

രാജ്യത്തിന്‍റെ മണ്ണില്‍ ഇറാനെതിരായ ഒരു സൈനിക നടപടിയും അനുവദിക്കില്ലെന്നുളളതായിരുന്നു നിലപാടെന്ന് യുഎഇ. ഈ പ്രഖ്യാപിത നിലപാട് പരിഗണിക്കാതെയാണ് ഇറാന്‍ രാജ്യത്തിനെതിരെ ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷ്മി പറഞ്ഞു. ഇറാൻ ആക്രമണങ്ങൾ നീതീകരിക്കാനാവില്ല ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും റീം അല്‍ ഹാഷ്മി പറഞ്ഞു.
ഇറാന്‍ ആക്രമണത്തില്‍ നിർവ്വീര്യമാക്കിയ മിസൈല്‍ അവശിഷ്ടങ്ങള്‍ പ്രദർശിപ്പിച്ച് യുഎഇ പ്രതിരോധമന്ത്രാലയം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു റീം അല്‍ ഹാഷ്മിയുടെ പ്രതികരണം. സ്വയം പ്രതിരോധത്തിനും പരമാധികാരം സംരക്ഷിക്കുന്നതിനുമുളള അവകാശം രാജ്യത്തിനുണ്ട്.യുഎഇയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും സൈനിക ഏറ്റുമുട്ടലും സംഘർഷവും ഒഴിവാക്കാൻ നയതന്ത്ര ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ടെഹ്റാനിലെ യുഎഇ എംബസി അടയ്ക്കും, അംബാസിഡറെ തിരിച്ചുവിളിക്കുമെന്നും അവർ പറഞ്ഞു.
ഏത് തരത്തിലുളള പ്രതിരോധത്തിനും രാജ്യം സജ്ജമാണെന്ന് യുഎഇ പ്രതിരോധമന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറല്‍ അബ്ദുള്‍ നാസർ മുഹമ്മദ് അല്‍ ഹുമൈദി വ്യക്തമാക്കി. യുഎഇ ലക്ഷ്യമായി എത്തിയത് 812 ഡ്രോണുകളും 186 ബാലിസ്റ്റിക് മിസൈലുകളുമാണ്. . 755 ഡ്രോണുകള്‍ നിർവ്വീര്യമാക്കി. 57 ഡ്രോണുകള്‍ രാജ്യാതിർത്തിയില്‍ പതിച്ചുവെങ്കിലും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങളില്‍ ആർക്കും പരുക്കില്ല. നിർവ്വീര്യമാക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ വീണ് പരുക്കുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി സഹകരിച്ച് വിമാന സർവീസ് ആരംഭിക്കും. വ്യോമപാത അടച്ചതിന് ശേഷം, പ്രത്യേക സർവീസില്‍ ഒരുക്കി 17,980 പേർക്ക് യാത്രാ സൗകര്യമൊരുക്കി. യാത്ര മുടങ്ങിയ സന്ദർശകർക്ക് ഉചിതമായ സൗകര്യങ്ങളാണ് നല്‍കിയത്. മേഖലയിലെ നിലവിലെ സംഭവ വികാസങ്ങള്‍ വിലയിരുത്തി, രാജ്യത്തിന്‍റെ സാമ്പത്തിക വിനോദസഞ്ചാരമേഖല മുന്നോട്ടുകൊണ്ടുപോകുമെന്ന് വിനോദസഞ്ചാരവകുപ്പ് മന്ത്രി അബ്ദുളള ബിന്‍ തൂഖ് അല്‍ മറി പറഞ്ഞു.രാജ്യത്തിന്‍റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.