Coronavirus

ഹോട്ട്സ്പോട്ടില്‍ കുടുങ്ങിയ മലയാളികളെ രക്ഷിക്കാന്‍ പറയുന്ന നിഷ്‌കളങ്കരോട്, മുഹമ്മദ് അഷീല്‍ പറയുന്നു

ഹോട്ട്‌സ്‌പോട്ടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തിച്ച് കൂടെ എന്ന ചോദ്യം വലിയ മണ്ടത്തരമെന്ന് ഡോക്ടര്‍ മുഹമ്മദ് അഷീല്‍. ഇങ്ങനെ ചെയ്താല്‍ രോഗവ്യാപനത്തിനുള്ള സാധ്യത വര്‍ധിക്കുകയാകും ചെയ്യുകയെന്നും, ഒരു നിര്‍വ്വാഹവുമില്ലെങ്കില്‍ മാത്രമാണ് ഹോട്ട്‌സ്‌പോട്ടുകളിലുള്ളവരെ തിരിച്ച് നാടുകളിലെത്തിക്കേണ്ടതെന്നും ഫെയ്‌സ്ബുക്ക് ലൈവില്‍ മുഹമ്മദ് അഷീല്‍ പറഞ്ഞു.

ഡോക്ടര്‍ മുഹമ്മദ് അഷീലിന്റെ വാക്കുകള്‍:

വിവിധ സംസ്ഥാനങ്ങളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിച്ചു കൂടെ എന്ന ചോദ്യം വളരെ നിഷ്‌കളങ്കമായ രീതിയില്‍ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. എന്താണ് ഈ ഹോട്ട്‌സ്‌പോട്ട്, ഇതൊരു പ്രളയമുണ്ടായ സ്ഥലമോ, ഭൂകമ്പമുണ്ടായ സ്ഥലമോ, യുദ്ധമുണ്ടായ സ്ഥലമോ, അവിടുന്ന് ആളുകളെ ഒഴിപ്പിക്കുന്നതുപോലെയോ അല്ല, ഇവിടെ ഹോട്ട്‌സ്‌പോട്ട്. ഒരു ഭാഗത്തുള്ള ആളുകളുടെ ഇടയില്‍ രോഗസാധ്യത കൂടുതലാണെങ്കിലാണ് ആ പ്രദേശത്തെയാണ് ഹോട്ട്‌സ്‌പോട്ടാക്കുന്നത്. ഇവിടെ നിന്ന് ആളുകള്‍ മറ്റ് സ്ഥലങ്ങളിലെത്തിയാല്‍ രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് ആളുകളെ രക്ഷിച്ച് മറ്റ് സ്ഥലങ്ങളിലെത്തിക്കുന്നത് രക്ഷിക്കലല്ല, ശിക്ഷിക്കലാണ്.

കാസര്‍കോട് നമുക്ക് മുന്നിലുള്ള ഉദാഹരണമാണ്. അവിടെ നിന്ന് ആളുകളെ മാറ്റുകയല്ല ചെയ്തത്, അവിടേക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ പോയി അവിടെ രോഗം കണ്ടെയിന്‍ ചെയ്തു. അവിടുത്തെ ചിട്ടയായ പ്രവര്‍ത്തനം കൊണ്ട് മുഴുവന്‍ രോഗികളെയും ചികിത്സിച്ച് ഭേദമാക്കി.

ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് ആളുകളെ രക്ഷിക്കുക എന്ന് പറയുന്നത് പോലും അശാസ്ത്രീയമായ കാര്യമാണ്. ഹോട്ട്‌സ്‌പോട്ട് എന്ന് പറയുന്നത് അവിടെയുള്ള ആളുകളുടെ ഇടയില്‍ മറ്റ് സ്ഥലങ്ങളിലുള്ളവരിലേതിനേക്കാളും രോഗസാധ്യത അധികമാണെന്നാണ്. ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒരാള്‍ വന്നാല്‍ ക്വാറന്റൈനുള്‍പ്പടെ നിരവധി നടപടികളുണ്ട്. അല്ലാതെ ഫ്‌ളഡ് ഗെയ്റ്റ് തുറക്കുന്നത് പോലെ തുറന്നാല്‍ കാര്യങ്ങളൊക്കെ കൈവിട്ട് പോകും.

ഹോട്ട്‌സ്‌പോട്ടുകളിലുള്ളവരെ മറ്റ് സ്ഥലങ്ങളിലെത്തിച്ചാല്‍ രാജ്യത്തെ അല്ലെങ്കില്‍ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം കൂട്ടുകയാണ് ചെയ്യുന്നത്. പല മാതാപിതാക്കളും പറയുന്നുണ്ട്, തങ്ങളുടെ മക്കള്‍ ഹോട്ട്‌സ്‌പോട്ടില്‍ കുടുങ്ങിയെന്ന്, ഈ സാഹചര്യത്തില്‍ ചെയ്യേണ്ടത് അവര്‍ക്ക് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കലാണ്. അവര്‍ക്ക് പണം ആവശ്യമുണ്ടെങ്കില്‍ അത് അയച്ച് കൊടുക്കാം, മലയാളി അസോസിയേഷനോ മറ്റ് സംഘടനകളോ വഴി അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുക. അവരെ ഇങ്ങോട്ട് കൊണ്ടുവരുക എന്നുള്ളത് അവസാനത്തെ ഓപ്ഷന്‍ മാത്രമാണ്. ഒരു നിര്‍വ്വാഹവുമില്ലെങ്കില്‍ മാത്രമാണ് അവരെ ഇങ്ങോട്ട് കൊണ്ടുവരേണ്ടത്.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT