Around us

ആലപ്പുഴയിലെ അട്ടിമറി വിജയത്തിന് ചുക്കാന്‍ പിടിച്ചത് ഗോവിന്ദന്‍ മാസ്റ്റര്‍; കരുത്തര്‍ വീണപ്പോഴും ആശ്വാസമായത് ചെങ്ങന്നൂരിലെ തന്ത്രങ്ങള്‍

THE CUE

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ച കേരളത്തിലെ ഏക സീറ്റായ ആലപ്പുഴയില്‍ പ്രചരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത് സംസ്ഥാന സെക്രട്ടറിയേറ്റംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍. അരൂര്‍ എംഎല്‍എ എഎം ആരിഫിന്റെ ജനകീയത വോട്ടാക്കി മാറ്റി യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാനുള്ള തന്ത്രം നടപ്പാക്കാനാണ് പാര്‍ട്ടി ഗോവിന്ദന്‍മാസ്റ്ററെ നിയോഗിച്ചത്. ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ അട്ടിമറി വിജയം നേടിയ ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയും ഗോവിന്ദന്‍ മാസ്റ്റര്‍ക്കായിരുന്നു. ആലപ്പുഴയില്‍ പാര്‍ട്ടി നേരിട്ടത് കനത്ത മത്സരമാണെങ്കിലും കേരളത്തില്‍ വിജയിച്ച ഏക സീറ്റ് എന്ന നിലയില്‍ ജയം ആശ്വാസമേകുന്നതാണ്.

ബൂത്ത് തലത്തില്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനവും പരമാവധി പാര്‍ട്ടി വോട്ടുകള്‍ ഉറപ്പിച്ചുള്ള ചിട്ടയായ പ്രവര്‍ത്തനവും ആലപ്പുഴയില്‍ വിജയം കണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ എല്ലാ വിഭാഗം ആളുകളിലേക്കും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി സംവിധാനവും ശ്രമിച്ചിരുന്നു. ശബരിമല യുവതി പ്രവേശനത്തില്‍ എന്‍എസ്എസ് സ്വാധീനമുള്ള വോട്ടുകളും, കെ എസ് രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ തീരദേശ മേഖലയിലുള്ള വോട്ടുകളും എല്‍ഡിഎഫിന് ലഭിക്കില്ലെന്ന വാദം ബലപ്പെട്ടതോടെ കോണ്‍ഗ്രസിലും മറ്റ് പാര്‍ട്ടികളിലുമുള്ളവരുടെ വോട്ടുകളും സ്ഥാനാര്‍ത്ഥിയുടെ വ്യക്തിസ്വാധീനമുപയോഗിച്ച് സമാഹരിക്കുന്നതിനും എല്‍ഡിഎഫ് ശ്രമിച്ചു.

ചെങ്ങന്നൂരിന് സമാനമായ പ്രവര്‍ത്തനരീതിയാണ് ആലപ്പുഴയിലും വിജയം കണ്ടതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഉപതെരഞ്ഞെടുപ്പില്‍ ചിട്ടയായ പ്രചരണത്തിലൂടെ താഴെ തട്ടിലുള്ള വോട്ടുകള്‍ ഉറപ്പിച്ചാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാനെ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ പാര്‍ട്ടി വിജയത്തിലെത്തിച്ചത്. ഇതേ തന്ത്രം തന്നെയായിരുന്നു ആലപ്പുഴയില്‍ ആരിഫിന് വേണ്ടിയും കണ്ടിരുന്നത്. നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങി നടത്തിയ പ്രചരണത്തില്‍ ആരിഫിന് മണ്ഡലത്തിലാകെയുള്ള ജനപിന്തുണയും കരുത്തു പകര്‍ന്നു. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചരണത്തിലും ആരിഫ് മുന്നിലായിരുന്നു. ബിജെപിയിലെത്തുന്നതിന് മുമ്പ് കോണ്‍ഗ്രസ് സഹയാത്രികനായിരുന്ന കെ എസ് രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായതും കോണ്‍ഗ്രസിന് തിരിച്ചടിയായി.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ മണ്ഡലമായ ആലപ്പുഴ തിരിച്ചുപിടിക്കാനായിട്ടായിരുന്നു സിപിഐഎം ആരിഫിനെ കളത്തിലിറക്കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരൂരില്‍ നിന്നു ആരിഫ് ജയിച്ചത് 38519 വോട്ടുകള്‍ക്കായിരുന്നു. ഈ ഭൂരിപക്ഷം കൊണ്ട് മാത്രം കോണ്‍ഗ്രസിലെ കരുത്തനായ കെസി വേണുഗോപാലിനെ പരാജയപ്പെടുത്താമെന്നായിരുന്നു വിലയിരുത്തല്‍. മണ്ഡലത്തിലെ ഹരിപ്പാട് ഒഴികെ മറ്റെല്ലാ നിയമസഭാ മണ്ഡലങ്ങളിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായതും പ്രതീക്ഷ വര്‍ധിപ്പിച്ചു. പിന്നീട് കെസി വേണുഗോപാലിന് പകരം ഷാനിമോള്‍ ഉസ്മാന്‍ സ്ഥാനാര്‍ഥിയായെത്തിയപ്പോള്‍ കാര്യം എളുപ്പമായെന്നും കരുതി.

മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങലില്‍ ചേര്‍ത്തല, കായംകുളം എന്നിടങ്ങളില്‍ മാത്രമാണ് ലീഡ് നേടാന്‍ സിപിഐഎമ്മിനായത്. ആരിഫിന്റെ മണ്ഡലമായ അരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാനിമോള്‍ 648 വോട്ടുകളുടെ ലീഡ് നേടി. 16895 വോട്ടുകളുടെ ലീഡാണ് ചേര്‍ത്തലയില്‍ ആരിഫ് നേടിയത്. കായംകുളത്ത് 4297 വോട്ടുകളുടെ ലീഡും. മറ്റ് മണ്ഡലങ്ങളില്‍ ലീഡ് നേടാന്‍ ഷാനിമോള്‍ക്ക് കഴിഞ്ഞെങ്കിലും കണക്കുളില്‍ ആരിഫിനെ തകര്‍ക്കാനായില്ല. സിപിഐഎം പ്രതീക്ഷിച്ച വിജയമുണ്ടായില്ലെങ്കിലും കേരളത്തിലാകെയുണ്ടായ പരാജയവുമായി താരതമ്യം ചെയ്യുമ്പോള്‍ ആശ്വാസകരമായ നേട്ടമുണ്ടായതിവിടെ മാത്രമാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥി സിബി ചന്ദ്രബാബു നേടിയ 443118 വോട്ടുകളേക്കാള്‍ 115 വോട്ടുകള്‍ കുറവാണ് ഇത്തവണ ആരിഫിന് നേടാനായതെന്നത് തിരിച്ചടിയാണ്. പക്ഷേ കേരളത്തിലെ മറ്റു മണ്ഡലങ്ങളെ വച്ചു നോക്കിയാല്‍ ഇത് വളരെ കുറവാണ്. കോണ്‍ഗ്രസിനാകട്ടെ നഷ്ടമായത് 28735 വോട്ടുകളാണ്. കോണ്‍ഗ്രസ് വിട്ട് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയില്‍ അംഗത്വമെടുക്കുകയും സ്ഥാനാര്‍ത്ഥിയാവുകയും ചെയ്ത കെഎസ്. രാധാകൃഷ്ണന് മണ്ഡലത്തില്‍ സ്വീകാര്യനാവാന്‍ കഴിയില്ലെന്നായിരുന്നു കണക്കു കൂട്ടലുകള്‍. എന്നാല്‍ 2014ല്‍ നിന്ന് ബിജെപി മണ്ഡലത്തില്‍ ഉയര്‍ത്തിയത് 143227 വോട്ടുകളാണ്.

ക്രൈസിസ് മാനേജര്‍ എന്ന നിലയ്ക്ക് മുമ്പും പാര്‍ട്ടി എം വി ഗോവിന്ദന്‍ മാസ്റ്ററെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എറണാകുളത്ത് വിഭാഗീയത മൂര്‍ഛിച്ച ഘട്ടത്തില്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കിയത് ഗോവിന്ദന്‍മാസ്റ്റര്‍ക്കാണ്. 2002 മുതല്‍ 2006വരെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോവിന്ദന്‍ മാസ്റ്റര്‍ നിലവില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി രാജീവും, കെ എന്‍ ബാലഗോപാലും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

SCROLL FOR NEXT