തമിഴ്‌നാട്ടിലും ചരിത്രം കുറിച്ച് 'ടോക്സിക്'; യഷ്-ഗീതു മോഹൻദാസ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത് വമ്പൻ തുകയ്ക്ക്

തമിഴ്‌നാട്ടിലും ചരിത്രം കുറിച്ച് 'ടോക്സിക്'; യഷ്-ഗീതു മോഹൻദാസ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത് വമ്പൻ തുകയ്ക്ക്
Published on

യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം ടോക്സിക്കിന്റെ തമിഴ്‌നാട് വിതരണാവകാശം വിറ്റുപോയി. 63 കോടി രൂപയുടെ വമ്പിച്ച അഡ്വാൻസ് തുകയ്ക്കാണ് (കമ്മീഷൻ അടിസ്ഥാനത്തിൽ) വിതരണാവകാശം കൈമാറിയത്. അടുത്ത കാലത്ത് ഈ മേഖലയിൽ നടന്ന ഏറ്റവും വലിയ കരാറുകളിൽ ഒന്നാണിത്.

പരമാവധി തിയറ്ററുകളിലേക്ക് ചിത്രം എത്തിക്കുന്നതിനായി മൾട്ടി-ഡിസ്ട്രിബ്യൂട്ടർ സ്ട്രാറ്റജിയാണ് തമിഴ്‌നാട്ടിലുടനീളം സ്വീകരിച്ചിരിക്കുന്നത്. ചെന്നൈ സിറ്റിയുടെ വിതരണം സ്വരൂപ് റെഡ്ഡിയുടെ കീഴിലുള്ള തിങ്ക് സ്റ്റുഡിയോസും, ചെങ്കൽപേട്ട് മേഖല ട്രൈഡന്റ് രവിയുടെ നേതൃത്വത്തിലുള്ള വൈറ്റ് നൈറ്റ്‌സും നിർവഹിക്കും. കോയമ്പത്തൂർ, നോർത്ത് - സൗത്ത് ആർക്കോട്ട്, തിരുനെൽവേലി, കന്യാകുമാരി മേഖലകളുടെ മേൽനോട്ടം എസ്. പിക്ചർ ശ്രീനിവാസൻ വഹിക്കും. മധുര & രാംനാട്, തൃശ്ശിനാപ്പള്ളി & തഞ്ചാവൂർ, സേലം എന്നീ പ്രധാന സർക്യൂട്ടുകൾ 5 സ്റ്റാർ സെന്തിൽ കൈകാര്യം ചെയ്യും. സിംഗിൾ സ്ക്രീനുകളിലും മൾട്ടിപ്ലക്സുകളിലും ഒരുപോലെ മികച്ച പ്രദർശനം ഉറപ്പാക്കാനാണ് ഈ വിതരണ ശൃംഖല രൂപീകരിച്ചിരിക്കുന്നത്.

യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയെഴുതി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ അപ്‌സ്' കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരേസമയം ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. കിയാര അദ്വാനി, ഹുമ ഖുറേഷി, നയൻതാര , താരാ സുതാരിയ, രുക്മിണി വസന്ത് എന്നിവരാണ് നായികമാർ. സുദേവ് നായരും പ്രധാനവേഷത്തിലുണ്ട്.

മികച്ച സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിന് പിന്നിലുള്ളത്. ദേശീയ അവാർഡ് ജേതാവ് രാജീവ് രവി ക്യാമറയും, രവി ബസ്രുർ സംഗീതവും നിർവഹിക്കുന്നു. ഉജ്വൽ കുൽക്കർണിയാണ് എഡിറ്റർ. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി, ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ്, കെച്ച എന്നിവർ ചേർന്നാണ് സംഘട്ടനം ഒരുക്കുന്നത്. ടി.പി ആബിദാണ് പ്രൊഡക്ഷൻ ഡിസൈൻ.

കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണനും യഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2026 മാർച്ച് 19-ന് ഈദ്, ഉഗാദി പ്രമാണിച്ച് ചിത്രം ലോകമെമ്പാടും തീയേറ്ററുകളിൽ എത്തും.

Related Stories

No stories found.
logo
The Cue
www.thecue.in