില്ല. ആരോപണങ്ങൾ എല്ലാം വ്യാജമാണ്. സംഭവം നടന്നുവെന്ന് പറയുന്ന സ്ഥലത്ത് സിസിടിവി ക്യാമറകളുണ്ട്. ദയവായി എന്തെങ്കിലും നിഗമനത്തിൽ എത്തുന്നതിന് മുമ്പ് ഇതു കൂടി പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു.
കഴിഞ്ഞ അഞ്ചുവർഷമായി ഞാൻ തിരക്കിലാണ് എന്ന് പറഞ്ഞ് എന്റെ ജോലി ഇല്ലാതാക്കാൻ ഇയാൾ ശ്രമിച്ചതായും എനിക്ക് വിവരം ലഭിച്ചിരുന്നു. എനിക്കെതിരെ മനുഷ്യവിരുദ്ധമായ അപവാദങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. ഒരു നടിയോട് എന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുക പോലും ചെയ്തു. ആ വിഷയത്തിൽ അയാളുമായി ഞാൻ ഇടഞ്ഞിരുന്നു. പൊതുസമൂഹത്തിൽ എന്നെ അപമാനിക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. എന്റെ സഹപ്രവർത്തകരോട് പ്രൊഫഷണൽ ബന്ധമാണ് ഞാൻ സൂക്ഷിക്കാറുള്ളത്. എന്നാൽ ഇയാൾ വിഷമാണ്.
ഈ വ്യക്തി പറയുന്ന ഓരോ വാക്കും പൂർണമായും നുണയാണ്. എല്ലാ ആരോപണങ്ങളും ഞാൻ നിഷേധിക്കുന്നു. സ്വാർത്ഥ ലാഭത്തിനായി എന്നെ അയാൾ ഭീഷണിപ്പെടുത്തുകയും ചൂഷണം ചെയ്യുകയുമാണ്. ഞാൻ യഥാർത്ഥത്തിൽ ഇരയാക്കപ്പെടുകയാണ്. എന്റെ സ്വകാര്യജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും അസ്വസ്ഥതയുള്ള ചിലർ ഈ മനുഷ്യനെ സഹായിക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ കരിയർ ഞാൻ കഠിനാധ്വാനത്തിലൂടെയും നിരന്തര പരിശ്രമത്തിലൂടെയുമാണ് ഉണ്ടാക്കിയത്.
എല്ലാത്തരത്തിലുമുള്ള അധിക്ഷേപങ്ങൾക്ക് ഞാൻ ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എങ്കിലും സത്യത്തിലാണ് എനിക്ക് വിശ്വാസമുള്ളത്.
ഉണ്ണി മുകുന്ദൻ