News n Views

‘സമഗ്ര അന്വേഷണമില്ലാതെ യുഎപിഎ ചുമത്തരുത്’; മാവോയിസ്റ്റ് ബന്ധമുണ്ടെങ്കില്‍ അംഗീകരിക്കാനാകില്ലെന്ന് സിപിഐഎം

THE CUE

സമഗ്ര അന്വേഷണം നടത്തി വ്യക്തത വരുത്താതെ പൊലീസ് യുഎപിഎ ചുമത്തുന്നത് ശരിയല്ലെന്ന് സിപിഐഎം. പ്രാഥമിക ബോധ്യത്തിലാണ് പന്തീരാങ്കാവില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. പാര്‍ട്ടി കുടുംബത്തില്‍ പെട്ടവരാണ് അറസ്റ്റിലായത്. അങ്ങനെയൊരു മാവോയിസ്റ്റ് ബന്ധം മുന്‍പൊരിക്കലും ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്നാണ് നാട്ടുകാരില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. മാവോയിസ്റ്റുകളുമായി സൗഹൃദം മാത്രമാണോ അതോ നേരിട്ടുബന്ധമുണ്ടോ എന്നെല്ലാം പരിശോധിക്കണം. മാവോയിസ്റ്റ് ബന്ധമുണ്ടോയെന്ന് സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണം. അങ്ങനെ പരിശോധന നടത്തിയിട്ട് മാത്രമേ യുഎപിഎ ചുമത്താന്‍ പാടുള്ളൂ എന്നാണ് സിപിഐഎം നിലപാടെന്നും പി മോഹന്‍ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സിപിഐഎം നേതാവിന്റെ പ്രതികരണം

മാവോയിസ്റ്റ് ബന്ധമുള്ളവരുമായി സൗഹൃദമാണെങ്കില്‍ യുഎപിഎ ചുമത്തുന്നത് ശരിയല്ല. സമഗ്രമായി അന്വേഷിച്ച് വ്യക്തത വരുത്തിയതിന് ശേഷം മാത്രമേ യുഎപിഎ ചുമത്താന്‍ പാടുള്ളൂ.
പി മോഹനന്‍

മാവോയിസ്റ്റ് ബന്ധമുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ കഴിയില്ല. നിരോധിത സംഘടനയുടെ ഭാഗമാകുന്നതും ദേശദ്രോഹ പ്രവര്‍ത്തനവുമായി ബന്ധപ്പെടുന്നതും ആശാസ്യമായ കാര്യമല്ലെന്നും കോഴിക്കോട് ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

യുഎപിഎ കരി നിയമമാണെന്നാണ് സിപിഐഎമ്മിന്റെ പ്രഖ്യാപിത നിലപാട്. അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതിനെതിരെ യുഎപിഎ ചുമത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

പന്തീരാങ്കാവില്‍ സിപിഐഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഏഴ് പേരെ വെടിവെച്ചുകൊന്നിട്ടും മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് ഇത് ചെയ്തത്. മാവോയിസ്റ്റ് കൊലയേക്കുറിച്ച് സിപിഐഎം മറുപടി പറയാത്തത് കള്ളക്കളിയാണെന്നും ചെന്നിത്തല പറഞ്ഞു.

മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ചാണ് സിപിഐഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തി. അലന്‍ ഷുഹൈബും താഹയും സജീവ എസ്എഫ്ഐ പ്രവര്‍ത്തകരും സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളുമാണ്. അലന്‍ നിയമ വിദ്യാര്‍ത്ഥിയും താഹ ജേണലിസം സ്റ്റുഡന്റുമാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT