News n Views

'ഈ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ ചാനല്‍ തമ്പ്രാക്കളുടെ ഒത്താശ വേണ്ട', ഏഷ്യാനെറ്റിനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം

ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണത്തില്‍ നിലപാട് വിശദീകരിച്ചും ചാനലിനെ രൂക്ഷമായി വിമര്‍ശിച്ചും സിപിഐഎം മുഖപത്രം ദേശാഭിമാനിയുടെ എഡിറ്റോറിയല്‍. സിപിഐഎം ബഹിഷ്‌കരണത്തില്‍ ചാനല്‍ നിലപാട് വിശദീകരിച്ച ഏഷ്യാനെറ്റ് എഡിറ്റര്‍ എം ജി രാധാകൃഷ്ണനെയും പത്രാധിപകുറിപ്പില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്.

ഒരു മഹാമാരി വെല്ലുവിളി ഉയര്‍ത്തുന്ന ഏറ്റവും വിഷമംപിടിച്ച ഈ കാലത്തുപോലും ദിവസവും ഒരു മണിക്കൂര്‍ വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ അതില്‍ അര മണിക്കൂറോളം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ നീക്കിവയ്ക്കുന്ന ഒരു മുഖ്യമന്ത്രിയുള്ള നാട്ടില്‍നിന്നാണ് ഇത് പറയുന്നതെന്ന് ചാനല്‍ എഡിറ്റര്‍ മറക്കുന്നുവെന്ന് എഡിറ്റോറിയല്‍.

സ്വര്‍ണ്ണക്കടത്തില്‍ സിപിഐഎമ്മും സര്‍ക്കാരുമാണ് പ്രതിസ്ഥാനത്തെന്ന പ്രചരണത്തിന് സാധുത ഉണ്ടാക്കാനാണ് ഏഷ്യാനെറ്റ് എഡിറ്റര്‍ ശ്രമിച്ചതെന്നും മുഖപ്രസംഗം.

ഒരു അവതാരകന്റെ കാർമികത്വത്തിൽ നടക്കുന്ന വൈകുന്നേരത്തെ വാർത്താ ചർച്ചയിലാണ് ഈ മര്യാദകേടിന്റെ വിശ്വരൂപം അരങ്ങേറുക. കോട്ടിട്ട അവതാരകൻ. ഒപ്പം അദ്ദേഹം നിഷ്‌പക്ഷ നിരീക്ഷകമുദ്ര ചാർത്തി നൽകുന്ന രണ്ടോ മൂന്നോ കമ്യൂണിസ്റ്റ് വിരുദ്ധർ. ആം ആദ്മിപോലൊരു പാർടിയുടെ സംസ്ഥാന പ്രസിഡന്റിനെയും തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുഖപത്രത്തിന്റെ പത്രാധിപരെയും മുസ്ലിംലീഗ് അംഗത്തെയും സിപിഐ എം പുറത്താക്കിയവരെയും ഒക്കെ ഇങ്ങനെ സ്വതന്ത്ര നിരീക്ഷകൻ എന്നോ ഇടത് നിരീക്ഷകനെന്നോ കിരീടം വയ്‌പിച്ച് സ്റ്റുഡിയോയിൽ ഇരുത്തുന്നു. മാറിമാറി യുഡിഎഫ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നയാളെവരെ ഈ വേഷം കെട്ടിക്കും. ഇതിനു പുറമെ ബിജെപി, യുഡിഎഫ് പ്രതിനിധികളും ഉണ്ടാകും. സിപിഐ എമ്മിൽനിന്ന് ഒരാളും. മിക്ക ചാനലിലും ഇതായിരിക്കും ചർച്ചാനിര. സ്വാഭാവികമായും എതിർപക്ഷത്ത് ആളെണ്ണം കൂടുമ്പോൾ കൂടുതൽ ചോദ്യങ്ങളും ഇടപെടലുകളും സിപിഐ എം പ്രതിനിധിക്ക് നേരിടേണ്ടിവരും. അത് നേരിട്ടുതന്നെയാണ് അവർ ഈ ചർച്ചകളിൽ പങ്കെടുക്കാറ്. എന്നാൽ, ചർച്ചയിൽ കിട്ടുന്ന പരിമിതമായ സമയംപോലും വിനിയോഗിക്കാൻ സിപിഐ എം പ്രതിനിധിയെ അനുവദിക്കാതെ എതിർ രാഷ്ട്രീയ പാർടിക്കാരേക്കാൾ വാശിയോടെ ഇടപെടുന്ന അവതാരകനെയാണ് മിക്കപ്പോഴും കാണുന്നത്

