News n Views

പൗരത്വനിയമം: ജാമിയയിലെ പൊലീസ് അതിക്രമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം

THE CUE

പൗരത്വ നിയമത്തിനെതിരെ നടന്ന വിദ്യാര്‍ത്ഥിപ്രതിഷേധത്തിന് പിന്നാലെ ഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാലയിലുണ്ടായ പൊലീസ് അതിക്രമത്തില്‍ രാജ്യവ്യാപക പ്രതിഷേധം. രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ജാമിയ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാത്രി തെരുവിലിറങ്ങി. യുപിയില്‍ അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതിനേത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഹൈദരാബാദ് മൗലാന ആസാദ് ഉര്‍ദു യൂണിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും പ്രതിഷേധം നടത്തി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ അര്‍ധരാത്രിയില്‍ ഡല്‍ഹി പൊലീസ് ഹെഡ് ക്വാട്ടേഴ്‌സ് ഉപരോധിച്ചു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് സമരത്തില്‍ പങ്കെടുത്തു. കസ്റ്റഡിയിലെടുത്ത അമ്പതോളം വിദ്യാര്‍ത്ഥികളെ പൊലീസ് പുലര്‍ച്ചെ മൂന്നരയോടെയാണ് വിട്ടയച്ചത്.

പൊലീസ് നടപടിയില്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് സര്‍വ്വകലാശാല വൃത്തങ്ങള്‍ അറിയിച്ചു.

ഇന്നലെ വൈകിട്ട് ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബസ് കത്തിച്ചത് ഉള്‍പ്പെടെയുള്ള അക്രമസംഭവങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും അക്രമത്തെ അപലപിക്കുന്നതായും ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. അക്രമത്തിന് പിന്നില്‍ പുറത്തുനിന്നുള്ളവരാണെന്ന് സര്‍വ്വകലാശാല അധികൃതരും വ്യക്തമാക്കി. പ്രദേശവാസികളില്‍ ചിലര്‍ സമരത്തിനിടെ നുഴഞ്ഞുകയറിയെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ സ്ഥിരീകരിക്കുകയുണ്ടായി. പൊലീസ് ക്യാംപസില്‍ കയറി വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവരെ തല്ലിച്ചതയ്ക്കുന്നതിന്റേയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പരുക്കേറ്റ 70ഓളം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനുമതിയില്ലാതെ ക്യാംപസില്‍ പ്രവേശിച്ച ശേഷം വിദ്യാര്‍ത്ഥികളേയും സ്റ്റാഫിനേയും പൊലീസ് ആക്രമിക്കുകയായിരുന്നെന്ന് സര്‍വ്വകലാശാല ചീഫ് പ്രോക്ടര്‍ വസീം അഹമ്മദ് ഖാന്‍ പ്രതികരിക്കുകയുണ്ടായി. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയര്‍പ്പിച്ച് ജാമിയ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ രംഗത്തത്തി.

വിദ്യാര്‍ത്ഥികളേ, ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ആരേയും ഭയക്കേണ്ടതില്ല. വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചത് അംഗീകരിക്കാനാവില്ല. വിഷയം ഉന്നതാധികാരികളുടെ ശ്രദ്ധയില്‍ പെടുത്തും.
നജ്മ അക്തര്‍

പൊലീസ് ലൈബ്രറി തകര്‍ത്തെന്നും അകത്ത് പ്രവേശിച്ച് കണ്ണീര്‍ വാതകം പ്രയോഗിച്ചെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തിയെന്നും പൊലീസ് സംഘത്തില്‍ വനിതാ പൊലീസുകാര്‍ ഉണ്ടായിരുന്നില്ലെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ക്യാംപസില്‍ പലയിടത്തും രക്തത്തുള്ളികള്‍ വീണിരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ദ ക്വിന്റ് പുറത്തുവിട്ടു.

ഡിവൈഎഫ്‌ഐ എറണാകുളം ബ്ലോക്ക് കമ്മിറ്റി റിസര്‍വ്വ് ബാങ്കിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച്‌ 

ജാമിയയിലെ പൊലീസ് അതിക്രമത്തിനെതിരെ കേരളത്തിലും ശക്തമായ പ്രതിഷേധമുണ്ടായി. യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍ അര്‍ധരാത്രിയില്‍ തെരുവിലിറങ്ങി. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്‌ഐ, കെഎസ്‌യു, എംഎസ്എഫ്, എഐവൈഎഫ്, എസ്ഡിപിഐ, എസ്എസ്എഫ് പ്രവര്‍ത്തകരാണ് മിന്നല്‍ പ്രതിഷേധം നടത്തിയത്. രാത്രി പത്തരയ്ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. പിന്നാലെ എസ്എഫ്‌ഐ, എംഎസ്എഫ്, എസ്ഡിപിഐ വിദ്യാര്‍ത്ഥികളും മാര്‍ച്ച് സംഘടിപ്പിച്ചു. എസ്എസ്എഫ് പ്രവര്‍ത്തകര്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പ്രതിഷേധറാലി നടത്തി.

എറണാകുളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റിസര്‍വ്വ് ബാങ്കിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൗത്ത് റെയില്‍ വേസ്റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞു. കോഴിക്കോട് ഡിവൈഎഫ്‌ഐയും കെഎസ്‌യുവും ട്രെയിന്‍ തടഞ്ഞിട്ടു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മാര്‍ച്ച് ചെയ്തു. പൊന്നാനിയില്‍ എഐവൈഎഫ് റോഡ് ഉപരോധിച്ചു. കണ്ണൂര്‍ കൂത്തുപറമ്പില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. തലശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT