ശബരിമലയല്ല തിരിച്ചടിക്ക് കാരണം, ബംഗാളും ത്രിപുരയും സിപിഎമ്മിന് പാഠമാകണമെന്നും സണ്ണി എം കപിക്കാട് 

ശബരിമലയല്ല തിരിച്ചടിക്ക് കാരണം, ബംഗാളും ത്രിപുരയും സിപിഎമ്മിന് പാഠമാകണമെന്നും സണ്ണി എം കപിക്കാട് 

കേരളത്തില്‍ ഇടതുപക്ഷത്തിന്റെ കനത്ത തോല്‍വിക്ക് കാരണം ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടല്ലെന്ന് ദലിത് ചിന്തകനും പ്രഭാഷകനുമായ സണ്ണി എം കപിക്കാട്. ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നത് ശബരിമല ഈ തിരഞ്ഞെടുപ്പ് വിധിയെ സ്വാധീനിക്കുന്ന ഘടകമായിരുന്നില്ലെന്നതിന്റെ തെളിവാണ്. നായര്‍ സമുദായം നിര്‍ണായക ശക്തിയാണെന്ന് ഉയര്‍ത്തിക്കാട്ടാന്‍ വേണ്ടിയാണ് ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്ന് പ്രചരിപ്പിക്കുന്നതെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.

എന്നാല്‍ ശബരിമലയിലൂടെ രൂപപ്പെട്ട് വന്ന അനുകൂല സാഹചര്യത്തെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയാത്തതാണ് ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണമെന്ന് സണ്ണി എം കാപിക്കാട് ചൂണ്ടിക്കാട്ടി. സ്ത്രീപ്രവേശന നിലപാടിലൂടെ ഇടതുപക്ഷത്തിന് അനുകൂലമായ വോട്ട് ബാങ്ക് രൂപപ്പെട്ട് വന്നിരുന്നു. അതിനെ ഗൗരവത്തില്‍ കണ്ട് ഏറ്റെടുക്കാന്‍ പാര്‍ട്ടിയോ പോഷക സംഘടനകളോ തയ്യാറായില്ല. പിണറായി വിജയന്‍ മാത്രം നവോത്ഥാനം എന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ല.

ജാതിയുടെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷം സീറ്റ് വിഭജനം നടത്തിയത്. സ്ത്രീകളെ കൂടുതലായി മത്സരിപ്പിക്കുകയും ദളിതര്‍ക്ക് ജനറല്‍ സീറ്റ് നല്‍കുകയും ചെയ്തിരുന്നെങ്കില്‍ മെച്ചപ്പെട്ട ഫലം ഉണ്ടാകുമായിരുന്നു. അതിന് പകരം ഏഴ് നായന്‍മാര്‍, നാല് ഈഴവര്‍ എന്ന പരമ്പരാഗത സമവാക്യം നിലനിര്‍ത്താനാണ് സിപിഎം ശ്രമിച്ചത്. പാര്‍ട്ടികകത്തും പുറത്തും എതിര്‍പ്പുണ്ടായിരുന്ന പി ജയരാജന്‍, ഇന്നസെന്റ് എന്നിവരെ സ്ഥാനാര്‍ത്ഥികളാക്കിയതും വിട്ടു വീഴ്ചയില്ലാത്ത രീതിയിലുള്ള നേതൃത്വത്തിന്റെ പെരുമാറ്റവും രാഷ്ട്രീയ കൊലപാതകങ്ങളുമാണ് വലിയ തിരിച്ചടിക്ക് കാരണമായത്.

ശക്തമായ ബിജെപി വിരുദ്ധ വികാരം സംസ്ഥാനത്തുണ്ടായി. അതിന്റെ പ്രയോജനം യുഡിഎഫിന് ലഭിച്ചു. മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ബിജെപി അധികാരത്തിലെത്തരുതെന്ന് കരുതി സംഘടിതമായി യുഡിഎഫിന് വോട്ട് ചെയ്തു. ബിജെപിക്ക് വോട്ട് കിട്ടിയത് നായന്‍മാരുടെയും ഈഴവരുടെതുമാണ്. മറ്റ് സമുദായങ്ങളുടെ ബിജെപിക്ക് വോട്ട് ചെയ്തില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വിരുദ്ധമായി വോട്ട് ചെയ്യുകയെന്ന നിലപാടാണ് ദളിതര്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. ആ വോട്ടുകള്‍ സ്വന്തം അക്കൗണ്ടിലേക്ക കൊണ്ടുവരാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. അതിനെക്കുറിച്ച് സിപിഎം ഗൗരവമായി വിശകലനം ചെയ്യണമെന്നും സണ്ണി എം കപിക്കാട് ആവശ്യപ്പെട്ടു.

ജയിച്ചാല്‍ ഇടതുപക്ഷവും യുപിഎയുടെ ഭാഗമാകുമെന്ന് ധാരണ വോട്ടര്‍മാരില്‍ ശക്തമായിരുന്നു. ഇടത് വിരോധം കൊണ്ടല്ല പരാജയപ്പെട്ടത്. ബിജെപി വലിയ വെല്ലുവിളിയാകുമ്പോള്‍ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെടുമെന്ന് മുന്‍കൂട്ടി കാണാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. പിണറായി വിജയന്റെ ഭരണപരാജയമല്ല തിരഞ്ഞെടുപ്പില്‍ കണ്ടത്.

സംഘടന കാര്‍ക്കശ്യം കുറയ്ക്കാന്‍ സിപിഎം തയ്യാറാകണം. ജനാധിപത്യ രീതിയിലേക്ക് മാറാനും ആളുകള്‍ക്ക് സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള സാഹചര്യം പാര്‍ട്ടിയില്‍ ഉണ്ടാകണം. നയസമീപനത്തില്‍ മാറ്റം വരുത്തണം. മൂലധന ശക്തികളുമായി ചേര്‍ന്ന് പോകേണ്ടി വരുന്നത് തുറന്നു പറയണം. ബംഗാളും ത്രിപുരയും പാഠമായി സിപിഎമ്മിന് മുന്നിലുണ്ടാകണമെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in