സംവാദാത്മകതയെപ്പറ്റി ഏറെ വാചാലനാകുന്ന ഏഷ്യാനെറ്റ് എഡിറ്റര്‍ പക്ഷേ സ്വന്തം അവതാരകരുടെ അസഹിഷ്ണുതയെയും അധാര്‍മികമായ മാധ്യമരീതികളെയും പറ്റി ഒരക്ഷരം മിണ്ടുന്നില്ല. 'ദേശാഭിമാനി പത്രാധിപര്‍ ധാര്‍മികത പഠിപ്പിക്കേണ്ട' എന്ന് അട്ടഹസിച്ച സ്വന്തം സഹപ്രവര്‍ത്തകനെ തിരുത്താനുള്ള മാന്യതപോലും ചാനല്‍ എഡിറ്റര്‍ കാട്ടിയില്ല. അതോ ദേശാഭിമാനിയുടെ പത്രാധിപ പദവി അത്ര അധമമായ ചുമതലയാണെന്ന അഭിപ്രായംതന്നെയാണോ ചാനല്‍ എഡിറ്റര്‍ക്കും. സിപിഐ എം നിലപാടിനെ പ്രാകൃതമെന്നും കാലത്തിന് ചേരാത്തതെന്നും വിശേഷിപ്പിക്കുന്ന പത്രാധിപര്‍ തങ്ങള്‍ക്കൊന്നും തിരുത്താനില്ലെന്ന് ആവര്‍ത്തിക്കുന്നു. തീര്‍ത്തും ജനാധിപത്യവിരുദ്ധമായ ഒരു ഇടത്തിലേക്ക് തങ്ങള്‍ വരുന്നില്ല എന്ന നിലപാടുമാത്രമാണ് സിപിഐ എം എടുത്തിരിക്കുന്നത്. ഇതില്‍ എന്താണ് പ്രാകൃതം?

ദേശാഭിമാനി മുഖപ്രസംഗം പ്രസക്തഭാഗങ്ങള്‍

ഒരു ചാനലിന്റെയും അച്ചടിമാധ്യമത്തിന്റെയും പരിലാളനയിലല്ല സിപിഐ എം ജനമനസ്സില്‍ വേരൂന്നിയത്. എന്നും നിങ്ങള്‍ സൃഷ്ടിച്ച നുണയുടെ പുകമറകള്‍ മുറിച്ചാണ് ഈ പാര്‍ടി മുന്നോട്ടുപോയത്. ദേശാഭിമാനി മാത്രമായിരുന്നു പാര്‍ടിക്ക് നാവായി ഉണ്ടായിരുന്നത്. നേര് പറഞ്ഞതിന് അടച്ചുപൂട്ടിയപ്പോഴും പത്രാധിപന്മാരെ ജയിലിലിട്ടപ്പോഴും പൊരുതിനിന്ന പത്രമാണിത്. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ സംപ്രേഷണം വിലക്കിയതിനെപ്പറ്റി എഡിറ്റര്‍ അഭിമുഖത്തില്‍ അഭിമാനിക്കുന്നുണ്ട്. പക്ഷേ, ആ വിലക്ക് എങ്ങനെ നീങ്ങി എന്ന് പറഞ്ഞുകേട്ടില്ല. താങ്കളുടെ സഹപ്രവര്‍ത്തകന്‍ അധാര്‍മികമെന്ന് പുച്ഛിച്ച ദേശാഭിമാനി നിരോധിക്കപ്പെട്ടപ്പോഴും വിലക്ക് വീണപ്പോഴും തിരികെ വന്നത് മാപ്പെഴുതി അല്ലെന്നുമാത്രം ഓര്‍മിപ്പിക്കട്ടെ. മാധ്യമങ്ങള്‍ വാര്‍ത്തയുടെയും വിവരങ്ങളുടെയും കുത്തക വിതരണക്കാരായിരുന്ന കാലം അവസാനിച്ചു എന്നുകൂടി ഓര്‍ക്കുക. ഓരോ വ്യക്തിയും വാര്‍ത്താ പ്രക്ഷേപകനായ ഇക്കാലത്ത് ഈ പാര്‍ടിക്ക് മുന്നോട്ടുപോകാന്‍ ചാനല്‍ തമ്പ്രാക്കളുടെ ഒത്താശവേണ്ട എന്നും മറക്കാതിരിക്കുക. ജനാധിപത്യ സംവാദാത്മകത സ്വന്തം സ്റ്റുഡിയോയിലെങ്കിലും എഡിറ്റര്‍ ഉറപ്പുവരുത്തുക. എന്നിട്ടാകാം അതേപ്പറ്റി സിപിഐ എമ്മിനെ ബോധവല്‍ക്കരിക്കാന്‍ ഇറങ്ങുന്നത്.

മാധ്യമങ്ങള്‍ വാര്‍ത്തയുടെയും വിവരങ്ങളുടെയും കുത്തക വിതരണക്കാരായിരുന്ന കാലം അവസാനിച്ചു എന്നുകൂടി ഓര്‍ക്കുക. ഓരോ വ്യക്തിയും വാര്‍ത്താ പ്രക്ഷേപകനായ ഇക്കാലത്ത് ഈ പാര്‍ടിക്ക് മുന്നോട്ടുപോകാന്‍ ചാനല്‍ തമ്പ്രാക്കളുടെ ഒത്താശവേണ്ട എന്നും മറക്കാതിരിക്കുക.

സിപിഐഎമ്മിന്റെ ചാനല്‍ ബഹിഷ്‌കരണം ജനാധിപത്യ സംവാദങ്ങളെ ഇല്ലാതാക്കുന്നതാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ വ്യക്തമാക്കിയിരുന്നു. ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ച ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സിപിഐഎം പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ദേശാഭിമാനി എഡിറ്റോറിയല്‍. ബഹിഷ്‌കരണത്തിന് പിന്നാലെ പാര്‍ട്ടി നിലപാട് വിശദീകരിച്ച് പി രാജീവ്, എംബി രാജേഷ്, എം സ്വരാജ് എന്നിവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോകളുമായി എത്തിയിരുന്നു.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT