Hema Commission Report 
Around us

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടും; റിപ്പോര്‍ട്ട് തടയണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി തള്ളി

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. റിപ്പോര്‍ട്ട് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് ആരോപിച്ചാണ് സജിമോന്‍ ഹൈക്കോടതിയെ സമീപിച്ചത്. മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ രൂപീകരിച്ച ഹേമ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിടുന്നതിന് തൊട്ടു മുന്‍പായാണ് ഹര്‍ജി നല്‍കിയത്. കേസില്‍ ജസ്റ്റിസ് വി.ജി.അരുണിന്റെ ബെഞ്ചാണ് വാദം കേട്ടത്. റിപ്പോര്‍ട്ട് തയ്യാറാക്കിയത് ആരോപണ വിധേയരായവരുടെ വാദം കേള്‍ക്കാതെയാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ പുറത്തു വിടുമെന്നാണ് വിവരം. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കിക്കൊണ്ട് റിപ്പോര്‍ട്ട് പുറത്തു വിടാമെന്ന് നേരത്തേ സര്‍ക്കാരും വിവരാവകാശ കമ്മീഷനും സാംസ്‌കാരിക വകുപ്പും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ജൂലൈ 24ന് റിപ്പോര്‍ട്ട് പുറത്തു വിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് 5 വര്‍ഷത്തിനു ശേഷമാണ് അതിലെ വിവരങ്ങള്‍ പുറത്തു വിടാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായത്. റിപ്പോര്‍ട്ട് പുറത്തു വിടുന്നത് സംബന്ധിച്ച് ജൂലൈ ആദ്യ വാരത്തില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഉത്തരവ് ഇറക്കിയിരുന്നു. വിവരാവകാശ നിയമ പ്രകാരം വിലക്കിയ വിവരങ്ങള്‍ ഒഴിച്ചുള്ള വിവരങ്ങള്‍ മറച്ചു വെയ്ക്കരുതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വിടുമ്പോള്‍ അത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകരുതെന്നും ഉത്തരവ് പൂര്‍ണ്ണമായി നടപ്പാക്കിയെന്ന് ഗവണ്‍മെന്റ് സെക്രട്ടറി ഉറപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

2018 മെയിലാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയമിക്കുന്നത്. ജസ്റ്റിസ് ഹേമക്കൊപ്പം കെ.ബി വത്സല കുമാരി, നടി ശാരദ എന്നിവരായിരുന്നു അംഗങ്ങള്‍. രാജ്യത്ത് തന്നെ ആദ്യമായായിരുന്നു ഒരു സര്‍ക്കാര്‍ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കുന്നത്. ഒന്നരവര്‍ഷത്തിന് ശേഷം 2019 ഡിസംബര്‍ 31ന് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ചലച്ചിത്രമേഖലയില്‍ ലിംഗസമത്വം മുന്‍നിര്‍ത്തി വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്ന റിപ്പോർട്ടായിരുന്നു ഇത്.

സിനിമാ മേഖലയിലെ സ്ത്രീകള്‍ ലൈംഗിക പീഡനം, തൊഴില്‍പരമായ വിവേചനം, ലിംഗവിവേചനം എന്നിവ നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമകളില്‍ അവസരം ലഭിക്കുന്നതിന് ലൈംഗികാവശ്യങ്ങള്‍ നിറവേറ്റി കൊടുക്കണമെന്ന സാഹചര്യം, ചിത്രീകരണ സ്ഥലത്ത് ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാവാത്ത അവസ്ഥ, അതിക്രമങ്ങള്‍ക്കൊപ്പം അശ്ലീല പദപ്രയോഗങ്ങള്‍ സ്ത്രീകള്‍ക്കെതിരെ ഉപയോഗിക്കുന്നു തുടങ്ങി സ്ത്രീ സുരക്ഷക്ക് ഭീഷണിയാവുന്ന കടുത്ത ചൂഷണങ്ങള്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT