ലോക്ക്ഡൗൺ സമയത്താണ് റോസ്ലിന്റെ ഐഡിയ കിട്ടുന്നത്, ആദ്യം എഴുതിയത് ക്ലൈമാക്സ്: വിനായക് ശശികുമാർ

ലോക്ക്ഡൗൺ സമയത്താണ് റോസ്ലിന്റെ ഐഡിയ കിട്ടുന്നത്, ആദ്യം എഴുതിയത് ക്ലൈമാക്സ്: വിനായക് ശശികുമാർ
Published on

വിനായക് ശശികുമാർ രചന നിർവഹിക്കുന്ന വെബ് സീരീസ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ത്രില്ലർ പശ്ചാത്തലത്തിൽ കഥ പറയുന്ന സീരീസിന്റെ രചനയെക്കുറിച്ച് പറയുകയാണ് വിനായക് ശശികുമാർ ഇപ്പോൾ. ലോക്ക്ഡൗൺ സമയത്താണ് സീരീസിന്റെ ആശയം ലഭിച്ചത്. ക്ലൈമാക്സ് ആയിരുന്നു ആദ്യം എഴുതിയതെന്നും പിന്നീട് പുറകിലേക്ക് ഡെവലപ്പ് ചെയ്യുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനായക് ശശികുമാർ.

'ലോക്ക്ഡൗൺ സമയത്താണ് റോസ്ലിന്റെ ഐഡിയ എനിക്ക് ലഭിക്കുന്നത്. ക്ലൈമാക്സ് ആണ് ആദ്യം ലഭിച്ചത്. പിന്നീട് പുറകിലേക്ക് ആണ് വർക്ക് ചെയ്തത്. അതിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ഏറ്റവും കുറവ് അറിവുള്ളത് റോസ്ലിന് ആണ്. ആ കഥാപാത്രത്തിന്റെ പോയിന്റ് ഓഫ് വ്യൂവിലാണ് കഥ എഴുതിയത്. തുടക്കം മുതൽ തന്നെ ഇതൊരു തിയറ്റർ മെറ്റീരിയൽ അല്ലെന്നും ഒടിടി മെറ്റീരിയൽ ആണെന്നും ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഇത്തരം കഥകൾ പറയണനാണ് ഒടിടി എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ,' വിനായക് ശശികുമാർ പറഞ്ഞു.

അതേസമയം സീരീസിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ത്രില്ലിംഗ് മൊമെന്റ്‌സ്‌ ഏറെയുള്ള, പ്രേക്ഷകരെ പിടിച്ചിരുത്താൻ കെൽപ്പുള്ള സീരീസ് ആണിത് എന്ന് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. 'മൂത്തോൻ' എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സഞ്ജന ദീപു ടൈറ്റിൽ കഥാപാത്രമായ റോസ്ലിനെ അവതരിപ്പിക്കുന്നത്.

സുമേഷ് നന്ദകുമാറാണ് റോസ്ലിന്റെ സംവിധായകൻ. സെൻട്രൽ അഡ്വർടൈസിംഗിന്റെ ബാനറിൽ മാത്യു ജോർജ്ജാണ് നിർമ്മാണം. വർഷങ്ങൾക്ക് ശേഷം മീനയും വിനീതും ഒന്നിക്കുന്നു സീരിസിൽ ഹക്കിം ഷാജഹാൻ, അനീഷ്മ അനിൽകുമാർ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.പി.എം ഉണികൃഷ്ണൻ ഛായാഗ്രഹണം നിർവ്വഹിച്ച ഈ വെബ് സീരീസിന്റെ എഡിറ്റിംഗ് റിയാസ് കെ ബദറാണ്. സംഗീതം വിഷ്ണു ശ്യാം.

Related Stories

No stories found.
logo
The Cue
www.thecue.in