മഹാരാഷ്ട്രയില്‍ തുലാസിലാടി മഹാവികാസ് അഘാഡി സര്‍ക്കാര്‍. മഹാരാഷ്ട്ര മന്ത്രിയും മുതിര്‍ന്ന ശിവസേനാ നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെയടക്കം 21 എം.എല്‍.എമാര്‍ ഗുജറാത്തിലെ മെറീഡിയന്‍ ഹോട്ടലിലേക്ക് സര്‍ക്കാരിന് വെല്ലുവിളിയുയര്‍ത്തികൊണ്ട് മാറി. ഇതില്‍ അഞ്ച് പേര്‍ ഉദ്ദവ് താക്കറെ മന്ത്രിസഭയിലെ മന്ത്രിമാരാണ്.
ഇന്ന് ഉച്ചതിരിഞ്ഞ് ഉദ്ദവ് താക്കറെ വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗത്തില്‍ ഷിന്‍ഡെയ്ക്ക് ഒപ്പമുള്ള എം.എല്‍.എമാര്‍ക്ക് പുറമെ പാര്‍ട്ടിയിലെ തന്നെ മറ്റ് ചില എം.എല്‍.എമാരും എത്തിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ട ഏക്‌നാഥ് ഷിന്‍ഡെയെ ശിവസേന ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കി. അതേസമയം ഉദ്ദവ് താക്കറെയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും എന്‍.സി.പി നേതാവ് ശരദ് പവാര്‍ പറഞ്ഞു. ഇന്ന് ശരദ് പവാര്‍ ഉദ്ദവ് താക്കറെയെ കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ശിവസേന ഷിന്‍ഡെയുമായി സംസാരിക്കാന്‍ ആരെയും ഗുജറാത്തിലേക്ക് അയക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലും രാജസ്ഥാനിലും നടന്നത് പോലെ ഉദ്ദവ് താക്കറെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു.
ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായി ഷിന്‍ഡെയുടെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ ചര്‍ച്ച നടത്തികൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഗുജറാത്തില്‍ എത്തിയതിന് ശേഷമുളള ഷിന്‍ഡെയുടെ ട്വീറ്റില്‍ പദവിക്കായി കൂറുമാറില്ലെന്നാണ് പറയുന്നത്. '' ഞങ്ങള്‍ ബാലാസാഹെബിന്റെ ശക്തരായ അനുയായികളായ ശിവസൈനികരാണ്. ബാലാസാഹെബ് ഞങ്ങളെ പഠിപ്പിച്ചത് ഹിന്ദുത്വമാണ്. അധികാരത്തിന് വേണ്ടി മാത്രം ബാലാസാഹെബിന്റെ തത്വചിന്തകളെ ഞങ്ങള്‍ കൈവിടില്ല,'' എന്നാണ് ഷിന്‍ഡെ പറഞ്ഞത്.
ഉദ്ദവ് താക്കറെയുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ മുംബൈയില്‍ നിന്ന് മാറി നില്‍ക്കുന്ന ഷിന്‍ഡെയുമായി ശിവസേന നേതൃത്വത്തിന് ബന്ധപ്പെടാനാകുന്നില്ലെന്നാണ് മറ്റൊരു വിവരം.