എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുമ്പോള്‍ മാത്രമാണ് പലപ്പോഴും പൊതുസമൂഹവും മാധ്യമങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളുമൊക്കെ മാനസികാരോഗ്യത്തെക്കുറിച്ച് വാചാലരാകുന്നത്. ആ ചര്‍ച്ചകളില്‍ പോലും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിച്ചവരും, അനുഭവിക്കുന്നവരും അവരെ പരിചരിക്കുന്നവരും ഉള്‍പ്പെടുന്നത് വളരെ വിരളമായാണ്. ഉള്‍പ്പെട്ടാല്‍ തന്നെ, ചര്‍ച്ചയുടെ ദിശ നിര്‍ണ്ണയിക്കുന്ന ശബ്ദമോ നിലപാടോ ആയി മാറാതെ, അവര്‍ ചര്‍ച്ചയുടെ വിഷയം മാത്രമായി ഒതുങ്ങിപ്പോകുന്നു.
'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്'
മനുഷ്യ ജീവിതത്തിലെ വിശ്വാസത്തിന്റെയും ചതിയുടെയും ജീവിത സംഘര്‍ഷങ്ങളുടെയും അതിജീവനത്തിന്റെയും പ്രത്യാശയുടെയും കഥ പറഞ്ഞ്, മലയാളികളുടെ പ്രിയപ്പെട്ട നോവലായി മാറിയ ആടുജീവിതത്തില്‍ ബെന്യാമിന്‍ കുറിച്ച വരികളാണിവ. മരുഭൂമിയില്‍ നജീബ് അനുഭവിച്ചതൊന്നും പുറത്തുനിന്നു നോക്കുന്നവര്‍ക്ക് എളുപ്പം വിശ്വസിക്കാനാവുന്നതായിരുന്നില്ല. മനസ്സിന്റെ മരുഭൂമികളിലൂടെ കടന്നുപോയ നമ്മളില്‍ പലരുടെയും ജീവിതങ്ങളും അങ്ങനെയാണ്. അനുഭവിക്കാത്തവര്‍ക്ക് അത് പലപ്പോഴും വെറുമൊരു കഥയോ, അതിശയോക്തിയോ, 'മനസ്സുവെച്ചാല്‍ മാറാവുന്ന' ഒന്നോ മാത്രമാകുന്നു.
അനുഭവിക്കാത്തവര്‍ക്ക് കെട്ടുകഥ മാത്രമായിപ്പോകുന്ന ചില ജീവിതങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ് / ലേഖനം. ഞങ്ങള്‍ ജീവിച്ച, ഇന്നും ജീവിക്കുന്ന ജീവിതങ്ങളെക്കുറിച്ച്. ജീവിച്ചറിഞ്ഞ ചില യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച്…
പൊട്ടന്‍, വട്ടന്‍, മണ്ടി, ഭ്രാന്തന്‍, ഭ്രാന്തി, അരപ്പിരി ലൂസ്, കിളിപോയവന്‍, സൈക്കോ… തുടങ്ങി താത്കാലിക മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് മുതല്‍ ഗുരുതരമായ അവസ്ഥകളിലൂടെ കടന്നുപോയവര്‍ക്ക് വരെ സമൂഹം ഇന്നും ഒരേപോലെ ഇങ്ങനെ പല പേരുകളും ചാര്‍ത്തിക്കൊടുക്കുന്നുണ്ട്. സ്ത്രീകളും ലിംഗലൈംഗിക ന്യൂനപക്ഷങ്ങളും ഇതിലേറെ അധിക്ഷേപങ്ങള്‍ക്ക് പാത്രമാകാറുണ്ട്.
എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുമ്പോള്‍ മാത്രമാണ് പലപ്പോഴും പൊതുസമൂഹവും മാധ്യമങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളുമൊക്കെ മാനസികാരോഗ്യത്തെക്കുറിച്ച് വാചാലരാകുന്നത്. ആ ചര്‍ച്ചകളില്‍ പോലും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിച്ചവരും, അനുഭവിക്കുന്നവരും അവരെ പരിചരിക്കുന്നവരും ഉള്‍പ്പെടുന്നത് വളരെ വിരളമായാണ്. ഉള്‍പ്പെട്ടാല്‍ തന്നെ, ചര്‍ച്ചയുടെ ദിശ നിര്‍ണ്ണയിക്കുന്ന ശബ്ദമോ നിലപാടോ ആയി മാറാതെ, അവര്‍ ചര്‍ച്ചയുടെ വിഷയം മാത്രമായി ഒതുങ്ങിപ്പോകുന്നു.
എന്നാല്‍ ഈ വര്‍ഷം ചിത്രം അല്പം വ്യത്യസ്തമാണ്. മാനസികാരോഗ്യ പ്രശ്‌നങ്ങളില്‍ അനുഭവജ്ഞാനമുള്ളവരെ (Experts by Experience/Lived Experience) മാനസികാരോഗ്യ സേവനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും വിലയിരുത്തലിലും പങ്കാളികളാക്കുന്ന 'പങ്കാളിത്ത' സമീപനങ്ങള്‍ക്ക് ലോകമെമ്പാടും ലഭിക്കുന്ന സ്വീകാര്യതയോ, അവയുടെ മെച്ചപ്പെട്ട ഫലപ്രാപ്തിയോ തിരിച്ചറിഞ്ഞിട്ടാകാം, ദിനാചരണത്തിന് നേതൃത്വം നല്‍കുന്ന വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് 'Lived experiences heard: real voices, real change' എന്ന വിഷയം ഇത്തവണത്തെ ഔദ്യോഗിക പ്രമേയമായി തിരഞ്ഞെടുത്തത്. അനുഭവിച്ചവരുടെ ശബ്ദം കേള്‍ക്കപ്പെടട്ടെ; യഥാര്‍ത്ഥ ശബ്ദങ്ങളിലൂടെ യഥാര്‍ത്ഥ മാറ്റം ഉണ്ടാകട്ടെ എന്നതാണത്. കാരണം എന്തുതന്നെയായാലും, ഈ തിരഞ്ഞെടുപ്പ് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിച്ചറിഞ്ഞവരുടെ ശബ്ദത്തിനും ഇടം വേണമെന്നയാവശ്യം ആഗോളതലത്തില്‍ തന്നെ അംഗീകരിക്കപ്പെടുന്നു എന്നതാണ് ഈ പ്രതീക്ഷയുടെ അടിസ്ഥാനം. പക്ഷേ ആ ശബ്ദങ്ങള്‍ കൂടുതല്‍ വ്യക്തമാകണമെങ്കില്‍, ഇതുവരെ ഞങ്ങള്‍ കേട്ടുകൊണ്ടിരുന്നത് എന്തൊക്കെയായിരുന്നു എന്നുകൂടി അറിയേണ്ടതുണ്ട്.
മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരില്‍ ആറില്‍ അഞ്ചിലധികം പേര്‍ക്കും ചികിത്സ ലഭിച്ചിരുന്നില്ല എന്ന് 2015-16ലെ ദേശീയ മാനസികാരോഗ്യ സര്‍വേ കണ്ടെത്തിയിരുന്നു. ഈ അവസ്ഥക്ക് പിന്നില്‍ ഭയത്തിന് വലിയ പങ്കുണ്ട്.
പൊട്ടന്‍, വട്ടന്‍, മണ്ടി, ഭ്രാന്തന്‍, ഭ്രാന്തി, അരപ്പിരി ലൂസ്, കിളിപോയവന്‍, സൈക്കോ… തുടങ്ങി താത്കാലിക മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് മുതല്‍ ഗുരുതരമായ അവസ്ഥകളിലൂടെ കടന്നുപോയവര്‍ക്ക് വരെ സമൂഹം ഇന്നും ഒരേപോലെ ഇങ്ങനെ പല പേരുകളും ചാര്‍ത്തിക്കൊടുക്കുന്നുണ്ട്. സ്ത്രീകളും ലിംഗലൈംഗിക ന്യൂനപക്ഷങ്ങളും ഇതിലേറെ അധിക്ഷേപങ്ങള്‍ക്ക് പാത്രമാകാറുണ്ട്. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവരെയും കേള്‍വിയോ സംസാരശേഷിയോ ഇല്ലാത്തവരെയും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരെയുമെല്ലാം സമൂഹം ഇത്തരത്തില്‍ അപഹാസ്യപരമായ വാക്കുകളാല്‍ മുദ്ര കുത്തുന്നു. ഇത് ഇക്കാര്യത്തിലുള്ള നമ്മുടെ അറിവില്ലായ്മയും അവധാനത കുറവും വെളിവാക്കുന്നു. സിനിമകളിലെ തമാശരംഗങ്ങളും സൗഹൃദസദസ്സുകളിലെ കളിയാക്കലുകളും ഈ വാക്കുകളെ തലമുറകളിലേക്ക് കൈമാറുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നു.
