പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. തലശ്ശേരി പോക്‌സോ കോടതിയാണ് പത്മരാജന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ ശനിയാഴ്ച വിധിക്കും. ബലാല്‍സംഗക്കുറ്റവും പോക്‌സോ അടക്കമുള്ള വകുപ്പുകളുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2020 ജനുവരിക്കും ഫെബ്രുവരിക്കും ഇടയില്‍ നടന്ന പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസ് അട്ടിമറിക്കാന്‍ പൊലീസ് അടക്കം ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന കേസില്‍ ഡിവൈഎസ്പി ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പോക്‌സോ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ പോക്‌സോ ചുമത്താത്തത് വിവാദമായിരുന്നു. ബിജെപി നേതാവ് കൂടിയായ പ്രതിയെ രക്ഷപ്പെടുത്താന്‍ കേസില്‍ അനാവശ്യ ഇടപെടലുകളുണ്ടായെന്ന ആക്ഷേപം പലതവണ കേട്ട കേസിലാണ് ഒടുവില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.
പാലത്തായി കേസില്‍ നടന്നത്
അധ്യാപകനായ പത്മരാജന്‍ വിദ്യാര്‍ത്ഥിനിയെ ശുചിമുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.എല്‍.എസ്.എസ് പരിശീലന ക്ലാസുണ്ടെന്ന് പറഞ്ഞ് അവധി ദിവസം വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു പരാതി. പൊയിലൂരിലെ വീട്ടില്‍ കൊണ്ടുപോയി. അവിടെ വെച്ച് മറ്റൊരാളും പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്. ജനുവരി 15നും ഫെബ്രുവരി രണ്ടിനുമിടയിലാണ് സംഭവം. ആദ്യം പാനൂര്‍ പൊലീസും അതിന് ശേഷം ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ പത്മരാജനെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ആരോപണം ഉയര്‍ന്നു.
വിദ്യാര്‍ത്ഥിനി പറഞ്ഞ തിയതികളില്‍ പ്രതി സ്ഥലത്തില്ലായിരുന്നുവെന്നാണ് അന്വേഷണസംഘം പറഞ്ഞത്. പീഡനം നടന്ന ശുചിമുറി എല്ലാവര്‍ക്കും കാണാവുന്ന തരത്തിലുള്ളതാണെന്നും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു. അധ്യാപകന്‍ പീഡിപ്പിച്ച വിവരം കുട്ടി സഹപാഠികളോട് പറഞ്ഞിരുന്നെങ്കിലും ആദ്യം അന്വേഷിച്ച സംഘങ്ങള്‍ അവരുടെ മൊഴിയെടുത്തിരുന്നില്ല. കുട്ടിയുടെ മൊഴി പരസ്പര വിരുദ്ധമാണെന്നും പ്രതിക്കെതിരെ തെളിവില്ലെന്നും പാനൂര്‍ പൊലീസ് റിപ്പോര്‍ട്ടെഴുതി. കുട്ടിയുടെ അമ്മ ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണ ചുമതലയേറ്റെടുത്തു. ക്രൈബ്രാഞ്ചും ലോക്കല്‍ പൊലീസിന്റെ കണ്ടെത്തല്‍ ആവര്‍ത്തിച്ചതോടെ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും കര്‍മസമിതി രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചു. കുട്ടിയുടെ അമ്മ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
പ്രതിക്കെതിരെ പോക്‌സോ ചുമത്താനുള്ള തെളിവില്ലെന്നായിരുന്നു അന്നത്തെ ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്ത് പറഞ്ഞത്.
ക്രൈംബ്രാഞ്ചിന്റെ വാദങ്ങളും വിശദീകരണവും
കുട്ടിയുടെ മൊഴി രണ്ട് തവണ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് പ്രാവശ്യം പൊലീസും എടുത്തിട്ടുണ്ട്. ഇതിന് ശേഷമാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. ആദ്യത്തെ മൊഴിയില്‍ പറയുന്നത് ജനുവരി പതിനഞ്ചിന് മുമ്പ് പീഡിപ്പിച്ചുവെന്നാണ്. സ്‌കൂളിലെ ബാത്ത്റൂമില്‍ വെച്ച്. സ്‌കൂളിലെ ഇന്റര്‍വെല്‍ സമയത്ത് ടോയ്ലെറ്റില്‍ പോയ കുട്ടിയെ പ്രതി പിന്തുടര്‍ന്നു. മൊബൈലില്‍ കുട്ടിയുടെ നഗ്ന ചിത്രമെടുത്തു. ഇത് കുട്ടിയുടെ ഉമ്മയ്ക്ക് അയച്ചു കൊടുത്തു. തുടര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചു. പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി ഇറങ്ങിപ്പോയി. ഷാള്‍ കൊണ്ട് കൈകെട്ടിയിട്ടു. ശബ്ദുമുണ്ടാക്കാതിരിക്കാന്‍ മുണ്ട് വായയില്‍ തിരുകി. മുണ്ട് കുട്ടിയുടെ വായയില്‍ തന്നെ വെച്ചാണ് ഇറങ്ങി പോയതെന്നാണ് മൊഴി. പുറത്തുണ്ടായിരുന്ന കുട്ടികളോ അധ്യാപകരോ മുണ്ടില്ലാതെ ഇറങ്ങി പോയ പദ്മരാജനെ കണ്ടിട്ടില്ലെന്നാണ് മൊഴി.
പീഡനം നടന്നുവെന്ന് കുട്ടി പറഞ്ഞ തിയ്യതികളിലും വൈരുദ്ധ്യമുണ്ടെന്ന്‌ക്രൈംബ്രാഞ്ച്. ജനുവരി നാലാം തിയ്യതി മുതല്‍ പതിനാലാം തിയ്യതി വരെ പദ്മരാജന്‍ അവധിയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലും സ്വന്തം വീട്ടിലും വടകരയിലെ സഹോദരിയുടെ വീട്ടിലുമായിരുന്നു. അയാള്‍ സ്‌കൂളിലെത്തിയിട്ടില്ല. തിയ്യതി മാറിയിട്ടുണ്ടാകാമെന്ന സംശയത്തെയും ക്രൈംബ്രാഞ്ച് തള്ളുകയാണ്. നടന്ന സംഭവങ്ങള്‍ വിശദമായി കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. കോടതിയിലെ രഹസ്യമൊഴിയില്‍ മൂന്ന് തവണ പീഡിപ്പിച്ചതായാണ് പറഞ്ഞിരിക്കുന്നത്. ജനുവരി 15, ജനുവരി 26, ഫെബ്രുവരി 2 എന്നീ ദിവസങ്ങളില്‍ പീഡിപ്പിച്ചു. ആദ്യ ദിവസം ക്ലാസിന്റെ ഇടവേളയിലും മറ്റ് രണ്ട് തവണ അവധി ദിവസങ്ങളില്‍ എല്‍ എസ് എസിന്റെ ക്ലാസിന്റെ പേരില്‍ വിളിച്ചു വരുത്തിയും പീഡിപ്പിച്ചു.
കേസിന്റെ ഒരു ഘട്ടത്തില്‍ പെണ്‍കുട്ടിക്ക് നുണ പറയുന്ന സ്വഭാവമുണ്ടെന്ന് വരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് അതിജീവിതക്കെതിരെ ക്രൈം ബ്രാഞ്ചിന്റെ പരാമര്‍ശം. അന്വേഷണം തുടങ്ങുന്ന ഘട്ടത്തില്‍ പെണ്‍കുട്ടിയുടെ അവസ്ഥ വളരെ മോശമായിരുന്നു. മാനസികമായ ആഘാതത്തില്‍ നിന്ന് കുട്ടി മോചിതയായിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് സാമൂഹിക നീതി വകുപ്പില്‍ നിന്നുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സഹായത്തോടെ കുട്ടിയെ കൗണ്‍സലിംഗ് ചെയ്തു. ഉറക്കമില്ലായ്മയും, ക്ഷീണവും, ക്രമരഹിതമായ ഭക്ഷണ രീതി എന്നിവ കുട്ടി അനുഭവിക്കുന്നതായി കൗണ്‍സലിംഗില്‍ കണ്ടെത്തി. നുണ പറയുന്ന സ്വഭാവവും, മൂഡ് അതിവേഗം മാറുന്ന സ്വഭാവവും പെണ്‍കുട്ടിക്കുണ്ടെന്ന് കൗണ്‍സലിംഗില്‍ കണ്ടെത്തിയതായും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
വൈകിയ കുറ്റപത്രം
കേസില്‍ പ്രതിയാക്കപ്പെട്ട് ഒരു മാസത്തിന് ശേഷമാണ് പത്മരാജന്‍ അറസ്റ്റിലായത്. പ്രതി റിമാന്‍ഡിലായ 90 ദിവസം ആകുന്നതിന് തൊട്ടു മുന്‍പായാണ് അന്വേഷണ സംഘം കുറ്റപത്രം നല്‍കിയത്. കുറ്റപത്രം വൈകുന്നതില്‍ വലിയ പ്രതിഷേധം ഉയരുന്നതിനിടെയായിരുന്നു ഇത്. എന്നാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പും ഐപിസി വകുപ്പുകളും മാത്രം ചുമത്തിയ കുറ്റപത്രത്തിനെതിരെയും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. പോക്‌സോ അന്വേഷണം തുടരുമെന്നും പ്രതിക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് തടയാനാണ് ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചതെന്നുമായിരുന്നു ക്രൈം ബ്രാഞ്ച് വിശദീകരിച്ചത്. ഒടുവില്‍ പോക്‌സോ ചുമത്തിക്കൊണ്ട് പൂര്‍ണ്ണ കുറ്റപത്രം 2021ല്‍ സമര്‍പ്പിക്കപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തില്‍ 2024 ഫെബ്രുവരി 23നാണ് വിചാരണ ആരംഭിച്ചത്. നാല്‍പത് സാക്ഷികളെ വിസ്തരിച്ചു. കുട്ടിയുടെ മൊഴി അഞ്ച് ദിവസമാണ് കോടതി രേഖപ്പെടുത്തിയത്. പോക്സോ ചുമത്തിയത് അടക്കമുള്ള കുറ്റങ്ങൾ പ്രതിക്കെതിരെ തെളിയിക്കപ്പെട്ടതായി കോടതി വ്യക്തമാക്കി. വധശിക്ഷയും ജീവപര്യന്തവും അടക്കം ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. ശിക്ഷ ശനിയാഴ്ച വിധിക്കും.