BINGE WATCH GUARANTEED; മികച്ച പ്രതികരണവുമായി 'റോസ്ലിൻ'

BINGE WATCH GUARANTEED; മികച്ച പ്രതികരണവുമായി 'റോസ്ലിൻ'
Published on

മലയാളത്തിലെ ത്രില്ലർ സിനിമകളുടെ കിംഗ് ജീത്തു ജോസഫ് ഷോറണ്ണറായ പുത്തൻ വെബ് സീരീസ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന സീരീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ത്രില്ലിംഗ് മൊമെന്റ്‌സ്‌ ഏറെയുള്ള, പ്രേക്ഷകരെ പിടിച്ചിരുത്താൻ കെൽപ്പുള്ള സീരീസ് ആണിത് എന്ന് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

'മൂത്തോൻ' എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സഞ്ജന ദീപു ടൈറ്റിൽ കഥാപാത്രമായ റോസ്ലിനെ അവതരിപ്പിക്കുന്നത്. പച്ചക്കണ്ണുകളുള്ള ഒരാൾ തന്നെ പിന്തുടരുന്നു എന്ന തോന്നലും ഭീതിതമായ സ്വപ്നങ്ങളും വേട്ടയാടുന്ന ഒരു പെൺകുട്ടിയാണ് റോസ്ലിൻ. തന്റെ മാനസികാവസ്ഥയെക്കുറിച്ച് അവൾ ഡോക്ടറോട് സംസാരിക്കുന്നുണ്ടെങ്കിലും, രാത്രിയിരുന്ന് പുസ്തകം വായിക്കുന്നതാണ് ഇതിന് കാരണമെന്ന് പറഞ്ഞ് അവളുടെ മാതാപിതാക്കൾ അതെല്ലാം തള്ളിക്കളയുകയാണ്. എന്നാൽ റോസ്ലിന്റെ ഭയത്തെ ശരിവെക്കുന്ന തരത്തിൽ അവൾ ഭയപ്പെടുന്ന ആ അപരിചിതൻ അവരുടെ വീട്ടിലെ അതിഥിയായി എത്തുകയാണ്. ഇതോടെ കഥയിൽ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവുകൾ സംഭവിക്കുന്നു. അവളുടെ മാതാപിതാക്കളുടെ വിശ്വാസം അതിഥി നേടിയെടുക്കുന്നു. അയാളുടെ നിഗൂഢമായ ഉദ്ദേശ്യങ്ങൾ വെളിപ്പെടുത്താൻ റോസ്ലിന് സാധിക്കുമോ എന്നതാണ് സീരീസ് കാഴ്ചക്കാർക്ക് മുന്നിൽ വെക്കുന്നത്.

സുമേഷ് നന്ദകുമാറാണ് റോസ്ലിന്റെ സംവിധായകൻ. ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ലിറിസിസ്റ്റ് വിനായക് ശശികുമാർ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രമാണെന്ന പ്രത്യേകതയും റോസ്‌ലിന് ഉണ്ട്. സെൻട്രൽ അഡ്വർടൈസിംഗിന്റെ ബാനറിൽ മാത്യു ജോർജ്ജാണ് നിർമ്മാണം. വർഷങ്ങൾക്ക് ശേഷം മീനയും വിനീതും ഒന്നിക്കുന്നു സീരിസിൽ ഹക്കിം ഷാജഹാൻ, അനീഷ്മ അനിൽകുമാർ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.

പി.എം ഉണികൃഷ്ണൻ ഛായാഗ്രഹണം നിർവ്വഹിച്ച ഈ വെബ് സീരീസിന്റെ എഡിറ്റിംഗ് റിയാസ് കെ ബദറാണ്. സംഗീതം വിഷ്ണു ശ്യാം. പി.ആർ.ഓ - റോജിൻ കെ റോയ് .

logo
The Cue
www.thecue.in