
മലയാള സിനിമാ മേഖലയിൽ എന്നുമൊരു ചർച്ചാ വിഷയമാണ് നടൻ മമ്മൂട്ടിയുടെ വണ്ടി ഓടിക്കാനുള്ള താൽപര്യം. അദ്ദേഹം ഡ്രൈവ് ചെയ്യുമ്പോൾ കൂടെ ഇരുന്നതിന്റെ ചില അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടന്മാരായ സൂധീഷും മനോജ് കെ ജയനും. മമ്മൂട്ടി വണ്ടി ഓടിക്കുമ്പോൾ, തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിലും റോഡിലുള്ള മറ്റുള്ളവരെ അദ്ദേഹം ചീത്ത വിളിക്കുമെന്നും ഇതുപോലൊരിക്കൽ അദ്ദേഹം ഒരു ഓട്ടോക്കാരനെ ചീത്ത വിളിക്കുകയുണ്ടായെന്നും സുധീഷും മനോജ് കെ ജയനും ക്യു സ്റ്റുഡിയോയോട് പറഞ്ഞു. ധീരൻ സിനിമയുമായി ബന്ധപ്പെട്ട് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇവർ ഇക്കാര്യം പറഞ്ഞത്.
മനോജ് കെ ജയന്റെയും സുധീഷിന്‍റെയും വാക്കുകള്‍
മമ്മൂക്കയുടെ കൂടെ വണ്ടിയിൽ യാത്ര ചെയ്യുന്നത് ഭയങ്കര രസമാണ്. വണ്ടി ഓടിച്ച് പറപ്പിക്കും. പുള്ളിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് വന്നാലും റോഡിലുള്ളവരെ ചീത്ത വിളിക്കും. അവൻ പോകുന്ന പോക്ക് കണ്ടില്ലേ, അവൻ കാരണം അല്ലേ ഞാൻ ഇങ്ങനെ ആയത് എന്നൊക്കെ പറഞ്ഞു കളയും. പക്ഷെ, അടുത്തിരിക്കുന്ന നമുക്ക് അറിയാം, പുള്ളിയുടെ ഭാഗത്തായിരിക്കും തെറ്റ്. വല്യേട്ടൻ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഏതോ ഒരു ഓട്ടോക്കാരനെ മമ്മൂക്ക ചീത്ത വിളിച്ചിരുന്നു. ഇവൻ ഇതെന്ത് പണിയാ.. എന്നൊക്കെ പറഞ്ഞിട്ട്. പക്ഷെ, ചീത്ത കേട്ട ആ ഓട്ടോക്കാരൻ ഹാപ്പി ആയിരുന്നു. മമ്മൂട്ടി എന്നെ ചീത്ത വിളിച്ചു, ഇനിയും വിളിക്കൂ, ഇനിയും വിളിക്കൂ എന്നായിരുന്നു അയാളുടെ റിയാക്ഷൻ. മമ്മൂക്ക ചീത്ത വിളിച്ചതിന്റെ പേരിൽ ലോകത്ത് ഭയങ്കര ഹാപ്പിയായ ഒരേ ഒരാൾ അയാളായിരിക്കും.
ചിയേഴ്സ് എന്റർടൈൻമെൻസിന്റെ ബാനറിൽ ദേവ്ദത്ത് ഷാജി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ധീരൻ. രാജേഷ് മാധവൻ പ്രധാന വേഷത്തിലെത്തുന്ന സിനിമയിൽ മനോജ് കെ ജയൻ, ജഗദീഷ്, സുധീഷ്, അശോകൻ, വിനീത്, സിദ്ധാർത്ഥ് ഭരതൻ തുടങ്ങി ഒരു നീണ്ട നിര തന്നെ അണിനിരക്കുന്നുണ്ട്.