'നിയമങ്ങളുണ്ടായിട്ടും പാലിക്കേണ്ടതില്ല എന്ന ധാർഷ്ട്യത്തിനുള്ള ഉത്തരമായിരിക്കും ഹേമ കമ്മീഷൻ റിപ്പോർട്ട്'; ദീദി ദാമോദരൻ

'നിയമങ്ങളുണ്ടായിട്ടും പാലിക്കേണ്ടതില്ല എന്ന ധാർഷ്ട്യത്തിനുള്ള ഉത്തരമായിരിക്കും ഹേമ കമ്മീഷൻ റിപ്പോർട്ട്'; ദീദി ദാമോദരൻ

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രസ്തുത വിഷയത്തിലുള്ള അവസാന വാക്കാണ് എന്ന തെറ്റിദ്ധാരണയില്ലെന്ന് ഡബ്ല്യു.സി.സി അംഗം ദീദി ദാമോദരൻ. എങ്കിലും ഉത്തരവ് ചർച്ചകൾക്ക് തുടക്കമിടും എന്നത് പോസിറ്റീവ് ആയാണ് കാണുന്നത് എന്ന് ദീദി ദാമോദരൻ കൂട്ടിച്ചേർത്തു. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് വന്നതിന് പിന്നാലെയാണ് പ്രതികരണം. ഡബ്ല്യു.സി.സിയുടെ പരാതി പ്രകാരം 2018 മെയ് മാസത്തിലാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയമിക്കുന്നത്. ജസ്റ്റിസ് ഹേമ, കെ.ബി വത്സല കുമാരി, നടി ശാരദ എന്നിവരാണ് ഹേമ കമ്മീഷന്‍ അംഗങ്ങള്‍. റിപ്പോർട്ട് പുറത്തു വന്നാൽ അത് ചർച്ച ചെയ്യുകയെന്നതും, റിവൈസ് ചെയ്യണമെങ്കിൽ അതിനുള്ള നടപടികളെടുക്കുക എന്നതും ഡബ്ല്യു.സി.സിയുടെ കൂടെ ഉത്തരവാദിത്തമാണ് എന്നും ദീദി ദാമോദരൻ ദ ക്യുവിനോട് പറഞ്ഞു.

വിവരാവകാശ കമ്മീഷന്റെ ഉത്തരവിനോടുള്ള പ്രതികരണം

റിപ്പോർട്ട് പുറത്തു വരുന്നു എന്നത് പോസ്റ്റിറ്റീവ് ആയാണ് കാണുന്നത്. പക്ഷെ ഇത് അവസാന വാക്കാണ് എന്ന തെറ്റിദ്ധാരണയിലല്ല സന്തോഷമുണ്ട് എന്ന് പറയുന്നത്. ഇത് ഒരു ചർച്ചയ്ക്ക് തുടക്കമിടും എന്നത് പ്രധാനമാണ്. ഒരു സ്ത്രീയെന്നുള്ള നിലയ്ക്കും, ഒരു ടാക്സ് പേയർ എന്ന നിലയ്ക്കും, ഡബ്ല്യു.സി.സി അംഗം എന്ന നിലയ്ക്കും അങ്ങനെയൊരു റിപ്പോർട്ട് പുറത്തു വരേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്നു. കാരണം ഞങ്ങൾ എല്ലാവരുടെയും വലിയ ശ്രമഫലമായാണ് കമ്മീഷൻ രൂപീകരിക്കുന്നത്. ഇവിടെയുള്ള ഓരോ നികുതിയടവുകാർക്കും റിപ്പോർട്ട് എന്താണ് എന്നും, അതിലെ നിർദേശങ്ങൾ എന്താണ് എന്നും അറിയാനുള്ള അവകാശമുണ്ട്. ആ വിവരങ്ങൾ പുറത്തുവരേണ്ടതില്ല എന്ന തീരുമാനം വളരെ ദൗർഭാഗ്യകരമായിരുന്നു. ഇപ്പോഴത് പുറത്തുവരാൻ പോകുന്നു എന്നുള്ളത് പോസിറ്റീവ് ആയാണ് കാണുന്നത്.

കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച ശേഷം സെറ്റുകളിൽ മാറ്റങ്ങൾ വന്നിട്ടുണ്ടോ? കമ്മീഷന്റെ നിർദേശങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ?

എല്ലാ സെറ്റുകളിലും നിർബന്ധമായും ഐ.സി (ഇന്റേണൽ കംപ്ലൈന്റ് സെൽ) രൂപീകരിക്കണെമെന്ന് പറഞ്ഞിട്ട് നാളിതുവരെയ്ക്കും, അങ്ങനെയൊന്നുണ്ടായിട്ടില്ല. ഇതിനകം തന്നെ നിലവിലുള്ള ഒരു നിയമം പ്രാവർത്തികമാക്കാൻ ഡബ്ല്യു.സി.സിയ്ക്ക് പൊതുതാത്പര്യ ഹർജ്ജി കൊടുക്കേണ്ടി വന്നു. എന്നിട്ടും വീണ്ടും പല സെറ്റുകളിലും ഐസി പേരിന് മാത്രമാണ് ഉള്ളത്. വനിതാ കമ്മീഷൻ പല സെറ്റുകളിലും റെയ്ഡ് ചെയ്യുന്ന പോലെ ചെന്ന് നോക്കുമ്പോൾ അവിടെ ഐ.സികൾ ഉണ്ടായിരുന്നില്ല. ഇവിടെ നിയമത്തിന്റെ അപര്യാപ്തതയല്ല കാരണം. നിയമങ്ങളുണ്ടായിട്ടും അത് പാലിക്കേണ്ടതില്ല എന്ന ധാർഷ്ട്യത്തിനുള്ള ഉത്തരമായിരിക്കും ഹേമ കമ്മീഷൻ റിപ്പോർട്ട്.

ഡബ്ല്യു.സി.സിയുടെ മുന്നോട്ടുള്ള നടപടികൾ

ഇതിനിടയിൽ നിശബ്ദതയുടെ വലിയൊരു പീരിയേഡ് ഉണ്ടായിട്ടുണ്ട്. 2019-ൽ സബ്മിറ്റ് ചെയ്ത റിപ്പോർട്ടിന് ശേഷം പിന്നീട് ചർച്ചകളുണ്ടായിട്ടില്ല എങ്കിലും ഡബ്ല്യു.സി.സി പറ്റാവുന്ന ഇടങ്ങളിലെല്ലാം അതിനെ പറ്റി സംസാരിച്ചിട്ടുണ്ട്. ആ സമയത്ത് ഉണ്ടായത്, ഇടക്കൊരു സ്‌മോൾ കമ്മിറ്റി രൂപീകരിച്ചു എന്ന് പറയുകയും, എന്തൊക്കെയോ നടക്കാൻ പോകുന്നു എന്ന് പറയുകയും ഒക്കെ ഉണ്ടായിരുന്നു. പക്ഷെ അത് പതിയെ ഇല്ലാതായി. ഈ നീണ്ട കാലത്തെ നിശബ്ദതയ്ക്ക് ആരാണോ ഉത്തരവാദി അവർ മറുപടി പറയേണ്ടതുണ്ട്. അതും വിവരാവകാശം വച്ച് ഒരാൾ ഇത് നേടിയെടുക്കുന്നു എന്ന് പറയുമ്പോൾ, എന്തുകൊണ്ടാണ് അത് സ്വമേധയാ നടപ്പിലാക്കാതെയിരുന്നത് എന്നതിനുള്ള ഉത്തരം അവർ നൽകേണ്ടതുണ്ട്.റിപ്പോർട്ട് പുറത്തു വന്നാൽ അത് ചർച്ച ചെയ്യുകയെന്നതും, റിവൈസ് ചെയ്യണമെങ്കിൽ അതിനുള്ള നടപടികളെടുക്കുക എന്നതും ഡബ്ല്യു.സി.സിയുടെ കൂടെ ഉത്തരവാദിത്തമാണ്.

'നിയമങ്ങളുണ്ടായിട്ടും പാലിക്കേണ്ടതില്ല എന്ന ധാർഷ്ട്യത്തിനുള്ള ഉത്തരമായിരിക്കും ഹേമ കമ്മീഷൻ റിപ്പോർട്ട്'; ദീദി ദാമോദരൻ
സിനിമയെന്ന തൊഴിലിടം മെച്ചപ്പെടുമെന്ന് ജസ്റ്റിസ് ഹേമ പറയുന്നു; റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുന്നത് എന്തിനെന്ന് സര്‍ക്കാര്‍ പറയണം

2018 മെയിൽ തുടങ്ങി ഒന്നരവര്‍ഷത്തിന് ശേഷം 2019 ഡിസംബര്‍ 31ന് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ചലച്ചിത്രമേഖലയില്‍ ലിംഗസമത്വം മുന്‍നിര്‍ത്തി വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നിലെത്തിയിട്ടും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പൊതുസമൂഹത്തിന് മുമ്പാകെ വെക്കാനോ, റിപ്പോര്‍ട്ടിന്‍മേല്‍ നിയമനിര്‍മ്മാണം ഉള്‍പ്പെടെ നടപടികള്‍ക്കോ സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലും വിമുഖത കാണിച്ചിരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് വിവരാവകാശ കമ്മീഷന്റെ ഉത്തരവ് വരുന്നത്. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.എ. അബ്ദുൽ ഹക്കീമിന്റേതാണ് ഉത്തരവ്. ആർടിഐ നിയമപ്രകാരം വിലക്കെപ്പട്ടവ ഒഴിച്ച് ഒരു വിവരവും മറച്ചുവയ്ക്കരുതെന്നും കമ്മിഷൻ നിർദേശിച്ചു.

'നിയമങ്ങളുണ്ടായിട്ടും പാലിക്കേണ്ടതില്ല എന്ന ധാർഷ്ട്യത്തിനുള്ള ഉത്തരമായിരിക്കും ഹേമ കമ്മീഷൻ റിപ്പോർട്ട്'; ദീദി ദാമോദരൻ
ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മിഷൻ, വ്യക്തികളുടെ സ്വകാര്യതയിലേക്കു കടക്കുന്നതാകരുത്

Related Stories

No stories found.
logo
The Cue
www.thecue.in