ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മുകുന്ദന്റെ ഫ്ളാറ്റിന്റെ പാർക്കിംഗിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചെന്ന് മാനേജർ വിപിൻകുമാറിന്റെ പ്രതികരണം.
വിപിൻകുമാർ മാധ്യമങ്ങളോട് പറഞ്ഞത്
ഉണ്ണി മുകുന്ദൻ ഇന്ന് രാവിലെ എന്നെ വിളിച്ച്, ഞാൻ താമസിക്കുന്ന ഫ്ളാറ്റിന്റെ താഴേക്ക് വരാനായി പറഞ്ഞു. കുറേ അസഭ്യമൊക്കെ പറഞ്ഞു. ഫ്ളാറ്റിലെ ബേസ്മെന്റിലുള്ള പാർക്കിംഗിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഞാന‍് ആറ് കൊല്ലമായി ഉണ്ണിക്കൊപ്പമുണ്ട്, ഈ അടുത്ത കാലത്ത് മാർക്കോക്ക് ശേഷം കൃത്യമായൊരു വിജയമില്ലാത്തതിന്റെ ഫ്രഷ്സ്ട്രേഷൻ ഉണ്ണിക്കുണ്ട്. സംവിധാനം ചെയ്യാനിരുന്ന പടത്തിൽ നിന്ന് ഗോകുലം പിൻമാറി. ഗെറ്റ് സെറ്റ് ബേബിയൊക്കെ പരാജമായിരുന്നു. പുതിയ പടം കിട്ടാത്തതിന്റെയും പ്രശ്നമുണ്ട്. കൂടെയുള്ളവരോടാണ് ഉണ്ണി ഇതൊക്കെ തീർക്കുന്നത്. കൂടെയുണ്ടായിരുന്ന പലരും ഉണ്ണിക്കൊപ്പം ഇപ്പോഴില്ല. ഞാൻ ഫിലിം പ്രമോഷൻ കൺസൾട്ടന്റാണ്. നരിവേട്ട ഞാൻ പ്രമോഷൻ ചെയ്ത പടമാണ്. പല സിനിമകളും ചെയ്യാറുണ്ട്. അടുത്തിടെ നരിവേട്ടയുടെ റിലീസിന് മുമ്പ് ഞാനൊരു പോസ്റ്റിട്ടിരുന്നു. അതാണ് ഉണ്ണിയെ പ്രകോപിപ്പിച്ചത്. അന്ന് പോസ്റ്റിട്ട ദിവസം രാത്രി ഞാൻ ഉണ്ണി എന്നെ വിളിച്ച് ഇനി മാനേജരായി വേണ്ട എന്ന് പറഞ്ഞു.
എന്റെ കണ്ണടയൊക്കെ ചവിട്ടിപ്പൊട്ടിച്ചു. അത് വേറൊരു താരം എനിക്ക് സമ്മാനമായി തന്നതാണ്. ഞാന‍് ആറ് വർഷമായി ഉണ്ണിയുടെ കൂടെ വർക്ക് ചെയ്യുന്നുണ്ട്. ഇൻഡസ്ട്രി അറിയേണ്ട ഒരു പാട് കാര്യങ്ങൾ ഉണ്ണി മുകുന്ദനെതിരെ വരാനുണ്ട്, അതൊക്കെ ഞാൻ വഴിയേ പറയാം,നരിവേട്ട എന്ന സിനിമയുമായി ബന്ധപ്പെട്ട ഞാൻ പി ആർ കൺസൾട്ടന്റ് ആയി വർക്ക് ചെയ്തിരുന്നതാണ്. ഞാൻ പൊലീസിന് വിശദമായി മൊഴി കൊടുത്തിട്ടുണ്ട്. അമ്മയിലും ഫെഫ്കയിലും മൊഴി കൊടുത്തിട്ടുണ്ട്.
നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടു, ഉണ്ണി മുകുന്ദൻ ക്രൂരമായി മർദ്ദിച്ചെന്ന് മാനേജർ
ഉണ്ണി മുകുന്ദൻ അതിക്രൂരമായി മർദ്ദിച്ചെന്ന പരാതിയുമായി മാനേജർ പൊലീസിലും ഫെഫ്കയിലും പരാതി നൽകി. വിപിൻ കുമാറാണ് ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിലും സാങ്കേതിക പ്രവർത്തകരുടെ സംഘടന ഫെഫ്കയിലും പരാതി നൽകിയിരിക്കുന്നത്. കാക്കനാടുള്ള
ഡിഎൽഎഫ് ഫ്ലാറ്റിൽ വെച്ച് മർദ്ദിച്ചെന്നാണ് പരാതിയില‍്‍ ഉള്ളത്. ടൊവിനോ തോമസ് നായകനായ നരിവേട്ട സിനിമയെ പ്രകീർത്തിച്ച് സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിനെ ചൊല്ലിയാണ് മർദ്ദനമെന്നാണ് പരാതി. ഉണ്ണി മുകുന്ദൻ്റെ ഒടുവിൽ ഇറങ്ങിയ ഗെറ്റ് സെറ്റ് ബേബി വേണ്ടത്ര വിജയം കാണാതെ പോയപ്പോൾ മറ്റൊരു താരത്തിന്റെ സിനിമയെ പ്രശംസിച്ചതിനാണ് മർദ്ദനമെന്നാണ് പരാതി. നരിവേട്ട റിലീസിന് തലേദിവസമാണ് വിപിൻ കുമാർ നരിവേട്ട ഗ്രാൻഡ് സ്കെയിലിലുള്ള ടോപ് ക്ലാസ് ചിത്രമാണെന്ന് വിശേഷിപ്പിച്ച് മുഴുവൻ അണിയറ പ്രവർത്തകരെയും അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നത്. ഉണ്ണി മുകുന്ദൻ ചിത്രങ്ങളുടെ ഡിജിറ്റൽ കൺസൽട്ടന്റ് കൂടിയാണ് വിപിൻ കുമാർ.
പരാതിയുടെ അടിസ്ഥാനത്തിൽ ഉണ്ണി മുകുന്ദനെ ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് ഇൻഫോ പാർക്ക് പൊലീസ് അറിയിച്ചു. ഇൻഫോ പാർക്ക് പൊലീസ് പരാതിക്കാരനായ വിപിന്റെ മൊഴി രേഖപ്പെടുത്തി. നടൻ പൃഥ്വിരാജ് സുകുമാരന്റെ ഒഫീഷ്യൽ ഫാൻസ് ആൻഡ് സോഷ്യൽ മീഡിയ ഗ്രൂപ്പായ POFFACTIOയുടെഅമരക്കാരൻ കൂടിയാണ് വി.വിപിൻ കുമാർ. ഉണ്ണി മുകുന്ദനൊപ്പം പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ കൈകാര്യം ചെയ്യുന്നത് വിപിനാണ്. എമ്പുരാൻ ഓൺലൈൻ പ്രമോഷനുകളുടെ ഏകോപനത്തിനായി മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പം കേരളത്തിന് പുറത്ത് നടന്ന പ്രമോഷണൽ ഇവന്റുകൾക്ക് ചുക്കാൻ പിടിച്ചത് വിപിൻ കുമാർ ആയിരുന്നു.