Kerala News

ദുരന്തബാധിതരില്‍ നിന്ന് ബാങ്കുകള്‍ ഇഎംഐ ഈടാക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരില്‍ നിന്ന് ബാങ്കുകള്‍ ഇഎംഐ ഈടാക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. ദേശസാത്കൃത ബാങ്കുകള്‍ ഇഎംഐ ഈടാക്കിയെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കാന്‍ ബാങ്കുകള്‍ക്ക് ഭരണഘടനാ ബാധ്യതയുണ്ടെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു. ദുരന്തബാധിതരില്‍ നിന്ന് ദേശസാത്കൃത ബാങ്കുകള്‍ വായ്പ തിരിച്ചുപിടിക്കുന്നത് തടയുന്നതില്‍ നിലപാട് അറിയിക്കണം. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റി ഒരാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.

ദുരിതബാധിതരിൽ നിലവിൽ ക്യാമ്പിൽ കഴിയുന്നവരെ ഒരാഴ്ച്ചക്കുള്ളിൽ വീടുകളിലേക്ക് മാറ്റി തമാസിപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ക്യാമ്പിൽ ജീവിക്കുന്നത് സന്തോഷകരമായ കാര്യമല്ല. ആരെങ്കിലും മാറാൻ തയ്യാറാകുന്നില്ലെങ്കിൽ പിന്നിൽ ചില കാരണങ്ങൾ ഉണ്ടാകുമെന്ന് കോടതി പറഞ്ഞു. അത് പരിശോധിക്കണം. ദുരന്തം ഉണ്ടായിട്ട് ഒരുമാസം കഴിഞ്ഞുവെന്നും കോടതി പറഞ്ഞു.

പുനരധിവാസം വൈകിപ്പിക്കരുതെന്ന് കോടതി ഓർമ്മിപ്പിച്ചു. ക്യാമ്പിലുള്ളവരെ ബന്ധുവീടുകളിലേക്കും വാടക വീടുകളിലേക്കോ ആണ് മാറ്റുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മാതാപിതാക്കൾ നഷ്ടമായവരുടെ പുനരധിവാസം, പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാ ചിലവ്, കുട്ടികളുടെ വിദ്യാഭ്യാസം, നഷ്ടപരിഹാരമായി നൽകുന്ന തുക അർഹരിലെത്തുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ഉണ്ടായിട്ടുള്ള പുരോ​ഗതിയെ കുറിച്ചും കോടതി ചോദിച്ചു.

ദുരിതബാധിതരുടെ പുനരധിവാസത്തിന്റെ പുരോഗതി എന്തെന്ന് അറിയിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തില്‍പ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാനുള്ള ഭൂമിയുടെ കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പുനരധിവാസത്തിന് ടൗൺഷിപ്പ് അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് മുൻപ് കോടതിയെ അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ എ കെ ജയശങ്കർ നമ്പ്യാർ, വി എം ശ്യാംകുമാർ എന്നിവരുൾപ്പെട്ട ബെഞ്ചിൻ്റേതാണ് നിർ​ദേശം.

ദുരന്തത്തിൽപ്പെട്ടവർക്ക് അവരുടെ പ്രശ്നങ്ങൾ അറിയിക്കുന്നതിനായി കൂടുതൽ പരിഹാര സെല്ലുകൾ തുടങ്ങണം. ഇതിനായി ജില്ലാ ലീ​ഗൽ സർവീസസ് അതോറിറ്റിയുടെ സഹായം തേടാം. ദുരിതബാധിതർക്ക് പറയാനുള്ളത് എന്തായാലും അത് രേഖപ്പെടുത്തണം. ആശുപത്രിയിൽ കഴിയുന്നവരുടെ ബില്ലുകൾ സർക്കാർ നേരിട്ട് നൽകുന്നതും ആലോചിക്കണമെന്നും കോടതി നിർദേശിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് എല്ലാ വെള്ളിയാഴ്ചയും കോടതി വാദം കേൾക്കുന്നുണ്ട്. അടുത്ത വെള്ളിയാഴ്ച വീണ്ടും ഹർജി പരിഗണിക്കും.

സ്വർണ്ണവില കൂടാൻ കാരണം| Dr. Siby Abraham Interview

ഷോപ്പിങ് മാളുകളിൽ കൂടുതൽ കിയോസ്‌കുകളുമായി ബെയർ

കേന്ദ്രനിലപാട്, കേരളത്തിന് നിഷേധിക്കപ്പെട്ടത് രണ്ടരലക്ഷം കോടിരൂപ: മന്ത്രി കെ.എന്‍.ബാലഗോപാല്‍

കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റും, ആരോഗ്യ സേവനങ്ങളില്‍ തുല്യത ഉറപ്പാക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

നമ്മൾ കടന്നു പോകുന്ന ഒരു വലിയ പ്രശ്നമാണ് തിയേറ്റർ സംസാരിക്കുന്നത്, എല്ലാവർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന സിനിമ: റിമ കല്ലിങ്കൽ

SCROLL FOR NEXT