പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് പാകിസ്ഥാനിലും പാക് അധീന കാശ്മീരിലുമായുള്ള ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സേനകള്‍ ആക്രമണം നടത്തിയത്. പുലര്‍ച്ചെ 1.44ന് നടത്തിയ ആക്രമണത്തില്‍ കര-വ്യോമ-നാവിക സേനകള്‍ പങ്കെടുത്തു. പാകിസ്ഥാനിലെ നാല് കേന്ദ്രങ്ങളിലും പാക് അധീന കാശ്മീരിലെ 5 കേന്ദ്രങ്ങളിലുമടക്കം 9 കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. സ്‌കാല്‍പ് ക്രൂയിസ് മിസൈലുകളും ഹാമര്‍ പ്രിസിഷന്‍ ബോംബുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. റഫാല്‍ വിമാനങ്ങളും ആക്രമണത്തിന് ഉപയോഗിച്ചു. പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-തയ്ബ, ജെയ്‌ഷെ മുഹമ്മദ് കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം.
നീതി നടപ്പാക്കിയെന്നായിരുന്നു സൈന്യത്തിന്റെ ആദ്യ പ്രതികരണം. ആക്രമണത്തില്‍ പാക് മിലിട്ടറി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിട്ടില്ലെന്നും സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ തുടര്‍ന്നു വരുന്ന തീവ്രവാദി അനുകൂല നിലപാടുകള്‍ക്ക് മറുപടിയാണ് ഇന്ത്യ നടത്തിയ തിരിച്ചടിയെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റവും ആക്രമണവും നടത്തിയ തീവ്രവാദികളുമായി അടുത്ത ബന്ധമുള്ള ക്യാമ്പുകളാണ് ആക്രമണത്തിനായി തെരഞ്ഞെടുത്തതെന്ന് സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. ലഷ്‌കര്‍-ഇ-തയ്ബയുടെ ആസ്ഥാനമാണ് മുരിദ്‌കെയിലെ ക്യാമ്പ്. ഹഫീസ് സയിദാണ് ക്യാമ്പ് നടത്തിയിരുന്നത്. ബഹവല്‍പൂരിലെ ക്യാമ്പ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സ്ഥിതിചെയ്യുന്നത്. ജെയ്‌ഷെ-മുഹമ്മദ് കേന്ദ്രമായ ഈ ക്യാമ്പിന്റെ നടത്തിപ്പ് ചുമതല മസൂദ് അസറിനായിരുന്നു.