മറ്റു ചിലപ്പോള്‍ നാം നല്‍കുന്ന പേരുകള്‍ക്ക് പ്രശംസയുടെ മുഖമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിസ്ഥലങ്ങളിലും ഊണും ഉറക്കവും ഉപേക്ഷിച്ച് പണിയെടുക്കുന്നവരെ 'കഠിനാധ്വാനികള്‍' എന്നും 'അര്‍പ്പണബോധമുള്ളവര്‍' എന്നും പറഞ്ഞ് നാം പുകഴ്ത്താറുണ്ട്. എന്നാല്‍ ആ വാക്കുകള്‍ക്കു പിന്നിലെ തളര്‍ച്ചയും ഉത്കണ്ഠയും ബുദ്ധിമുട്ടുകളും പലപ്പോഴും ആരും കാണുന്നതുപോലുമില്ല; മിക്കപ്പോഴും അവര്‍തന്നെ അത് തിരിച്ചറിയാന്‍ വളരെ വൈകിപ്പോകുന്നു. വിളിക്കുന്നവര്‍ക്ക് മാത്രം നിരുപദ്രവകരമെന്ന് തോന്നുന്ന ഈ പേരുകള്‍, അവ കേള്‍ക്കേണ്ടി വരുന്നവരുടെ ജീവിതത്തില്‍ വരുത്തുന്ന ആഘാതം വളരെ വലുതാണ്. പലപ്പോഴും, അവ ആദ്യം കവര്‍ന്നെടുക്കുന്നത് സഹായം തേടാനുള്ള ധൈര്യത്തെയാണ്. നാട്ടുകാര്‍ കാണുമോ എന്ന ഭയത്താല്‍ പരിചയക്കാരില്ലാത്ത ദൂരസ്ഥലങ്ങളില്‍, അധികപണം മുടക്കി ചികിത്സ തേടേണ്ടി വരുന്നവര്‍ ഏറെയാണ്. അവിടെ എത്തിയാലും ആശങ്കകള്‍ തീരുന്നില്ല. 'എനിക്ക് ഭ്രാന്താണെന്ന് പറയുമോ?', 'ആശുപത്രിയില്‍ അഡ്മിറ്റ് ആക്കുമോ ?', 'ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ടി വരുമോ?', 'ഇതൊക്കെ വെറും തോന്നലാണെന്ന് പറഞ്ഞ് തള്ളിക്കളയുമോ?' എന്നിങ്ങനെ നീളുന്നു ചിന്തകള്‍. മുന്നിലിരിക്കുന്നയാള്‍ക്ക് മതിയായ യോഗ്യതയും പരിശീലനവുമുണ്ടോ എന്നതു മുതല്‍, കിട്ടിയ നാല്‍പ്പത്തിയഞ്ച് മിനിറ്റ് ഇപ്പോള്‍ തീര്‍ന്നുപോകുമോ എന്ന് ചിന്തിക്കുന്നവരുമുണ്ട് അക്കൂട്ടത്തില്‍.
മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരില്‍ ആറില്‍ അഞ്ചിലധികം പേര്‍ക്കും ചികിത്സ ലഭിച്ചിരുന്നില്ല എന്ന് 2015-16ലെ ദേശീയ മാനസികാരോഗ്യ സര്‍വേ കണ്ടെത്തിയിരുന്നു. ഈ അവസ്ഥക്ക് പിന്നില്‍ ഭയത്തിന് വലിയ പങ്കുണ്ട്. മരുന്ന് ആശ്വാസമാകുമെന്നറിഞ്ഞിട്ടും വീട്ടുകാരോട് പറയാന്‍ മടിച്ച്, കൂട്ടുകാര്‍ക്കു മുന്നില്‍ നാണക്കേടാകുമോ എന്ന് ഭയന്ന്, ഭാവിയിലെ ജോലിയെയും വിവാഹാലോചനകളെയും ഓര്‍ത്ത് 'ഇങ്ങനെയൊക്കെ തന്നെ ജീവിക്കാം' എന്ന് മനസ്സില്ലാമനസ്സാേടെ തീരുമാനിക്കേണ്ടി വന്നവരും എണ്ണത്തില്‍ കുറവല്ല. ഈ ഭയങ്ങള്‍ അടിസ്ഥാനരഹിതമല്ല, കുടുംബത്തില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്‌നമുണ്ടെന്നറിഞ്ഞാല്‍ ആ കുടുംബത്തെ മുഴുവന്‍ സംശയത്തോടെ കാണുന്നവരുണ്ട്. പാരമ്പര്യം പല കാരണങ്ങളില്‍ ഒന്നു മാത്രമാണെന്നിരിക്കെ, അതൊരു ഉറപ്പായ വിധിയാണെന്ന തെറ്റിദ്ധാരണയില്‍ വിവാഹാലോചനകള്‍ മുടങ്ങുന്നു. ജോലി ചെയ്യാന്‍ കഴിവില്ലാത്തവര്‍, ഉത്തരവാദിത്തം ഏല്‍പ്പിക്കാന്‍ കൊള്ളാത്തവര്‍, അക്രമസ്വഭാവമുള്ളവര്‍ എന്നിങ്ങനെയുള്ള മുന്‍വിധികള്‍ തൊഴിലിടങ്ങളിലും ബന്ധങ്ങളിലും നിഴല്‍ പോലെ പിന്തുടരുന്നു. ഇതെല്ലാം പലരും അനുഭവിക്കുന്ന സാമൂഹികയാഥാര്‍ത്ഥ്യങ്ങളാണ്.
ഏറ്റവും വേദനാജനകമായ കാഴ്ച നമ്മുടെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളിലാണ്. രോഗം ഭേദമായെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടും, കൂട്ടിക്കൊണ്ടുപോകാന്‍ ആരും വരാത്തതിനാല്‍ ആശുപത്രി മതിലുകള്‍ക്കുള്ളില്‍ വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടേണ്ടി വരുന്നവര്‍ അവിടെയുണ്ട്. എന്നാല്‍ ഇത് കുടുംബങ്ങളുടെ മാത്രം കുറ്റമല്ല, പരാജയപ്പെട്ടുപോകുന്ന ഒരു സാമൂഹിക സംവിധാനത്തിന്റെ അടയാളമായിട്ടു വേണം ഇതിനെക്കാണുവാന്‍. പരിചരണത്തിന്റെ ഭാരം ഏറെയും ചുമക്കേണ്ടി വരുന്ന കുടുംബങ്ങള്‍ക്ക്, മറ്റ് കുടുംബാംഗങ്ങളുടെ ഭാവി ഓര്‍ത്ത്, സാമ്പത്തികമായി ഉണ്ടാകാന്‍ സാധ്യതയുള്ള ബാധ്യതകള്‍ ഓര്‍ത്ത്, സമൂഹത്തിന് മുമ്പിലെ അപമാനങ്ങള്‍ ഓര്‍ത്ത് പലപ്പോഴും മനസ്സില്ലാമനസ്സാേടെ കൈയൊഴിയുന്നതായിട്ട് വേണം കരുതുവാന്‍. അവരും ഇതേ സാമൂഹിക മുന്‍വിധികളുടെ ഇരകളാണ്.
2017ലെ മാനസികാരോഗ്യ പരിരക്ഷാ നിയമം (Mental Healthcare Act, 2017) സംസ്ഥാന മാനസികാരോഗ്യ അതോറിറ്റിയില്‍, മാനസികരോഗം അനുഭവിക്കുന്നവരെയോ അനുഭവിച്ചിട്ടുള്ളവരെയോ പ്രതിനിധീകരിക്കുന്ന രണ്ടുപേരും, പരിചരിക്കുന്നവരെ പ്രതിനിധീകരിക്കുന്ന രണ്ടുപേരും അംഗങ്ങളായിരിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്.
കാലക്രമേണ ഒരു വ്യക്തി കടന്നുപോകുന്ന അപമാനകരമായ ഈ സാഹചര്യങ്ങള്‍ പതുക്കെ സ്വന്തം വിശ്വാസങ്ങളായി മാറുന്നു. 'എനിക്കിതൊന്നും പറ്റില്ല', 'ഞാനൊരു ഭാരമാണ്', 'ആരോടും പറയാതിരിക്കുന്നതാണ് നല്ലത്' എന്നിങ്ങനെ സ്വയം ചുരുങ്ങിപ്പോകുന്ന അവസ്ഥയുണ്ടാകുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് നടന്ന ഒരു പഠനം, ചികിത്സയിലുള്ള മൂന്നിലൊന്നിലധികം പേരിലും സ്വയം രൂപീകൃതമാകുന്ന അപമാനം (selfstigma) ഉയര്‍ന്ന തോതില്‍ കണ്ടെത്തിയിരുന്നു. ചെറുപ്പക്കാരിലും തൊഴിലില്ലാത്തവരിലും ദീര്‍ഘകാല സൗഹൃദങ്ങളില്ലാത്തവരിലുമാണ് ഇത് കൂടുതല്‍ കാണപ്പെട്ടത്. രോഗലക്ഷണങ്ങളേക്കാള്‍ കൂടുതല്‍കാലം ചിലപ്പോള്‍ ഒരാളോടൊപ്പം ഉണ്ടാകുന്നത് ഈ അപമാനബോധമാണ്. കേവലം ഒരു രോഗത്തിന്റെ പിന്നില്‍, ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കാത്ത, ആരും മനസ്സിലാക്കാന്‍ ശ്രമിക്കാത്ത ഇത്തരം ജീവിതങ്ങള്‍ കൂടിയുണ്ട് എന്ന് തിരിച്ചറിയാന്‍ തുടങ്ങുന്നിടത്താണ് ഈ ലോക മാനസികാരോഗ്യ ദിനം അര്‍ത്ഥപൂര്‍ണ്ണമായി ആരംഭിക്കപ്പെടുന്നത്.
കേള്‍ക്കപ്പെടുക എന്നാല്‍ സഹതാപത്തോടെ തങ്ങളുടെ കഥകള്‍ കേട്ടിരിക്കുക എന്ന് മാത്രമല്ല അര്‍ത്ഥം. അനുഭവകഥകള്‍ പറയാന്‍ വേണ്ടി മാത്രം വേദികളിലേക്ക് ക്ഷണിക്കപ്പെടുകയും തീരുമാനങ്ങള്‍ എടുക്കേണ്ട സാഹചര്യത്തില്‍ യാതൊരു പങ്കാളിത്തവും ഇല്ലാതെ പോവുകയും ചെയ്യുന്ന കാപട്യം നിറഞ്ഞ വെറുമൊരു ചടങ്ങ് മാത്രമാകരുത് എന്ന് കൂടിയാണ്. 'ആവശ്യക്കാര്‍ ഇങ്ങോട്ട് വരട്ടെ', 'രോഗാനുഭവമുള്ളവര്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ സധൈര്യം വന്നോളൂ', 'ഞങ്ങളുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നുകിടക്കുകയാണ്' എന്നിങ്ങനെ ആചരണവേദികളില്‍ ഉയരുന്ന പ്രഖ്യാപനങ്ങള്‍ പലപ്പോഴും പുറംപൂച്ചായി ഒതുങ്ങിപ്പോകാറുണ്ട്. കാരണം, മുന്‍വിധികളെ ഭയന്നു കഴിയുന്ന ഒരാള്‍ക്ക് തുറന്നിട്ട വാതിലിലൂടെ കടന്നുവരുക അത്ര എളുപ്പമല്ല. അവര്‍ കടന്നുപോകുന്ന സാമൂഹിക സാഹചര്യം മനസ്സിലാക്കി, അവരെ തേടിച്ചെന്ന്, ചേര്‍ത്ത് നിര്‍ത്തുന്നതാകണം ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍.
അനുഭവിച്ചവരോട് പേരിന് മാത്രം അഭിപ്രായം ചോദിക്കുന്നതും, അവരോടൊപ്പം ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. ചികിത്സയെക്കുറിച്ചുള്ള അറിവ് പഠനത്തിലൂടെയും പരിശീലനത്തിലൂടെയും നേടുന്നതാണെങ്കില്‍, ഒരു അവസ്ഥയോടൊപ്പം ജീവിക്കുന്നത് എങ്ങനെയാണെന്ന അറിവ് അനുഭവത്തിലൂടെ മാത്രം ലഭിക്കുന്നതാണ്. ഈ രണ്ട് അറിവുകളും പരസ്പരം മത്സരിക്കുന്നവയല്ല പകരം പരസ്പരപൂരകങ്ങളാണ്. അനുഭവജ്ഞാനം കൊണ്ടു മാത്രം ചികിത്സ പൂര്‍ണ്ണമാകാത്തതുപോലെ, ഒരാളുടെ ജീവിതാനുഭവവും സാഹചര്യവും മനസ്സിലാക്കാതെയുള്ള ചികിത്സയും അപൂര്‍ണ്ണമായിപ്പോകുന്നു. ചികിത്സാമുറിയില്‍ നിന്നിറങ്ങിയശേഷമുള്ള ജീവിതം, പഠിപ്പിക്കുന്ന പുസ്തകങ്ങളിലില്ല. ഒരു മരുന്ന് ഒരാളുടെ ജോലിയെയും ബന്ധങ്ങളെയും എങ്ങനെ ബാധിക്കുന്നു, കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത ഒരു ദിവസം എങ്ങനെയാണ് അനുഭവപ്പെടുന്നത്, ജോലിസ്ഥലത്തോ ക്ലാസ്സിലോ നിന്ന് വിട്ടുനിന്ന ദിവസങ്ങളെക്കുറിച്ച് മറ്റുള്ളവരോട് എങ്ങനെ വിശദീകരിക്കും, ഡിസ്ചാര്‍ജിനു ശേഷം വീട്ടിലും നാട്ടിലും എന്തെല്ലാം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു എന്നതൊന്നും പാഠപുസ്തകങ്ങളില്‍ നിന്ന് മാത്രം പഠിക്കാനാവുന്നവയല്ല.
ഈ തിരിച്ചറിവ് നമ്മുടെ നിയമത്തിലും ചെറിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്
2017ലെ മാനസികാരോഗ്യ പരിരക്ഷാ നിയമം (Mental Healthcare Act, 2017) സംസ്ഥാന മാനസികാരോഗ്യ അതോറിറ്റിയില്‍, മാനസികരോഗം അനുഭവിക്കുന്നവരെയോ അനുഭവിച്ചിട്ടുള്ളവരെയോ പ്രതിനിധീകരിക്കുന്ന രണ്ടുപേരും, പരിചരിക്കുന്നവരെ പ്രതിനിധീകരിക്കുന്ന രണ്ടുപേരും അംഗങ്ങളായിരിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. മാനസികാരോഗ്യ പുനരവലോകന ബോര്‍ഡുകളിലും സമാനമായ പ്രാതിനിധ്യമുണ്ട്. എന്നാല്‍ നിയമം നല്‍കുന്ന ഈ ഇടം യഥാര്‍ത്ഥത്തില്‍ തുല്യപങ്കാളിത്തമായി മാറുന്നുണ്ടോ എന്ന് ചോദിച്ചാല്‍, മാനസികരോഗം അനുഭവിക്കുന്നവരെ പ്രതിനിധീകരിക്കുന്ന അംഗമെന്ന നിലയില്‍ 'ഇനിയും മാറ്റങ്ങള്‍ വേണ്ടതുണ്ട്' എന്ന് തന്നെ തുറന്ന് പറയേണ്ടിവരും. വിദ്യാഭ്യാസത്തിലും സാമൂഹിക പദവിയിലും വ്യത്യസ്ത തട്ടുകളിലുള്ളവര്‍ ഒരേ മേശയ്ക്കു ചുറ്റും ഇരുന്നാലും, മനസ്സ് കൊണ്ട് പൂര്‍ണ്ണമായി എല്ലാവരെയും തുല്യമായി കാണാന്‍ ശ്രമിച്ചാലും, ആരും അത്രമേല്‍ ശ്രദ്ധിക്കാത്ത ഒരു അസന്തുലിതമായ സാഹചര്യം നിലനില്‍ക്കുന്നു എന്ന് പറയാതെ വയ്യ. വഹിക്കുന്ന പദവിയിലും അധികാരസ്ഥാനങ്ങളുമായുള്ള ബന്ധങ്ങളിലും പ്രൊഫഷണല്‍ കടപ്പാടുകളിലും ഉള്ള വ്യത്യാസങ്ങള്‍ തുടങ്ങിയവ ചേര്‍ന്നുണ്ടാക്കുന്ന ഒരു അധികാരശ്രേണി (power hierarchy) യാവാം ഇക്കാര്യത്തില്‍ മൂലകാരണം. അത്തരം സാഹചര്യം ഒഴിവാക്കാനുള്ള ബോധപൂര്‍വമായ കൂട്ടായ ശ്രമം മാത്രമാണ് പരിഹാരം.
സാമൂഹിക പങ്കാളിത്തത്തോടെ അനുഭവജ്ഞാനമുള്ളവരെ മാനസികാരോഗ്യ സേവനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും വിലയിരുത്തലിലും പ്രധാന ഭാഗഭാക്കാക്കുന്ന നവസേവന മാതൃകകളാണ് നമുക്കാവശ്യം. അത്തരം ബോധപൂര്‍വമായ ശ്രമങ്ങള്‍ക്ക് ലോകത്ത് പലയിടത്തും മൂര്‍ത്തമായ ഉദാഹരണങ്ങളുണ്ട്. ദി ബന്യന്റെ സമൂഹാധിഷ്ഠിത മാനസികാരോഗ്യ പരിചരണ പദ്ധതിയായ നളം (NALAM), ഗോവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഗതിന്റെ (Sangath) പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണതില്‍ ചിലത്. സ്വന്തം അനുഭവങ്ങളിലൂടെ കടന്നുപോയി പരിശീലനം നേടിയവര്‍ 'പിയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍മാരായി' (പിന്തുണ നല്‍കുന്ന സമാനാനുഭവമുള്ളവര്‍) മാനസികാരോഗ്യ സേവനങ്ങളുടെ ഭാഗമാകുന്നുണ്ട്. ഈ പിന്തുണ ലഭിക്കുന്നവരില്‍ പ്രത്യാശയും ആത്മാഭിമാനവും സ്വന്തം ജീവിതത്തിന്മേലുള്ള നിയന്ത്രണബോധവും സാമൂഹിക ഉള്‍ച്ചേര്‍ക്കലും മെച്ചപ്പെടുന്നതായി വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഒപ്പം, അവരോടൊപ്പം പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ മനോഭാവത്തിലും മാറ്റം വരുന്നതായി കാണാം. തൊഴില്‍ ചെയ്യാന്‍ കഴിവില്ലാത്തവരെന്ന് മുദ്രകുത്തപ്പെട്ടവര്‍ക്ക് പിയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍ എന്ന ചുമതല അര്‍ത്ഥപൂര്‍ണ്ണമായ തൊഴിലും ആത്മവിശ്വാസവും കൂടി നല്‍കുന്നു. 'ഞാനും ഇതിലൂടെ കടന്നുപോയതാണ്' എന്ന് പറയാന്‍ കഴിയുന്ന ഒരാളുടെ സാന്നിധ്യം മറ്റൊന്നിനും നല്‍കാനാവാത്തവിധം ഒരു പ്രത്യാശ പകരുന്നു. നമ്മുടെ നാട്ടിലും സമാനമായ മാതൃകാപരമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കേരളത്തിന്റെ പാലിയേറ്റീവ് കെയര്‍ മാതൃകയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്, പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെ മാനസികാരോഗ്യ പരിചരണം വീടുകളിലേക്കും ഗ്രാമങ്ങളിലേക്കും എത്തിക്കുന്ന മെഹക് ഫൗണ്ടേഷന്‍, മെന്റല്‍ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റ് (MHAT), അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ പോലുള്ള സംഘടനകള്‍ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. ഇത്തരം ഇടപെടലുകളാണ് നമ്മുടെ സാഹചര്യത്തിന് കൂടുതല്‍ അഭികാമ്യം എന്ന് സമകാലിക പഠനങ്ങളും തെളിയിക്കുന്നുണ്ട്.
നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമായി തോന്നുക തികച്ചും സ്വാഭാവികമാണ്. എന്നാല്‍ ഇത്തരം ജീവിതകഥകള്‍ വെറും കഥകളല്ലാതാകാന്‍ അത് സ്വയം അനുഭവിക്കണമെന്ന് നിര്‍ബന്ധമില്ല, അത് അനുഭവിച്ചവരെ പൂര്‍ണ്ണമായ ശ്രദ്ധയോടെ കേള്‍ക്കുകയും അവരുടെ അനുഭവങ്ങളെ അതേ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് വഴി ഈ ജീവിതങ്ങളുടെ മാനുഷിക മാനം മനസ്സിലാക്കാന്‍ നമുക്ക് സാധിക്കും.
സേവനരംഗത്തു മാത്രമല്ല, നയരൂപീകരണരംഗത്തും ഇതുപോലുള്ള കൂട്ടായ ശബ്ദങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിച്ചറിഞ്ഞവര്‍, പരിചരിക്കുന്നവര്‍, മാനസികാരോഗ്യ പ്രൊഫഷണലുകള്‍, സന്നദ്ധസംഘടനകള്‍, സാമൂഹികാരോഗ്യ പ്രവര്‍ത്തകര്‍, പൊതുസമൂഹം എന്നിങ്ങനെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട എല്ലാവരെയും ഒരു കുടക്കീഴില്‍ ഒന്നിപ്പിച്ച്, മനുഷ്യാവകാശങ്ങളിലും സമൂഹാധിഷ്ഠിത പരിചരണത്തിലും വീണ്ടെടുക്കലിലും ഊന്നിയ നയപരിഷ്‌കരണത്തിനായി പ്രവര്‍ത്തിക്കുന്ന ജനകീയ കൂട്ടായ്മയാണ് കേരള അലയന്‍സ് ഫോര്‍ മെന്റല്‍ ഹെല്‍ത്ത് (മാനസികാരോഗ്യ കൂട്ടായ്മ). ഈ കൂട്ടായ്മ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്ന് സംസ്ഥാന മാനസികാരോഗ്യ നയത്തിന്റെ സമഗ്രമായ പരിഷ്‌കരണമാണ്. രാജ്യത്ത് ആദ്യമായി മാനസികാരോഗ്യ നയം രൂപീകരിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാല്‍ നിലവിലുള്ള നയം 2013ലാണ് അവസാനമായി പുതുക്കിയത്. 2014ലെ ദേശീയ മാനസികാരോഗ്യ നയവും, മാനസികരോഗമുള്ളവരുടെ അവകാശങ്ങളെ കേന്ദ്രീകരിക്കുന്ന 2017ലെ മാനസികാരോഗ്യ പരിരക്ഷാ നിയമവും, അതിനു കീഴിലുള്ള 2018ലെ അവകാശ ചട്ടങ്ങളും നിലവില്‍ വരുന്നതിനു മുമ്പ് തയ്യാറാക്കിയതായതിനാല്‍ത്തന്നെ, പുതിയവ മുന്നോട്ടുവെച്ച അവകാശാധിഷ്ഠിത സമീപനങ്ങള്‍ (ചികിത്സയെക്കുറിച്ച് മുന്‍കൂട്ടി നിര്‍ദ്ദേശം നല്‍കാനുള്ള അവകാശം, സ്വന്തം പ്രതിനിധിയെ നിര്‍ദ്ദേശിക്കാനുള്ള അവകാശം, സമൂഹത്തില്‍ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം തുടങ്ങിയവ) ഈ നയത്തില്‍ പ്രതിഫലിക്കുന്നില്ല. ഇതിനിടയില്‍ ലോകവും ഏറെ മുന്നോട്ടുപോയി. പിയര്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ ഉള്‍പ്പെടെ, വ്യക്തിയെ കേന്ദ്രീകരിച്ചുള്ള, അവകാശാധിഷ്ഠിതവും സമൂഹാധിഷ്ഠിതവുമായ മാനസികാരോഗ്യ സേവനങ്ങള്‍ക്കായി ലോകാരോഗ്യ സംഘടന 2021ല്‍ സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. മാനസികാരോഗ്യ നിയമങ്ങളും നയങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാക്കാനുള്ള മാര്‍ഗ്ഗരേഖ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗവുമായി ചേര്‍ന്ന് 2023ലും പുറത്തിറക്കി. പല രാജ്യങ്ങളും ഈ ദിശയില്‍ തങ്ങളുടെ സംവിധാനങ്ങള്‍ പുന?ക്രമീകരിച്ചുകൊണ്ടിരിക്കുകയാണ്. പതിറ്റാണ്ടിലേറെ പഴക്കമുള്ള ഒരു നയം കൊണ്ട് ഇന്നത്തെ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനാവില്ല എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ മാനസികാരോഗ്യ നയം പുതുക്കലാണ് ഈ മാറ്റങ്ങളുടെ ആദ്യ പടി.
ഈ മാറ്റം തുടരേണ്ടത് പല തലങ്ങളിലാണ്. തീരുമാനങ്ങളെടുക്കുന്ന ഓരോ വേദിയിലും അനുഭവജ്ഞാനമുള്ളവര്‍ക്കും പരിചരിക്കുന്നവര്‍ക്കും വ്യക്തമായ ഇടമുണ്ടാകണം. പേരിനൊരു സ്ഥാനമോ അംഗത്വമോ അല്ല മറിച്ച്, അര്‍ഹമായ പിന്തുണയും അവസരവും ഉറപ്പാക്കിക്കൊണ്ടുള്ള യഥാര്‍ത്ഥ പങ്കാളിത്തമാകണമത്. പരിശീലനവും മേല്‍നോട്ടവും അര്‍ഹമായ വേതനവും ഉറപ്പാക്കി പിയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍മാരെ നമ്മുടെ പൊതുമാനസികാരോഗ്യ സംവിധാനത്തിന്റെ ഭാഗമാക്കണം. രോഗം ഭേദമായിട്ടും ആശുപത്രികളില്‍ കഴിയേണ്ടി വരുന്നവര്‍ക്കായി സമൂഹാധിഷ്ഠിത പുനരധിവാസവും, ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുടുംബങ്ങള്‍ക്ക് മതിയായ പിന്തുണയും ഉണ്ടാകണം. മാനസികാരോഗ്യ പ്രവര്‍ത്തകരുടെ പരിശീലനത്തിന് അനുഭവജ്ഞാനമുള്ളവരുടെ അറിവുകളും ഉള്‍ച്ചേര്‍ക്കണം. മാധ്യമങ്ങളും സിനിമയും, ഉപയോഗിക്കുന്ന ഭാഷയില്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം. വിദ്യാലയങ്ങളും തൊഴിലിടങ്ങളും മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിന്റെ പേരില്‍ ആരെയും മാറ്റിനിര്‍ത്താത്ത ഇടങ്ങളാകണം. ഏറ്റവും ചെറുതെന്നു തോന്നുമെങ്കിലും ഏറ്റവും പ്രധാനപ്പെട്ട മാറ്റം തുടങ്ങേണ്ടത് നമ്മുടെ ഓരോരുത്തരുടെയും മനോഭാവത്തില്‍ നിന്നാണ്. ഊളമ്പാറയും കുതിരവട്ടവും പോലുള്ള സ്ഥലപ്പേരുകളും മാനസികാരോഗ്യ പ്രശ്‌നങ്ങളും നമ്മുടെ സംഭാഷണങ്ങളില്‍ വെറും തമാശയായി കടന്നുവരാതിരിക്കണം.
നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമായി തോന്നുക തികച്ചും സ്വാഭാവികമാണ്. എന്നാല്‍ ഇത്തരം ജീവിതകഥകള്‍ വെറും കഥകളല്ലാതാകാന്‍ അത് സ്വയം അനുഭവിക്കണമെന്ന് നിര്‍ബന്ധമില്ല, അത് അനുഭവിച്ചവരെ പൂര്‍ണ്ണമായ ശ്രദ്ധയോടെ കേള്‍ക്കുകയും അവരുടെ അനുഭവങ്ങളെ അതേ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് വഴി ഈ ജീവിതങ്ങളുടെ മാനുഷിക മാനം മനസ്സിലാക്കാന്‍ നമുക്ക് സാധിക്കും. ആ മനസ്സിലാക്കലുകള്‍ പ്രവര്‍ത്തികളിലേക്ക് കൊണ്ടുവരുവാനും കഴിയും. ഇതുവരെ പറഞ്ഞതൊന്നും അതിശയോക്തികളല്ല; ഞങ്ങള്‍ ജീവിച്ച, ഇന്നും അനേകം പേര്‍ ജീവിക്കുന്ന ജീവിതങ്ങളാണ്. ഈ ജീവിതങ്ങള്‍ കേള്‍ക്കപ്പെടണം. കേള്‍ക്കുന്നിടത്തുനിന്ന് മാറ്റം തുടങ്ങണം. അങ്ങനെ അന്തസ്സാേടെയും ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള ഓരോ മനുഷ്യന്റെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം.