Kerala News

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റി സര്‍ക്കാര്‍ ജീവനക്കാരും കോളേജ് അധ്യാപകരും; പലിശയടക്കം തിരിച്ചു പിടിക്കാന്‍ നിര്‍ദേശം

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാര്‍ കോളേജുകളിലയും സ്‌കൂളുകളിലെയും അധ്യാപകരും അടക്കം സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ അനധികൃതമായി കൈപ്പറ്റുന്നതായി കണ്ടെത്തല്‍. 1458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷനുകള്‍ അനധികൃതമായി വാങ്ങുന്നുണ്ടെന്നാണ് കണ്ടെത്തിയത്. ധനവകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് ഇന്‍ഫര്‍മേഷന്‍ കേരള നടത്തിയ പരിശോധനയിലാണ് വ്യാപകമായി നടന്ന തട്ടിപ്പ് കണ്ടെത്തിയത്. ഗസറ്റഡ് ഉദ്യോഗസ്ഥരും ഹയര്‍ സെക്കന്‍ഡറി അധ്യാപകരും സര്‍ക്കാര്‍ കോളേജ് അധ്യാപകരും പട്ടികയിലുണ്ട്. ഇവര്‍ അനധികൃതമായി കൈപ്പറ്റിയ തുക തിരികെപ്പിടിക്കാന്‍ ധനവകുപ്പ് നിര്‍ദേശം നല്‍കി. കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ കോളേജുകളില്‍ ജോലി ചെയ്യുന്ന രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാരാണ് പെന്‍ഷന്‍ കൈപ്പറ്റിയതായി കണ്ടെത്തിയത്. ഒരാള്‍ തിരുവനന്തപുരം ജില്ലയിലും മറ്റൊരാള്‍ പാലക്കാട് ജില്ലയിലും ജോലി ചെയ്യുന്നു. ഹയര്‍ സെക്കന്‍ഡറി അധ്യാപകരായ മൂന്നു പേരാണ് പെന്‍ഷന്‍ വാങ്ങുന്നത്. ആരോഗ്യ വകുപ്പില്‍ 373 പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ അനധികൃതമായി വാങ്ങുന്നതും ആരോഗ്യ വകുപ്പിലാണ്. രണ്ടാം സ്ഥാനത്തുള്ള പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേര്‍ പെന്‍ഷന്‍ കൈപ്പറ്റുന്നു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പില്‍ 124 പേരും ആയുര്‍വേദ വകുപ്പില്‍ 114 പേരും മൃഗസംരക്ഷണ വകുപ്പില്‍ 74 പേരും പൊതുമരാമത്ത് വകുപ്പില്‍ 47 പേരും അനധികൃതമായി ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്നു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46 പേരും, ഹോമിയോപ്പതി വകുപ്പില്‍ 41 പേരും. കൃഷി, റവന്യു വകുപ്പുകളില്‍ 35 പേര്‍ വീതവും, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റീസ് വകുപ്പില്‍ 34 പേരും, ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ 31 പേരും, കോളേജിയറ്റ് എഡ്യുക്കേഷന്‍ വകുപ്പില്‍ 27 പേരും, ഹോമിയോപ്പതിയില്‍ 25 പേരും ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തി. വില്‍പന നികുതി വകുപ്പ്- 14, പട്ടികജാതി ക്ഷേമം-13, ഗ്രാമ വികസനം, പൊലീസ്, പിഎസ്സി, ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍-10 വീതം, സഹകരണം-8, ലെജിസ്ലേച്ചര്‍ സെക്രട്ടറിയറ്റ്, തൊഴില്‍ പരിശീലനം, പൊതുഭരണം, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി 7 വീതം, വനം വന്യജീവി- 9, സോയില്‍ സര്‍വേ, ഫിഷറീസ് 6 വീതം, തദ്ദേശ ഭരണം, വാഹന ഗതാഗതം, വ്യവാസായവും വാണിജ്യവും, ഫയര്‍ഫോഴ്സ്, ക്ഷീര വികസനം, പൊതുവിതരണം, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്-4 വീതം, സാമൂഹിക ക്ഷേമം, രജിസ്ട്രേഷന്‍, മ്യുസിയം, പ്രിന്റിങ്, ഭക്ഷ്യ സുരക്ഷ, എക്സൈസ്, ആര്‍ക്കിയോളജി- 3 വീതം, തൊഴില്‍, ലീഗല്‍ മെട്രോളജി, മെഡിക്കല്‍ എക്സാമിനേഷന്‍ ലബോട്ടറി, ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്സ്, ലോ കോളേജുകള്‍- 2 വീതം, എന്‍സിസി, ലോട്ടറീസ്, ജയില്‍, തൊഴില്‍ കോടതി, ഹാര്‍ബര്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ട്രേറ്റ്, ഡ്രഗ്സ് കണ്‍ട്രോള്‍, വിന്നോക്ക വിഭാഗ വികസനം, കയര്‍ വികസനം-1 വീതം എന്നിങ്ങനെയാണ് കണക്കുകള്‍.

വിവിധ തലങ്ങളിലുള്ള പരിശോധനകള്‍ തുടരാനാണ് തീരുമാനമെന്ന് ധനവകുപ്പ് അറിയിച്ചു. അനര്‍ഹരായവരെ കണ്ടെത്തി ഒഴിവാക്കുകയും, അര്‍ഹരായവര്‍ക്ക് മുഴുവന്‍ കൃത്യമായി പെന്‍ഷന്‍ വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന നടപടികള്‍ തുടരുമെന്ന് ധനവകുപ്പ് വ്യക്തമാക്കി

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT