Around us

ട്രംപിന്റെ വിശ്വസ്തന്‍! സിഐഎ തലവനാകാന്‍ സാധ്യതയുള്ള ഇന്ത്യന്‍ വംശജന്‍, ആരാണ് കശ്യപ് 'കാഷ്' പട്ടേല്‍?

പുതിയ അമേരിക്കന്‍ പ്രസിഡൻ്റ് അധികാരമേല്‍ക്കുമ്പോള്‍ സാധാരണ രീതിയനുസരിച്ച് യുഎസ് ഏജന്‍സികളുടെ തലപ്പത്തും മാറ്റമുണ്ടാകാറുണ്ട്. പുതിയ പ്രസിഡൻ്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ (സിഐഎ) തലപ്പത്തേക്ക് ഒരു ഇന്ത്യന്‍ വംശജനായിരിക്കും നിയോഗിക്കപ്പെടുകയെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ഗുജറാത്തില്‍ വേരുകളുള്ള, കാഷ് പട്ടേല്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന കശ്യപ് പട്ടേലായിരിക്കും സിഐഎ തലവനാകുകയെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. ആദ്യ ട്രംപ് ഭരണകൂടത്തില്‍ ഇന്റലിജന്‍സ്, പ്രതിരോധ മേഖലകളില്‍ നിര്‍ണ്ണായക പദവികള്‍ കൈകാര്യം ചെയ്തിരുന്ന കാഷ് പട്ടേലിനെ ഭരണകൂടത്തിന്റെ അവസാന ആഴ്ചകളില്‍ സിഐഎ ഡെപ്യൂട്ടി ഡയറക്ടറായി നിര്‍ദേശിച്ചിരുന്നെങ്കിലും വ്യാപകമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ ട്രംപിന്റെ അനുകൂലികളും സഖ്യകക്ഷികളും ഒരേ സ്വരത്തില്‍ പട്ടേലിനെ അനുകൂലിക്കുകയാണ്. സെനറ്റ് അംഗീകാരം എന്ന കടമ്പ കൂടി കടന്നാല്‍ കശ്യപ് പട്ടേല്‍ സിഐഎ തലവനാകും.

ട്രംപിന്റെ വിശ്വസ്തന്‍

ട്രംപിന് വേണ്ടി എന്തും ചെയ്യുന്നയാള്‍ എന്നാണ് പട്ടേല്‍ അറിയപ്പെടുന്നത്. യുക്രൈന്‍ യുദ്ധത്തില്‍ ട്രംപ് തിരിച്ചടി നേരിട്ടുകൊണ്ടിരുന്ന ഘട്ടത്തിലാണ് ഉപദേഷ്ടാവായി പട്ടേല്‍ നിയമിതനാകുന്നത്. 2019ല്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പട്ടേല്‍ അംഗമായി. പ്രതിരോധവും സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ ട്രംപിന് പട്ടേലിലുണ്ടായിരുന്ന വിശ്വാസം വളര്‍ത്തി. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന ആരോപണത്തില്‍ നടന്ന അന്വേഷണത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുകയും റിപ്പബ്ലിക്കന്‍ താല്‍പര്യം സംരക്ഷിക്കുകയും ചെയ്തു. നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ 2019ല്‍ നിയമിതനായ പട്ടേല്‍ ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി, അല്‍ ഖൈ്വദ നേതാവായിരുന്ന കാസിം അല്‍ റൈമി എന്നിവരുടെ വധത്തിനു പിന്നിലെ ബുദ്ധികേന്ദ്രമായും അറിയപ്പെടുന്നു. കൗണ്ടര്‍ ടെററിസം ഡയറക്ടറേറ്റിന്റെ സീനിയര്‍ ഡയറക്ടറായി ട്രംപ് പട്ടേലിനെ നിയമിച്ചിരുന്നു. സിറിയയില്‍ ബന്ദികളായ അമേരിക്കക്കാരെ തിരികെയെത്തിക്കുന്നതിലും പട്ടേല്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.

2020ല്‍ ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് ആക്ടിംഗ് ഡയറക്ടര്‍ റിച്ചാര്‍ഡ് ഗ്രെനലിന്റെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടിയായി നിയമിക്കപ്പെട്ടു. ആക്ടിംഗ് ഡിഫന്‍സ് സെക്രട്ടറി ക്രിസ്റ്റഫര്‍ മില്ലറുടെ ചീഫ് ഓഫ് സ്റ്റാഫായി പിന്നീട് നിയമിതനായി. ഇതോടെ പ്രതിരോധ വിഭാഗത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള വ്യക്തിയായി പട്ടേല്‍ മാറിയിരുന്നു. ട്രംപിന്റെ ആദ്യ ടേമിന്റെ അവസാനം പട്ടേല്‍ സിഐഎ ഡെപ്യൂട്ടി ഡയറക്ടറായി നാമനിര്‍ദേശം ചെയ്യപ്പെട്ടെങ്കിലും സിഐഎയില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നു. ഡയറക്ടര്‍ ജീന ഹാസ്‌പെലും അറ്റോര്‍ണി ജനറല്‍ ബില്‍ ബാറുമാണ് എതിര്‍ത്തത്. പട്ടേലിന് വേണ്ടത്ര പരിചയം ഇക്കാര്യത്തില്‍ ഇല്ലെന്നായിരുന്നു നിലപാട്.

1980ല്‍ ന്യൂയോര്‍ക്കിലാണ് പട്ടേല്‍ ജനിച്ചത്. ഗുജറാത്തിലെ വഡോദരയില്‍ വേരുകളുള്ള ഈസ്റ്റ് ആഫ്രിക്കന്‍ കുടുംബത്തില്‍. പട്ടേലിന്റെ പിതാവ് ഉഗാണ്ടയിലായിരുന്നു. ഇദി-അമീന്റെ ഭരണകാലത്ത് അദ്ദേഹം അമേരിക്കയിലേക്ക് പലായനം ചെയ്യുകയായിരുന്നു. അണ്ടര്‍ ഗ്രാജ്വേറ്റ് പഠനത്തിന് ശേഷം പട്ടേല്‍ നിയമപഠനത്തിന് ചേര്‍ന്നു. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് അന്താരാഷ്ട്ര നിയമത്തില്‍ സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കി. അഭിഭാഷകനായി കരിയര്‍ ആരംഭിച്ച പട്ടേല്‍ ക്രിമിനല്‍, മയക്കുമരുന്ന്, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ടെററിസം പ്രോസിക്യൂട്ടറായാണ് ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഭാഗമാകുന്നത്. ആഗോള ഭീകരവിരുദ്ധ ഓപ്പറേഷനുകളിലും ഭാഗമായി. പിന്നീട് നാഷണല്‍ ഇന്റലിജന്‍സ് ആക്ടിംഗ് ഡയറക്ടറുടെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടിയായി നിയമിതനായി.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT