Around us

കാര്‍ട്ടൂണ്‍ പുരസ്‌കാരം പിന്‍വലിക്കില്ല, സര്‍ക്കാരിനെ തള്ളി ലളിത കലാ അക്കാദമി 

THE CUE

കന്യാസ്ത്രീ പീഡനക്കേസ് പ്രതി ഫ്രാങ്കോ മുളക്കലിനെ ചിത്രീകരിച്ച കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കിയത് പിന്‍വലിക്കേണ്ടെന്ന് ലളിത കലാ അക്കാദമിയുടെ തീരുമാനം. ജൂറി തീരുമാനം പുനപരിശോധിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയാണ് ലളിതകലാ അക്കാദമി നിര്‍വാഹക സമിതി പുരസ്‌കാരത്തില്‍ പുനരാലോചന വേണ്ടെന്ന് അറിയിച്ചത്. ജൂറി തീരുമാനം അന്തിമമാണെന്നും പുരസ്‌കാരത്തില്‍ മാറ്റമില്ലെന്നും അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് പറഞ്ഞു. തൃശൂരില്‍ ലളിത കലാ അക്കാദമി നിര്‍വാഹക സമിതിയും ജനറല്‍ കൗണ്‍സിലും ചേര്‍ന്നാണ് തീരുമാനമെടുത്തത്.

കാര്‍ട്ടൂണ്‍ പുരസ്‌കാരം ജൂറിയുടെ സ്വതന്ത്ര തീരുമാനം ആണെന്നും അത് അംഗീകരിക്കുന്നതാണ് കീഴ് വഴക്കമെന്നും നേമം പുഷ്പരാജ് പറഞ്ഞു. ഫ്രാങ്കോ മുളക്കലിനെ ചിത്രീകരിച്ച കാര്‍ട്ടൂണില്‍ ക്രിസ്ത്യന്‍ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയുമായി കെസിബിസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്ത് വന്നതാണ് കാര്‍ട്ടൂണിനെ വിവാദത്തിലെത്തിച്ചത്. മികച്ച കാര്‍ട്ടൂണിന് ലളിതകലാ അക്കാദമി നല്‍കിയ അവാര്‍ഡ് പിന്‍വലിക്കണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. കേരള കൗമുദിക്ക് കീഴിലുളള ഹാസ്യകൈരളിയിലാണ് സുഭാഷ് കല്ലൂരിന്റെ വിശ്വാസം രക്ഷതി എന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നത്.

ക്രിസ്ത്യന്‍ സംഘടനകളുടെ എതിര്‍പ്പിന്‌ പിന്നാലെ കാര്‍ട്ടൂണ്‍ അവാര്‍ഡ് പുനപ്പരിശോധിക്കണമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ക്രിസ്തീയ മതാചാര പ്രകാരമുള്ള ചില മതചിഹ്നങ്ങളെ അധിക്ഷേപകരമായി ചിത്രീകരിക്കുന്ന ചില ഭാഗങ്ങള്‍ കാര്‍ട്ടൂണിലുണ്ടെന്നും ഇതിനോട് യോജിപ്പില്ലെന്നും മന്ത്രി ബാലന്‍ പറഞ്ഞിരുന്നു. മതചിഹ്നങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിച്ചത് സര്‍ക്കാര്‍ ഗൗരവത്തില്‍ കാണുന്നുവെന്നും അതിനാലാണ് പുരസ്‌കാര തീരുമാനം പുനപ്പരിശോധിക്കാന്‍ ആവശ്യപ്പെട്ടതെന്നുമാണ് ബാലന്‍ പറഞ്ഞത്. എ കെ ബാലന്റെ നിലപാട് വലിയ എതിര്‍പ്പ് നേരിട്ടിരുന്നു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി നിരന്തരം വാദിക്കുന്നവര്‍ തന്നെ മതസംഘടനകളുടെ സമ്മര്‍ദ്ദത്തിന് വിധേയപ്പെട്ടുവെന്ന രീതിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റുകളായ പിവി കൃഷ്ണന്‍, സുകുമാര്‍, . മധു ഓമല്ലൂര്‍ എന്നിവിരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്. മതപ്രതീകങ്ങളെ അവഹേളിക്കുന്ന രീതിയിലും പ്രകോപനപരവുമായാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിട്ടുള്ളത് എന്ന ആക്ഷേപത്തിന്റെ സാഹചര്യത്തിലാണ് തീരുമാനമെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

പ്രസ്തുത കാര്‍ട്ടൂണിന് അവാര്‍ഡ് നല്‍കാനുള്ള തീരുമാനത്തില്‍ എതിര്‍പ്പുമായി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. ഒരു മതവിഭാഗത്തെ അവരുടെ ചിഹ്നങ്ങള്‍ ഉപയോഗിച്ച് ആക്ഷേപിക്കുകയെന്നത് ശരിയായ സമീപനമല്ലെന്നും അതില്‍ സര്‍ക്കാരിന്റെ പേര് കൂടി ചേര്‍ത്തുവെയ്ക്കുന്നത് ഗുണകരമല്ലെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ അവഹേളിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ നിലപാടെടുക്കുന്നു എന്ന പ്രതീതി വരുന്നത് ശരിയല്ല. അനാവശ്യമായി സര്‍ക്കാരിനെ പ്രശ്‌നത്തില്‍ പെടുത്തുന്നു എന്നതിനാലാണ് പുനപ്പരിശോധിക്കണമെന്ന് ലളിത കലാ അക്കാദമിയോട് സാംസ്‌കാരിക മന്ത്രി ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടസപ്പെടുത്തലല്ല അതെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

സര്‍ക്കാര്‍ ഇടപെടല്‍ അനവസരത്തിലായിരുന്നുവെന്നാണ് ലളിതകലാഅക്കാദമി നിര്‍വാഹക സമിതിയുടെ വിലയിരുത്തല്‍. കാര്‍ട്ടൂണില്‍ മതനിന്ദ ഇല്ലെന്നും യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷം കൂടെ നിന്നില്ല എന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വിലയിരുത്തലാണ് കാര്‍ട്ടൂണിന് പ്രചോദനമെന്ന് കെസിബിസി ആരോപിച്ചിരുന്നു. ലളിതകലാ അക്കാദമി തീരുമാനം സര്‍ക്കാരിന് തിരിച്ചടിയാണ്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT