
ഉത്തര്‍പ്രദേശിലെ സംഭലിലെ ഷാഹി ജുമാ മസ്ജിദ് ഇപ്പോള്‍ പുതിയ വിവാദ കേന്ദ്രമായി മാറിയിരിക്കുകയാണ്. കോടതി ഉത്തരവിനെ തുടര്‍ന്ന് 16-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പള്ളിയില്‍ സര്‍വേ നടത്താന്‍ ഉദ്യോഗസ്ഥര്‍ എത്തുകയും സര്‍വേ നടപടികള്‍ തടയാന്‍ ഒരു വിഭാഗം ശ്രമിക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസിനും സര്‍വേയ്ക്ക് എത്തിയ അഭിഭാഷക കമ്മീഷനും നേരെ ജനക്കൂട്ടം കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ടിയര്‍ ഗ്യാസ് പ്രയോഗം നടത്തുകയും ചെയ്തു. സംഭവത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് പ്രദേശത്ത് ഇന്റര്‍നെറ്റ് വിലക്കുകയും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു. കൂടുതല്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു. ആളുകള്‍ മരിച്ചത് പോലീസ് വെടിവെപ്പിലാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നുണ്ടെങ്കിലും വെടിവെച്ചിട്ടില്ലെന്നാണ് പോലീസ് അവകാശപ്പെടുന്നത്.
എന്താണ് സംഭലില്‍ സംഭവിച്ചത്
ഗ്യാന്‍വാപി, കൃഷ്ണ ജന്മഭൂമി വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ച അഡ്വ.വിഷ്ണു ശങ്കര്‍ ജെയിനും മറ്റ് ഏഴു പേരും സംഭല്‍ സിവില്‍ കോടതിയില്‍ നല്‍കിയ ഒരു ഹര്‍ജിയിലാണ് സംഭലിലെയും സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. ഷാഹി ജുമാ മസ്ജിദ് നിര്‍മിച്ചത് മഹാവിഷ്ണുവിന്റെ പത്താം അവതാരമായ കല്‍ക്കിയുടെ പേരിലുള്ള ഹരിഹര്‍ ക്ഷേത്രം തകര്‍ത്തിട്ടാണെന്ന വാദമാണ് ഇയാള്‍ ഉന്നയിക്കുന്നത്. 1526-27 കാലഘട്ടത്തില്‍ മുഗള്‍ സാമ്രാജ്യ സ്ഥാപകന്‍ ബാബറാണ് ക്ഷേത്രം തകര്‍ത്ത് പള്ളി നിര്‍മിച്ചതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അതിനുള്ള തെളിവുകള്‍ ബാബര്‍നാമ, ഐന്‍-എ-അക്ബാരി എന്നീ ഗ്രന്ഥങ്ങളില്‍ ഉണ്ടെന്നും ലോകാരംഭത്തില്‍ വിശ്വകര്‍മ്മാവ് നിര്‍മിച്ച ക്ഷേത്രമാണ് നശിപ്പിക്കപ്പെട്ടതെന്നും ഹര്‍ജിയില്‍ പറയുന്നു. ഹിന്ദുക്കള്‍ക്ക് ഇവിടെ പൂജ നടത്താന്‍ അവകാശമുണ്ടെന്നും പള്ളിയില്‍ ഹിന്ദുക്കള്‍ക്ക് അതിനായി പ്രവേശനം അനുവദിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പള്ളി ഏറ്റെടുക്കുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. വിഷ്ണു ശങ്കര്‍ ജെയിന്റെ പിതാവ് ഹരിശങ്കര്‍ ജെയിന്‍, നോയ്ഡ സ്വദേശിയായ പാര്‍ത്ഥി യാദവ്, മുജാഹിദ്പൂരില്‍ നിന്നുള്ള മഹന്ത് ഋഷിരാജ് ഗിരി, ഹയാത് നഗര്‍ സ്വദേശി രാകേഷ് കുമാര്‍, താതായ്പൂര്‍ ഘോസി സ്വദേശി ജിത്പാല്‍ യാദവ്, മുജാഹിദ്പൂര്‍ സ്വദേശി മദന്‍പാല്‍, ഗ്രേറ്റര്‍ നോയ്ഡ സ്വദേശിയായ വേദ് പാല്‍ സിംഗ്, ശെഹ്‌സാദി സരായ് സ്വദേശിയായ ദീനാനാഥ് എന്നിവരാണ് മറ്റ് പരാതിക്കാര്‍.
ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പള്ളിയില്‍ പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടു. കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ രമേഷ് രാഘവ് ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും അകമ്പടിയോടെ നവംബര്‍ 19 ചൊവ്വാഴ്ച സര്‍വേ നടത്താന്‍ പള്ളിയില്‍ എത്തി. നിയമങ്ങള്‍ പാലിച്ചല്ല സര്‍വേ നടപടികളെന്ന് ആരോപിച്ച് മസ്ജിദ് കമ്മിറ്റിയും വിശ്വാസികളും ചേര്‍ന്ന് പ്രതിഷേധിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങളുടെ സ്ഥിതിയില്‍ മാറ്റം വരുത്തുന്നത് നിരോധിച്ചുകൊണ്ടുള്ള ആരാധനാലയ ആക്ട് 1991ന്റെ ലംഘനമാണ് സര്‍വേയെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ച സര്‍വേ വീണ്ടും നവംബര്‍ 24ന് നടത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്.
സംഘര്‍ഷം
നവംബര്‍ 24ന് പള്ളിയില്‍ സര്‍വേയ്ക്കായി സംഘം വീണ്ടും എത്തിയതോടെ വിശ്വാസികള്‍ പ്രതിഷേധവുമായി വീണ്ടും രംഗത്തെത്തി. ബാബറി മസ്ജിദിന് സംഭവിച്ചത് ശാഹു ജുമാ മസ്ജിദിനും സംഭവിക്കുമോ എന്ന ആശങ്കയിലായിരുന്നു ജനങ്ങള്‍. വളരെ പെട്ടെന്നുതന്നെ ആള്‍ക്കൂട്ടം അക്രമാസക്തരായി മാറി. കല്ലേറുണ്ടാകുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. പൊലീസ് ടിയര്‍ ഗ്യാസും ലാത്തിയും ഉപയോഗിച്ച് പ്രതിഷേധത്തെ നേരിട്ടു. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നവംബര്‍ 30 വരെ പ്രദേശത്ത് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ നിയോഗിച്ചു. 15 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 2000 പേര്‍ക്കെതിരെയും കേസെടുത്തു.