

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് പത്മരാജന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് തെളിവ് ലഭിച്ചുവെന്ന് പൊലീസ്.
സ്‌കൂളിലെ ശുചിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ അധ്യാപകന്‍ കൂടിയായ പത്മരാജന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പൊലീസ് വ്യക്തമാക്കിയത്.
നേരത്തെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് അധ്യാപകന്‍ തന്നെ പിഡിപ്പിക്കുകായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോറന്‍സിക് സംഘം ശുചിമുറിയിലെ ടൈല്‍സ് പരിശോധിച്ചത്. തലശ്ശേരി പോക്‌സോ കോടതിക്ക് മുന്‍പാകെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
കേസില്‍ പൊലീസ് ബിജെപി നേതാവുകൂടിയായ പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം തുടക്കം മുതല്‍ ഉയര്‍ന്നിരുന്നു. കുട്ടിയുടെ മാനസിക നിലയില്‍ സംശയം ഉണ്ടെന്ന വാദമായിരുന്നു പൊലീസ് ഉയര്‍ത്തിയത്.